Tuesday, March 20, 2012

ഓർഡിനറി-ടാറ്റാ വണ്ടി വഴിയിൽ കിടത്തിയില്ല.!


-------------------------------------------------------------------
ഗവി പശ്ചാത്തലമാക്കി നവാഗതനായ സുഗീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു ചിത്രം വരുന്നെന്ന് കേട്ടപ്പോൾ തന്നെ തീരുമാനിച്ചിരുന്നു ആ പടമൊന്നു കാണണമെന്ന്. എന്നാൽ ചിത്രീകരണസമയത്തു തന്നെ പുറത്തുവന്ന ചില സ്റ്റിൽസിൽ ഒരു ടാറ്റാ ബസ് കണ്ടതോടെ മനസ്സ് മടിച്ചു, കാരണം കെ.എസ്.ആർ.ടി.സി ഒരിക്കലും ടാറ്റാ വണ്ടികൾ മലമ്പ്രദേശത്തേക്ക് സർവ്വീസിനയക്കാറില്ല, അങ്ങനെ ചെയ്തിട്ടുള്ളപ്പോഴൊക്കെ ഊർധ്വനും ഛിന്നനും വലിച്ച് വഴിയിൽ ചത്തുകിടന്നിട്ടുള്ള വണ്ടികൾ അവർക്ക് പാരയായിട്ടുമുണ്ട്. മേൽപ്പറഞ്ഞ ഗതി ഈ സിനിമയ്ക്കുണ്ടാവുമോ എന്നായിരുന്നു എന്നെപ്പോലുള്ള ചിലരുടെയെങ്കിലും പേടി. എന്നാൽ ആ പേടി അസ്ഥാനത്തായി എന്നതാണ്‌ സത്യം. പടം വഴിയിൽ കിടത്തിയില്ല, അഥവാ മടുപ്പിച്ചില്ല.
അച്ഛൻ മരിച്ച ഒഴിവിൽ കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലിക്കെത്തിയ ഇരവിക്കുട്ടൻപിള്ള(കുഞ്ചാക്കോ ബോബൻ) യെ കേന്ദ്രീകരിച്ചാണ്‌ കഥ തുടങ്ങുന്നതെങ്കിലും, ഡ്രൈവർ സുകു (ബിജു മേനോൻ), സ്ഥിരം യാത്രക്കാരനും മദ്യപാനിയുമായ വക്കച്ചൻ (ബാബുരാജ്) എന്നിവരിലേക്കും എന്തിന്‌ ആ പഴയ ടാറ്റാ ബസ്സിലേക്കു പോലും പടർന്നുകയറുന്ന സിനിമയുടെ ആദ്യപകുതി വളരെ രസകരമായിത്തന്നെ നീങ്ങുന്നു. ബാബുരാജിന്റെയും ബിജുമേനോന്റെയും തകർപ്പൻ ഡയലോഗുകൾക്ക് തീയേറ്ററിൽ നല്ല സ്വീകരണമാണ്‌ ലഭിക്കുന്നത്.
     ഗവിയിലെ പഞ്ചായത്ത് മെമ്പറായ വേണുമാഷായി ലാലു അലക്സും വളർത്തുമകളായ അന്നയായി ആൻ അഗസ്റ്റിനുമെത്തുന്നു. നാട്ടിലെ ഒരു പരുക്കൻ ചെറുപ്പക്കാരനായ ഡാം ഓപ്പറേറ്റർ ഭദ്രൻ എന്ന വേഷത്തിൽ ആസിഫ് അലിയെത്തുന്നത് തന്റെ കരിയറിലെ ഏറ്റവും വ്യതസ്തമായ ഒരു കഥാപാത്രവുമായിട്ടാണ്‌. പുതുമുഖമായ ശ്രിത ശിവദാസാണ്‌ മറ്റൊരു നായിക.
ചുരുങ്ങിയ സമയം കൊണ്ട് ഗവി എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങളുമായി വളരെ അടുത്തിടപഴകുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരായ ഇരവിക്കും സുകുവിനും അവിചാരിതമായി ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. എന്നാൽ അവർ അതിനെ അതിജീവിക്കുകയും ചെയ്യുന്നതാണ്‌ ശരിക്കും സിനിമയുടെ ഇതിവൃത്തമെങ്കിലും നിഷാദ് കെ. കോയ, മനുപ്രസാദ് എന്നിവരുടെ തിരക്കഥ സിനിമയ്ക്കും പ്രേക്ഷകർക്കും പരുക്കേൽപ്പിക്കാതെ ഒരു യാത്ര തന്നെ പ്രദാനം ചെയ്യുന്നു.
       കേരളത്തിന്റെ മലമ്പ്രദേശ റോഡുകളുടെ മനോഹാരിത പകർത്തുന്നതിൽ ഒരു പരിധി വരെ ഛായാഗ്രാഹകനായ ഫൈസൽ അലി വിജയിച്ചെന്നു പറയാം. ഗവിയിൽ ചിത്രീകരിച്ചെന്നു പറയുമ്പോഴും നല്ലൊരു ശതമാനവും പത്തനംതിട്ട ജില്ലയിൽ പോലുമല്ല ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് അത്യാവശ്യം യാത്ര ചെയ്യുന്ന പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ടെങ്കിലും പടം കണ്ടിട്ട്  “ഇതാണ്‌ ഗവി...” എന്നു കരുതി യാത്രയ്ക്കൊരുങ്ങി കുറിയാണ്ടും തലയിൽക്കെട്ടി നിൽക്കുന്നവരോട് “അതങ്ങഴിച്ചേക്ക് ഗഡി..” എന്നു പറയാനാണ്‌ തോന്നുന്നത്.
രാജീവ് നായരുടെ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തുന്നു.
വി. സാജനാണ്‌ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജീവ് നായരാണ്‌.
ആദ്യപകുതിയിൽ നല്ലൊരു എന്റർടെയ്നറും രണ്ടാം പകുതിയിൽ ഒരു സസ്പെൻസ് ത്രില്ലറുമൊരുക്കാൻ ശ്രമിച്ച സംവിധായകൻ ഒരുപരിധിവരെ വിജയിച്ചെന്നു പറയാം. അഭിനേതാക്കളിൽ ബിജുമേനോനും ആസിഫ് അലിയും ബാബുരാജും കുഞ്ചാക്കോ ബോബനും തിളങ്ങി. സ്ത്രീകഥാപാത്രങ്ങളിൽ ആരും അത്രയക്ക് വന്നില്ലെന്ന് നിസ്സംശയം പറയാം.

ഇത്രയൊക്കെ പറഞ്ഞെങ്കിലും ഒരു സത്യം കൂടി പറയുമ്പോൾ നിങ്ങൾ ഈ സിനിമ കാണാൻ തീരുമാനിക്കും, അതെന്താണെന്നു ചോദിച്ചാൽ ഇത്രേയുള്ളൂ. സൂപ്പർതാര സിനിമകൾ കാണുമ്പോഴുള്ള വീർപ്പുമുട്ടൽ ഈ പടത്തിനില്ല. കണ്ടിറങ്ങുമ്പോൾ ചാരായമടിച്ചിട്ട് കിടന്നവന്റെ ഹാങ്ങോവറുമില്ല. സമാധാനമായി കാണാം, കണ്ടിട്ട് ഇറങ്ങിപ്പോകാം... ചില ദൃശ്യങ്ങളെങ്കിലും കല്ലുകടിയില്ലാതെ മനസ്സിൽ കിടക്കുകയും ചെയ്യും.
എന്റെ റേറ്റിംഗ്: 3.5/5