Friday, January 28, 2011

അർജ്ജുനൻ സാക്ഷി (Arjunan Sakshi Review)


എല്ലാം മുകളിലിരുന്ന് ഒരുവൻ കാണുന്നുണ്ട് എന്ന്‌ പറയാറുണ്ട്. ഏതൊരു കുറ്റകൃത്യത്തിനും ഒരു സാക്ഷിയുമുണ്ടാവും. അത് മനുഷ്യനാവാം, മൃഗമാവാം, മരങ്ങളോ മണ്ണോ മഞ്ഞുതുള്ളിയോ ആവാം. എറണാകുളം കളക്ടറായിരുന്ന ഫിറോസ് മൂപ്പൻ (മുകേഷ്) കൊല്ലപ്പെട്ടിട്ട് 10 മാസം കഴിഞ്ഞിട്ടും തെളിവുകളില്ലാതെ സി.ബി.ഐ പോലും ആ കേസ് ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ മാതൃഭൂമി റിപ്പോർട്ടറായ അഞ്ജലി മേനോന്‌ (ആൻ അഗസ്റ്റിൻ) അർജ്ജുനൻ  എന്ന പേരിൽ ലഭിക്കുന്ന ഒരു കത്തിൽ നിന്നാണ്‌ തുടക്കം. താൻ കളക്ടറുടെ കൊലപാതകം നേരിട്ടു കണ്ടതാണെന്നും, നിയമപാലകരിലോ, നീതിന്യായവ്യവസ്ഥയിലോ സർക്കാരിലോ വിശ്വാസമില്ലാത്തതിനാൽ മുന്നോട്ടു വരാനാവില്ലെന്നും ആ കത്തിൽ പറയുന്നു. പത്രത്തിൽ ഈ കത്ത് പ്രസിദ്ധീകരിക്കുന്നതോടെ കൊലയാളികൾക്ക് ഇരിക്കപ്പൊറുതിയില്ലാതെ വരുന്നു. ഭീഷണിയുമായി നിരവധി കോളുകളും വീടുകയറി അക്രമവുമൊക്കെ കണ്ടുമടുത്ത ചേരുവകൾ. യാദൃശ്ചികമായി ഈയവസരത്തിൽ കൊച്ചിയിലെത്തുന്ന യുവ ആർക്കിടെക്റ്റായ റോയ് മാത്യൂ (പൃഥ്വിരാജ്) സാഹചര്യങ്ങളുടെ മറിമായം കൊണ്ട് അർജ്ജുനനായി തെറ്റിദ്ധരിക്കപ്പെടുന്നതോടെ കൊലയാളികൾ അയാളുടെ നേർക്കും അക്രമം അഴിച്ചുവിടുന്നു. ഈ രംഗത്തിനുവേണ്ടി ചെയ്തിരിക്കുന്ന ഒരു കാർ ചേസും അതിനെത്തുടർന്നുള്ള അപകടങ്ങളും പ്രേക്ഷകരിൽ ഭയമുണർത്താൻ പോന്നവയാണ്‌. കൊച്ചിയെ കേന്ദ്രീകരിച്ചുള്ള ഏതൊരു സിനിമയിലും ക്വൊട്ടേഷൻ, ഗുണ്ടായിസം തുടങ്ങിയവ അവിഭാജ്യഘടകമാണെന്ന് ഈ സംവിധായകനും നിർഭാഗ്യവശാൽ ധരിച്ചുവശായിരിക്കുന്നു. അങ്ങനെ സത്യം കണ്ടെത്താനുള്ള യാത്രയിൽ മറ്റു പല സത്യങ്ങളും മനസ്സിലാക്കി പ്രബലരായ കൊലയാളികളെ വലയിലാക്കുന്നിടത്ത് സിനിമ തീരുന്നു. ക്ളൈമാക്സ് എന്നത് ഒരു ക്രാഷ്‌ലാൻഡിങ്ങ് ആയിരുന്നില്ലേ എന്ന് തോന്നിപ്പിക്കും വിധമാണ്‌ സംവിധാനം. നമ്മൾ എന്ന സിനിമയിലൂടെ നൂലുണ്ടയായി വന്ന് ക്ളാസ്‌മേറ്റ്സിൽ വാലുവാസുവായ വിജീഷ് തന്റെ ശരീരം നന്നായി ഒരുക്കിയെടുത്ത് മസിലും പെരുക്കി പൃഥ്വിക്കൊപ്പം മുഴുനീളകഥാപാത്രമായുണ്ട്. നെടുമുടി വേണു, ക്യാപ്റ്റൻ രാജു, തുടങ്ങിയവർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നായികയായ ആൻ അഗസ്റ്റിന്റെയും സ്ഥിതി വ്യതസ്തമല്ല. വില്ലന്മാരായ (ബിജു മേനോനും സുരേഷ്‌കൃഷ്ണയുമടക്കം) എല്ലാവരും തനി ക്ളീഷേ പ്രകടനമാണ്‌ കാഴ്ചവെച്ചത്. സലിം കുമാറും സുരാജ് വെഞ്ഞാറമൂടുമൊന്നും ഓവറാക്കിയില്ല എന്നൊരു സമാധാനവുമുണ്ട്. വിജയരാഘവന്റെ പൊലീസ് വേഷവും പതിവുശൈലി തന്നെ. ജഗതിയുടെ കഥാപാത്രം മനസ്സിൽ തട്ടുന്നതാണ്‌. അവസാനത്തെ വലയിലാക്കൽ ഇവിടം സ്വർഗ്ഗമാണ്‌ എന്ന സിനിമയുടെ ക്ളൈമാക്സിനെ ഓർമ്മിപ്പിച്ചു. ആദ്യപകുതി ചടുലമായിരുന്നെങ്കിലും ഇടവേളയ്ക്കു ശേഷം ആകെയൊരു അളിപുളിയായി. നല്ലൊരു ത്രില്ലറാക്കാമായിരുന്ന ഒരു സബ്ജെക്ട് രഞ്ജിത് ശങ്കറിന്റെ കയ്യിലൊതുങ്ങാതെ പോയ കാഴ്ചയ്‌ക്കാണ്‌ ഇവിടെ പ്രേക്ഷകൻ സാക്ഷിയായത്.

ലാസ്റ്റ് വേർഡ്: മൊത്തത്തിൽ തരക്കേടില്ല.
കഥ, തിരക്കഥ, സംവിധാനം: രഞ്ജിത് ശങ്കർ
അഭിനേതാക്കൾ: പൃഥ്വിരാജ്, ആൻ അഗസ്റ്റിൻ, ജഗതി ശ്രീകുമാർ, വിജയരാഘവൻ, ബിജു മേനോൻ, സുരേഷ് കൃഷ്ണ, ക്യാപ്റ്റൻ രാജു, ആനന്ദ്, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട്‌, വിജീഷ് തുടങ്ങിയവർ.
ബാനർ: എസ് ആർ ടി. റിലീസ്


ഒരു വാക്ക്: ആദ്യമായാണ്‌ ഞാനൊരു റിവ്യൂ എഴുതുന്നത്. വ്യക്തിപരമായ അഭിപ്രായമാണിത്. കുറവുകൾ സദയം സഹകരിക്കുക.

No comments: