Monday, September 20, 2010

ഐസ് വേണോ ഐസ്....

 കുറച്ചുനാൾ മുമ്പ് ഞാനൊന്നു ചാകേണ്ടതായിരുന്നു; എന്റെ പഴയ ചേതക്കും കൊണ്ട്. അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. തിരക്കേറിയ റോഡിൽ ഒരു ഓട്ടോറിക്ഷയുടെ റിയർവ്യൂ മിറർ എന്റെ തോളിലാണു കൊണ്ടത്... അതിനു കാരണക്കാരനായ ഒരു ഓട്ടോക്കാരൻ എന്നെ തെറിയും വിളിച്ച് സംഭവസ്ഥലത്തു നിന്നും തലയൂരി. ഞാനാകട്ടെ പട്ടാപ്പകൽ നഗ്നനായവനെപ്പോലെ പകച്ചുനിന്നു. ശരിക്കും തെറ്റ് അവന്റെ ഭാഗത്താണ്‌.. പക്ഷേ എന്നിട്ടും... ഞാനാകെ വല്ലാതായിപ്പോയി. അന്ന് ഞങ്ങളുടെ പ്രദേശത്ത് കറന്റ് പോയതിനാൽ അല്പം ദൂരെയുള്ള ഒരു സുഹൃത്തായ ബിനുവിന്റെ വീട്ടിലെ കമ്പ്യൂട്ടറിൽ ചില അടിയന്തിര വർക്കുകൾ ചെയ്യാൻ പോകുന്ന വഴിയായിരുന്നു ഞാൻ. അവിടെച്ചെന്ന് പി.സിയുടെ മുന്നിലിരിക്കുമ്പോഴും ആ അഹങ്കാരിയായ ഓട്ടോക്കാരന്റെ മുഖമായിരുന്നു എന്റെ മനസ്സിൽ. തിരിച്ചൊന്നും പറയാൻ പോലും പറ്റാഞ്ഞതിന്റെ വിഷമം വേറെയും. ഏതായാലും പോട്ടെ... അവനു കിട്ടാനുള്ളത് കിട്ടിക്കോളും... ഞാൻ സമാധാനിക്കാൻ ശ്രമിച്ചു. ഞാൻ വർക്ക് തുടങ്ങി.
* * * *
സമയം രാത്രി രണ്ടര. ഇപ്പോഴാണ്‌ പണിയെല്ലാമൊന്നൊതുങ്ങിയത്. ബിനുവിന്‌ ചില നിർദ്ദേശങ്ങളും നൽകി ഞാൻ ഇറങ്ങാനൊരുങ്ങുമ്പോൾ വാതിലിൽ ഒരു മുട്ട്... ഇതാരപ്പാ ഈ നേരത്ത്..? ഞങ്ങൾ മുഖത്തോടു മുഖം നോക്കി... അവൻ പതിയെ പീപ്‌ഹോളിലൂടെ പുറത്തേക്കു നോക്കി... പെട്ടെന്ന് അത്ഭുതത്തോടെ വാതിൽ തുറന്നു...
“ആഹാ... ടീച്ചറമ്മയായിരുന്നോ... എന്നാ ഈ നേരത്ത്...?”
വാതിൽക്കൽ നിന്നിരുന്ന വൃദ്ധയോടവൻ ചോദിച്ചു.
“ശ്ശ്ശ്ശ്...”
അവർ ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്ത് മിണ്ടരുതെന്ന് ആംഗ്യം കാട്ടി... അവർ വീടിനുള്ളിലേക്കു കയറി. എന്നിട്ട് പറഞ്ഞു.
“മോനേ ഞാൻ ഇന്നാളു പറഞ്ഞില്ലായിരുന്നോ എന്റെ മരുമോളുടെ കാര്യം..? മറ്റവൻ വന്നിട്ടുണ്ട്...”
പാവം ടീച്ചറമ്മയുടെ ഏകമകൻ ഗൾഫിലാണ്‌. മകന്റെ ഭാര്യ നാട്ടിലുണ്ട്. നല്ല പെൺകുട്ടിയാണ്‌, പക്ഷേ ഈയിടെയായി എന്തൊക്കെയോ ചുറ്റിക്കളികളുണ്ടോ എന്നൊരു സംശയം ടീച്ചറമ്മ ബിനുവിനോടു പറഞ്ഞിരുന്നു. എങ്കിലും സംശയത്തിനിട നൽകുന്ന ഒന്നും തന്നെ അവളിൽ കാണാതിരുന്നതിനാൽ എല്ലാവരും ടീച്ചറമ്മയുടെ ആശങ്കയെ തള്ളിക്കളഞ്ഞു. അങ്ങനെയിരിക്കെയാണ്‌ ഇപ്പോൾ പ്രതി ഞങ്ങളുടെ മുന്നിലുണ്ടെന്ന് ടീച്ചറമ്മ പറയുന്നത്.
“അങ്ങനെയാണെങ്കിൽ ഇന്നവനെ പിടികൂടണം... നീ വാ...”
ബിനു ആവേശഭരിതനായി... പക്ഷേ എനിക്കെന്തോ ഒരു മടി... എങ്കിലും മനസ്സിലിരുന്ന് ആരോ പറയുന്നു അവന്റെ കൂടെച്ചെല്ലാൻ... ഞാൻ അവരുടെയൊപ്പം നടന്നു.. ബിനുവിന്റെ വീടിനെതിർവശത്തായി അൽപ്പം മാറിയാണ്‌ ടീച്ചറമ്മയുടെ വീട്. ഞാൻ പരിസരമാകെ ഒന്നു നിരീക്ഷിച്ചു. രണ്ടാം നിലയിൽ വെളിച്ചം കാണുന്നുണ്ട്. വീടിന്റെ മുന്നിൽ നിന്നും അൽപ്പം മാറി ഒരു ഓട്ടോറിക്ഷ കിടക്കുന്നു... ജനാലച്ചില്ലിൽ നിഴലുകളനങ്ങുന്നു. ബിനു ഫോണെടുത്ത് ആരെയൊക്കെയോ വിളിച്ച് പതിഞ്ഞസ്വരത്തിൽ സംസാരിക്കുന്നു. മിനിട്ടുകൾക്കുള്ളിൽ അവിടേക്ക് ഞങ്ങളുടെ കൂട്ടുകാർ ഓരോരുത്തരായെത്തിത്തുടങ്ങി. ബിനു എല്ലാവരെയും ടീച്ചറമ്മയുടെ വീടിനു ചൂറ്റും പലഭാഗങ്ങളിലായി വിന്യസിച്ചു. മിനിറ്റുകൾ ഇഴഞ്ഞു നീങ്ങി. പെട്ടെന്ന് കാർഷെഡ്ഡിലെ ലൈറ്റ് തെളിഞ്ഞു. വാതിൽക്കൽ ഒരാൾരൂപം പ്രത്യക്ഷപ്പെട്ടു. അയാൾ പുറത്തേക്കിറങ്ങിയതും ഒരു സ്ത്രീരൂപം കൂടി വാതിൽക്കലെത്തി. പുരുഷകേസരിയെ യാത്രയാക്കി അവൾ അകത്തേക്കു കയറി. നായകൻ നടന്നു റോഡിനടുത്തെത്തിയതും പിടലിക്കൊരു ക്ളിപ്പു വീണതും പെട്ടെന്നായിരുന്നു...
“യ്യോ... ന്റമ്മേ...”
അവന്റെ നിലവിളി... ബിനുവാണ്‌ ടിയാനെ പിടികൂടിയിരിക്കുന്നത്. നല്ല പരിചയമുള്ള ശബ്ദം... ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ... ഞാനൊന്നാലോചിച്ചു. പെട്ടെന്നെനിക്കോർമ്മ വന്നു... ഇതവനാണല്ലോ....രാവിലത്തെ തെറിക്കുട്ടൻ..! അപ്പോഴേക്കും നാട്ടുക്കൂട്ടത്തിന്റെ വിചാരണ തുടങ്ങിക്കഴിഞ്ഞിരുന്നു.
“ആരാ നീ..? എന്തിനിവിടെ വന്നു..? നീയും ഇവളുമായെന്താ ബന്ധം..?..?”
ഇങ്ങനെ ഫ്രെയിം ചെയ്ത എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി അവൻ പറഞ്ഞു.
“ഞാനേയ്... ഐസു വാങ്ങിക്കാൻ വന്നതാ...”
“ങേ..”
ജനക്കൂട്ടത്തിന്‌ കൂട്ട ഞെട്ടൽ...
“ഐസോ... എന്നാത്തിന്‌..? നിന്റെ ................???”
ബാക്കി ഡയലോഗ് അൺപാർലമെന്ററിയായിരുന്നു... അവന്റെ തന്തയും തള്ളയും കുഴിയിലുള്ളവരുമെല്ലാം ഉറക്കമുണർന്നു തുമ്മാൻ പാകത്തിനുള്ളത്. അവന്റെ മുഖത്തു ചോരമയമില്ല...
“അത്... ഒരു സ്മോൾ... അടിക്കാൻ...ഐസ്...“
അവൻ വിക്കി... ഞാൻ മുന്നോട്ടു ചെന്നു.. ഇനി എന്റെ വഹയാകട്ടെ വെടിവഴിപാട്..
”നീ ഈ വീട്ടിൽക്കേറി സ്മോളല്ല ഡബിൾ ലാർജാ അടിച്ചോണ്ടിരുന്നതെന്നു ഞങ്ങൾക്കറിയാം... നാണമില്ലേടാ തെണ്ടീ.... കണ്ടവന്റെ ഭാര്യേടെ കൂടെ... നിന്റെയൊക്കെ സ്മോളടിക്കുന്ന യന്ത്രം പ്രവർത്തിക്കാതാക്കുന്നതു കാണണോടാ..? നീയെന്തോന്നാ എന്നെ രാവിലെ വിളിച്ചത്..? എല്ലാത്തിനും കൂടി ഞാനങ്ങു തരാൻ പോവ്വാ....“
ഞാൻ ഫോമിലായി... ഇത്രയും നേരത്തിനകം അവനെ ആരും കൈവെച്ചിരുന്നില്ല.... അതിന്റെ ആവശ്യമില്ലായിരുന്നു... അവൻ പാതി ചത്തിരുന്നു. ഇതിനിടെ ടീച്ചറമ്മ മരുമോളെയും കൂട്ടി രംഗത്തെത്തി ഉറക്കെ പ്രഖ്യാപിച്ചു...
”കാര്യങ്ങളൊക്കെ ഇവിടം വരെയായ സ്ഥിതിക്ക് ഇനി ഇവൾ നിന്റെ കൂടെക്കഴിയട്ടെ... എന്റെ മോനെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം...“
അവർ അവളെ പിടിച്ചൊരു തള്ളും കൊടുത്തു. കുറേ നേരത്തെ വാഗ്വാദത്തിനു ശേഷം (കട്ടു തിന്നുന്നതു പതിവാക്കിയവരെ പിടികൂടിയാൽ വാഗ്വാദം ഉറപ്പാ...) അവൾ അവന്റെ കൂടെ ഓട്ടോയ്ക്കു നേരേ നടന്നു... ഏയ് ഓട്ടോ എന്ന സിനിമയിലെ ക്ളൈമാക്സ് പോലെ... വണ്ടിയിൽ കയറി സ്റ്റാർട് ചെയ്തപ്പോഴാണു മറ്റൊരു ചതി.... മൂന്നു വീലുകളും ആരോ അഴിച്ചു മാറ്റിയിരിക്കുന്നു... അതു ഞങ്ങളുടെ കൂട്ടത്തിലെ ഏതോ കുരുത്തംകെട്ടവന്മാരുടെ പണിയായിരുന്നു.

* * * *
പിറ്റേന്നു രാവിലെ വീണ്ടും ഞാൻ നമ്മുടെ ഓട്ടോക്കാരനെ കണ്ടു. ചുമ്മാ ചോദിച്ചു
”ഐസു വേണോടാ... ഒരു സ്മോളടിക്കാൻ...????“
അവൻ ഐസായി കൈ കൂപ്പി.

* * * *
പിറ്റേ ആഴ്ച ടീച്ചറമ്മയുടെ മകനെത്തി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു.
അധികം വൈകാതെ നിയമപരമായി ആ ബന്ധം പിരിഞ്ഞു.

* * * *
ഓട്ടോക്കാരൻ വല്യകാര്യത്തിൽ കൂട്ടിക്കൊണ്ടു പോയ പെൺകിളി ഒരു വർഷത്തിനകം മറ്റൊരുത്തനൊപ്പം മറ്റൊരുത്തനൊപ്പം ഒളിച്ചോടി.. അവിടെനിന്നും ഈയിടെ വീണ്ടും വേലിചാടിയ ലവളിപ്പോ ഒരു പൊലീസുകാരന്റെ കഴുത്തിൽ ചുറ്റിയിരിക്കുകയാണെന്നാ കുട്ടനാടന്റെ കിങ്കരന്മാരുടെ റിപ്പോർട്ട്.

Tuesday, September 14, 2010

ഒരു ബാംഗ്ളൂർ ബ്ളോഗ് ജനിക്കുന്നു..

“അനൂപ്... നീയെന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ.. പ്ളീസ്... ഐ കാണ്ട് ടോളറേറ്റ് ദാറ്റ്..”
അനൂപ് ഫോണും പിടിച്ചിരുന്നു വിയർത്തു. കേരളത്തിന്റെ ശാലീനസൗന്ദര്യം തുളുമ്പുന്ന മുഖം... കോപ്പ്... അത്യാവശ്യം കൊള്ളാവുന്ന പീസാണല്ലൊന്നു കരുതിയാണ്‌ ഒന്നു മുട്ടിയത്.. ഇപ്പോ മുട്ടി നിൽക്കുന്നത് അവൾക്കും... ശ്ശെടാ...
“ഹൂസ് ദാറ്റ് അനൂ..?”
പ്രീതിക്ക് സംശയം...
“ഹേയ്... ആരുമല്ല...ഒരു ഫ്രണ്ട്..”
അനൂപ് ഒഴിഞ്ഞുമാറി.
“നോ... ഇറ്റ്സ് ബിന്ദു.. ദാറ്റ് ഷെയിംലെസ്സ് ബിച്ച്... ആൻഡ് യൂ ആർ ട്രൈയിംഗ് റ്റു ഹൈഡ് ഇറ്റ്... ലയർ..”
പ്രീതിയുടെ മുഖം ചുവന്നു. അവൾ ചാടിയെണീറ്റു. ടോപ് നേരെയാക്കിയിട്ടിട്ട് കാറിന്റെ ഡോർ തുറന്നു പുറത്തേക്കിറങ്ങി. അനൂപ് തരിച്ചിരുന്നു പോയി. വഴിയേ പോയ വയ്യാവേലി കാരണം ഇപ്പൊ മുറപ്പെണ്ണു കൂടി പിണങ്ങി. അവൻ സീറ്റ് നേരെയാക്കിയിട്ടു സ്വിച്ച് കീ തിരിച്ചു. കറുത്ത കുതിരയെപ്പോലെ ഹോണ്ടാ സിറ്റി ബാംഗ്ളൂർ നഗരത്തിന്റെ തിരക്കുകളിലേക്ക് പാഞ്ഞു.
ജാലഹള്ളി ക്രോസ് റോഡിനടുത്തുള്ള അപ്പാർട്മെന്റിന്റെ വാതിൽ തുറന്ന് അകത്തു കടന്നപ്പോഴേക്കും അനൂപിന്റെ ഫോൺ ബെല്ലടിച്ചു. ബിന്ദുവാണ്‌...
“എവിടെയാ ചെക്കാ..?”
“ഞാൻ ജാലഹള്ളിയിൽ... എന്റെ ഫ്ളാറ്റിൽ.”
“അതെയോ.. ഞാനിതാ എത്തിപ്പോയ്..”
ഫോൺ കട്ടായി. അനൂപ് ഒരു മാൾബറോ എടുത്തു തീ കൊളുത്തി.
പത്തു മിനിറ്റ് കഴിഞ്ഞതും ഡോർബെൽ മുഴങ്ങി. ബിന്ദു അകത്തു വന്നതും അനൂപ് വാതിലടച്ച് ബോൾട്ടിട്ടു.
“നീയെന്താ എന്നെ റേപ്പ് ചെയ്യാൻ പോവ്വാ..?”
അനൂപ് ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു. ബിന്ദു തന്റെ വാനിറ്റിബാഗ് സോഫയിലേക്കെറിഞ്ഞു. അനൂപിന്റെ കഴുത്തിൽ ഒരു വള്ളി പോലെ അവൾ പടർന്നുകയറി... അനൂപ് അവളെയും കൊണ്ട് കിടക്കയിലേക്കു മറിഞ്ഞു.
* * *
പ്രഭാതം.. നഗരമുണർന്നു തുടങ്ങുന്നു... ബാൽക്കണിയിലിരുന്ന് അനൂപ് ഒരു സിഗററ്റിനു ജീവനേകി. മൂടൽമഞ്ഞിന്റെ നേർത്ത ആവരണത്തിലൂടെ നഗരക്കാഴ്ചകളാസ്വദിക്കുകയായിരുന്നു ബിന്ദു അപ്പോൾ... ബാൽക്കണിയിലൂടെ അകത്തേയ്ക്കൊഴുകിയെത്തിയ കാറ്റിൽ തന്റെ നഗ്നമേനി കുളിർന്നു തുടങ്ങിയപ്പോൾ അവൾ തന്റെ വസ്ത്രങ്ങളോരോന്നായി എടുത്തണിഞ്ഞു. അവയ്ക്കിടയിൽ നിന്നും താഴേയ്ക്കൂർന്നു വീണ ഒരു ചെറിയ പ്ളാസ്റ്റിക് കവർ അവൾ കുനിഞ്ഞെടുത്തു. വാനിലാ ഫ്ളേവർ...റിബ്ഡ് കോൺഡം.
“വാനില... കുന്തം.. ഇപ്പോ ഇതിനും ഡ്യൂപ്ളിക്കേറ്റുണ്ട് ...”
അവൾ മുറുമുറുത്തു.
അനൂപ് തിരിഞ്ഞു നോക്കി... പുകച്ചുരുളുകൾക്കിടയിലൂടെ അവന്റെ കണ്ണുകൾ ബിന്ദുവിന്റെ മുഖത്തു തറച്ചു.
“ഞാനിറങ്ങുന്നു... വൈകിട്ട് സ്റ്റെക്സിയിലുണ്ടാവും ഞാൻ... ബ്രിഗേഡ് റോഡിലെത്തുമ്പോൾ വിളിച്ചാ മതി. അവൾ പുറത്തേക്കിറങ്ങി. അനൂപ് അവിടെത്തന്നെയിരുന്നു. പെട്ടെന്ന് ഫോണിലൊരു മെസ്സേജ്. പ്രീതിയാണ്‌.
”നമ്മളിനി കാണില്ല... ഒരിക്കലും.. ബൈ... ബൈ ഫോറെവർ..“
* * *
കുളികഴിഞ്ഞിറങ്ങിയ ഉടനെ ബിന്ദു ചെയ്തത് ലാപ്ടോപ്പുമായി കിടക്കയിലേക്ക് വീഴുകയായിരുന്നു. തലേന്നത്തെ സാഹസങ്ങളോരോന്നായി ഓർമ്മയിൽ നിന്നും ചികഞ്ഞ് അവൾ തന്റെ കമ്പ്യൂട്ടറിലേക്കിട്ടു, കമ്യൂണിറ്റി സൈറ്റുകളിൽ പുതുതായി ഫേക്ക് ഐഡിയിൽ അവൾ ഒരു ബ്ളോഗ് തുടങ്ങി. വീരകൃത്യങ്ങളെല്ലാം അതിലേക്കു ചൊരിഞ്ഞു. കമന്റ്സിനായി അവൾ കാത്തിരുന്നു. ഇതേസമയം അവളുടെ ബ്ളോഗിലെ നായകൻ എട്ടാം നിലയിൽ നിന്നും വീണ്‌ തലചിതറിക്കിടപ്പുണ്ടയിരുന്നു. അവന്റെ ആത്മഹത്യാക്കുറിപ്പെഴുതിയ കടലാസുകഷണത്തെ ധനുമാസക്കാറ്റ് പറത്തിക്കൊണ്ടുപോയി ഏതോ അഴുക്കുചാലിൽ വീഴ്ത്തിക്കളഞ്ഞു. ബിന്ദുവിന്റെ ബ്ളോഗ് മെഗാഹിറ്റായി മാറിയത് കാണാൻ അനൂപ് ബാക്കിയില്ലാതെ പൊയ ദു:ഖം ആരെയും അലട്ടിയില്ല.... ബിന്ദുവിനെപ്പോലും.

Friday, September 10, 2010

ഇങ്ങനെയും ഒരു കണ്ടുമുട്ടൽ...

പതിവു പോലെ പഴങ്കഥയല്ല, പക്ഷേ ഒരു ഫ്ളാഷ്ബാക്ക് ഉണ്ട്.
എന്നാൽപ്പിന്നെ അതിനു ക്ളാപ്പടിച്ചേക്കാം അല്ലേ.

2006 ഡിസംബർ അവസാനവാരം... ആ ഇലപൊഴിയും ശിശിരത്തിൽ ആകെയുണ്ടായിരുന്ന ഒരു കിളി പിണങ്ങിപ്പറന്നു പോയതിന്റെ വേദനയിൽ കുട്ടനാടൻ താടിരോമങ്ങളെ ഫാക്ടംഫോസിട്ടു വളർത്തിക്കൊണ്ടിരിക്കുന്നു. (അക്കഥ പിന്നെപ്പറയാം.)
ലൊക്കേഷൻ കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്റർ. ഒരു പ്രമുഖ ക്രിസ്ത്യൻ സഭയുടെ യുവജനവിഭാഗത്തിന്റെ വാർഷികക്യാമ്പ് നടക്കുന്നു. കുട്ടനാടനും ഉറ്റസുഹൃത്ത് പള്ളിപ്പാടൻ സാമും ക്വയർ ആൻഡ് മ്യൂസിക് കോ ഓർഡിനേറ്റേഴ്സ്. രണ്ടുപേരും പ്രായത്തിൽക്കവിഞ്ഞ ശബ്ദവും ശരീരവും അതിലുപരി ജാഡയുമായി കിളികൾക്കിടയിലൂടെ നടക്കുന്നു. ആയിടെ പുറത്തിറങ്ങിയ ഒരു മ്യൂസിക് ആൽബത്തിന്റെ സംഗീതസംവിധായകനെന്ന ലേബൽ കുട്ടനാടന്‌ കിളിമനസ്സുകളിൽ ഫ്രീപാസ് നേടിക്കൊടുത്തപ്പോൾ പള്ളിപ്പാടൻ ഗാനരചയിതാവിന്റെ നേര്യതെടുത്ത് തലയിൽ കെട്ടി അതിൽ കഴുക്കോലും നാട്ടി അതേലൊരു കൊടിക്കൂറയും പാറിച്ചു നടക്കുന്നു.
പെട്ടെന്ന് കുട്ടനാടന്റെ ഫോണിലൊരു കോൾ. പരിചയമില്ലാത്ത നമ്പർ. എടുത്തു.
ഒരു കിളിശബ്ദം....!
കുട്ടനാടൻ: ഹലോ...
കിളി: ഹലോ ജുബിൻ ജേക്കബല്ലേ..?
കുട്ടനാടൻ: അതേ ആരാ...??
കിളി: ഞാൻ ഷൈനി. (തൽക്കാലം ആ പേരു മതി) ഒന്നു പരിചയപ്പെടാൻ വിളിച്ചതാ...
കുട്ടനാടൻ:...................
കിളി:............................
കുട്ടനാടൻ:................................
അങ്ങനെ ഫോണിലൂടെ പരിചയപ്പെടലും കുശലവുമെല്ലാം നടന്നു. കിളിയുടെ സ്വരത്തിലൊരു പ്രണയത്തിന്റെ മണം. പക്ഷേ ആയിടെ അനച്ചവെള്ളത്തിൽ നീരാട്ടുനടത്തിയ കുട്ടനാടന്‌ തൽക്കാലം അത്തരമൊരങ്കത്തിനു മനസ്സില്ലായിരുന്നു. തൽഫലമായി ഷൈനിക്കിളിയെ പള്ളിപ്പാടൻ ഏറ്റെടുത്തു, പക്ഷേ ആളെ നേരിട്ടുകാണാൻ രണ്ടുപേർക്കും കഴിഞ്ഞില്ല. ഒന്നുരണ്ടു മാസത്തേക്ക് ഷൈനിക്കിളിയുടെ കോളുകൾ ഇരുവരുടെയും ഫോണുകളിൽ പാറിനടന്നു. പക്ഷേ അവളുടെ വീട്ടിൽ അധികം താമസിയാതെ സംഗതി അറിഞ്ഞു. അതൊടെ ഫോൺവിളിയും നിന്നു. 2007 ഏപ്രിൽ മാസം കുട്ടനാടൻ ഖത്തറിലേക്കു പറന്നു. ഷൈനിക്കിളി ഓർമ്മയിൽ നിന്നും ടെമ്പററിലി ഡിലീറ്റഡ്.
ഫ്ളാഷ്ബ്ളാക്ക്... ച്ഛെ.. ഫ്ളാഷ്ബാക്ക് കട്ട്.
* * * *
കഴിഞ്ഞ ഏപ്രിലിൽ ഓർക്കുട്ടിന്റെ വരാന്തയിലൂടെ ഊണും കഴിഞ്ഞുലാത്തുമ്പോൾ കുട്ടനാടന്റെ മനസ്സിലേക്ക് മേൽപ്രസ്താവിച്ച ഫ്ളാഷ്ബാക്ക് സീൻ ബൈ സീനായി കടന്നു വന്നു. അറിയാവുന്ന വിവരങ്ങൾ വെച്ച് ഒരു സെർച്ച് കൊടുത്തു. കിട്ടിയ കിളികളുടെ പ്രൊഫൈലുകളിൽ നിന്നു ഷോർട്‌ലിസ്റ്റു ചെയ്യപ്പെട്ട മൂന്നെണ്ണത്തിലൊരെണ്ണം അവളായിരുന്നു.
“ഹൈ.. ഓർമ്മയുണ്ടോ..? എവിടെയാ ഇപ്പോൾ..? എന്തു ചെയ്യുന്നു.”
എന്നൊക്കെ മധുരതരമായി സ്ക്രാപ്പടിച്ചു വിട്ടു. രണ്ടുമൂന്നു ദിവസമായി... അനക്കമൊന്നും കാണുന്നില്ല. ഡെഡ് പ്രൊഫൈലായിരിക്കും. ഹരിശ്രീ സംഗമത്തിന്റെ പിറ്റേന്ന് അതിന്റെ ഹാങ്ങോവറിൽ എന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോൾ ദാ വരുന്നു ഒരു അൺനോൺ നമ്പർ കോൾ... എടുത്തു.
“ഹലോ...”
കുട്ടനാടൻ മൊത്തമായും ചില്ലറയായും തരിച്ചു പോയി... ഹെന്റമ്മച്യോ....ഷൈനിക്കിളി..!!!
പിന്നെ ഒരൊന്നൊന്നര മണിക്കൂർ പോയതു കുട്ടനാടറിഞ്ഞില്ല. പഴയതുപോലെ തന്നെ വാചാലയായ അവളുടെ കോൾ അവസാനിക്കുമ്പോൾ കുട്ടനാടന്റെ വലത്തേ ചെവിയുടെ മാംസം വെന്തു തുടങ്ങിയിരുന്നു. നോക്കിയ എൻ-85 ന്റെ നവദ്വാരങ്ങളിലൂടെയും പുകപറക്കുന്നു. ചെവിയിൽ വെള്ളം പുരട്ടി തണുപ്പിച്ചിട്ട് കുട്ടനാടൻ ഒരു ദീർഘശ്വാസം വിട്ടു... അങ്ങനെ അവൾ കറങ്ങിത്തിരിഞ്ഞെത്തിയിരിക്കുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് ബി ടെക് ചെയ്യുന്നു. പിന്നെ എസ്.എം.എസ്സിന്റെ അയ്യരുകളിയായിരുന്നു. നീയാണെന്റെ ബെസ്റ്റ് ഫ്രണ്ടെന്നും ബായ്ക്കെന്നുമൊക്കെ അരുളിച്ചെയ്യുന്ന കുറേ മേഘസന്ദേശങ്ങൾ. ഇങ്ങനെയുള്ള ഫ്രണ്ട്സാണല്ലോ കുറച്ചുകഴിയുമ്പോൾ തലയിലാകുന്നത്. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ ടിയാളെ കാണാനുള്ള ആഗ്രഹം കലശലായി കുട്ടനാടന്‌. ആഗ്രഹം അവതരിപ്പിച്ചപ്പോൾ ഇങ്ങനെയായിരുന്നു മറുപടി.
“അതിനെന്താ ഇങ്ങോട്ടു പോന്നോളൂ... പക്ഷേ ഞാൻ അടുത്ത ദിവസം വീട്ടിലേക്ക് പോവ്വാണ്‌...”
അവളുടെ വീട് നിലമ്പൂരാണ്‌. അമൃത എക്സ്പ്രസിന്‌ കയറും ഷൊർണൂരിൽ നിന്ന് നിലമ്പൂർ പാസ്സെഞ്ചറിൽ പോകും. കുട്ടനാടൻ ഉടൻ തന്നെ തന്റെ ഒട്ടനവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരുന്ന തടിയൻ നിനോയെ വിളിച്ചു. അവനും വരട്ടെ. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഒരു സപ്പോർട്ടാവുമല്ലോ. പള്ളിപ്പാടനെ വിവരമറിയിച്ചു ഷൈനിക്കിളിയുടെ പുതിയ നമ്പർ വേണമെന്ന പള്ളിപ്പാടന്റെ ആവശ്യം കുട്ടനാടൻ നിഷ്കരുണം നിഷേധിച്ചു. അവനിപ്പം അങ്ങനെ സുഖിക്കേണ്ട. കഷ്ടപ്പെട്ട് തപ്പിയെടുത്തോണ്ട് വന്നപ്പോൾ വീതം ചോദിക്കുന്നോ.. അഹങ്കാരി.. അഭ്യുദയകാംക്ഷികളും ദോഷൈകദൃക്കുകളുമായ ഒരു കൂട്ടം കൂട്ടുകാരെയും സംഗമവാർത്ത അറിയിച്ചു.
ലൊക്കേഷൻ: തിരുവല്ല റെയിൽവേ സ്റ്റേഷൻ
സമയം രാത്രി ഒന്നര.
പ്ളാറ്റ്ഫോമിന്റെ തെക്കേയറ്റത്ത് കുട്ടനാടനും തടിയനും തങ്ങളുടെ ശരീരത്തിൽ നിന്ന് ഏ പോസിറ്റീവും ഏബീ നെഗറ്റീവും ഊറ്റുന്ന രക്തദാഹികളായ കൊതുകുകളെ തുരത്തുന്ന ജോലിയിൽ വ്യാപൃതരായിരിക്കുന്നു. കുട്ടനാടൻ മുടി ചീകിയൊതുക്കി മുഖത്തെ വിയർപ്പുമയം കർചീഫ് കൊണ്ട് ഒപ്പി.
ട്രെയിൻ വരാറായി. കുട്ടനാടന്റെ ചങ്കിന്റെ ആർപി എം ഉയർന്നു. ഷൈനിക്കിളിയെ കണ്ടാൽ എങ്ങനെയിരിക്കുമോ ആവോ... ശബ്ദം കേട്ടിട്ട് വെളുത്തുതുടുത്ത ഒരു സുന്ദരിക്കുട്ടിയാണെന്നു തോന്നുന്നു. ട്രെയിനിന്റെ വെളിച്ചം തെക്കേയറ്റത്തു കാണായി... കുട്ടനാടന്റെ ബി.പി ഉയർന്നു. നിനോ ബാഗെടുത്തു തയ്യാറായി. ട്രെയിൻ അടുത്തെത്തി. പിന്നിലെ ലേഡീസ് കമ്പാർട്മെന്റിന്റെ വാതിൽക്കലൊരു പെണ്ണുണ്ട്. കുട്ടനാടൻ ട്രെയിനൊപ്പം മെല്ലെ ഓടി. ട്രെയിൻ നിന്നു... വാതിൽക്കലെ പെൺകുട്ടി മെല്ലെ പുറത്തേക്കു വന്നു. ആ ഭാഗത്തെ ലൈറ്റ് പണിമുടക്കിയിരുന്നതിനാൽ ആളിനെ കാണാൻ വയ്യ.
“ജുബിൻചേട്ടൻ..??”
ഇരുട്ടിൽ നിന്ന് അവളുടെ ശബ്ദം..
കുട്ടനാടന്റെ തൊണ്ടയുണങ്ങി...നിനോ അവളുടെ പിന്നിലാണിപ്പോൾ..
പെട്ടെന്ന് അവിടുത്തെ ട്യൂബ്‌ലൈറ്റ് തെളിഞ്ഞു. അവളുടെ രൂപം മുന്നിൽ വിളങ്ങി നിന്നു..
“ന്റമ്മോ..”
കുട്ടനാടന്റെ കണ്ണിൽ ഇരുട്ടുകയറി. ഇതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. നിനോ കുട്ടനാടനെ വലിച്ച് അകത്തേക്കിട്ടു. അവളും ഒപ്പം കയറിയിരുന്നു. കുട്ടനാടൻ അവളുടെ യഥാർത്ഥ രൂപം മനസ്സിൽ റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു. കൃത്യം മുപ്പത്തിയൊൻപതു കിലോ ഭാരമുള്ള കിലുമ്പിയ ശരീരം... ഒട്ടിയ കവിളുകൾക്ക് മുകളിൽ എങ്ങനെയോ നിലകൊള്ളുന്ന എടുത്താൽ പൊങ്ങാത്ത ഒരു കണ്ണാടി. ഭീകരം എന്നൊന്നും പറഞ്ഞാൽ മതിയാവില്ല... വീട്ടിലെ ചിരട്ടത്തവിക്ക് ഇതിലും ഗ്ളാമറുണ്ട്. (താരതമ്യത്തിന്‌ തവി ക്ഷമിക്കട്ടെ..)
 അവൾ എന്തൊക്കെയോ ചോദിച്ചു.കുട്ടനാടൻ എന്തൊക്കെയോ പറഞ്ഞു. ട്രെയിൻ എങ്ങനെയോ ഓടി ഷൊർണ്ണൂരെത്തി. നിനോയാണ്‌ കുട്ടനാടനെ തല്ലിയുണർത്തിയത്. അവൾ പോയിക്കഴിഞ്ഞിരുന്നു.
 നിനോ കുട്ടനാടനെ തൃശൂർക്കുള്ള ഒരു പ്രൈവറ്റ് ബസ്സിൽ കയറ്റിവിട്ടിട്ട് ചെന്നൈക്ക് ട്രെയിൻ കയറി.
പാവം കുട്ടനാടൻ....
ഇടയ്ക്ക് വിവരമറിയാൻ വിളിച്ച കൂട്ടുകാർ ശരിക്കും വിവരമറിഞ്ഞു....
ഈ ദുരന്തമറിഞ്ഞ പള്ളിപ്പാടൻ ആർത്തു ചിരിച്ചു കൊണ്ട് മുംബൈയിലെ തെരുവുകളിലൂടെ ഓടിനടന്നു. എങ്ങനെയോ തത്തിപ്പൊത്തി വീട്ടിലെത്തിയ കുട്ടനാടനാവട്ടെ പനിയും കുളിരും കിടുകിടുപ്പും...
ശേഷം ചിന്ത്യം...