Tuesday, June 15, 2010

വെടിയും പുകയും...


ബോംബ്സ്ഫോടനം എന്നൊക്കെ കേൾക്കുമ്പോൾ എനിക്കുണ്ടാകുന്നത്ര നടുക്കം വേറെയാർക്കുമുണ്ടാകാൻ വഴിയില്ല, അതിനു കാരണം പണ്ട് നടന്നൊരു സംഭവമാണ്‌.
ഏകദേശം പന്ത്രണ്ടു വർഷം മുൻപുള്ള പുഞ്ചക്കൃഷിക്കാലം. വിത കഴിഞ്ഞിട്ട് ഒരാഴ്ചയാവുന്നതേയുള്ളൂ. ഇളംപച്ച നിറത്തിൽ പാടത്താകെ നെൽച്ചെടിനാമ്പുകൾ തലനീട്ടിത്തുടങ്ങിയിരിക്കുന്നു. ഇനി കുറച്ചുദിവസം കൂടി കഴിഞ്ഞാൽ പാടമാകെ പച്ചവിരിച്ച് മനോഹരമാകും. ഇതിനിടയിലാണ്‌ ഞങ്ങൾ കുട്ടനാട്ടുകാർക്ക് ചില ശത്രുക്കളുണ്ടാവുന്നത്. പ്രാവ്, മാടത്ത, കൊക്ക്, പകലുണ്ണാൻ, പൊട്ടൻമുണ്ടി എന്നു വേണ്ട അയൽവക്കത്തെ ചില സാമദ്രോഹികളുടെ കോഴികൾ വരെ പാടത്തേക്കിറങ്ങും; കാശുമുടക്കി വിതച്ചിരിക്കുന്ന നെല്ലു തിന്നാൻ...
പിന്നേയ്.. നിന്റെ തന്ത കണ്ട വകയല്ലേ... പോ​‍ാ​‍ാ കോഴീ...
എന്നു പറഞ്ഞ് ഞങ്ങൾ കോഴിയെ ഓടിച്ചാലും കയ്യെത്താദൂരത്തിരിക്കുന്ന മറ്റു സാധനങ്ങളുടെ (മുണ്ടി, പ്രാവ് മുതലായവ) കാര്യത്തിൽ മേൽപ്പറഞ്ഞ തന്തയ്ക്കുവിളി അപ്രായോഗികമായിരുന്നു. പ്രാവ് നെല്ലുതിന്നാനാണു വരുന്നതെങ്കിൽ കൊക്കും മറ്റും വരുന്നത് അതിനിടയിലെ ചെറുമീനുകളെ പിടിച്ചുതിന്നാനാണ്‌. എന്നാലും വളർന്നുവരുന്ന നെൽച്ചെടിയെ ചവിട്ടിയൊടിച്ചാണ്‌ ഈ അഭ്യാസമെന്നത് ഞങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇവറ്റയെ എങ്ങനെയും ഓടിക്കാൻ പാട്ട കൊട്ടുക, പടക്കം പൊട്ടിക്കുക, അറ്റകൈക്ക് എയർഗൺ അല്ലെങ്കിൽ മസിൽലോഡ് റൈഫിൾ (നാടൻതോക്ക്) ഉപയോഗിച്ച് വെടിവെക്കുക (ചെവിയും പോളയുമൊന്നും കേൾക്കാത്ത പൊട്ടൻമുണ്ടിക്ക് എന്തോന്നു പാട്ടകൊട്ട്, എന്തോന്നു പടക്കം) തുടങ്ങിയ മാർഗ്ഗങ്ങളാണ്‌ സ്വീകരിച്ചിരുന്നത്. 
ഈ സംഭവം നടക്കുന്നതിനു ഒരു വർഷം മുമ്പേ പപ്പയുടെ ചേട്ടൻ വീട്ടിൽ വന്നു തന്റെ ലൈസൻസിനു കീഴിലുള്ള മസിൽലോഡും ഉപയോഗിക്കാതെ എണ്ണപുരട്ടി വെച്ചിരിക്കുകയായിരുന്ന ട്വൽവ്ബോറും എടുത്ത് എറണാകുളത്തെ വീട്ടിലേക്കു കൊണ്ടു പോയിരുന്നു. അതു കൊണ്ട് വീട്ടിലാകെയുള്ളത് മേൽപ്പറഞ്ഞ തോക്കുകളുടെ ബിനാമിയായ ബാരലു വളഞ്ഞ ഒരു മസിൽ-ലോഡും എന്റെ സ്വത്തായ സ്പ്രിങ്ങൊടിഞ്ഞ ഒരു എയർഗണ്ണുമാണ്‌. രണ്ടും വകയ്ക്കു കൊള്ളില്ല.
അപ്പോൾ ഇനി ആകെയുള്ള രക്ഷ പടക്കമാണ്‌. എടത്വാച്ചന്തയിൽ നല്ല ഓലപ്പടക്കം കിട്ടും. പോയി ഒരു പാക്കറ്റ് വാങ്ങി. 
അന്നൊരു ശനിയാഴ്ചയായിരുന്നു. സ്കൂളില്ല. ഈയുള്ളവനും രണ്ടാം മുറിയും മൂന്നാം മുറിയുമായ അനിയന്മാരും ചേർന്ന് പടക്കം പൊട്ടിക്കൽ ചടങ്ങു നടത്താൻ തീരുമാനിച്ചു. എന്റെ അനിയന്മാരെന്നു പേരു മാത്രമേയുള്ളൂ... എന്തിലും എന്റെ ചേട്ടന്മാരാണവൻമാർ... സർവ്വലോക പോക്രികളാണു രണ്ടും. (പാവം ഞാൻ...) ഇതിനിടയിൽ ഞങ്ങളുടെ അയൽക്കാരനും എന്റെ ഏറ്റവുമിളയ അനിയൻ ജോസിന്റെ വാലുമായ ശ്രീമാൻ ടോണിയും സംഭവസ്ഥലത്തെത്തിച്ചേർന്നു. ആൾ ഒരു പ്രത്യേക കഥാപാത്രമാണ്‌. ജന്മനാ തലയുടെ ഷേപ്പ് അൽപം തിരിഞ്ഞാണിരിക്കുന്നത്.. വളർന്നു വന്നപ്പോ കയ്യിലിരുപ്പും അതുപോലെ തന്നെ തിരിഞ്ഞുപോയി. വായിൽ ഒറ്റ പല്ലില്ലാതെ എല്ലാം പുഴുവിനു തിന്നാൻ കൊടുത്ത മഹാനുഭാവൻ... എന്നാലും ആ വാതുറന്നാൽ നമ്മുടെ സംസ്ഥാനം ഭരിക്കുന്ന ബഹു. മന്ത്രിമാരൊക്കെ മാറിനിൽക്കും... അമ്മാതിരി വെടലത്തരം മാത്രമേ അവൻ പറയൂ..
വീടിനു തെക്കുവശത്തുള്ള കളത്തിൽ പടർന്നു പന്തലിച്ച കിളിച്ചുണ്ടൻ മാവിനു കീഴിൽ ഞങ്ങളിരുന്നു. നടുക്കൊരു വിളക്കും കത്തിച്ചുവെച്ചു.
പാടത്തേക്കു നോക്കിയപ്പോൾ ഒരൊറ്റ കിളിയില്ല... ശ്ശെടാ.. ഇതു പണ്ടാരാണ്ടു പറഞ്ഞപോലായല്ലോ...
ഇത്രേം പാടുപെട്ട് പടക്കവും വാങ്ങിവെച്ച് ഞങ്ങൾ നാലു വീരൻമാരിവിടെ കാത്തിരുന്നിട്ട് അതിന്റെ ശബ്ദം കേൾക്കാനെങ്കിലും ഒരു കാക്കപോലും വരുന്നില്ല...
അങ്ങനെ കിളിയെ നോക്കിയിരുന്നു കണ്ണുകഴച്ച ഞങ്ങൾ ഓരോരോ കഥകൾ പറയാൻ തുടങ്ങി. നല്ല കാറ്റുണ്ടെങ്കിലും ഞങ്ങൾ വട്ടം കൂടിയിരിക്കുന്നതു കാരണം വിളക്കു കെട്ടിരുന്നില്ല.
സമയം കടന്നുപോയി...  തിരിനീളം കുറവായിരുന്ന ഏതാനും പടക്കങ്ങൾ വിളക്കിനു ചുറ്റും ചിതറിക്കിടന്നിരുന്നു. കത്തിക്കുമ്പോഴുണ്ടായേക്കാവുന്ന അപകടമൊഴിവാക്കാൻ ഞാനാണവ മാറ്റിയിട്ടത്; കാരണം നല്ല തീരുവയുള്ള പടക്കങ്ങളാണ്‌ ഇത്തവണ കിട്ടിയത്. പൊട്ടിയാൽ വിവരമറിയും...
ഇതിനിടയിൽ എന്റെ രണ്ടാമത്തെ അനിയൻ ജെസ്വിന്റെ കയിലൊരു ഓലക്കാൽ പ്രത്യക്ഷപ്പെട്ടു. കക്ഷി അതുമായി എന്തൊക്കെയോ ചെയ്യുകയാണ്‌. മൊത്തത്തിലൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തെങ്കിലും ഏതോ സ്വപ്നലോകത്താണു മൂപ്പരെന്നറിയാവുന്നതു കൊണ്ട് ഞാനൊന്നും പറഞ്ഞില്ല. എന്നാൽ എന്റെ ആ നിഷ്ക്രിയത്വം മുതലെടുത്തുകൊണ്ട് അവന്റെ കൈയിലെ ഓലക്കാൽ വിളക്കിനു നേരേ നീണ്ടു... ജോസിനും ടോണിയുമൊന്നും ഇതു ശ്രദ്ധിക്കുന്നതേയില്ല. അവന്മാർ എന്തോ കട്ടുതിന്നുന്ന കാര്യം പറയുകയാണ്‌. അപ്പോഴതാ ജെസ്വിന്റെ കയ്യിലെ ഓലക്കാലിനു തീ പിടിക്കുന്നു... അവനത് നേരേ താഴെക്കിടക്കുന്ന പടക്കങ്ങളിലൊന്നിന്റെ തിരിയിലേക്കു തൊടുവിക്കുന്നു....
എടാ ദ്രോഹീ...!!!
ഞാനലറി... കിംഫലം... അപ്പോഴേക്കും തീ പടക്കത്തിന്റെ തിരിയിലേക്കു പടർന്നുകയറിക്കഴിഞ്ഞിരുന്നു പെട്ടെന്നു തന്നെ എല്ലാരും വർത്തമാനകാലത്തിലേക്ക് മടങ്ങി വന്നുവെങ്കിലും താമസിച്ചു പോയിരുന്നു.
ഭ്ഠോം....ഠമാർ.. പഠാർ
ദിഗന്തങ്ങളെന്നല്ല ഏഴുലോകവും കിടുങ്ങുമാറൊരു സ്ഫോടനപരമ്പരയാണു പിന്നെ നടന്നത്. ഞങ്ങൾ നാലും നാലു ദിക്കിലേക്കു മറിഞ്ഞു... എങ്കിലും പെട്ടെന്നു തന്നെ ഞങ്ങൾ ചാടിയെഴുന്നേറ്റു. ഒന്നും കാണാൻ വയ്യ... ആകെ പുകയും പൊടിപടലവും വെടിമരുന്നിന്റെ മണവും... കാലിലൊക്കെ എന്തോ കുത്തിക്കയറിയിരിക്കുന്നു... മുഖത്തുമുണ്ടൊരു നീറ്റൽ... എന്താണോ സംഭവിച്ചത്... ഒന്നും മനസ്സിലാകുന്നില്ല...
പിന്നൊരു കാറിച്ചയായിരുന്നു... കാറലിനു കോറസായി അവന്മാരുമുണ്ട്... ആകെയൊരു കോലാഹലം... പുകയടങ്ങി... താഴേക്കു നോക്കിയപ്പോൾ ഞങ്ങളിരുന്നിടത്ത് ഏതാണ്ട് ഒരു മീറ്റർ വ്യാസത്തിൽ പുല്ലു പോലുമില്ലാതെ ക്ളീനായിരിക്കുന്നു. കുറച്ചുമാറി വിളക്കും പടക്കത്തിന്റെ പായ്ക്കറ്റും കിടപ്പുണ്ട്... ജെസ്വിൻ കരച്ചിലിനിടയിൽ തന്റെ തലയിൽ നിന്നും പുല്ലും പടലുമൊക്കെ വലിച്ചുമാറ്റുന്നു... ജോസിന്റെയും എന്റെയുമൊക്കെ മുഖത്തും തലയിലുമൊക്കെ മണ്ണു വീണിട്ട് ആകെ തേച്ചുപിടിപ്പിച്ചിരിക്കുന്നതു പോലെ...
ടോണിയുടെ കാര്യമാണു രസം... കൂട്ടക്കരച്ചിലിനിടയിൽ ഞാൻ നോക്കുമ്പോഴുണ്ട് ടോണിയുടെ വായിൽ നിന്നും കുമുകുമാന്നു പുക ചാടുന്നു... കാറലിന്റെ ശക്തിയനുസരിച്ച് പുകയുടെ വരവിനും ഏറ്റക്കുറച്ചിലുണ്ട്...
ഇവനെന്താ ഡീസൽ എൻജിനാണോ..?”
അതുകണ്ട് ഞാൻ മനസിൽ ചോദിച്ചു. ഇരുപത്തിനാലു മണിക്കൂറും  ഉടച്ച തേങ്ങാമുറിപോലെ തുറന്നു പിടിച്ച ആ വായിലൂടെ ഒരു മെട്രിക് ടൺ പുകയെങ്കിലും അകത്തു കയറിയിട്ടുണ്ടാവും. അതാണു ഓട്ടുകമ്പനിയുടെ പുകക്കുഴലിലൂടെയെന്നോണം പുറത്തേക്കു തള്ളുന്നത്. സിനിമയിലും കാർട്ടൂണിലും മാത്രം കണ്ടിട്ടുള്ള ഇത്തരമൊരു രംഗം കണ്ടതും ഞാൻ വേദനയും പേടിയുമെല്ലാം മറന്നു പൊട്ടിച്ചിരിച്ചുപോയി.
എന്നാലും ഇങ്ങനെയൊരു ചതിചെയ്യാൻ ജെസ്വിനെ പ്രേരിപ്പിച്ച ചേതോവികാരമെന്താണെന്ന് ഞങ്ങൾക്ക് അന്നുമിന്നുമറിയില്ല.

റിവേഴ്സ് ഗിയർ:
ഈയിടെ ക്രിസ്മസിനു ഞാൻ പടക്കം പൊട്ടിക്കുന്നതു കണ്ടപ്പോൾ ടോണി വളരെ പാടുപെട്ട് ഇരുകൈകൊണ്ടും തന്റെ വായടച്ചുപിടിക്കുന്നതും കണ്ടു. പണ്ടത്തെപ്പോലെങ്ങാനും പൊട്ടിത്തെറിച്ചാൽ പുക തുപ്പി താമരാക്ഷൻപിള്ളയായി പേരുദോഷമുണ്ടാകരുതല്ലോ...ചൂടുവെള്ളത്തിൽ വീണ ടോണി......

Saturday, June 5, 2010

എന്റെ നോക്കിയയുടെ ഒൻപതാം ചരമവാർഷികംതലക്കെട്ട് കണ്ടു ഞെട്ടെണ്ടാ. എനിക്കുമുണ്ടായിരുന്നു ഒരു മൊബൈൽ. ഇപ്പോഴൊന്നുമല്ല; ഒമ്പതു കൊല്ലം മുമ്പ്. 2001 ൽ എഞ്ചിനീയറിംഗ് ഡിപ്ളോമ പഠനകാലത്താണ്‌ ആദ്യമായി ഒരു മൊബൈൽ ഫോൺ കയ്യിലെത്തുന്നത്. സീമെൻസിന്റെ എ35 എന്ന മാങ്ങാണ്ടി പോലുള്ള സാധനമായിരുന്നു അത്. പഠനത്തോടൊപ്പം ചില്ലറ ‘എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്’ നടത്തിയുണ്ടാക്കിയ സമ്പാദ്യമായിരുന്നു ഇത്തരം ‘ആഡംബരവസ്തുക്കൾ’ക്കുള്ള മൂലധനം. കേരളത്തിൽ രണ്ടേ രണ്ട് ഓപ്പറേറ്റേഴ്സ്. ഇന്നത്തെ ഐഡിയ-അന്നത്തെ എസ്കോടെൽ. പിന്നെ ബി പി എൽ മൊബൈൽ എന്ന ഇന്നത്തെ വൊഡാഫോൺ. (വാണിഭക്കാരുടെ കയ്യിലകപ്പെട്ട പെണ്ണിന്റെ അവസ്ഥയാണാ കമ്പനിക്ക്-ആദ്യം ബി.പി.എൽ. പിന്നെ ഹച്ച് പിന്നെയിതാ വൊഡാഫോൺ) ഒടുക്കത്തെ നിരക്കാണല്ലൊ അന്നൊക്കെ, അതുകൊണ്ട് ഫോൺ വിളിക്കാതെ കയ്യിൽ കൊണ്ടുനടക്കാൻ ശ്രദ്ധിച്ചു. നാട്ടിലൊരിടത്തും മര്യാദയ്ക്ക് റെയ്ഞ്ചില്ല. ഉണ്ടെങ്കിൽ തന്നെ എന്റെ സീമെൻസ് എന്നെ പരമാവധി നാണംകെടുത്തിയിരുന്നു. ടവറിനടിയിൽ നിന്നാലും ങേ..ഹേ...
അങ്ങനെ ആ മാങ്ങാണ്ടിയെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചിരിക്കെയാണ്‌ ഒരു സുപ്രഭാതത്തിൽ സുഹൃത്തിന്റെ ജ്യേഷ്ഠൻ ദുബായിൽ നിന്നെത്തിയത്. എല്ലാ വരവിനും മൂപ്പരുടെ കയ്യിൽ കുറെ ലൊട്ടുലൊഡുക്ക് കിട്ടുകിടിലു സാധനങ്ങളൊക്കെയുണ്ടാവും. അതൊക്കെ ഏതെങ്കിലും ഹതഭാഗ്യരായ ബന്ധുക്കൾക്കോ തദ്ദേശവാസികളായ ഡ്യൂട്ടിപെയ്ഡ് ഷോപ്പുകാർക്കോ കഴുത്തറപ്പൻ വിലയ്ക്കു കൊടുക്കും. അങ്ങേരുടെ കയ്യിൽ ഇത്തവണ പുതിയൊരു മോഡൽ മൊബൈലുണ്ടെന്നു ഞാനറിഞ്ഞു. അങ്ങോട്ടു പാഞ്ഞു.
* * *
“ഇതാണു സാധനം...”
സ്യൂട്കെയ്സിൽ നിന്നും എടുത്ത ഒരു കാർഡ്ബോർഡ് പെട്ടി തുറന്ന് അദ്ദേഹം അവനെ പുറത്തെടുത്തു. ചാരകലർന്ന മങ്ങിയ നീലനിറവും അലുമിനിയത്തിന്റെ ഫിനിഷുള്ള ബട്ടണുകളും. ഡിസ്പ്ളേയ്ക്ക് തെളിമയുള്ള ഇളം പച്ച നിറം.
നോക്കിയ 3310 പുതിയ റിലീസാ, മെയ്ഡ് ഇൻ ഫിൻലൻഡ്. എടുത്തെറിഞ്ഞാ പോവാത്ത സാധനമാ.”
അദ്ദേഹം പറഞ്ഞു
വെലഭാഗം പറ...”
എനിക്കു വിലയറിയാൻ തിടുക്കമായി; കാരണം  എനിക്കവനെ വല്ലാതെ ഇഷ്ടമായി ത്തുടങ്ങി രുന്നു. ആദ്യമായാണ്‌ അത്രയും പൗരുഷമുള്ള ഒരു സെൽ ഫോൺ കാണുന്നത്.
ഇരുന്നൂറ്റമ്പത് ദിർഹംസ് എണ്ണിക്കൊടുത്തതാ, മൂവായിരത്തഞ്ഞൂറെങ്കിലും കിട്ടിയാലേ എനിക്കു മൊതലാവൂ.”
അച്ചായൻ പറഞ്ഞു നിറുത്തി
മൂന്നിനൊറപ്പിക്ക് റോയിച്ചായാ...”
ഞാൻ പഴ്സ് തുറന്നു അഞ്ഞൂറിന്റെ ആറു നോട്ടുകൾ എണ്ണി അച്ചായന്റെ നേരെ നീട്ടി.
ഇതങ്ങോട്ട് വാങ്ങിച്ചാട്ട്...”
ഒന്നു മടിച്ചെങ്കിലും പുള്ളിക്കാരൻ പണം വാങ്ങി.
ഡാ മോനേ... എനിക്കു മൊതലാവത്തില്ല, എന്നാലും വേണ്ടില്ല റോണിമോന്റെ കൂട്ടുകാരനല്ലേ...” അങ്ങനെ ഞാനും ഒരു നോക്കിയാ മുതലാളിയായി.
* * *
സീമെൻസിന്റെ മാങ്ങാണ്ടിയെ ഉടുതുണിയുരിഞ്ഞ് സിംകാർഡ് പുറത്തെടുത്ത് നോക്കിയയുടെ സ്ലോട്ടിലിട്ട് സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോഴാണ്‌ സമാധാനമായത്. മഹത്തായ സേവനം കഴിഞ്ഞ് പെൻഷൻ പറ്റിയ സീമെൻസിനെ പാന്റ്സിന്റെ പോക്കറ്റിലിട്ട് ഞാൻ നടന്നു. നേരേ വീട്ടിലേക്കു പോകാനായി തിരുവല്ല കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തി. എടത്വാ വഴി തകഴിക്കു പോകുന്ന ഒരു വണ്ടി വിടാനൊരുങ്ങുന്നു. ഫുട്ബോർഡിൽ നിറയെ ആളുണ്ട്. ഞാൻ വണ്ടിക്കു നേരേ ഓടാനൊരുങ്ങുമ്പോഴാണ്‌ എന്റെ ഫോണിലേക്കോരു കോൾ... ഇന്നൊക്കെ മോബൈലിൽ ഒരു കോൾ വരുന്നത് ശല്യമാണെങ്കിൽ അന്നതൊരു അസുലഭ സംഗതിയായിരുന്നു. ഇതാണെങ്കിൽ എന്റെ ‘നോക്കിയാ ജീവിതത്തിലെ ആദ്യ കോളും.. ദൈവമേ... ആകെ ഒരങ്കലാപ്പായിരുന്നു എനിക്ക്. നേരിയൊരു വിറയലോടെ ഞാൻ ഫോൺ കയ്യിലെടുത്തതും എവിടെനിന്നോ ഓടിവന്ന ഒരുത്തൻ എന്റെ മേൽ വന്നിടിച്ചതും ഒന്നിച്ചായിരുന്നു. (അവനെ ഇപ്പോ കയ്യിൽ കിട്ടിയാലും കൊന്നിട്ട് ഒരു ജീവപര്യന്തം വാങ്ങാൻ ഞാനൊരുക്കമാണ്‌) ഇടിയുടെ ആഘാതത്തിൽ ഫോൺ എന്റെ കയ്യിൽ നിന്നും തെറിച്ചു പോയി വീണതാവട്ടെ പതിയെ നീങ്ങിത്തുടങ്ങിയിരുന്ന തകഴി ബസ്സിന്റെ പിൻഭാഗത്തെ ടയറുകളുടെ മുന്നിലേക്കും. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. മുട്ടത്തോടു പൊട്ടുന്നതു പോലെയൊരു ശബ്ദം... അത്ര തന്നെ നിമിഷാർധം കൊണ്ട് എല്ലാം കഴിഞ്ഞിരുന്നു. ഞാൻ പകപ്പോടെ നോക്കി നിന്നു. അല്പം മുമ്പ് ഞാൻ അഭിമാനത്തോടെ സ്വന്തമാക്കിയ എന്റെ നോക്കിയാ 3310 കണ്മുന്നിൽ വെച്ചു തന്നെ തകർക്കപ്പെട്ടിരിക്കുന്നു. എന്റെ സ്വപ്നങ്ങൾക്കു മേലേ ആനവണ്ടിയുടെ വിളയാട്ടം..പരിസരബോധം വീണ്ടുകിട്ടിയ ഉടനെ ഞാനോടിച്ചെന്ന് ഒരു ഭ്രാന്തനെപ്പോലെ നാശാവശിഷ്ടങ്ങൾക്കിടയിൽ പരതി. പ്ളാസ്റ്റിക്കിന്റെയും ലോഹത്തിന്റെയും ചീളുകൾക്കിടയിൽ നിന്നും കേടുപാടുകളൊന്നും കൂടാതെ ഒരു സാധനം മാത്രം എനിക്കു കിട്ടി... എസ്കോടെൽ എന്നെഴുതിയ വെളുത്ത സിംകാർഡ്..! അതുമാത്രം കയ്യിലെടുത്ത് ബാക്കിയുള്ളവ ഉപേക്ഷിച്ച് ഞാൻ നടന്നു. പോക്കറ്റിൽ നിന്നും സീമെൻസിനെ പുറത്തെടുത്തു. സിം അതിലേക്കിട്ട് ഓൺ ചെയ്തു. ചെറിയ, മങ്ങിയ ഡിസ്പ്ളേയിൽ തെളിഞ്ഞുവന്ന ESCOTEL എന്ന ആറക്ഷരങ്ങൾ എന്നെ നോക്കി പല്ലിളിക്കുന്നതു പോലെ തോന്നി.