Saturday, January 1, 2011

സമയരഥം. (നീണ്ടകഥ)

സ്ഥലം ഇടപ്പള്ളി സിഗ്നൽ ജംൿഷൻ.
സമയം രാത്രി ഒൻപതര.
ചുമലിൽക്കിടക്കുന്ന ബാഗ് നേരെയാക്കിയിട്ട് വിനു ഹൈവേയുടെ വടക്കുഭാഗത്തേക്കു കണ്ണും നട്ടു നിന്നു. സാധാരണ പ്രവൃത്തിദിനങ്ങളിൽ ഇവിടെ ഈ സമയത്ത് ധാരാളമാളുകൾ കാണുംപക്ഷേ വാരാന്ത്യമായതു കൊണ്ട് എല്ലാരും നേരത്തെ കൂടണഞ്ഞിരിക്കുന്നു.
ശനിയാഴ്ചയായതു കൊണ്ട് അല്പം നേരത്തേയിറങ്ങാമെന്നു കരുതിയിരിക്കുമ്പോഴാണ്‌ നാശം പിടിക്കാൻ ജീയെമ്മിന്റെ വരവ്. നാലര മണിക്കൂർ അങ്ങേരു കാരണം തുലഞ്ഞു. ആലപ്പുഴ വഴി ഇനിയിപ്പോ ട്രെയിനൊന്നുമുണ്ടാവില്ല. വിനു അക്ഷമനായി വീണ്ടും വാച്ചിൽ നോക്കി. വല്ല ലോറിക്കാരും വന്നാൽ കൈകാണിച്ചു കയറാൻ നോക്കാം. ലോറിക്കു കയറാൻ വൈറ്റിലയാണു പറ്റിയ സ്ഥലം. ഏതെങ്കിലും ടൂവീലർകാരനെയെങ്കിലും കിട്ടിയാൽ അങ്ങോട്ടിറങ്ങാമായിരുന്നു. വിനു വീണ്ടും വടക്കോട്ടു നോക്കി. ഹൈവേയുടെ അങ്ങേയറ്റത്ത് രണ്ടു ഹെഡ്‌ലൈറ്റുകൾ തിളങ്ങി. ഇടയ്ക്കിടെ ഫോഗ്‌ലാമ്പുകളും മിന്നുന്നുണ്ട്. റാലികാറുകളുടേതു പോലുള്ള ശബ്ദം. ഏതെങ്കിലും ഫ്രീക്ക് പയ്യന്മാരാവും. കൊച്ചിയിൽ അത്തരക്കാർക്കു പഞ്ഞമില്ലല്ലോ. ആ കാറിങ്ങടുത്തെത്തിക്കഴിഞ്ഞു. വിനുവിനെ കണ്ടിട്ടെന്നോണം ഡ്രൈവർ ഓരം ചേർത്ത് വണ്ടി നിറുത്തി. മിത്‌സുബിഷി ലാൻസറാണ്‌വണ്ടി. കറുത്തനിറത്തിൽ കുളിച്ച ബോഡിയിലാകെ ഓട്ടോപാർട്സ് കമ്പനികളുടെയും മറ്റും പരസ്യ സ്റ്റിക്കറുകൾ. ഭംഗിയുള്ള അലോയ് റീമ്മുകളിൽ വീതിയേറിയ റാലി ടയറുകൾ. പിന്നിൽ ഉയർന്നു നില്ക്കുന്ന ഹൈഡ്രോളിക് ഓപ്പറേറ്റഡ് സ്പോയിലർ കാണുമ്പോൾ ആകെ ഒരു വിമാനച്ചന്തം.പ്രൊഫെഷണൽ റാലിക്കാരനാവും.
ചിന്തിച്ചു നിൽക്കവേ വിൻഡോഗ്ളാസ്സ് താണു.
എങ്ങോട്ടാ..?”
കനമുള്ള ശബ്ദം..
വിനു തെക്കോട്ട് കൈചൂണ്ടി. ഭാഗ്യമായി ലിഫ്റ്റ് കിട്ടിയാൽ വൈറ്റില വരെയെങ്കിലും ചെന്നു പറ്റാമല്ലോ.
കേറിക്കോ...ഞാനങ്ങോട്ടാ...
വിനു തെല്ലു മടിയോടെ ഡോർ തുറന്നു കയറി. റാലി മോഡൽ സീറ്റുകൾ. ഡോറടഞ്ഞതും ഒരു മുരൾച്ചയോടെ കാർ കുതിച്ചു. വിനു ഡ്രൈവറുടെ നേർക്കു നോക്കി. എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശത്തിൽ ആ മുഖം ഒരു നോക്കു കണ്ടു. തീരെ പയ്യനല്ല. മുപ്പത്തിയഞ്ചോളം വയസ്സുവരും. ചീകിയൊതുക്കിയ മുടി. വല്ലാത്തൊരു തിളക്കമുള്ള ചെറിയ കണ്ണുകൾ..നീണ്ട നാസികയ്ക്കു താഴെ കട്ടിമീശ. കവിളിൽ ഒന്നോരണ്ടോ ദിവസം പ്രായമുള്ള കുറ്റിരോമങ്ങൾ. ഇടത്തേ കാതിൽ ഒരു സ്റ്റഡ്. ടോമിഹിൽഫിഗറിന്റെ ടീഷർട്ട്. ഉറച്ച ശരീരം. ബലിഷ്ഠമായ കൈകളിൽ റിസ്റ്റ്ബാൻഡും ലെതർ റാലി ഗ്ളൗസും ധരിച്ചിരിക്കുന്നു.
ആളാകെ സ്റ്റൈലിഷാണല്ലോ... വിനു മനസ്സിലോർത്തു. അവൻ വണ്ടിക്കകമാകെ ഒന്നു നോക്കി. തലകീഴായി മറിഞ്ഞാലും ഒന്നും സംഭവിക്കാതിരിക്കാനുള്ള ആന്റിറോൾ കേജിംഗ്. ഡോർപാഡുകളും മറ്റും എടുത്തുമാറ്റിയിരിക്കുന്നു. ഡാഷ്ബോർഡിൽ റാലിവാഹനങ്ങളിലെപ്പോലെ കുറെ അഡീഷണൽ ഗേജുകളും മറ്റും. വണ്ടി പൈപ്‌ലൈൻ സിഗ്നലിലെത്തി. ഒരു ടാങ്കർ ലോറി കാക്കനാട് ഭാഗത്തേക്ക് കയറിപ്പോകുന്നു. വണ്ടി നിന്നു. ഡ്രൈവർ വിനുവിനു നേരെ തിരിഞ്ഞു.
എന്താ പേര്‌..?”
വിനു ഒരു നിമിഷം ശങ്കിച്ചു... ഇങ്ങനെയുള്ളവരോടൊക്കെ പേരു പറയണോആളു കുഴപ്പക്കാരനല്ലെന്നു തോന്നുന്നു... പറഞ്ഞേക്കാം.
വിനു... വിനു വിശ്വനാഥ്
മുൻപിലേക്കു നോക്കിയിരിക്കുകയായിരുന്ന അയാൾ ഗിയർ ലിവറിലേക്കു കൈ നീട്ടി. വണ്ടി കുതിച്ചു. അപ്പോളതാ അടുത്ത ചോദ്യം.
എവിടാ വീട്..?”
വിനു അയാളുടെ മുഖത്തേക്കു തന്നെ നോക്കിപ്പറഞ്ഞു
ആലപ്പുഴ...
ങാഹാ... അപ്പോ ആലപ്പുഴയ്ക്കാണോ... ഞാനും കുറച്ചു തെക്കോട്ടാആലപ്പുഴ കഴിഞ്ഞും പോണം
വിനുവിന്റെ മുഖം വിടർന്നു. ലോറിക്കാരെ കാത്തു നിൽക്കാതെ നേരെ പോകാമല്ലോ. വണ്ടി വൈറ്റില ഓവർബ്രിഡ്ജ് കയറി.
ഡ്രൈവർ തുടർന്നു.
എന്നെ പരിചയപ്പെടുത്തിയില്ലല്ലോ... ഞാൻ ജിജോ. ജിജോ കോശി. വീട് ആലപ്പുഴ ജില്ലയിൽ തന്നെയാഎ.സി.റോഡിൽരാമങ്കരി. കുട്ടനാടൻ ജന്മികുടുംബം എന്നൊക്കെ ചിലർ കളിയാക്കാറുണ്ട്. ഒരു കണക്കിനതു ശരിയാ. പണ്ടൊക്കെ ആ പ്രദേശം മുഴുവനും ഞങ്ങടെയായിരുന്നു... ഇപ്പോ അതൊക്കെ വിറ്റൊഴിവാക്കി. എനിക്കീ കൃഷിയൊന്നും നോക്കാൻ പറ്റില്ലെന്നേ. ഒരു പെങ്ങളുണ്ട് കെട്ടിച്ചയച്ചു അവളിപ്പോ സ്റ്റേറ്റ്സിലാ, ചേട്ടച്ചാരുണ്ട്പുള്ളിയുടെ വീതം മാത്രം കൃഷിയൊണ്ട്. ഞാനിങ്ങനെ റാലിയും റേസിങ്ങുമൊക്കെയായിട്ടു നടക്കുന്നുഇപ്പോത്തന്നെ ബാംഗ്ളൂരിൽ നിന്നു ഒരു റാലി കഴിഞ്ഞുവരുന്ന വഴിയാ...
അയാളുടെ സംസാരം വിനുവിനു രസിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ്‌അടുത്ത ചോദ്യം.
ആലപ്പുഴയിലെവിടാ വീട്...?“
കളർകോട്ടാ...
വിനു തെല്ലു മടിയോടെ പറഞ്ഞു.
അതുശരി... ഇവിടെ എവിടെയാ ജോലി..?”
കേരളാ ട്രേഡ്സ് ആൻഡ് എക്സ്പോർട്സിലാ... ഇടപ്പള്ളിയിലാ ഫിനാൻഷ്യൽ ഡിവിഷൻഞാൻ അക്കൗണ്ട്സിലാ...
ഓ... ദാറ്റ് സൗണ്ട്സ് ഗുഡ്...”
അയാൾ വിനുവിനെ നോക്കി ഒന്നു പുഞ്ചിരിച്ചു... അവനും ചിരിച്ചുഇനിയും സംശയം മാഞ്ഞിട്ടില്ലാത്ത മുഖത്തോടെ.
വിനുവിന്റെ മനസ്സിൽ നിന്നും ഭയം കുടിയിറങ്ങിത്തുടങ്ങി. അവനയാളോടു സംസാരിക്കാൻ പുതിയ വിഷയങ്ങൾ കണ്ടെത്താൻ ശ്രമിച്ചു.
ഈ വണ്ടി എവിടെയാ മോഡിഫൈ ചെയ്തത്..?”
പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു...
എന്താ ഇഷ്ടപ്പെട്ടോ...?
അയാൾ ചിരിയോടെ വിനുവിനെ നോക്കി.
പിന്നേ... അടിപൊളിയായിട്ടുണ്ട് മാഷേ... തകർപ്പൻ...
താങ്ക്സ്... ഇതു ഞാൻ കോയമ്പത്തൂരിലാ ചെയ്തത്കരി റേസിംഗിലെ കുറെ പയ്യന്മാരുണ്ട് എന്റെ ഫ്രണ്ട്സ്... അവന്മാരാ സ്ട്രക്ചറും മെക്കാനിക്കൽസും. പെയ്ന്റ് ആൻഡ് ഫിനിഷിംഗ് അങ്ങു ബാംഗ്ളൂരിലും ചെയ്തു... മൂന്നാലഞ്ചു ലക്ഷം രൂപാ നിന്ന നിൽപ്പിലങ്ങു പൊട്ടി... പകരം കിട്ടിയ സാധനം ദേയാ, പൊറകിലെ സീറ്റിൽ കെടപ്പൊണ്ട്...
അയാൾ പിൻസീറ്റിലേക്കു കൈചൂണ്ടി. അവൻ തിരിഞ്ഞു നോക്കി. പിന്നിലെ സീറ്റിൽ ഭംഗിയുള്ള ഒരു വലിയ ട്രോഫി.
രാംകുമാർ മെമ്മോറിയൽ റാലി... കേട്ടിട്ടുണ്ടോ..അതു കഴിഞ്ഞു വരുന്ന വഴിയാ. കഴിഞ്ഞ വർഷം റണ്ണറപ്പായിരുന്നുഫസ്റ്റ് കിട്ടേണ്ടതായിരുന്നു. കൂടെ നാവിഗേറ്ററായിട്ടു വന്ന തൃശൂർക്കാരനൊരു നായിന്റെ മോൻ എനിക്കിട്ടു പണി തന്നു. അങ്ങനെ ഒന്നാം സ്ഥാനം ആമ്പിള്ളേരു കൊണ്ടുപോയി... അന്നുമുതലൊരു വാശിയായിരുന്നു. സ്ഥിരം പ്രാക്ടീസ്ക്വാളിറ്റി സ്പെയേഴ്സ്അങ്ങനെ ഒരുകൂട്ടം തയ്യാറെടുപ്പുകൾ. ഇത്തവണ നാവിഗേറ്റർ ഒരു പാവം പാണ്ടിച്ചെക്കനായിരുന്നു. സേലത്തുകാരൻ ശിവ. എൻജിനീയറിംഗ് പഠിക്കുന്നവനാ. ഒരു ശല്യവുമില്ല നല്ല കൂറൊള്ള ചെറുക്കനാ... വരുന്ന വഴി അവനെ കോയമ്പത്തൂരിലെ അവന്റെ കോളെജിൽ വിട്ടു. അവിടുന്നു നേരെ കാലു കൊടുത്തിട്ട് പിന്നെ ഇടപ്പള്ളിയിൽ ഇയാളെ കേറ്റാനാ നിറുത്തിയത്...
അയാൾ പറഞ്ഞു നിറുത്തി.
വിനു അയാളുടെ സംസാരം താല്പര്യത്തോടെ കേട്ടിരിക്കുകയായിരുന്നു. വണ്ടി അപ്പോൾ മരടു കഴിഞ്ഞിരുന്നു. സംസാരിക്കുമ്പോഴും ഇയാൾ എത്ര ശ്രദ്ധയോടെയാണു സ്റ്റിയറിംഗ് കൈകാര്യം ചെയ്യുന്നത്. അവൻ മനസ്സിലോർത്തു.
കൊച്ചിക്ക് അതിരിടുന്ന വലിയ പാലത്തിലേക്ക് കാർ പാഞ്ഞുകയറുമ്പോൾ മഴതുടങ്ങി.
“നശിപ്പിച്ചല്ലോ... ഇവിടം വരെ മഴയില്ലാരുന്നു... ഇപ്പം ദേ പടിക്കൽകൊണ്ട് കലം തല്ലിപ്പൊട്ടിച്ചെന്നു പറഞ്ഞതുപോലെ...”
ജിജോ പിറുപിറുത്തു.
മുന്നിലൊരു ലോറി പോകുന്നുണ്ട്. അതിന്റെ പിൻചക്രങ്ങളിൽ നിന്ന് വെള്ളവും ചെളിയും കലർന്ന കണികകൾ പിന്നിലേക്കു പാറിപ്പോകുന്നു. പാലത്തിൽ വെച്ചുതന്നെ ആ ലോറിയെ ഓവർടേക്ക് ചെയ്ത് കാർ അരൂരിലേക്കിറങ്ങി. മഴ തെല്ലു ശമിച്ചു...
“കട്ടൻ കാപ്പിയടിക്കുന്നോ....?”
ഇടത്തു കണ്ട തട്ടുകടയിലേക്കു ചൂണ്ടി ജിജോ ചോദിച്ചു.
“ഹേയ് വേണമെന്നില്ല...”
വിനു മടിച്ചു
“എന്നാലേ, എനിക്കു വേണമെന്നുണ്ട്...”
വണ്ടി നിറുത്തി ജിജോ ചാടിയിറങ്ങി തട്ടുകടയിലേക്കു കയറി.
“രണ്ടു കാപ്പി..”
വിനു വേണ്ടെന്ന ഭാവത്തിൽ ആംഗ്യം കാട്ടിയെങ്കിലും ജിജോ വിട്ടില്ല. മനസ്സില്ലാമനസ്സോടെ അവനുമിറങ്ങി കടയിലേക്കു കയറി. ചൂടുകാപ്പി മൊത്തിക്കുടിക്കുന്നതിനിടയിൽ റോഡിന്റെ എതിർവശത്ത് ഒരു സീഫുഡ്സ് കൊണ്ടുപോകുന്ന തരത്തിലുള്ള മിനിലോറി വന്നു നിന്നു. അതിൽ നിന്നും ഡ്രൈവറും ക്ളീനറും ഇറങ്ങി റോഡ് മുറിച്ചുകടന്ന് ഇപ്പുറത്തെത്തി. കടയിലേക്ക് കയറുമ്പോഴാണ്‌വിനു അത് കണ്ടത്. ഡ്രൈവറുടെ നെറ്റിക്കൊരു മുറിവ്, ഷർട്ടിൽ ചോര.
“ദെന്തു പറ്റീടാ സാദീ...?”
കടക്കാരൻ തെല്ല് പരിഭ്രമത്തോടെ ചോദിച്ചു, അവർ പരിചയക്കാരാവണം.
“അവിടാകെ കച്ചറയാടാ... വണ്ടീന്റെ ഫ്രണ്ട് ഗ്ളാസ്സും എറിഞ്ഞ് പൊട്ടിച്ച്... കാറ്റഴിച്ച് വിടണേനും മുമ്പ് വിട്ടു വന്ന വഴിയാ...“
”എന്താടാ പ്രശ്നം..? അതു പറ...“
”ഒന്നും പറയെണ്ടാ... ആരാണ്ട് പന്നികള്‌അവന്റെയൊക്കെ നേതാവിനെ വേറേതോ പന്നീന്റെ മക്കള്‌വെട്ടി പണ്ടാരടക്കീന്നു പറഞ്ഞ് വാളും വടീം പന്തോം പണ്ടാരോക്കെയായി റോട്ടിലെറങ്ങി അറാമ്പെറപ്പ് കാണിക്ക്വാടാ...“
ഏതോ രാഷ്ട്രീയകക്ഷിയുടെ നേതാവിനെ എതിർകക്ഷികൾ വെട്ടിക്കൊലപ്പെടുത്തിയതിനെത്തുടർന്നുള്ള സംഘർഷമാണതെന്ന് അവർ തമ്മിൽ സംസാരിച്ചതിൽ നിന്നും വിനുവിന്‌മനസ്സിലായി. ദൈവമേ... ആ വഴിയാണ്‌അങ്ങോട്ടേക്കു പോകേണ്ടത്. അവൻ ജിജോയ്ക്ക് നേരെ നോക്കി... ജിജോയെ കാണാനില്ല...! അവൻ ചുറ്റുപാറ്റും നോക്കി. കാപ്പി അതുപോലെ തന്നെ ഇരിപ്പുണ്ട്. റോഡിൽ കാർ കിടപ്പുമുണ്ട്. അവൻ കാപ്പിയുടെ ബിൽ കൊടുത്ത് പുറത്തേക്കിറങ്ങി ചുറ്റും നോക്കി. ഇല്ല പരിസരത്തെങ്ങും അയാളെ കാണാനില്ല. ഏതായാലും കാറിൽ കയറിയിരിക്കാം എന്നോർത്ത് അവൻ ഡോർ തുറന്ന് അകത്തേയ്ക്ക് കയറി.
ഡോറടച്ചതും പെട്ടെന്ന് ഡ്രൈവർസൈഡിലെ ഡോർ തുറന്ന് ജിജോ അകത്തേക്ക് കയറി.
“പോയേക്കാം..?”
“എവ്ടാരുന്നു മാഷേ.... ആകെ പേടിച്ചു പോയല്ലോ...”
വിനു തന്റെ അങ്കലാപ്പ് മറച്ചുവെച്ചില്ല.
“ഓ അതോ, എനിക്ക് പെട്ടെന്നൊരു ഫോൺ വന്നു... വീട്ടീന്ന്, ചേടത്തിയാ... ചേട്ടന്റെ വൈഫ്... വരുന്ന വഴിക്ക് കപ്പ കിട്ടിയാൽ വാങ്ങണമെന്നും പറഞ്ഞ്. ഈ നട്ടപ്പാതിരയ്ക്കെവിടുന്നാ കപ്പേം കഞ്ഞീമൊക്കെ...”
“കാപ്പി കുടിച്ചില്ല..”
വിനു ഓർമ്മിപ്പിച്ചു...
“ഓ.. ഇനി കാപ്പീം ചായേമൊക്കെ വീട്ടിച്ചെന്നു മതി... ഇയാളു കുടിച്ചില്ലേ..? അതു മതി...”
കാർ മുന്നോട്ടു നീങ്ങി.
“അതേയ്, വഴിക്ക് എന്തൊക്കെയോ പ്രശ്നമുണ്ടെന്നു ഇങ്ങോട്ടു വരുന്നവർ പറഞ്ഞുകേട്ടു... സൂക്ഷിച്ചു പോണേ..”
വിനു ഓർമ്മിപ്പിച്ചു.
“എന്തോന്നു പ്രശ്നം... ”
ജിജോ അലസഭാവത്തിൽ ചോദിച്ചു.
“ആരൊക്കെയോ ചേർന്ന് വെട്ടും കുത്തുമൊക്കെയാണത്രേ..”
വിനുവിന്റെ സ്വരത്തിൽ ഭയം നിഴലിച്ചു.
“വെട്ടുന്നവരൊക്കെ വെട്ടട്ടെ, നമ്മളായിട്ടൊന്നിനും അങ്ങോട്ടു പോകാതിരുന്നാൽ പോരേ..?”
ജിജോ ടോപ്ഗിയറിലേക്ക് ലിവർ പിടിച്ചിട്ടു.
കറുത്തിരുണ്ട നെറ്റിയിൽ വെള്ള വരകളുമായി ദേശിയപാത നീണ്ടുനിവർന്ന് കിടക്കുന്നു. കാറിന്റെ വേഗതയ്ക്കൊപ്പം വിനുവിന്റെ മനസ്സിലെ ഭീതിക്കും കനമേറിത്തുടങ്ങി.
കുറെ ദൂരം ചെന്നപ്പോൾ വഴിയിൽ ഹൈവേ പൊലീസിന്റെ ടവേര കിടക്കുന്നു. ഹൈവേ വഴി വരുന്ന വാഹനങ്ങൾ കിഴക്കോട്ട് തിരിച്ചു വിടുകയാണവർ സമാന്തരമായി മറ്റൊരു വഴിയുണ്ടാവണം. മുന്നിലൊരു ടാറ്റാ സുമോ പോകുന്നുണ്ട്. അവർ ഇടത്തേക്കു തിരിഞ്ഞു.
“എന്തു വന്നാലും പോലീസുകാർക്കു കെടക്കണ്ടാ...”
പൊലീസുകാർ വാഹനങ്ങളെ കൈകാട്ടി വിടുന്നതു കണ്ട് ജിജോ പറഞ്ഞു.
വിനു മെല്ലെ ചിരിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും കാർ പോക്കറ്റ് റോഡിലൂടെ ഓടിത്തുടങ്ങിയിരുന്നു. വഴി രണ്ടായി തിരിയുന്നിടത്ത് ജിജോ നിറുത്തി. മുന്നിൽ പോയിരുന്ന സുമോ കാണാനില്ല. വലത്തേക്ക് തിരിഞ്ഞ് ഓടിത്തുടങ്ങി. ചെറിയ വീടുകളും ചതുപ്പുനിലങ്ങളുമൊക്കെയുള്ള ഒരു പ്രദേശമാണത്. ഒന്നു രണ്ടു കിലോമിറ്റർ കഴിഞ്ഞു. വീണ്ടും വലത്തേക്കൊരു വളവ്. പെട്ടെന്നാണവരത് കണ്ടത്. റോഡിൽ ഒരാൾ വീണുകിടക്കുന്നു... അടുത്തെങ്ങും കൊഴുത്ത ചോര.
“ഓ.. ഗോഡ്..”
ജിജോ അറിയാതെ വിളിച്ചു പോയി. വിനുവിന്‌ശ്വാസം നിലയ്ക്കാറായിരുന്നു.
ജിജോ പെട്ടെന്ന് എൻജിൻ ഓഫ് ചെയ്തു ഹെഡ്‌ലൈറ്റുകളുമണച്ചു. കുറ്റാക്കൂരിരുട്ട്. അടുത്തെവിടെയോ ബഹളങ്ങൾ കേൾക്കാം... ആരൊക്കെയോ ഓടിവരുന്നു. ആരവം അടുത്തുവരികയാണ്‌.
“ഈശ്വരാ...”
വിനു നെഞ്ചിൽ കൈവെച്ചു.
ജിജോ ഭാവഭേദമില്ലാതെ ഡാഷ്ബോർഡിലെ ഗ്ളൗബോക്സ് തുറന്നു. എന്തോ ഒന്നു പുറത്തെടുത്തു. മീറ്റർ ഡയലുകളുടെ അരണ്ട വെളിച്ചത്തിലും വിനു അത് വ്യക്തമായി കണ്ടു. നിക്കൽ ഫിനിഷുള്ള ഒരു പിസ്റ്റൾ. അതിന്റെ മാഗസിൻ ഊരി തിരകളുണ്ടെന്നുറപ്പുവരുത്തുകയാണ്‌ ജിജോ. അതും കൂടിയായപ്പോൾ വിനുവിന്റെ ശ്വാസം മുട്ടി.
“ഹേയ്.. പേടിക്കെണ്ടെടോ... സ്വയരക്ഷയ്ക്ക് എടുത്തുപെരുമാറാൻ സർക്കാർ ലൈസൻസുള്ള സാധനമാ... വെറുതേ ഒരു പ്രിക്കോഷൻ..”
ലോക്ക് വലിച്ച് ലോഡ് ചെയ്തുകൊണ്ട് ജിജോ പുറത്തേക്കിറങ്ങി.
പെട്ടെന്ന് ഇരുട്ടിൽ നിന്നൊരു രൂപം ജിജോയുടെ മുകളിലേക്ക് ചാടി വീഴുന്നതു കണ്ടു.
 നിമിഷാർദ്ധം കൊണ്ട് ഒരു വെടി മുഴങ്ങി.
ഒരു ഞരക്കവും കേട്ടു. ഒരു നിലവിളി വിനുവിന്റെ തൊണ്ടയിൽ തടഞ്ഞു നിന്നു.

(തുടരും)

1 comment:

ചാണ്ടിക്കുഞ്ഞ് said...

ഒടുക്കത്തെ സസ്പെന്‍സ്....രണ്ടാം ഭാഗം പോരട്ടെ....