Tuesday, May 28, 2013

ഉരുകിപ്പോയ കുടൽ..!

ഈ കഥയിലെ നായകന്‍ ജീവനോടെയുണ്ടോ... അതോ ആരുടെയെങ്കിലും കൈവീണു പണ്ടാരടങ്ങിയോ എന്നൊന്നും എനിക്കറിയില്ല. ഏതായാലും സഹനായകന്‍ ശ്രീമാന്‍ പൈങ്ങോട്ടൂരാന്‍ അഥവാ പൈങ്ങു എന്ന എന്‍റെ സഹപ്രവര്‍ത്തകന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. സാജു എന്നു പേരുള്ള കഥാനായകനെ നാട്ടുകാര്‍ 'അണ്ടിയാപ്പീസര്‍' എന്നാണ്‌ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്. പുള്ളിക്കാരന്‍ ഒരു സാദാ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്നു താനും. സാജുവിനെക്കുറിച്ച് കൂടുതല്‍ പരിചയപ്പെടുത്തി ഞാന്‍ സമയം കളയുന്നില്ല... എല്ലാം വഴിയേ മനസ്സിലായിക്കോളും.
മദ്യപിക്കുമെങ്കിലും മറ്റു മദ്യപന്മാരെ കാണുന്നതേ അലര്‍ജിയാണ്‌ സാജുവിനും പൈങ്ങുവിനും... അടിച്ചു പാമ്പായി ആരെങ്കിലും ഇവരുടെ മുന്നില്‍ പെട്ടാല്‍ പിന്നെ അവന്‍റെ ജന്മം പട്ടിനക്കിയെന്നു കൂട്ടിയാല്‍ മതി. ഒരു ദിവസം വൈകുന്നേരം കവലയില്‍ നിന്നും വീട്ടിലേക്കു നടന്നു വരുന്ന വഴിയാണ്‌ പൈങ്ങുവിന്‍റെ പിന്നില്‍ ഒരു വിളി.
"ഡാ... നിക്കെടാ.. ഞാനൂടൊണ്ടെടാ..."
സാജുവാണ്‌... എവിടെ നിന്നോ പാഞ്ഞു വരുന്ന വരവാണ്‌. രണ്ടുപേരുമൊന്നിച്ച് നടന്നു നീങ്ങി.
"എന്നതാടാ കയ്യില്‍..?"
സാജുവിന്‍റെ കയ്യിലൊരു പൊതിയിരിക്കുന്നത് കണ്ട് ആകാംക്ഷാഭരിതനായ പൈങ്ങുവിന്‍റെ ചോദ്യം.
"പെയ്സ്റ്റാടാ... പല്ലുതേക്കാന്‍..."
സാജു പൊതിയഴിച്ചു... കോള്‍ഗേറ്റിന്‍റെ വലിയ ഒരു ട്യൂബ്. അത്രയും വലിയ പേസ്റ്റ് ആദ്യമായി കാണുന്നുവെന്ന്‌ പൈങ്ങു ഭാഷ്യം...
ഇരുവരും നടന്നു നടന്ന്‌ ടൗണ്‍ കഴിയാറായപ്പോള്‍ ഒരു കടത്തിണ്ണയില്‍ എന്തോ ഒരനക്കം. ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ സ്ഥലത്തെ പ്രധാന പാമ്പുകളിലൊന്നാണ്‌. 'ഇരയെടുത്തിട്ട്' കിടക്കുന്നതിനിടയില്‍ എന്തോ ശബ്ദമുണ്ടാക്കിയതാണ്‌. നല്ലൊരു കക്ഷിയെ കിട്ടിയ സന്തോഷത്തില്‍ സാജു പൈങ്ങുവിനെ ഒന്നു നോക്കി... പൈങ്ങു ഒരു ചിരിയും ചിരിച്ചു... രണ്ടു പേരും ചേര്‍ന്ന്‌ പാമ്പിനെ ഉണര്‍ത്താനുള്ള ശ്രമമാരംഭിച്ചു. ആദ്യം പേരുവിളിച്ചു... പിന്നെ അപ്പനും അമ്മക്കും എല്ലാം വിളിച്ചു. സൈലന്‍സറില്ലാത്ത ലോറി ലോഡും കൊണ്ട് കേറ്റം കേറുന്ന ശബ്ദത്തില്‍ രണ്ടു പേരുംകൂടി തെറിപ്പാട്ടു പാടി... ങേ ഹേ.. നോ രക്ഷ... പൈങ്ങുവിന്‍റെ കണ്ണില്‍ നേരിയ നിരാശ... പക്ഷേ സാജു തോല്‍ക്കാനൊരുക്കമായിരുന്നില്ല. കയ്യിലിരുന്ന പേസ്റ്റിന്‍റെ ട്യൂബെടുത്തു തുറന്നു.
"നീയെന്നാ കാണിക്കാന്‍ പോവ്വാ..?"
പൈങ്ങുവിന്‌ സംശയം
"ഇപ്പോ കാണിച്ചു തരാം.. കണ്ടു പഠിക്ക്.."
ഇതും പറഞ്ഞ് സാജു പാമ്പമ്മാവന്‍റെ മുണ്ട് ഒരു വശത്തേക്കു മാറ്റി. പുറം തിരിഞ്ഞു കിടക്കുകയായിരുന്ന ആ നിര്‍ഭാഗ്യവാന്‍റെ മൂലത്തിലേക്ക് ട്യൂബ് തിരുകി... ട്യൂബ് നല്ലോണം ഞെക്കി പേസ്റ്റ് നിര്‍ദ്ദാക്ഷിണ്യം അടിച്ചു കയറ്റി. പേസ്റ്റ് തീര്‍ന്നിട്ടും പാമ്പുണര്‍ന്നില്ല... ഇരുവരും പരസ്പരം നോക്കി... ഒഴിഞ്ഞ ട്യൂബ് ഒരു വശത്തേക്കെറിഞ്ഞിട്ട് എന്തോ വലിയകാര്യം സാധിച്ച ഭാവത്തില്‍ ഇരുവരും വീട്ടിലേക്കു വിട്ടു.
--------------------------------------------------------
പിറ്റേന്ന്‌ അതിരാവിലെ പൈങ്ങുവും സാജുവും എവിടെയോ പോകാനായി ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ്‌ ദൂരെ നിന്നൊരു ശബ്ദം കേട്ടത്. അതാ വരുന്നു തലേദിവസത്തെ താരം... ആകെ കാറിക്കൂവിയാണ്‌ വരവ്... നിലവിളിയോട് നിലവിളി... വരവ് തങ്ങളുടെ നേര്‍ക്കാണെന്നറിഞ്ഞ പൈങ്ങു ഒന്നു പരുങ്ങി. കര്‍ത്താവേ... ഈ സാമാനം രാവിലെ തന്നെ വന്നു തലേക്കേറുമോ..എന്തോ... പക്ഷേ സാജു കുലുങ്ങിയില്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ തന്നോടെന്തോ സംശയം ചോദിക്കാനായിരിക്കും ആ വരവെന്ന്‌ സാജു മനസ്സിലാക്കിയിരുന്നു. അടുത്തെത്തിയതും തന്‍റെ നിലവിളിയുടെ ടോണ്‍ അല്‍പം ഹൈപിച്ചിലേക്കു മാറ്റിക്കൊണ്ട് അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു..
"മക്കളേ ആരും ............മോന്‍ ദാമോദരന്‍റെ ഷാപ്പീന്നു കള്ളു കുടിക്കല്ലേടാ... ആ കഴുവേര്‍ട മോന്‍ ഇന്നലെ എനിക്കെന്തോ കലക്കിത്തന്നു... ഞാനതടിച്ചിട്ടു വരുന്നവഴി നമ്മടെ വറീച്ചന്‍റെ കടേടെ തിണ്ണേല്‍ക്കേറിക്കിടന്നു..."
ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പാക്കിയിട്ട് ശബ്ദം താഴ്ത്തി മൂപ്പിലാന്‍ തുടര്‍ന്നു...
"ഉറക്കത്തില്‍ ഞാനറിയാതെ തൂറിപ്പോയെടാ മക്കളേ... ഇന്നു വെളുപ്പിനെ അതു കഴുകാന്‍ തോട്ടിലെറങ്ങിയപ്പൊ... എന്നാ മാതിരി നീറ്റലാ പണ്ടാരം... വെള്ളത്തിലാകെ പത... മീനൊക്കെ ചത്തുപൊങ്ങിയെടാ... എന്‍റെ കൊടലുരുകിപ്പോയെന്നാടാ തോന്നുന്നെ... കൊടലുരുകിപ്പോയെടാ മോനേ... ഞാനിനി എന്നാ ചെയ്യുവോ... നീറിയിട്ടു വയ്യായേ...!!"
നിലവിളി പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ചു.
സംഗതിയുടെ ടേണിംഗ് പോയിന്‍റ്‌‌ കണ്ട് പിടിവിട്ട് ചിരിക്കാനൊരുങ്ങിയ പൈങ്ങുവിന്‍റെ കാലിനിട്ട് ഒരു ചവിട്ടു കൊടുത്തിട്ട് സാജു ഗൗരവത്തില്‍ പറഞ്ഞു
"ചേട്ടാ... ഇതു സംഗതി സീരിയസാ... വേഗം ദാ അങ്ങോട്ടു ചെല്ല്‌..."
സാജു കൈചൂണ്ടിക്കാണിച്ച ദിക്കില്‍ 'പ്രാഥമികാരോഗ്യകേന്ദ്രം' എന്നെഴുതിയിരിക്കുന്നതു കണ്ട് ഒറ്റക്കുതിപ്പിനു റോഡും കടന്ന്‌ ആശുപത്രിയിലേക്കു പാഞ്ഞ ടിയാന്‍റെ പിന്നാലെ പൈങ്ങുവും സാജുവും വിട്ടു. ഡോക്ടറുടെ മുറിയിലേക്ക് കയറിയതിനേക്കാള്‍ സ്പീഡില്‍ മൂപ്പര്‍ പറന്നിറങ്ങുന്നതു കണ്ട് അന്തംവിട്ട സാമദ്രോഹികള്‍ രണ്ടും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട ഡോക്ടറുടെ മുഖം കണ്ട് ചിരിയടക്കാന്‍ പാടുപെട്ടു. ഇതിനിടയില്‍ പാവം പാമ്പ് അടുത്ത ആശ്രയവും തേടി എങ്ങോട്ടോ ഓടി മറഞ്ഞിരുന്നു....

Tuesday, March 20, 2012

ഓർഡിനറി-ടാറ്റാ വണ്ടി വഴിയിൽ കിടത്തിയില്ല.!


-------------------------------------------------------------------
ഗവി പശ്ചാത്തലമാക്കി നവാഗതനായ സുഗീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു ചിത്രം വരുന്നെന്ന് കേട്ടപ്പോൾ തന്നെ തീരുമാനിച്ചിരുന്നു ആ പടമൊന്നു കാണണമെന്ന്. എന്നാൽ ചിത്രീകരണസമയത്തു തന്നെ പുറത്തുവന്ന ചില സ്റ്റിൽസിൽ ഒരു ടാറ്റാ ബസ് കണ്ടതോടെ മനസ്സ് മടിച്ചു, കാരണം കെ.എസ്.ആർ.ടി.സി ഒരിക്കലും ടാറ്റാ വണ്ടികൾ മലമ്പ്രദേശത്തേക്ക് സർവ്വീസിനയക്കാറില്ല, അങ്ങനെ ചെയ്തിട്ടുള്ളപ്പോഴൊക്കെ ഊർധ്വനും ഛിന്നനും വലിച്ച് വഴിയിൽ ചത്തുകിടന്നിട്ടുള്ള വണ്ടികൾ അവർക്ക് പാരയായിട്ടുമുണ്ട്. മേൽപ്പറഞ്ഞ ഗതി ഈ സിനിമയ്ക്കുണ്ടാവുമോ എന്നായിരുന്നു എന്നെപ്പോലുള്ള ചിലരുടെയെങ്കിലും പേടി. എന്നാൽ ആ പേടി അസ്ഥാനത്തായി എന്നതാണ്‌ സത്യം. പടം വഴിയിൽ കിടത്തിയില്ല, അഥവാ മടുപ്പിച്ചില്ല.
അച്ഛൻ മരിച്ച ഒഴിവിൽ കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലിക്കെത്തിയ ഇരവിക്കുട്ടൻപിള്ള(കുഞ്ചാക്കോ ബോബൻ) യെ കേന്ദ്രീകരിച്ചാണ്‌ കഥ തുടങ്ങുന്നതെങ്കിലും, ഡ്രൈവർ സുകു (ബിജു മേനോൻ), സ്ഥിരം യാത്രക്കാരനും മദ്യപാനിയുമായ വക്കച്ചൻ (ബാബുരാജ്) എന്നിവരിലേക്കും എന്തിന്‌ ആ പഴയ ടാറ്റാ ബസ്സിലേക്കു പോലും പടർന്നുകയറുന്ന സിനിമയുടെ ആദ്യപകുതി വളരെ രസകരമായിത്തന്നെ നീങ്ങുന്നു. ബാബുരാജിന്റെയും ബിജുമേനോന്റെയും തകർപ്പൻ ഡയലോഗുകൾക്ക് തീയേറ്ററിൽ നല്ല സ്വീകരണമാണ്‌ ലഭിക്കുന്നത്.
     ഗവിയിലെ പഞ്ചായത്ത് മെമ്പറായ വേണുമാഷായി ലാലു അലക്സും വളർത്തുമകളായ അന്നയായി ആൻ അഗസ്റ്റിനുമെത്തുന്നു. നാട്ടിലെ ഒരു പരുക്കൻ ചെറുപ്പക്കാരനായ ഡാം ഓപ്പറേറ്റർ ഭദ്രൻ എന്ന വേഷത്തിൽ ആസിഫ് അലിയെത്തുന്നത് തന്റെ കരിയറിലെ ഏറ്റവും വ്യതസ്തമായ ഒരു കഥാപാത്രവുമായിട്ടാണ്‌. പുതുമുഖമായ ശ്രിത ശിവദാസാണ്‌ മറ്റൊരു നായിക.
ചുരുങ്ങിയ സമയം കൊണ്ട് ഗവി എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങളുമായി വളരെ അടുത്തിടപഴകുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരായ ഇരവിക്കും സുകുവിനും അവിചാരിതമായി ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. എന്നാൽ അവർ അതിനെ അതിജീവിക്കുകയും ചെയ്യുന്നതാണ്‌ ശരിക്കും സിനിമയുടെ ഇതിവൃത്തമെങ്കിലും നിഷാദ് കെ. കോയ, മനുപ്രസാദ് എന്നിവരുടെ തിരക്കഥ സിനിമയ്ക്കും പ്രേക്ഷകർക്കും പരുക്കേൽപ്പിക്കാതെ ഒരു യാത്ര തന്നെ പ്രദാനം ചെയ്യുന്നു.
       കേരളത്തിന്റെ മലമ്പ്രദേശ റോഡുകളുടെ മനോഹാരിത പകർത്തുന്നതിൽ ഒരു പരിധി വരെ ഛായാഗ്രാഹകനായ ഫൈസൽ അലി വിജയിച്ചെന്നു പറയാം. ഗവിയിൽ ചിത്രീകരിച്ചെന്നു പറയുമ്പോഴും നല്ലൊരു ശതമാനവും പത്തനംതിട്ട ജില്ലയിൽ പോലുമല്ല ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് അത്യാവശ്യം യാത്ര ചെയ്യുന്ന പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ടെങ്കിലും പടം കണ്ടിട്ട്  “ഇതാണ്‌ ഗവി...” എന്നു കരുതി യാത്രയ്ക്കൊരുങ്ങി കുറിയാണ്ടും തലയിൽക്കെട്ടി നിൽക്കുന്നവരോട് “അതങ്ങഴിച്ചേക്ക് ഗഡി..” എന്നു പറയാനാണ്‌ തോന്നുന്നത്.
രാജീവ് നായരുടെ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തുന്നു.
വി. സാജനാണ്‌ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജീവ് നായരാണ്‌.
ആദ്യപകുതിയിൽ നല്ലൊരു എന്റർടെയ്നറും രണ്ടാം പകുതിയിൽ ഒരു സസ്പെൻസ് ത്രില്ലറുമൊരുക്കാൻ ശ്രമിച്ച സംവിധായകൻ ഒരുപരിധിവരെ വിജയിച്ചെന്നു പറയാം. അഭിനേതാക്കളിൽ ബിജുമേനോനും ആസിഫ് അലിയും ബാബുരാജും കുഞ്ചാക്കോ ബോബനും തിളങ്ങി. സ്ത്രീകഥാപാത്രങ്ങളിൽ ആരും അത്രയക്ക് വന്നില്ലെന്ന് നിസ്സംശയം പറയാം.

ഇത്രയൊക്കെ പറഞ്ഞെങ്കിലും ഒരു സത്യം കൂടി പറയുമ്പോൾ നിങ്ങൾ ഈ സിനിമ കാണാൻ തീരുമാനിക്കും, അതെന്താണെന്നു ചോദിച്ചാൽ ഇത്രേയുള്ളൂ. സൂപ്പർതാര സിനിമകൾ കാണുമ്പോഴുള്ള വീർപ്പുമുട്ടൽ ഈ പടത്തിനില്ല. കണ്ടിറങ്ങുമ്പോൾ ചാരായമടിച്ചിട്ട് കിടന്നവന്റെ ഹാങ്ങോവറുമില്ല. സമാധാനമായി കാണാം, കണ്ടിട്ട് ഇറങ്ങിപ്പോകാം... ചില ദൃശ്യങ്ങളെങ്കിലും കല്ലുകടിയില്ലാതെ മനസ്സിൽ കിടക്കുകയും ചെയ്യും.
എന്റെ റേറ്റിംഗ്: 3.5/5