Saturday, June 5, 2010

എന്റെ നോക്കിയയുടെ ഒൻപതാം ചരമവാർഷികംതലക്കെട്ട് കണ്ടു ഞെട്ടെണ്ടാ. എനിക്കുമുണ്ടായിരുന്നു ഒരു മൊബൈൽ. ഇപ്പോഴൊന്നുമല്ല; ഒമ്പതു കൊല്ലം മുമ്പ്. 2001 ൽ എഞ്ചിനീയറിംഗ് ഡിപ്ളോമ പഠനകാലത്താണ്‌ ആദ്യമായി ഒരു മൊബൈൽ ഫോൺ കയ്യിലെത്തുന്നത്. സീമെൻസിന്റെ എ35 എന്ന മാങ്ങാണ്ടി പോലുള്ള സാധനമായിരുന്നു അത്. പഠനത്തോടൊപ്പം ചില്ലറ ‘എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്’ നടത്തിയുണ്ടാക്കിയ സമ്പാദ്യമായിരുന്നു ഇത്തരം ‘ആഡംബരവസ്തുക്കൾ’ക്കുള്ള മൂലധനം. കേരളത്തിൽ രണ്ടേ രണ്ട് ഓപ്പറേറ്റേഴ്സ്. ഇന്നത്തെ ഐഡിയ-അന്നത്തെ എസ്കോടെൽ. പിന്നെ ബി പി എൽ മൊബൈൽ എന്ന ഇന്നത്തെ വൊഡാഫോൺ. (വാണിഭക്കാരുടെ കയ്യിലകപ്പെട്ട പെണ്ണിന്റെ അവസ്ഥയാണാ കമ്പനിക്ക്-ആദ്യം ബി.പി.എൽ. പിന്നെ ഹച്ച് പിന്നെയിതാ വൊഡാഫോൺ) ഒടുക്കത്തെ നിരക്കാണല്ലൊ അന്നൊക്കെ, അതുകൊണ്ട് ഫോൺ വിളിക്കാതെ കയ്യിൽ കൊണ്ടുനടക്കാൻ ശ്രദ്ധിച്ചു. നാട്ടിലൊരിടത്തും മര്യാദയ്ക്ക് റെയ്ഞ്ചില്ല. ഉണ്ടെങ്കിൽ തന്നെ എന്റെ സീമെൻസ് എന്നെ പരമാവധി നാണംകെടുത്തിയിരുന്നു. ടവറിനടിയിൽ നിന്നാലും ങേ..ഹേ...
അങ്ങനെ ആ മാങ്ങാണ്ടിയെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചിരിക്കെയാണ്‌ ഒരു സുപ്രഭാതത്തിൽ സുഹൃത്തിന്റെ ജ്യേഷ്ഠൻ ദുബായിൽ നിന്നെത്തിയത്. എല്ലാ വരവിനും മൂപ്പരുടെ കയ്യിൽ കുറെ ലൊട്ടുലൊഡുക്ക് കിട്ടുകിടിലു സാധനങ്ങളൊക്കെയുണ്ടാവും. അതൊക്കെ ഏതെങ്കിലും ഹതഭാഗ്യരായ ബന്ധുക്കൾക്കോ തദ്ദേശവാസികളായ ഡ്യൂട്ടിപെയ്ഡ് ഷോപ്പുകാർക്കോ കഴുത്തറപ്പൻ വിലയ്ക്കു കൊടുക്കും. അങ്ങേരുടെ കയ്യിൽ ഇത്തവണ പുതിയൊരു മോഡൽ മൊബൈലുണ്ടെന്നു ഞാനറിഞ്ഞു. അങ്ങോട്ടു പാഞ്ഞു.
* * *
“ഇതാണു സാധനം...”
സ്യൂട്കെയ്സിൽ നിന്നും എടുത്ത ഒരു കാർഡ്ബോർഡ് പെട്ടി തുറന്ന് അദ്ദേഹം അവനെ പുറത്തെടുത്തു. ചാരകലർന്ന മങ്ങിയ നീലനിറവും അലുമിനിയത്തിന്റെ ഫിനിഷുള്ള ബട്ടണുകളും. ഡിസ്പ്ളേയ്ക്ക് തെളിമയുള്ള ഇളം പച്ച നിറം.
നോക്കിയ 3310 പുതിയ റിലീസാ, മെയ്ഡ് ഇൻ ഫിൻലൻഡ്. എടുത്തെറിഞ്ഞാ പോവാത്ത സാധനമാ.”
അദ്ദേഹം പറഞ്ഞു
വെലഭാഗം പറ...”
എനിക്കു വിലയറിയാൻ തിടുക്കമായി; കാരണം  എനിക്കവനെ വല്ലാതെ ഇഷ്ടമായി ത്തുടങ്ങി രുന്നു. ആദ്യമായാണ്‌ അത്രയും പൗരുഷമുള്ള ഒരു സെൽ ഫോൺ കാണുന്നത്.
ഇരുന്നൂറ്റമ്പത് ദിർഹംസ് എണ്ണിക്കൊടുത്തതാ, മൂവായിരത്തഞ്ഞൂറെങ്കിലും കിട്ടിയാലേ എനിക്കു മൊതലാവൂ.”
അച്ചായൻ പറഞ്ഞു നിറുത്തി
മൂന്നിനൊറപ്പിക്ക് റോയിച്ചായാ...”
ഞാൻ പഴ്സ് തുറന്നു അഞ്ഞൂറിന്റെ ആറു നോട്ടുകൾ എണ്ണി അച്ചായന്റെ നേരെ നീട്ടി.
ഇതങ്ങോട്ട് വാങ്ങിച്ചാട്ട്...”
ഒന്നു മടിച്ചെങ്കിലും പുള്ളിക്കാരൻ പണം വാങ്ങി.
ഡാ മോനേ... എനിക്കു മൊതലാവത്തില്ല, എന്നാലും വേണ്ടില്ല റോണിമോന്റെ കൂട്ടുകാരനല്ലേ...” അങ്ങനെ ഞാനും ഒരു നോക്കിയാ മുതലാളിയായി.
* * *
സീമെൻസിന്റെ മാങ്ങാണ്ടിയെ ഉടുതുണിയുരിഞ്ഞ് സിംകാർഡ് പുറത്തെടുത്ത് നോക്കിയയുടെ സ്ലോട്ടിലിട്ട് സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോഴാണ്‌ സമാധാനമായത്. മഹത്തായ സേവനം കഴിഞ്ഞ് പെൻഷൻ പറ്റിയ സീമെൻസിനെ പാന്റ്സിന്റെ പോക്കറ്റിലിട്ട് ഞാൻ നടന്നു. നേരേ വീട്ടിലേക്കു പോകാനായി തിരുവല്ല കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തി. എടത്വാ വഴി തകഴിക്കു പോകുന്ന ഒരു വണ്ടി വിടാനൊരുങ്ങുന്നു. ഫുട്ബോർഡിൽ നിറയെ ആളുണ്ട്. ഞാൻ വണ്ടിക്കു നേരേ ഓടാനൊരുങ്ങുമ്പോഴാണ്‌ എന്റെ ഫോണിലേക്കോരു കോൾ... ഇന്നൊക്കെ മോബൈലിൽ ഒരു കോൾ വരുന്നത് ശല്യമാണെങ്കിൽ അന്നതൊരു അസുലഭ സംഗതിയായിരുന്നു. ഇതാണെങ്കിൽ എന്റെ ‘നോക്കിയാ ജീവിതത്തിലെ ആദ്യ കോളും.. ദൈവമേ... ആകെ ഒരങ്കലാപ്പായിരുന്നു എനിക്ക്. നേരിയൊരു വിറയലോടെ ഞാൻ ഫോൺ കയ്യിലെടുത്തതും എവിടെനിന്നോ ഓടിവന്ന ഒരുത്തൻ എന്റെ മേൽ വന്നിടിച്ചതും ഒന്നിച്ചായിരുന്നു. (അവനെ ഇപ്പോ കയ്യിൽ കിട്ടിയാലും കൊന്നിട്ട് ഒരു ജീവപര്യന്തം വാങ്ങാൻ ഞാനൊരുക്കമാണ്‌) ഇടിയുടെ ആഘാതത്തിൽ ഫോൺ എന്റെ കയ്യിൽ നിന്നും തെറിച്ചു പോയി വീണതാവട്ടെ പതിയെ നീങ്ങിത്തുടങ്ങിയിരുന്ന തകഴി ബസ്സിന്റെ പിൻഭാഗത്തെ ടയറുകളുടെ മുന്നിലേക്കും. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. മുട്ടത്തോടു പൊട്ടുന്നതു പോലെയൊരു ശബ്ദം... അത്ര തന്നെ നിമിഷാർധം കൊണ്ട് എല്ലാം കഴിഞ്ഞിരുന്നു. ഞാൻ പകപ്പോടെ നോക്കി നിന്നു. അല്പം മുമ്പ് ഞാൻ അഭിമാനത്തോടെ സ്വന്തമാക്കിയ എന്റെ നോക്കിയാ 3310 കണ്മുന്നിൽ വെച്ചു തന്നെ തകർക്കപ്പെട്ടിരിക്കുന്നു. എന്റെ സ്വപ്നങ്ങൾക്കു മേലേ ആനവണ്ടിയുടെ വിളയാട്ടം..പരിസരബോധം വീണ്ടുകിട്ടിയ ഉടനെ ഞാനോടിച്ചെന്ന് ഒരു ഭ്രാന്തനെപ്പോലെ നാശാവശിഷ്ടങ്ങൾക്കിടയിൽ പരതി. പ്ളാസ്റ്റിക്കിന്റെയും ലോഹത്തിന്റെയും ചീളുകൾക്കിടയിൽ നിന്നും കേടുപാടുകളൊന്നും കൂടാതെ ഒരു സാധനം മാത്രം എനിക്കു കിട്ടി... എസ്കോടെൽ എന്നെഴുതിയ വെളുത്ത സിംകാർഡ്..! അതുമാത്രം കയ്യിലെടുത്ത് ബാക്കിയുള്ളവ ഉപേക്ഷിച്ച് ഞാൻ നടന്നു. പോക്കറ്റിൽ നിന്നും സീമെൻസിനെ പുറത്തെടുത്തു. സിം അതിലേക്കിട്ട് ഓൺ ചെയ്തു. ചെറിയ, മങ്ങിയ ഡിസ്പ്ളേയിൽ തെളിഞ്ഞുവന്ന ESCOTEL എന്ന ആറക്ഷരങ്ങൾ എന്നെ നോക്കി പല്ലിളിക്കുന്നതു പോലെ തോന്നി.2 comments:

ചാണ്ടിക്കുഞ്ഞ് said...

ജുബിനേ...പറഞ്ഞത് വിശ്വസിക്കാമെങ്കില്‍ ആ ഫോട്ടോയിലെ മരണത്തീയതി ഒന്ന് മാറ്റിക്കോ...കാരണം, ജനനം നടന്നു മിനിട്ടുകള്‍ക്കുള്ളില്‍ മരിച്ചില്ലേ ആ നോ...ക്കിയാ...
കൊള്ളാം, നല്ല വര്‍ണന...എന്റെ കൈയിലും ഉണ്ടായിരുന്നു ഈ എടുത്താപ്പൊങ്ങാത്ത മൊബൈല്‍...

SULFI said...

അകാല ചരമം പ്രാപിച്ച നോകിയയുടെ പാവന സ്മരണക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അതിന്റെ ആത്മാവിനു നിത്യ ശാന്തി കിട്ടാന്‍ നമുക്ക് പ്രാര്‍ഥിക്കാം.