Sunday, October 18, 2009

ഔത അലിയാസ് കുട്ടിയുടെ ഭീകരകൃത്യങ്ങള്‍ ....! HORRIBLE..!

ഔത അഥവാ കുട്ടി ഒരു ലെജന്‍ഡായിരുന്നു. ഞാന്‍ ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ മണ്മറഞ്ഞു പോയിട്ടും കേട്ടറിവുകള്‍ ധാരാളം മതിയായിരുന്നു ആ മഹാനെ മനസ്സിലാക്കാന്‍. സ്ഥലത്തെ പ്രമാണിമാരും എന്‍റെ വല്യമ്മച്ചിയുടെ കുടുംബത്തിന്‍റെ ഒരു ശാഖയുമായ അഞ്ചില്‍ വീട്ടിലെ കാര്യസ്ഥനായിരുന്നു ശ്രീമാന്‍ കുട്ടി. വിവിധതരം ഉഡായിപ്പുകള്‍ ഒരേസമയം തലയ്ക്കുള്ളില്‍ വര്‍ക്കൗട്ട് ചെയ്യുന്നതില്‍ അദ്ദേഹത്തിനുള്ള സ്കില്‍ അപാരമായിരുന്നുവെന്ന്‌ ഇന്നും നാട്ടിലെ മുതിര്‍ന്നവരുടെ സാക്‌ഷ്യം. ഏതാനും സംഭവങ്ങള്‍ (സെന്‍സറിംഗ് കഴിഞ്ഞവ മാത്രം)

സീന്‍ ഒന്ന്‌:

1970കളിലെന്നോ ഒരു വേനല്‍ക്കാലം ... പുറക്കരി പാടത്തിന്റെ ബണ്ടിന്മേലുള്ള ഒരു താല്‍ക്കാലിക ചായക്കട. ആ ഭാഗത്തെ കൊയ്ത്തു പ്രമാണിച്ചു തുടങ്ങിയതാണ്‌. കൊയ്ത്തും മെതിയും പതിരുപിടുത്തവും പതമളക്കലുമെല്ലാം കഴിഞ്ഞ് അഞ്ചില്‍ വീട്ടിലേക്കു നെല്ലു കൊണ്ടു പോകാനുള്ള വള്ളങ്ങള്‍ കടവില്‍ നിരന്നു കിടക്കുന്നു. വലിയ ഒരു വളപ്പു മുഴുവന്‍ അഞ്ചില്‍ക്കാരുടേതാണ്‌. നെല്ലു മുഴുവനും വള്ളങ്ങളില്‍ കയറ്റിക്കഴിഞ്ഞ് ശ്രീമാന്‍ കുട്ടി ചായക്കടയിലെ അക്കൗണ്ട് സെറ്റില്‍മെന്‍റ്‌ നടത്താനെത്തി. കഴിഞ്ഞ ഒരു മാസത്തോളമായി ടിയാന്‍ അവിടെ പറ്റുപറയുന്നു. തീറ്റിക്കാണെങ്കില്‍ ഒരു ദാക്ഷണ്യവുമില്ല താനും. മൂന്നു നേരവും ഇവിടുന്നാണ്‌ ലോഡിംഗ്.

"അമ്പത്തിമൂന്നു രൂപ എഴുപത്തഞ്ച് പൈസാ..."

കടക്കാരന്‍ പ്രഖ്യാപിച്ചു... (ഇന്നത്തെ അമ്പതു രൂപയല്ല അന്ന്‌ എന്നോര്‍ക്കുക... ഇന്നത്തെ അയ്യായിരം രൂപയുടെ വിലയുണ്ട് എഴുപതുകളുടെ തുടക്കത്തില്‍ അമ്പതു രൂപയ്ക്ക്)

സംഗതി കേട്ടയുടനെ കുട്ടി ഒന്നു ചിരിച്ചു. ചായക്കടക്കാരന്‍റെ കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു

"ഇങ്ങോട്ടു വാ..."

അഞ്ചില്‍ക്കാരുടെ കളത്തിലേക്കു കടക്കാരനെയും കൂട്ടിയെത്തിയ കുട്ടി അവിടെ നെല്ലു നിറച്ച് നിരത്തി വെച്ചിരിക്കുന്ന കുറെ പഴയ കുട്ടകള്‍ കാണിച്ചിട്ടു പറഞ്ഞു

"ഇതങ്ങോട്ടെടുത്തോ...."

കടക്കാരനു വിശ്വസിക്കാനായില്ല... അഞ്ചില്‍ക്കാരുടെ ആ വര്‍ഷത്തെ നെല്ലില്‍ കുറച്ചു കിട്ടിയാല്‍ കൊള്ളാമെന്നു ആയാളാഗ്രഹിച്ചിരിക്കുകയായിരുന്നു.

"നല്ല മണിത്തൂക്കമുള്ള നെല്ല്‌... പവന്‍റെ നിറവും... മണമടിച്ചാല്‍ വയറു നിറയും"

അയാള്‍ മനസ്സില്‍ പറഞ്ഞു... എങ്ങനെ പോയാലും പത്തുനൂറു രൂപയ്ക്കുള്ള വകുപ്പുണ്ട്... ഇതിനിപ്പോ കാശങ്ങോട്ടു കൊടുക്കേണ്ടി വരുമല്ലോ...

"ഇതു മുഴുവനും അങ്ങോട്ടെടുത്തോ... ബാക്കിയും നിങ്ങളു വെച്ചോ...."

കടക്കാരന്‍റെ മനസ്സു വായിച്ചിട്ടെന്നോണം കുട്ടിയുടെ ഔദാര്യം... ആനന്ദലബ്ധിക്കിനിയെന്തു വേണം.

കടക്കാരന്‍റെ കണ്ണു നിറഞ്ഞു.. ഔട്ട് ഓഫ് ഫോക്കസ് ആയ ദൃഷ്ടിയില്‍ നിന്നും കുട്ടിയുടെ കൊച്ചുവള്ളവും അകന്നു പോയി.

അയാള്‍ ഒരു പടുതാ എടുത്ത് നെല്ലിന്‍ കുട്ടകളെല്ലാം മൂടിയിട്ടു.

രണ്ടുമൂന്നു ദിവസം കഴിഞ്ഞുകാണും, ടി കടക്കാരന്‍ ഒരു കൊച്ചുവള്ളവും തുഴഞ്ഞ് ഞങ്ങളുടെ തോട്ടിലൂടെ വന്നു. കണ്ടവരോടെല്ലാം അയാള്‍ കുട്ടിയെപ്പറ്റി അന്വേഷിച്ചു. പക്ഷേ ആര്‍ക്കും ഒന്നും മനസ്സിലായില്ല; കാരണം കുട്ടി അയാള്‍ക്കു കൊടുത്തിരുന്ന വിലാസം ഇങ്ങനെയായിരുന്നു.

"പിടികിട്ടാമണ്ണില്‍ കുട്ടി, കളങ്ങര ദേശം"

ഇതില്‍ നിന്നും ആളെ മനസ്സിലാക്കിയ നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഒരു ചതിയുടെ കഥ പുറത്തു വന്നത്. കുട്ടി പോയതിന്‍റെ രണ്ടാം ദിവസം അഞ്ചില്‍ വീട്ടിലെ ഒരു പണിക്കാരനായ മത്തന്‍ വന്ന്‌ കടയുടമയോട് തന്‍റെ കുട്ടകള്‍ കളത്തില്‍ നിന്നും എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് കളമൊഴിക്കണമത്രേ... കടക്കാരനാവട്ടെ കട പൊളിക്കുന്ന തിരക്കിലായിരുന്നു... ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഒന്നുരണ്ട് സില്‍ബന്തികളെയും കൂട്ടിച്ചെന്ന്‌ കുട്ടകളോരോന്നുമെടുത്ത് കടവിലുണ്ടായിരുന്ന തന്‍റെ വള്ളത്തിലേക്ക് മാറ്റാനൊരുമ്പെട്ടു. നെല്ലല്ലേ.. വള്ളത്തിലേക്ക് നേരേ കുടഞ്ഞിട്ടാല്‍ മതിയല്ലോ.... ആദ്യത്തെ കുട്ട വള്ളത്തിലേക്ക് കുടഞ്ഞിട്ടതും ഷോക്കടിച്ച ഞെട്ടിയ പോലെ കടക്കാരന്‍ അലറി..

"എന്‍റെ എടത്വാപ്പള്ളി പുണ്യാളച്ചാ...."

വള്ളത്തില്‍ വീണതു കുറെ മണ്ണും പതിരും... അയാളോടിച്ചെന്നു ബാക്കിയുള്ളവരോട് കുട്ടകള്‍ താഴെ വെക്കാന്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്നു കുട്ടകള്‍ പരിശോധിച്ചു... കുട്ട നിറച്ചിരിക്കുന്നത് മണ്ണും പതിരും ചപ്പുചവറുമൊക്കെക്കൊണ്ടാണ്‌. മുകളില്‍ ആളെ പറ്റിക്കാന്‍ ഒരിഞ്ച് കനത്തില്‍ നല്ല നെല്ലു തൂവിയിരിക്കുന്നു. അങ്ങനെ കൊടും ചതി മനസ്സിലാക്കിയ ഉടന്‍ തന്നെ കുട്ടിയെ തേടിയിറങ്ങിയതാണു പാവം... കേട്ടവര്‍ കേട്ടവര്‍ നെഞ്ചത്തു കൈ വെക്കുന്ന തരത്തിലുള്ള ഈ മറ്റേ പണി ചെയ്ത കുട്ടിയുടെ വീട്ടിലേക്ക് നാട്ടുകാരും കടക്കാരനൊപ്പം ചെന്നപ്പോള്‍ അവിടെ മറ്റൊരു കൂട്ടര്‍ കുട്ടിയെയും തേടി വന്നിട്ടുണ്ടായിരുന്നു... കരുമാടിയിലെവിടെയോ ഒരിടത്തു നിന്നും പത്തുപന്ത്രണ്ട് താറാവിനെ വാങ്ങി കാശു കൊടുക്കാതെ മുങ്ങിയ കേസാണ്‌... അവരുടെ കയ്യിലുള്ള കുട്ടിയുടെ വിലാസമെഴുതിയ പേപ്പര്‍ കണ്ട് നാട്ടുകാരൊന്നടങ്കം പൊട്ടിച്ചിരിച്ചു.. അതിലെഴുതിയിരിക്കുന്നു...

"ഊമ്പന്തറ പെശകന്‍... കളങ്ങര ദേശം.."

ഏറെ വിഷമിച്ചു വന്ന കടക്കാരന്‍ പോലും സ്വയം മറന്നു ചിരിച്ചു... എന്നിട്ടു മടങ്ങുന്ന വഴിക്കൊരു ആത്മഗതവും

"നീയാളു പെശകാണല്ലോടാ കുട്ടീ.."
നാട്ടുകാര്‍ വായും പൊളിച്ചു നിന്നു...


സീന്‍ രണ്ട്

കുട്ടിയുടെ വീടിനു മുന്നില്‍ ഒരു കൂട്ടമാളുകള്‍ നിന്നു തെറിവിളിക്കുന്നു... കുട്ടിയുടെ പെമ്പ്രന്നോത്തി മറിയ ആളുകളെ പറഞ്ഞു സമാധാനിപ്പിക്കാന്‍ പാടുപെടുന്നു... കുട്ടി സ്ഥലത്തില്ലെന്നുറപ്പ്. പുതിയ കേസെന്താണെന്നറിയാന്‍ പാഞ്ഞു ചെന്ന നാട്ടുകാരോട് അവര്‍ തട്ടിക്കയറി.. മുറ്റത്ത് കുത്തിയിരിക്കുന്ന കരിങ്കുരങ്ങു പോലെയുള്ള രണ്ട് പിള്ളേരെ ചൂണ്ടിക്കാണിച്ച് അവര്‍ പറഞ്ഞു...

"ഇതു കണ്ടോ ഈ നാറി ഒരുത്തന്‍ കാരണം ഞങ്ങടെ പിള്ളേര്‍ടെ കോലം..."

നാട്ടുകാര്‍ അതുങ്ങളുടെ മുഖത്തേയ്ക്കൊന്നു നോക്കി... പത്തു പതിനെട്ടു വയസ്സു പ്രായം വരുന്ന രണ്ട് ആണ്‍കുട്ടികള്‍.. അവറ്റകളുടെ മുഖമാണേല്‍ ഒരുമാതിരി ടാറില്‍ വീണ കുരങ്ങനെപ്പോലെ നീരുവെച്ച് വീര്‍ത്തിരിക്കുന്നു.

"ഇവര്‍ക്കെന്തു പറ്റിയതാ...."
നാട്ടുകാരിലൊരാള്‍..

"മുടി ചുരുളാന്‍ മരുന്നു കൊടുത്തതാ..... കുട്ടി...!"

പിള്ളേരുടെ കൂട്ടര്‍...

"ങ്ഹേ... മരുന്നോ... എന്തു മരുന്ന്‌...????"

നാട്ടുകാര്‍ക്ക് വീണ്ടും സംശയം...

"അതവനോടു തന്നെ ചോദിച്ചിട്ടേ ഞങ്ങളിന്നു പോവുന്നുള്ളൂ..."

ഒടുവില്‍ കുട്ടിയുടെ യശമാന്മാരായ അഞ്ചില്‍ വീട്ടിലെ ആരൊക്കെയോ വന്ന്‌ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ച് അവരെ തിരിച്ചയച്ചു... അല്‍പം കഴിഞ്ഞപ്പോളതാ കുട്ടി വരുന്നു... കണ്ട പാടേ നാട്ടുകാര്‍ കുട്ടിയെ പൊതിഞ്ഞു... അവര്‍ക്ക് മരുന്നിന്‍റെ ഡീറ്റെയ്ല്‍സ് വേണം...കുട്ടി ഒന്നു പരുങ്ങി... എന്നിട്ട് പതിയെ ആ രഹസ്യം പുറത്തുവിട്ടു. പാടത്തിന്‍റെ ചിറയിലുള്ള വലിയ ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മറിനടുത്തുകൂടി പോയപ്പോഴാണ്‌ അതില്‍ നിന്നും എന്തോ ഇറ്റിറ്റു വീഴുന്നതു കണ്ടത്. ഉടന്‍ തന്നെ എവിടെ നിന്നൊ ഒരു കുപ്പി സംഘടിപ്പിച്ച് സാധനം ശേഖരിച്ചു. അങ്ങനെ ട്രാന്‍സ്ഫോര്‍മര്‍ ഓയിലുമായി നടന്നു വരുമ്പോഴാണ്‌ കുറേപ്പിള്ളേര്‍ കൂടി നിന്ന്‌ മുടിചുരുട്ടുന്നതിനെപ്പറ്റി കൂലങ്കഷമായി സംസാരിക്കുന്നത്. ചുരുണ്ട മുടി എന്നത് ഒരു പുതിയ ട്രെന്‍ഡാണെന്നും മുടി ചുരുണ്ടു കിട്ടാന്‍ ചെറുപ്പക്കാര്‍ എന്തും ചെയ്യുമെന്നും അവരുടെ സംഭാഷണം ശ്രദ്ധിച്ച കുട്ടിക്കു മനസ്സിലായി. കുട്ടിയുടെ തലയ്ക്കുള്ളില്‍ സാമാന്യം വലിയൊരു ബള്‍ബ് മിന്നി പൊട്ടിത്തെറിച്ചു കുപ്പിച്ചില്ല്‌ ചിതറി. നേരേ നടന്നു... വഴിക്കു നിന്നും കിട്ടിയ ഒരു ഇഷ്ടികക്കഷണം കുട്ടിയുടെ ഐഡിയയ്ക്കു പവര്‍ കൂട്ടി... ആരും കാണാത്ത ഒരിടത്തു ചെന്നിരുന്നു ആ ഇഷ്ടികക്കഷണം പൊടിച്ചു നല്ല സൂപ്പര്‍ഫൈന്‍ ക്വാളിറ്റിയില്‍ പൗഡറാക്കി... എന്നിട്ട് നിര്‍ദ്ദിഷ്ട ഔഷധക്കുപ്പിയിലേക്കിട്ടു നന്നായി കുലുക്കി... സംഗതി കലങ്ങി. തിരികെ നടന്നു പഴയ സ്പോട്ടിലെത്തിയപ്പോഴേക്കും രണ്ടു പേര്‍ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ഒന്നുമറിയാത്തതു പോലെ അവരോട് കാര്യം തിരക്കി... പാടത്തു പണിയും മണ്ണുവാരലുമൊക്കെയായി നടന്ന പിള്ളേര്‍ തങ്ങളുടെ ആവശ്യമറിയിച്ചു. കുട്ടി ഉടന്‍ തന്നെ സഹായവാഗ്ദാനവും നടത്തി. താനൊരു സിദ്ധവൈദ്യനാണെന്നും കയ്യിലിരിക്കുന്നത് മുടിചുരുട്ടാനുള്ള അതിശക്തവും അത്യപൂര്‍വ്വവുമായ എണ്ണയാണെന്നുമൊക്കെ അടിച്ചുവിട്ടു. പിള്ളേരുടെ മേലാകെ കുളിരും മണ്ണാങ്കട്ടയുമൊക്കെ കോരി...

"അണ്ണാ... എത്ര രൂപാ വേണം അതിന്‌...എത്ര വേണേലും തരാം... അതിങ്ങു താ..."
അവര്‍ കെഞ്ചി. പക്ഷേ കുട്ടി സമ്മതിച്ചില്ല.

"ഏയ്... ഇതു തരാനൊന്നും പറ്റില്ല... ഞാനിതു നമ്മടെ അഞ്ചിലെ കൊച്ചമ്പ്രാന്‍റെ മുടിചുരുട്ടാനായിട്ട് പ്രത്യേകം ഉണ്ടാക്കിയ പെഷ്യലാ.. പെഷ്യല്‌..."
പിള്ളേരാകട്ടെ കരഞ്ഞും കാലു പിടിച്ചുമൊക്കെ അപേക്ഷിച്ചു... അങ്ങനെ കുട്ടി ഒരു വില പറഞ്ഞു (അതിന്നും രഹസ്യം..) പിള്ളേരത് സസന്തോഷം സമ്മതിച്ചു. എണ്ണയുടെ കൂട്ടത്തില്‍ ഡയറക്ഷന്‍സ് ഫോര്‍ യൂസ് കൂടി കൊടുക്കാന്‍ കുട്ടി മറന്നില്ല... (എന്നാലല്ലേ വൈദ്യനാണെന്ന ക്ലെയിമിന്‌ ഒരു ആധികാരികതയൊക്കെ വരൂ..)

"ഇത് കാല്‍ തുടമെടുത്ത് തലേല്‍ തേക്കുക... പിന്നെ രണ്ടു ദിവസത്തേയ്ക്കു കുളിക്കരുത്..."

പിള്ളേര്‍ക്കു വീണ്ടും സമ്മതം. കയ്യിലുണ്ടായിരുന്ന തുട്ടും കൊടുത്ത് കുപ്പിയും വാങ്ങി പിള്ളേര്‍ കിഴക്കോട്ടു പാഞ്ഞു. അതിന്‍റെ പരിണിതഫലമായിരുന്നു തലനീരിറങ്ങി മുഖമാകെ വീര്‍ത്ത് കരിമന്തി നാണിക്കുന്ന കോലത്തില്‍ കുട്ടിയുടെ മുറ്റത്ത് കുത്തിയിരുന്ന പിള്ളേര്‍.
കുട്ടി ഈ ചരിത്രമൊക്കെ പറഞ്ഞു തീര്‍ന്നപ്പോഴും നാട്ടുകാരുടെ വാ പൊളിഞ്ഞു തന്നെയിരുന്നു.സീന്‍ മൂന്ന്‌

ഇതൊന്നുമായിരുന്നില്ല കുട്ടിയുടെ യഥാര്‍ത്ഥ അക്രമം... അതുകൂടി പറഞ്ഞാലേ കുട്ടി ആരാണെന്നു മനസ്സിലാവൂ.
അഞ്ചില്‍ വീട്ടിലെ മക്കളിലൊരാളുടെ കല്യാണം. കല്യാണവീട്ടില്‍ എന്തിനും ഏതിനും കുട്ടി വേണം. 'അച്ചുവിന്‍റെ അമ്മ' സിനിമയിലെ ഒടുവിലാനെപ്പോലെ കുട്ടി അങ്ങുമിങ്ങും പാഞ്ഞു നടന്ന്‌ തിരക്കിട്ടെന്തൊക്കേയോ ചെയ്യുന്നു. അതിനിടയിലാണ്‌ പുതിയൊരു പ്രശ്നം... ആകെ മൂന്നു കക്കൂസാണ്‌ വീട്ടിലുള്ളത്. അന്നാണെങ്കില്‍ പൈപ്പ്‌ലൈനൊന്നും ഇല്ല. കക്കൂസിനുള്ളില്‍ പണിതിരിക്കുന്ന സിമന്‍റ്‌ ടാങ്കില്‍ വെള്ളം കോരി നിറയ്ക്കണം. കല്യാണം കൂടാനെത്തിയിരിക്കുന്ന വല്യവീട്ടിലെ കൊച്ചമ്മമാരെല്ലാം ചേര്‍ന്ന്‌ തീറ്റയും ശേഷം അണ്‍ലോഡിംഗും പ്രമാദമായിത്തന്നെ നടത്തുന്നു... ഫലമോ.. കുട്ടിക്കിരിക്കാന്‍ നേരമില്ല... എപ്പോഴും കക്കൂസുകളില്‍ വെള്ളത്തിനു ഷോര്‍ട്ടേജില്ലാതെ നോക്കണം. വെള്ളം കോരിക്കോരി ഉരം പറിയാറായ കുട്ടി അന്നു രാത്രി എന്തോ പണിയൊപ്പിച്ചു. ഏതായാലും കല്യാണദിവസം രാവിലെ ചെറുക്കന്‍ ഇറങ്ങാന്‍ നേരമായിട്ടും ബന്ധുക്കളില്‍ പലരെയും കാണാതായത് എല്ലാവരെയും വിഷമിപ്പിച്ചു. ഒടുവില്‍ ആരോ തിരക്കിയിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ഒരേസമയം പരിതാപകരവും ചിരിപ്പിക്കുന്നതുമായിരുന്നു. വീടിനു മുന്നിലെ കടവിലും പിന്നിലെ കുളത്തിലുമൊക്കെ വെള്ളത്തിലിറങ്ങിക്കിടന്ന്‌ ഞരങ്ങുകയും മൂളുകയുമൊക്കെ ചെയ്യുന്ന കൊച്ചമ്മമാര്‍..!! കാര്യം തിരക്കിയിട്ടാണേല്‍ ആരുമൊട്ട് പറയുന്നില്ല താനും... ഒടുവില്‍ പ്രായമുള്ളൊരു വല്യമ്മ സഹികെട്ടു പറഞ്ഞു.

"ആസനം പുകഞ്ഞിട്ടു വയ്യെടാ മക്കളേ... കക്കൂസില്‍ പോയപ്പോ മൊതല്‌ തൊടങ്ങിയതാ..."

ആര്‍ക്കുമൊന്നും മനസ്സിലായില്ല... കക്കൂസില്‍ പോയാലെങ്ങനാ ഇതുപോലെ പണികിട്ടുന്നത്. അപ്പുറത്തുമിപ്പുറത്തുമൊക്കെയായി ജലവിശ്രമം കൊള്ളുന്ന ചേച്ചിമാരും അമ്മായിമാരുമൊക്കെ ഇതേ അവസ്ഥയിലാണ്‌. ആകെ ഒച്ചപ്പാടായി ബഹളമായി... കുട്ടിയെ മാത്രം കാണുന്നില്ല... കുട്ടി അബ്സ്കൗണ്ടിംഗ്..!!!

"ഇതവന്‍റെ പണിയാ... അവനെ മാത്രം നോക്കിയാ മതി..."

ആരൊക്കെയോ കുട്ടിയെ തിരക്കി പാഞ്ഞു. അവസാനം എവിടെയോ തളര്‍ന്നു കിടന്നുറങ്ങുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തി. കാര്യം തിരക്കി... ചെറിയൊരു ചിരിയോടെ വളരെ കൂളായിത്തന്നെ കുട്ടി അവരോടു പറഞ്ഞു...

"അതേ... ഇന്നലെ എന്നെ വെള്ളം കോരിച്ച് വശംകെടുത്തിയപ്പോഴേ ഞാന്‍ തീരുമാനിച്ചതാ ഒരു പണികൊടുക്കണമെന്ന്‌... അതു ഞാന്‍ ചെയ്യുവേം ചെയ്തു... ഇന്നലെ രാത്രി പറമ്പില്‍ നിക്കുന്ന സകല കാന്താരിച്ചെടിയേന്നും മൊളകു പറിച്ച് ഞാനാ ടാങ്കില്‌ കലക്കിയത്... എന്നാ... വല്ലോം അറിയാനൊണ്ടോ..?"

ഇതു കേട്ട യുവതുര്‍ക്കികളിലാരോ കുട്ടിയെ കൈവെക്കാന്‍ തുനിഞ്ഞെനിലും കാരണവന്മാരിടപെട്ട് തടഞ്ഞു... അങ്ങനെ കുട്ടി കാരണം ഒരിക്കല്‍ക്കൂടി നാട്ടുകാരുടെ വാ പൊളിഞ്ഞു.


Friday, October 9, 2009

"പ്രതികാരം.... ഈഷ്ഷ്വരനുള്ളതാ.... ഈഷ്ഷ്വരനു മാത്രം...." -കഠാരി ഗോവിന്ദന്‍

വൈകി വായിക്കുന്നവര്‍ക്കു വേണ്ടി:
കഠാരി ആരെന്നറിയുവാന്‍ ഇവിടെ ഞെക്കുക: കഠാരി ഗോവിന്ദന്‍

           ഒരു വെള്ളിയാഴ്ച വൈകുന്നേരം. സൂര്യന്‍ കടയടച്ചു പടിഞ്ഞാട്ടു പോയിക്കഴിഞ്ഞു.... ദാ വരുന്നൂ നമ്മുടെ കഥാനായകന്‍. വഴിയിലെവിടെയൊക്കെയോ വെച്ചുണ്ടായ ചില്ലറ 'ക്രാഷ് ആന്‍ഡ് ക്ലാഷസ്' കാരണം ബോഡിയില്‍ അങ്ങിങ്ങായി പെയിന്റ് പോയിരിക്കുന്നു. ബട്ട് നെവെര്‍ മൈന്‍ഡ്, (സിരകളിലോടുന്ന ആന്റിസെപ്റ്റിക്സിന്റെ കാരുണ്യത്താല്‍ നാളെ നേരം പുലരുമ്പോള്‍ ബോഡി പഴയതു പോലെയാവും)
ഇന്നു പതിവിലേറെ 'അഡിറ്റീവ്സ്' അടിച്ചു കേറ്റിയിട്ടുണ്ടെന്നു തോന്നുന്നു... വീടിനടുത്തുള്ള ഒരു പറമ്പിന്റെ അതിരുകല്ലില്‍ പിടിച്ചു നിന്ന കക്ഷി ചുറ്റുപാടുമൊന്നു നോക്കി. എന്നിട്ട് പുല്‍ച്ചാടി വരുന്നതു പോലെ ചാടിച്ചാടി ഒരു വരവായിരുന്നു. എല്ലാരും വഴിയൊഴിഞ്ഞു കൊടുക്കുന്നു... ആശാന്‍ സ്വഭവനത്തിലേക്കു കയറിയതും കൊടുങ്ങല്ലൂരമ്മയ്ക്കുള്ള സ്തുതിഗീതികള്‍ ഉച്ചത്തില്‍ മുഴങ്ങി. പിന്നെന്തൊക്കെയൊ എടുത്തെറിയുന്ന ശബ്ദം. "ഠമാര്‍.. പഠാര്‍ര്‍ര്‍..." എന്നൊക്കെ കേള്‍ക്കുന്നു. എന്നതാണോ എന്തോ... "അയ്യോ കൊല്ലുന്നേ..." എന്നു ചെല്ലമ്മയുടെ നിലവിളി. കൂട്ടബഹളം. ഉഷയും കൊച്ചുമ്മിണിയുമെന്നു വേണ്ട മക്കളെല്ലാം കൂട്ടത്തിലുണ്ടെന്നു ബോധ്യപ്പെടുത്തുന്ന 'യുണീക് ഡയലോഗ്സ്'.
                   ഇവരുടെ ബന്ധുക്കളിലൊരാളും കഠാരിയുടെ ‘വഹ’യില്‍ ഒരു അനന്തരവനുമായ ഷിബു കാര്യമന്വേഷിച്ചു ചെന്നപ്പോളതാ സംഭവസ്ഥലത്തു നിന്നും ഒരു പ്ലേറ്റ്, ചോറും കറികളും സഹിതം അന്തരീക്ഷത്തിലൂടെ പറന്നു വരുന്നു. അത് ഷിബുവിന്റെ ചെവിക്കരികിലൂടെ മൂളിപ്പറന്നുപോയി അപ്പുറത്തെ പറമ്പില്‍ ക്രാഷ്‌ലാന്‍ഡ് ചെയ്തു.

 "പറക്കുംതളിക… പറക്കുംതളിക… എന്നൊക്കെ കേട്ടിട്ടേയുള്ളായിരുന്നു...ഇപ്പോ കണ്ടു.."
 എന്നും പറഞ്ഞ് പേടിച്ച് ഷിബു വീട്ടിലേക്കു തിരിച്ചു പാഞ്ഞു ചെന്ന്‌ കട്ടിലില്‍ കയറി പനിച്ചു കിടന്നുവെന്നു പറയപ്പെടുന്നു.
അതിനിടയില്‍ ആരൊക്കെയോ ഞങ്ങളുടെ വീട്ടിലേക്കു പാഞ്ഞു വന്നു ഒരു മെമ്മോ തരുന്നു. 

"തമ്പിച്ചായോ.. ഒന്നവിടം വരെ വാ...കഠാരി ബഹളമുണ്ടാക്കുന്നു.... ഇന്നെന്തെങ്കിലുമൊക്കെ നടക്കും..." 
ഇതു കേട്ട് ഒരു താല്‍പര്യവുമില്ലാത്ത ഭാവത്തില്‍ പിതാജി ടോര്‍ച്ചുമെടുത്ത് കഠാരിയുടെ വീട്ടിലേക്കു വിട്ടു; പിന്നാലെ ഞാനും അനിയന്മാരും... കഠാരിസദനം പൂര്‍ണ്ണമായും ഇരുട്ടിലാണ്‌... ബഹളം കാരണം ആരൊക്കെ എവിടൊക്കെയാണെന്നുള്ള ഏകദേശ ചിത്രം കിട്ടുന്നുണ്ട്. തൊട്ടപ്പുറത്ത് കഠാരിയുടെ അമ്മയും പെങ്ങളുമൊക്കെ താമസിക്കുന്ന വീട്ടില്‍ മാത്രം വെട്ടം കാണാം. അവിടെ ആരുമില്ല താനും. മുംബൈ താജില്‍ തീവ്രവാദികളും കമാന്‍ഡോസും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കുറെയകലെ മാറി സൂം ലെന്‍സുകളുമായി സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നിന്ന മാധ്യമപ്രവര്‍ത്തകരെപ്പോലെ നാട്ടുകാരെല്ലാം ഒരു അകലം വിട്ടുനിന്ന്‌ പുതിയപുതിയ അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പടച്ചുവിടുന്നു. ബഹളം നടക്കുന്ന സ്ഥലത്തേയ്ക്ക് പപ്പാ ടോര്‍ച്ചടിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. വീരശൂരപരാക്രമിയായ സാക്ഷാല്‍ ശ്രീമാന്‍ കഠാരി കുനിഞ്ഞു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ പിടലി-വിത്ത്-തല സഹധര്‍മ്മിണിയാളുടെ ഇടതുകക്ഷത്തിലാണ്‌…! ഫ്രീയായി നില്‍ക്കുന്ന വലംകൈയ്ക്ക് ഒരു വ്യായാമം കൊടുക്കാനെന്നോണം ചെല്ലമ്മ ഒരു അലുമിനിയം കലമെടുത്ത് കണവന്റെ മുതുകില്‍ പതിനാറാം കാലത്തില്‍ മുത്തായ്പ്പ് വായിക്കുന്നു… ഇത്രയും സംഭവങ്ങളുടെ ബേസിക് സൗണ്ട്‌ട്രാക്കായി ചെല്ലമ്മ തന്നെയാണ്‌ "അയ്യോ പൊത്തോ.." എന്നു കാറിക്കൊണ്ടിരുന്നത്…! (വാട് ആന്‍ ഐഡിയ സര്‍ജീ....) എന്നത് ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അനന്തരം കഠാരിയെ മോചിപ്പിച്ച ഞങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ ആകെക്കൂടി ഒരു പന്തികേട്. കഴുത്തില്‍ പുതിയൊരുതരം ആഭരണം പോലെയൊരു വളയം…. സംഗതി സെറാമിക്കാണ്‌…! മക്കളിലാരോ (പ്രോബബ്ലി വിനോദ്) ഒരു മണ്‍കലമെടുത്ത് മൂപ്പരുടെ തലയില്‍ ഇടിച്ചു പൊട്ടിച്ചതിന്റെ വളയമാണ്‌ കലാപരമായി അങ്ങോരുടെ കണ്ഠാലങ്കാരമായി മാറിയത്. മുഖമാസകലം കഞ്ഞിയും കറികളും കൊണ്ട് ഫേഷ്യല്‍ ചെയ്യപ്പെട്ടിരിക്കുന്നു…ഇതൊക്കെ പോരാഞ്ഞ് മണ്ണെണ്ണയുടെ രൂക്ഷഗന്ധവും അവിടമാകെ നിറഞ്ഞു നിന്നിരുന്നു. കൊച്ചുമ്മിണിയുടെ കയ്യിലിരിക്കുന്ന ഒഴിഞ്ഞ മണ്ണെണ്ണപ്പാട്ട കണ്ടപ്പോഴേ അതും പിടികിട്ടി... ഇതിനിടയില്‍ കഠാരി മൂക്കുചീറ്റിയതില്‍ നിന്നും ഏകദേശം നൂറുമില്ലി മണ്ണെണ്ണ താഴേയ്ക്കു വീണു...!
"ഇതു കണ്ടോ...? ഇവരെല്ലാംകൂടി എന്റെ തലവഴിയൊഴിച്ച മണ്ണെണ്ണയാ..."
കഠാരി ചീറിക്കൊണ്ട് ചോദിച്ചു. എനിക്കതു കേട്ട് ചിരിവന്നു...
"അതുണ്ടായിരുന്നേല്‍ ഇവിടെ മൂന്നു ദിവസം വെളക്കു കത്തിക്കാമാരുന്നു..."
ചെല്ലമ്മയുടെ അലസമായ ആത്മഗതം.
"പ്ഭാ..........മോളേ, കഴുവേര്‍ടമോളേ. നിന്നെ കൊന്നു കൊത്തിക്കീറി കോഴിക്കിട്ടു കൊടുക്കും..."
കഠാരി വീണ്ടും ഫോമിലായി. ഇത്തവണ പപ്പാ ഇടപെട്ടു...
"ഡാ... ചെറുക്കാ, നീയിങ്ങ് വാ ചോദിക്കട്ടെ..."
                      കഠാരിയെ ചെറുക്കാ എന്നേ പപ്പാ വിളിക്കാറുള്ളൂ. കഠാരി ശാന്തനായി പടിയിറങ്ങി ഞങ്ങളോടൊപ്പം വീട്ടിലേയ്ക്കു വന്നു. അങ്ങനെ ഞങ്ങള്‍ക്കൊപ്പം വന്ന ‍കഠാരി പതിവുപോലെ മുറ്റത്ത് 'N' എഴുതിയതുപോലെ കുത്തിയിരുന്നു. ഇതിനിടയില്‍ ഞങ്ങളെ പിന്തുടര്‍ന്ന്‌ സ്ഥലത്തെത്തിയ കഠാരി കുടുംബാംഗങ്ങളും നാട്ടുകാരില്‍ ഉറക്കമില്ലാത്ത കുറെ പിശാശുകുഞ്ഞുങ്ങളും അവിടെ അണിനിരന്നു. ഇനി നടക്കാന്‍ പോകുന്നതൊരു 'നാട്ടുക്കൂട്ട'മാണ്‌. വിചാരണ തുടങ്ങി. കഠാരിയുടെ അസഭ്യവര്‍ഷം സഹിക്കാന്‍ വയ്യാതെയാണ്‌ ഇങ്ങനെയൊക്കെ ചെയ്തതെന്ന്‌ ശ്രീമതിയുടെ വിശദീകരണം കഠാരിയെ ചൊടിപ്പിച്ചു... കക്ഷി അതു നിഷേധിച്ചെന്നു മാത്രമല്ല അളിഞ്ഞ രണ്ടു തെറികൂടി വിളിച്ച് ത്ന്റെ 'നിരപരാധിത്വം' തെളിയിക്കുകയും ചെയ്തു. കഠാരിയുടെ ചില തെറികള്‍ കേട്ടാല്‍ പിന്നെ ചെവിക്കുള്ളില്‍ അരമണിക്കൂര്‍ നേരത്തേയ്ക്ക് നേര്‍ത്തൊരു മൂളല്‍ മാത്രമേയുണ്ടാവൂ... (സ്റ്റേഷനും പൂട്ടി ആകാശവാണി സ്റ്റാഫ് വീടണയുന്ന സമയത്ത് റേഡിയോ തുറന്നാല്‍ കേള്‍ക്കുന്നതു പോലെ)
പപ്പ നിര്‍ദ്ദേശിച്ച കുറെ ഉപാധികള്‍ ഇരുകൂട്ടര്‍ക്കും ബോധിച്ചു. ബാക്കിയെല്ലാവരും പിരിഞ്ഞുപോയിട്ടും കഠാരി അവിടെയിരിപ്പുണ്ടായിരുന്നു... അല്‍പം കഴിഞ്ഞ് മൂപ്പരെഴുന്നേറ്റ് എളിയില്‍ നിന്നുമൊരു ബീഡിയെടുത്ത് കത്തിച്ച് ഒന്നും സംഭവിക്കാത്തതുപോലെ ചാടിച്ചാടി നടന്നു പോകുന്നതു കണ്ട് ഞങ്ങളും അകത്തു കയറി വാതിലടച്ചു. അപ്പോഴേയ്ക്കും മണി പന്ത്രണ്ടായിരുന്നു.
                 പിറ്റേന്നു രാവിലെ ഞങ്ങളുടെ അയല്‍വാസി സാബുവിന്റെ വാമഭാഗവും സര്‍വ്വത്ര അലമ്പുമായ കൊച്ചുമോള്‍ എന്ന 'കതിനാക്കുറ്റി' പുതിയ പരദൂഷണകൃതികളിലൊരെണ്ണത്തില്‍ ഈയുള്ളവനെയും സഹനടനാക്കി കാസ്റ്റ് ചെയ്തു. (കഥയെന്തായിരുന്നുവെന്നത് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല... ഒന്നും രണ്ടുമൊന്നുമല്ലല്ലോ അവളുണ്ടാക്കിയിരുന്നത്...) അവരുടെ വീടിന്റെ മുന്നിലുള്ള വഴിയിലൂടെ ഞാന്‍ സ്കൂട്ടറും കൊണ്ടു പോകുന്നതിലുള്ള കൃമികടിയായിരുന്നു അതിന്റെ പിന്നില്‍... രാവിലെ കോളേജില്‍ പോകാനൊരുങ്ങി നിന്ന എനിക്കാകെ പ്‌രാന്തായി... വണ്ടി സ്റ്റാന്‍ഡില്‍ വെച്ച് ഇറങ്ങിച്ചെന്ന്‌ ചോദിച്ചു
"ഡീ...നിനക്കെന്തിന്റെ സോക്കേടാടീ കൂത്തിപ്പട്ടീ... പൊതു വഴിയെന്താ നിന്റെ തന്തേടെ വകയാന്നോ..??"
ഒന്നു രണ്ടു വര്‍ഷം പാര്‍ട് ടൈമായെങ്കിലും ഓട്ടോ ഓടിച്ചിട്ടുള്ളതിന്റെ പിന്‍ബലത്തില്‍ ഡ്രൈവേഴ്സ് സ്റ്റാന്‍ഡേര്‍ഡില്‍ ഞാന്‍ ഒന്നുരണ്ട് നല്ലവര്‍ത്തമാനം അവളെ പറഞ്ഞ് എന്റെ വൊക്കാബുലറിയുടെ ആഴം തെളിയിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ഒരു മാലാഖയെപ്പോലെ കഠാരി രംഗപ്രവേശം ചെയ്തത്... വന്നപാടെ എന്റെ കൈക്കു പിടിച്ചിട്ടു പറഞ്ഞു...
"ജുബനെ...വേണ്ടാ.... പ്രതികാരം ...ഈഷ്ഷ്വരനുള്ളതാ..."
".............ങ്ഹേ...................???!!!"
ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്റ്റക്കായിപ്പോയി.... ഇത് കഠാരി തന്നെയോ..?
"ഇങ്ങു വാ.... പറയട്ടെ...."
                  ഒന്നിനും കഴിയാതെ വാപൊളിച്ചു നിന്നു പോയ എന്നെ കഠാരി കൈക്കു പിടിച്ചുവലിച്ചു നേരെ വീട്ടിലേക്കു കൊണ്ട് കയറ്റി... മമ്മിയും പപ്പയുമെല്ലാം വന്ന്‌ എന്നെ ഓരോന്നു പറഞ്ഞ് തണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.. പക്ഷേ കഠാരിയുടെ വ്യതസ്തമായ അപ്രോച്ച് എന്നിലുണ്ടാക്കിയ ഷോക്കു കാരണം ഞാന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല... കഠാരി വീണ്ടും എന്തൊക്കെയോ പറഞ്ഞിട്ട് ഒരു ബീഡിയുമെടുത്ത് കത്തിച്ച് ചാടിച്ചാടി നടന്നു പോയി... അപ്പുറത്ത് ഞാന്‍ നടത്തിക്കൊണ്ടിരുന്ന ഭരണിപ്പാട്ടിന്റെ രണ്ടാം റൗണ്ട് ആരോ ഏറ്റെടുത്തിരിക്കുന്നു. കഠാരിയുടെ പത്നീമണി ചെല്ലമ്മയാണെന്നു തോന്നുന്നു... ആ വകുപ്പില്‍ ചെല്ലമ്മയുടെ എടുത്താല്‍ പൊങ്ങാത്ത കൈമുട്ടു കൊണ്ട് കൊച്ചുമോളുടെ മുതുകത്ത് "ധകിന്‍.. ധകിന്‍.." എന്നു രണ്ടു കീറും കിട്ടി... കൊച്ചുമോള്‍ ഹാപ്പിയായി അകത്തു കയറി വാതിലടച്ചു എന്നെയും കുടുംബത്തെയും നാട്ടുകാരെ ഒന്നടങ്കവും ഇല്ലാതാക്കാനുള്ള പ്രാര്‍ത്ഥനയാരംഭിച്ചു... പ്രാര്‍ത്ഥനയ്ക്കിടയില്‍ കരഞ്ഞു ശല്യം ചെയ്താല്‍ എടുത്തു ഭിത്തിയിലേക്കെറിയുമെന്ന്‌ രണ്ടുവയസ്സുള്ള കൊച്ചിനെ ഭീഷണിപ്പെടുത്തുന്നതും കേട്ടു.
                   ഈ അലമ്പുകള്‍ കാരണം ഒരു ദിവസത്തെ കോളേജില്‍പോക്കു മുടങ്ങിയതിന്റെ സന്തോഷത്തില്‍ ഞാന്‍ വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങിയപ്പോള്‍ വേറെന്തോ ഒരു കശപിശ കേട്ടു. 'കഠാരിബാഗ്' ഭാഗത്തു നിന്നാണ്‌. പതിയെ ഒന്നെത്തിനോക്കി... ആരാണോ..എന്തോ.. നല്ല തെറിയും പ്‌രാക്കുമൊക്കെ ഉച്ചത്തില്‍ കേള്‍ക്കാം; നെഞ്ചത്തടിച്ചു കരയുന്നുമുണ്ട്... കഠാരിയുടെ കൂടപ്പിറപ്പും അവിവാഹിതയും വികലാംഗയുമായ കമലയാണത്. (വഴക്കുണ്ടാക്കാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ വഴിക്കു കുറ്റി നാട്ടി അതിനോടു വഴക്കുണ്ടാക്കുന്ന ടൈപ്പൊരു സമാധാനപ്രിയ...)നാട്ടുകാരില്‍ ചിലരൊക്കെ അവിടെക്കൂടിയിരിക്കുന്നു... ഞാനവിടേയ്ക്കു ചെന്നു നോക്കിയപ്പോഴേ എന്റെ ഉള്ളൊന്നു പിടഞ്ഞു... കമലയുടെ ആകെ സമ്പാദ്യമായ ഒന്നരസെന്റ് സ്ഥലത്തെ വാഴക്കൃഷിയാകെ വെട്ടി നശിപ്പിച്ചിരിക്കുന്നു... നല്ല കരുത്തുള്ള വാഴകളായിരുന്നു അവ... കൂമ്പുവന്നു തുടങ്ങിയിരുന്നുതാനും... എന്നാലും ഇതാരപ്പാ ഈ കടുംകൈ ചെയ്തത്...? ഇനി അച്ചുമാമനെങ്ങാനും ഈവഴി വന്നോ..? (ആ കാലഘട്ടത്തിലായിരുന്നു മൂപ്പര്‍ക്കും ഇതേ അസുഖമുണ്ടായിരുന്നത്..) എന്റെ സംശയത്തിനുത്തരമെന്നോണം അതു ചെയ്തയാള്‍ എന്റെ മുന്നിലേക്കു വന്നു... ഞാന്‍ ഞെട്ടിപ്പോയി... കഠാരി..!!! കയ്യിലൊരു തുരുമ്പിച്ച വടിവാളുമുണ്ട്... രാവിലെ 'ടാങ്ക് നിറയ്ക്കാന്‍' കാശ് ചോദിച്ചിട്ടു കൊടുക്കാഞ്ഞതിലുള്ള വൈരാഗ്യമായിരുന്നത്രേ ഈ ക്രൂരകൃത്യത്തിനു പിന്നില്‍. എന്നെ ഗാന്ധിമാര്‍ഗ്ഗവും അഹിംസയുമെല്ലാം ഉപദേശിച്ച് ഒരു വഴക്കില്‍ ‍നിന്നും പിന്തിരിപ്പിച്ചതിന്റെ സന്തോഷത്തില്‍ പപ്പ എന്തോ ചില്ലറ കൊടുത്തിരുന്നു മൂപ്പര്‍ക്ക്. അതു ഡൗണ്‍ പേമെന്റാക്കി ബാക്കി ക്രെഡിറ്റ് പറഞ്ഞു ഫുള്‍ടാങ്കടിച്ചതിന്റെ ആഫ്ട്ര്‍ എഫെക്റ്റായിരുന്നു ഈ അക്രമം. ഇതെങ്ങനെയോ അറിഞ്ഞ കമലയുടെ കരച്ചിലിലെ പരാതിയും പരിഭവവും ഞങ്ങളുടെ നേര്‍ക്കായി... അങ്ങനെ വാഴകളുടെ നഷ്ടപരിഹാരവും എന്റപ്പന്റെ കയ്യീന്നു തന്നെ പോയിക്കിട്ടി... പപ്പയുടെ ടൈം ബെസ്റ്റ് ടൈം... താടിക്കു കയ്യും കൊടുത്ത് കിഴക്കോട്ടും നോക്കിയിരിക്കുമ്പോഴും കഠാരിസൂക്തമായിരുന്നു എന്റെയുള്ളില്‍ മുഴങ്ങിയിരുന്നത്...
"പ്രതികാരം.... ഈഷ്ഷ്വരനുള്ളതാ.... ഈഷ്ഷ്വരനു മാത്രം...."


Sunday, October 4, 2009

ബിനോയിയുടെ ചക്കക്കച്ചവടം...ഒരു വ്യാപാരി നേരിട്ട തിരിച്ചടി

"ബിസിനസ്സില്‍ ബിനോയിയെ വെല്ലാനിവിടെ ഒരുത്തനും ജനിച്ചിട്ടില്ലെടാ..." ഈ ഡയലോഗ് കേട്ടവരാരും ഒന്നും മിണ്ടിയില്ല, കാരണം അവര്‍ക്കറിയാം ബിനോയി എന്നാല്‍ ഉഡായിപ്പിനു മനുഷ്യാകാരം കൈവന്ന പ്രതിഭാസമാണെന്ന്‌. കേരളത്തിലെ മലയോരഗ്രാമങ്ങളിലൊന്നാണ്‌ ഇദ്ദേഹത്തിന്റെ വിളയാട്ടം. രാവിലെ ചന്തയില്‍ ബിനോയി പ്രത്യക്ഷപ്പെട്ടാല്‍ കൈനിറയെ പണവുമായേ തിരിച്ചു പോകാറുള്ളൂ എന്നത് എല്ലാവര്‍ക്കുമറിയാം. പ്രത്യേകിച്ച് ഒരു സാധനവും ബിനോയി സ്ഥിരമായി കച്ചവടം ചെയ്യാറില്ല, പക്ഷേ ബിനോയി എന്തു കച്ചവടം ചെയ്താലും ലാഭം ബിനോയിക്കു മാത്രമായിരിക്കും. അങ്ങനെ ലാഭങ്ങളുടെ കണക്കു മാത്രം അറിയാമായിരുന്ന ബിനോയിക്കും ഒരിക്കല്‍ ഒരു പണികിട്ടി... നല്ല അസ്സല്‌ പണി.. പണി കൊടുത്തതാകട്ടെ ചന്തപ്പിള്ളേരും... (ബിനോയിയുടെ ഭാഷയില്‍ 'മാര്‍ക്കെറ്റ് ബോയ്സ്')
             ബിനോയിയുടെ സകല അഹങ്കാരവും അസ്തമിച്ചു പോയ ആ സംഭവം നടന്നതിങ്ങനെ. ഒരു മെയ്മാസം ചന്തയിലെ തന്റെ സ്ഥിരം താവളങ്ങളിലൊന്നായ പഴയൊരു കടമുറിക്കുള്ളിലിരുന്നു കൂട്ടുകാരോടൊപ്പം അല്‍പ്പം 'മിനറല്‍ വാട്ടര്‍' കുടിച്ചു കൊണ്ടിരുന്ന ബിനോയിയോട് ഒരു കൂട്ടുകാരനാണ്‌ പറഞ്ഞത് വീട്ടില്‍ ചക്ക കാരണം ജീവിക്കാന്‍ വയ്യാത്ത അവസ്ഥയായെന്ന്‌.
" എടാ വ്വേ... എന്റെ വീട്ടില്‍ പത്തിരുപത്തഞ്ച് മുട്ടന്‍ പ്ലാവുണ്ട്. അതില്‍ നിന്നെല്ലാം കൂടി ഓരോ അരമണിക്കൂറിലും ഒരു ചക്കയെങ്കിലും വീഴുന്നുണ്ട്... പറമ്പെല്ലാം ആകെ വൃത്തികേടായിത്തുടങ്ങി... ഉടനെ എന്തേലും ചെയ്യണം... ഇല്ലേല്‍ ചക്ക കാരണം നാടു വിട്ടു പോകേണ്ടി വരുമെന്നാ തോന്നുന്നെ..."
കൂട്ടുകാരന്‍ തന്റെ പരാതി അവതരിപ്പിച്ചു. ഉടനെ തന്നെ കേട്ടിരുന്ന മറ്റൊരു കൂട്ടു പൂശകനും അതു ശരിവച്ചു.
അവന്റെ വീട്ടിലും ഇതേ പ്രശ്നം വളരെ മൈനര്‍ ആയി അനുഭവപ്പെടുന്നുണ്ടെന്നു കൂടി കേട്ടതോടെ ബിനോയിയുടെ കണ്ണില്‍ പൂത്തിരി കത്തി...
"അപ്പോ നാട്ടിലെങ്ങും ചക്കയ്ക്കൊരു വിലയുമില്ല അല്ലേ...?"
അതും പറഞ്ഞ് ലോകത്തു കാണാന്‍ കഴിയുന്നതിലേറ്റവും കള്ളത്തരം നിറഞ്ഞ ചിരിയോടെ ബിനോയി ഗ്ലാസ്സ് കാലിയാക്കി ചിറിതുടച്ചു. എന്നിട്ട് പതിയെ ആ മാളത്തില്‍ നിന്നുമിറങ്ങി ചന്തയിലേക്കു ചെന്ന്‌ അവിടവിടെയായി ഓരോരോ തെണ്ടിത്തരങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മാര്‍ക്കെറ്റ് ബോയ്സുമായി എന്തൊക്കെയോ സംസാരിച്ച ശേഷം ഇരുട്ടിലേക്കു മറഞ്ഞു.
                പിറ്റേന്ന്‌ അതിരാവിലെ ആ പ്രദേശത്തുള്ളവര്‍ കാണുന്നത് ഒരു ടാറ്റാ 1210SE  ലോറി നിറയെ ചക്കയുമായി ഓടിച്ചു വരുന്ന ബിനോയിയെയും വണ്ടിയുടെ പിന്നില്‍ ചക്കപ്പുറത്തിരുന്നു കാറ്റും കൊണ്ട് പോകുന്ന ചന്തപ്പിള്ളേരെയുമാണ്‌. ഉച്ചയോടടുത്ത സമയത്ത് കേരളാ-തമിഴ്നാട് അതിര്‍ത്തിയിലും നാട്ടുകാര്‍ ഈ സീന്‍ കണ്ടു. ഒരു ലോറി നിറയെ ചക്കയും ചക്കപ്പുറത്തിരുന്നു യാത്ര ചെയ്യുന്ന ആറേഴു പിള്ളേരും.
അങ്ങനെ തമിഴ്നാട്ടിലെത്തിയ ബിനോയി ആദ്യം ചെയ്തത് ഇരുപത്തഞ്ച് രൂപ ദിവസവാടകയുള്ള ഒരു ലോഡ്ജ് തരപ്പെടുത്തുകയായിരുന്നു. പിള്ളേരെയെല്ലാം വിളിച്ചു കൂട്ടിയ ബിനോയി എല്ലാവരുടെയും കയ്യിലുള്ള പഴ്സ്, വാച്ച്,മാല, മോതിരം തുടങ്ങിയ സ്ഥാവരവും ജംഗമവുമായ സകലമാന സാമാനവും ഊരി വാങ്ങി തന്റെ പെട്ടിക്കുള്ളില്‍ വച്ചു പൂട്ടി. ചെയ്യുന്ന ജോലിക്കുള്ള 'സെക്യൂരിറ്റി ഡിപ്പോസിറ്റെ'ന്നാണ്‌ ഇതിന്‌ ബിനോയി ഇതിനു നല്‍കിയ വിശദീകരണം. അനന്തരം ലോറി വീണ്ടും സ്റ്റാര്‍ട്ടായി... തമിഴ്നാട്ടിലെ റോഡുകളിലൂടെ സഞ്ചരിച്ച ലോറിയില്‍ നിന്നും എല്ലാ ജംക്‌ഷനിലും ഓരോ ചെക്കന്മാരും ഒരു കൂട്ടം ചക്കയും ഇറങ്ങി. പിള്ളേര്‍ക്കെല്ലാം ഓരോ കൊച്ചുപിച്ചാത്തിയും കൊടുത്തു. അങ്ങനെ ചക്കയെല്ലാം ഇറക്കിക്കഴിഞ്ഞപ്പോള്‍ ബിനോയി ഒരു ഓട്ടോറിക്ഷയില്‍ ഒരു പെട്ടി സോഡയും വാങ്ങി വന്നു. എല്ലാവര്‍ക്കും ഈരണ്ട് സോഡ വീതം നല്‍കി. പിള്ളേര്‍ കച്ചവടം തുടങ്ങി. ചുളയൊന്നിന്‌ ഒരു നിശ്ചിത വില വെച്ചാണ്‌ ചക്ക വില്‍ക്കുന്നത്. തമിഴ്നാട്ടില്‍ പവന്റെ വില കൊടുത്തും ചക്ക വാങ്ങാനാളുണ്ടെന്ന്‌ ബിനോയിക്കറിയാമായിരുന്ന സത്യം പിള്ളേരും മനസ്സിലാക്കിത്തുടങ്ങി. അല്‍പ്പം കഴിഞ്ഞ് ബിനോയി വീണ്ടും ഓട്ടോയില്‍ വന്നു എല്ലാവര്‍ക്കും ഓരോ പൊതി നല്‍കി. അതു തുറന്നു നോക്കിയ പിള്ളേര്‍ ബിനോയിയെയും അവന്റെ പൂര്‍വ്വികന്മാരെയും അറഞ്ഞുകുത്തി പ്‌രാകിക്കൊണ്ട് അതിനുള്ളിലെ തണുത്തു വിറങ്ങലിച്ച ദോശയും വളിച്ച സാമ്പാറും തിന്നു പശിയടക്കി. ആര്‍ത്തി മൂത്ത് പിള്ളേരുടെ ചക്ക വാങ്ങിയ തമിഴന്മാര്‍ അതും കടിച്ചുപറിച്ച് കടവായിലൂടെ ചാറുമൊലിപ്പിച്ചു നടന്നു... ഈ തമിഴന്മാരുടെയൊരു ചക്കക്കൊതിയേ...
              അങ്ങനെ വൈകുന്നേരം ഒരു ആറു മണിയായപ്പോഴേക്കും ചക്കയെല്ലാം ഫിനിഷായി. ബിനോയി ഓരോരുത്തരെയായി ലോഡ്ജിനുള്ളിലേക്കു വിളിപ്പിച്ചു. കളക്ഷന്‍ വാങ്ങിയ ശേഷം എല്ലാവരുടെയും ദേഹപരിശോധന നടത്തിയെങ്കിലും അങ്ങേയറ്റം സത്യസന്ധരായ അവരുടെ ശരീരത്തു നിന്നും ഒരു ചില്ലിപ്പൈസാ കൂടി കണ്ടെത്തുവാന്‍ ബിനോയിക്കു കഴിഞ്ഞില്ല. കിട്ടിയ കളക്ഷന്‍ പോരല്ലോ... എന്നൊരു ഭാവവും ബിനോയിയുടെ മുഖത്ത് തെളിഞ്ഞു നിന്നു. എങ്കിലും സ്വന്തം ബുദ്ധിസാമര്‍ത്ഥ്യത്തെയും കരുതല്‍ നടപടികളെയുമോര്‍ത്ത് അവന്‍ ക്രൂരമായി പുഞ്ചിരിച്ചു. പിള്ളേര്‍ ദുഃഖഭാവത്തില്‍ കയ്യും കെട്ടി നില്‍ക്കവേ റൂം വെക്കേറ്റ് ചെയ്തു വന്ന ബിനോയി എല്ലാര്‍ക്കും നൂറ്റമ്പതു രൂപ വീതം നല്‍കി. പിന്നെ ലോറിയിലേറാന്‍ കല്‍പന... ഒരക്ഷരം മിണ്ടാതെ എല്ലാരും ലോറിക്കു നേരെ നീങ്ങി... ചക്കയൊഴിഞ്ഞെങ്കിലും പശയൊഴിയാത്ത കാലി പ്ലാറ്റ്ഫോമിലേക്ക് ഓരോരുത്തരും അവരവരുടെ ചന്തിയുറപ്പിച്ചു ഫിക്സ് ചെയ്തു. ഇനി ഗട്ടറില്‍ ചാടിയാലെന്നല്ല ലോറി മറിഞ്ഞാലും അനങ്ങില്ല.
നേരം വെളുക്കാറായപ്പോള്‍ തിരികെ നാട്ടിലെത്തിയ ലോറിയില്‍ നിന്നും വളരെ കഷ്ടപ്പെട്ട് താഴെയിറങ്ങിയ മാര്‍ക്കെറ്റ് ബോയ്സ് ചക്കയരക്കുണങ്ങാത്ത ചന്തികളുമായി അവരവരുടെ മാളങ്ങളിലേക്കോടി മറഞ്ഞു.
അന്നേ ദിവസം പകല്‍ ബിനോയിയോ പിള്ളേരോ ചന്തയില്‍ പ്രത്യക്ഷപ്പെട്ടില്ല. കാരണം എല്ലാരും നന്നേ ക്ഷീണിച്ചിരുന്നു. എന്നാല്‍ അതിന്റെ പിറ്റേന്നു മുതല്‍ എല്ലാം സാധാരണനിലയിലേക്കു മടങ്ങിവന്നു. ബിനോയിയുടെ ക്രൂരതകളെപ്പറ്റി പിള്ളേര്‍ പറയുന്ന കരളലിയിക്കുന്ന കഥകള്‍ (പട്ടിണി കിടന്നതും വെയിലു കൊണ്ടതും ചന്തിക്കു ചക്കയരക്ക് പറ്റിയതുമൊക്കെ..) മാത്രം ചന്തയുടെ അന്തരീക്ഷത്തില്‍ ഒഴുകി നടന്നു.
          ഏകദേശം മൂന്നു ദിവസം കഴിഞ്ഞ് ഒരു പകല്‍... ബിനോയി പതിവു പോലെ ചന്തയില്‍ കടമുറിക്കുള്ളില്‍ കൂട്ടുകാരായ കുറെ കൂതറകളോട് തന്റെ വീരകൃത്യങ്ങള്‍ കൊട്ടിഘോഷിക്കുന്ന കര്‍ത്തവ്യത്തിലേര്‍പ്പെട്ടിരിക്കുന്നു. ഒരു പെഗ്ഗ് ഒഴിച്ചത് കുടിക്കാതെ ഗ്ലാസ്സ് കയ്യില്‍പ്പിടിച്ചാണ്‌ പ്രസംഗം. കുറെയകലെ മാര്‍ക്കെറ്റ് ബോയ്സ് ഏതെങ്കിലും അരിലോറിയോ ഏത്തക്കുല കയറ്റാനുള്ള വണ്ടിയോ വരുന്നതും കാത്തിരുന്നു ചീട്ടുകളിക്കുന്നു. അപ്പോളതാ പോസ്റ്റ്മാന്‍ വരുന്നു... ഓരോ പിള്ളേരെയും പേരെടുത്തു വിളിക്കുന്നു... 'അഡ്രസ്സില്ലാത്തവന്മാരായ' ഇവന്മാര്‍ക്കും കത്തയക്കുന്നതാരെടാ എന്ന സംശയത്തോടെ ബിനോയിയും കൂട്ടരും അങ്ങോട്ടേയ്ക്കു പാളി നോക്കി. അവന്മാര്‍ ഓരോരുത്തരും പോസ്റ്റ്മാന്റെ കയ്യിലിരിക്കുന്ന ഒരു പേപ്പറില്‍ ഒപ്പിടുന്നു, പണം വാങ്ങുന്നു...!!! കച്ചവടം കഴിഞ്ഞ മീന്‍കാരന്റെ കുട്ട പോലെ തുറന്നു പിടിച്ച വായില്‍ ഈച്ചകള്‍ കൂട്ടമായി കയറിത്തുടങ്ങിയപ്പോഴാണ്‌ ബിനോയിയുടെ കൂട്ടുകാര്‍ക്ക് സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയുമൊക്കെ പ്രസന്റ് ടെന്‍സിലേക്കു മടങ്ങിവന്നത്.
"പ്ധിം...ഛ്‌ലും."
ഒരു ശബ്ദം കേട്ടാണ് കൂട്ടുകാര്‍ തിരിഞ്ഞു നോക്കിയത്. നോക്കുമ്പോഴതാ വീരശൂരപരാക്രമിയായ ബിനോയി ബോധവും പോയി കാലും വാരി താഴെക്കിടക്കുന്നു. കയ്യിലിരുന്ന ഗ്ലാസ്സ് തറയില്‍ വീണു ബ്രാണ്ടി സഹിതം ചിതറിയിരിക്കുന്നു... ബിനോയിയെ ഉണര്‍ത്താന്‍ ആരോ മുഖത്തു സോഡയൊഴിച്ചു കൊടുക്കുമ്പോള്‍ ദൂരെയൊരിടത്ത് കൂട്ടം കൂടിയ മാര്‍ക്കെറ്റ് ബോയ്സാകട്ടെ കയ്യില്‍ കിട്ടിയ കാശിന്‌ എന്തു വാങ്ങണമെന്ന ചര്‍ച്ചയുടെ തിരക്കിലായിരുന്നു.
.
.
മാര്‍ക്കെറ്റ് സോങ്ങ്: പിള്ളേര്‍ എങ്ങനെ കാശടിച്ചു മാറ്റിയെന്നോ, എങ്ങനെ മണിയോര്‍ഡര്‍ അയച്ചുവെന്നോ ഒക്കെയുള്ള ചോദ്യങ്ങള്‍ക്ക് ബിനോയി ഇന്നും ഉത്തരം കണ്ടുപിടിച്ചിട്ടില്ല
Thursday, October 1, 2009

കഠാരി ഗോവിന്ദന്‍ കഥകള്‍ - ഒന്നാം ഖണ്ഡം

കഠാരി എന്ന പേരു കേട്ടിട്ട് ആളൊരു ഗുണ്ടയോ ക്വൊട്ടേഷന്‍ ടീമിലെ അംഗമോ ആണെന്നു ധരിച്ചെങ്കില്‍ തെറ്റി. കക്ഷി ബേസിക്കലി വളരെ പാവം. ('എസ് കത്തി' പോലുമല്ല.) ഉണക്കപ്പയറു പോലെയുള്ള അരോഗദൃഡഗാത്രനാണെങ്കിലും താനൊരു മിനി അര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗറാണെന്നു കരുതാനുള്ള ഹൃദയവിശാലത. 'കോംപ്ലെക്ഷന്‍ ഡാര്‍ക്ക്' ആണെങ്കിലും 'ജെറ്റ് ബ്ലാക്ക്' അല്ല... ഒരുതരം 'ഗ്ലോസ്സി ഡാര്‍ക്ക് ബ്രൗണ്‍' എന്നു പറയാം. ആകെക്കൂടി ഒന്നരക്കിലോ തൂക്കം വരുന്ന കൂര്‍ത്ത തലയ്ക്കിരുവശവും എഴുന്നു നില്‍ക്കുന്ന എതാനും മുടിയിഴകള്‍ വിശാലമായ നെറ്റിത്തടത്തിനു വഴിമാറിക്കൊടുത്തിരിക്കുന്നു… അണ്ണാന്‍ ചകിരി കടിച്ചുപിടിച്ചിരിക്കുന്നതു പോലെയുള്ള ലോകത്താരെയും അനുസരണമില്ലാത്ത മീശ… ഒട്ടിയ കവിളുകളും ഓഞ്ഞ താടിയെല്ലും. ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുന്ന നീണ്ട കഴുത്ത് വന്നു നില്‍ക്കുന്നതാവട്ടെ എല്ലുകള്‍ തെളിഞ്ഞ തോളുകള്‍ക്കു നടുവിലും. ഒടിഞ്ഞു തൂങ്ങിയമാതിരിയുള്ള മെലിഞ്ഞ കൈകള്‍. വാരിയെല്ലുകള്‍ വലനെയ്ത നെഞ്ചിനു താഴെയായി ഒരു കൊച്ചു കുടം കമഴ്ത്തിയതു പോലെയുള്ള തിളങ്ങുന്ന വയറിനു മീതെ മടക്കിക്കുത്തിയ നീല ലുങ്കി… പുറത്തുകാണാവുന്ന തരത്തില്‍ ധരിച്ചിരിക്കുന്ന വരയന്‍ അണ്ടര്‍വെയറിലൂടെ താഴേയ്ക്കു വരുന്ന കാലുകള്‍ കണ്ടാല്‍ അവ മനുഷ്യന്റേതല്ലെന്നു തോന്നിപ്പോകും. കയ്യിലെപ്പോഴും ഒരു കെട്ടു ബീഡിയുണ്ടാവും, ലൈവായി ഒരെണ്ണം ചുണ്ടത്തും… ചാടിച്ചാടിയുള്ള വരവു കണ്ടാല്‍ അന്തരീക്ഷത്തിലൂടെ ഒരു അദൃശ്യ സൈക്കിള്‍ ചവിട്ടി വരുന്നെന്നേ തോന്നൂ…
എന്നും ചെലുത്തുന്ന കള്‍സിന്റെ 'പാരാമീറ്റെര്‍ വേരിയേഷന്‍’ അനുസരിച്ച് വ്യത്യസ്തതയുള്ള കലാപരിപാടികള്‍ കാഴ്ചവയ്ക്കുന്ന പ്രതിഭ… അയ്യപ്പബൈജുവിനെപ്പോലെ പില്‍ക്കാലത്ത് പ്രശസ്തരായ പലരുടെയും ടെക്സ്റ്റ്ബുക്ക്. ഇതൊക്കെ അദ്ദേഹത്തിന്റെ ചില സ്പെസിഫിക്കേഷനുകള്‍ മാത്രം.

         കഠാരി ഗോവിന്ദന്‍ അഥവാ പൊടിയന്‍ ഗോവിന്ദന്‍ ഇരുപതാം നൂറ്റാണ്ടു കണ്ടതിലേറ്റവും വ്യതസ്തനായ ഒരു മഹദ്‌വ്യക്തിയായിരുന്നു. കുട്ടനാട്ടിലെ എടത്വായ്ക്കടുത്ത് കളങ്ങര എന്ന ഞങ്ങളുടെ കൊച്ചു (കു)ഗ്രാമം മുതല്‍ അങ്ങ് അമേരിക്കയിലെ ഹൂസ്റ്റണിലും ഫിലദെല്‍ഫിയയിലുമൊക്കെ വരെ ആരാധകരുള്ള ഒരു താരം.
               ഇദ്ദേഹത്തിന്‌ കഠാരി എന്ന വിളിപ്പേരു വരാനുണ്ടായ കാരണത്തെപ്പറ്റി നാട്ടുകാര്‍ക്കിടയില്‍ പല കഥകളുണ്ട്. അതില്‍ ജെനുവിന്‍ ആയ സംഭവമിതാണ്‌. ഏകദേശം നാലു പതിറ്റാണ്ടു മുന്‍പ് വിവാഹാനന്തര വിരുന്നുസല്‍ക്കാരങ്ങള്‍ക്കായി ഭാര്യവീട്ടിലേക്കു പോയ കക്ഷിക്കു സ്ഥലം പെരുത്തിഷ്ടപ്പെട്ടു. "ശ്വശുരഗ്രഹേ പരമസുഖം..." എന്നൊക്കെ അദ്ദേഹമവിടെയിരുന്നു ഇടയ്ക്കിടെ ആത്മഗതം ചെയ്തെങ്കിലും അതു മനസ്സിലാക്കാനാന്‍ തക്ക കപ്പാസിറ്റിയൊന്നും അക്ഷരവൈരികളായ അവര്‍ക്കില്ലായിരുന്നു. അങ്ങനെ വിരുന്നുവാസം വിജയകരമായ രണ്ടാം വാരത്തിലേക്കു പ്രവേശിച്ചപ്പോഴാണ്‌. സ്ഥലത്തില്ലാതിരുന്ന ഏതാനും ചെറുപ്പക്കാര്‍ നവവരനെ പരിചയപ്പെടാനെത്തിയത്. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ തന്റെ യോഗ്യതകള്‍ വിശദീകരിച്ച് വരന്‍ നടത്തിയ ലഘുപ്രസംഗത്തില്‍ താനൊരു കുപ്രസിദ്ധ റൗഡിയാണെന്നും കളരി, മര്‍മ്മാണി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം നേടിയിട്ടുമുണ്ടെന്നും വിനയപുരസ്സരം പ്രസ്താവിച്ചു. തന്റെ വട്ടപ്പേര്‌ "കഠാരി ഗോവിന്ദന്‍" എന്നാണെന്നുള്ള നിര്‍ദ്ദോഷമായ വസ്തുത കൂടി കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല. (ഇങ്ങനെയൊക്കെപ്പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരമെന്താണ്‌ എന്നത് ഇന്നും അജ്ഞാതമാണ്‌). യുവാക്കള്‍ക്ക് ഹരമായി. തങ്ങളുടെ പുതിയ ഹീറോ ആയ കഠാരിയെ സല്‍ക്കരിക്കാന്‍ അവര്‍ മത്സരിച്ചു. പിറ്റേന്ന് വൈകിട്ട് നല്ല പട്ടച്ചാരായവും കോഴിയിറച്ചിയുമൊന്നിച്ചു സമ്മേളിച്ച ഒരു ഈവ്നിംഗ് പാര്‍ട്ടിയില്‍ വെച്ച് ശ്രീമാന്‍ കഠാരി അടിച്ചു പൂസായി. കള്ളും ആക്സസ്സറീസുമൊക്കെ കൊണ്ടുവന്നവരുടെ തന്തയ്ക്കും തള്ളയ്ക്കും തരവഴിക്കുമെല്ലാം നിര്‍ലോഭം പുലഭ്യം പറഞ്ഞു. മര്‍മ്മാണിയല്ലേ... വല്ലതും മിണ്ടിക്കഴിഞ്ഞാല്‍ ഇങ്ങേരെങ്ങാനും മര്‍മ്മത്തു ചൂണ്ടിയാലോ... പിന്നെ ഫ്രോസണ്‍ ഇമേജായി ശിഷ്ടകാലം ജീവിക്കേണ്ടി വരുമല്ലോ എന്നൊക്കെയുള്ള ഭയം കാരണം ആരുമൊന്നും മിണ്ടിയില്ല. എന്നാല്‍ കളി കൈവിട്ടുപോയിത്തുടങ്ങിയെന്ന്‌ സഹൃദയന്മാര്‍ക്കു മനസ്സിലായത് കഠാരി ശരീരോപദ്രവം തുടങ്ങിയപ്പോഴാണ്‌. ഒരുത്തനെ കുപ്പി കൊണ്ടെറിഞ്ഞ കഠാരി അടുത്തവന്റെ മുഖത്താകെ കോഴിക്കറിയുടെ ചാറു തേച്ചുപിടിപ്പിച്ചു. (നാടുവിട്ടുപോയ ആ നിര്‍ഭാഗ്യവാനെ കണ്ടെത്താന്‍ കുറെ അലയേണ്ടി വന്നെന്നും കേട്ടു) മൂന്നാമത്തവന്റെ മീശയില്‍ വിളക്കിന്റെ തിരിനാളം ചേര്‍ത്ത് അവിടമാകെ കരിച്ചു കളഞ്ഞപ്പോഴേക്കും കഠാരി ആകെക്കൂടി ഒരു സാച്ചുറേറ്റഡ് സാഡിസ്റ്റായി മാറിക്കഴിഞ്ഞിരുന്നു. എന്തിനേറെപ്പറയുന്നു, അദ്ദേഹത്തിന്റെ പീഢനങ്ങള്‍ക്കിരയായവരും ഇരയാകാന്‍ കാത്തിരുന്നവരുമായ യുവാക്കള്‍ സഹികെട്ട് തിരിച്ചടിച്ചു…. മര്‍മ്മാണിഗുരുക്കളെ അവര്‍ ചവിട്ടിക്കൂട്ടി ഭിത്തിയില്‍ പറ്റിച്ചു..! എല്ലാരും പോയെന്നുറപ്പായപ്പോള്‍ കിടക്കുന്ന കിടപ്പില്‍ മൂപ്പര്‍ ഉറക്കെ വിളിച്ചുപറഞ്ഞു

"പിള്ളേരായിപ്പോയി...ഇല്ലേല്‍ കാണിച്ചു തരാമായിരുന്നു.. ങ്ഹാ..."
ശ്രീമാന്‍ കഠാരി ഈ വീരകൃത്യങ്ങളെല്ലാം നിര്‍വ്വഹിച്ചു സ്വവസതിയില്‍ മടങ്ങിയെത്തുന്നതിനു മുമ്പേ ആ പേര്‌ ഞങ്ങളുടെ നാട്ടില്‍ പാട്ടായിരുന്നു. അങ്ങനെ പൊടിയന്‍ ഗോവിന്ദന്‍ കഠാരി ഗോവിന്ദനായി.
ഇങ്ങനെയൊക്കെയാണെങ്കിലും കഠാരി ഒരു 'മള്‍ട്ടിടാസ്ക്ക് പെര്‍ഫോമിംഗ്' സര്‍വ്വകലാവല്ലഭനായിരുന്നു. ഒരേ സമയം ഞങ്ങളുടേതടക്കം മൂന്നു വീടുകളുടെ പി.ആര്‍.ഓ. (ഗള്‍ഫുകാര്‍ക്കു വേണ്ടി മന്ദൂബ് എന്നും പറയാം.) ആയ കഠാരി ചില ദിവസങ്ങളില്‍ കാണിച്ചുകൂട്ടുന്ന വിക്രിയകള്‍ക്ക് ഞങ്ങള്‍ കനത്ത വില കൊടുക്കേണ്ടി വന്നിട്ടുമുണ്ട്. കക്ഷി എന്റെ വീട്ടിലെയും കൂടി കാര്യസ്ഥനായിരുന്നെന്നു പറഞ്ഞല്ലോ. രാവിലെ ഞങ്ങളുണരുന്നതു തന്നെ പുള്ളിക്കാരന്റെ മുരടനക്കല്‍ കേട്ടുകൊണ്ടാവും. പിന്നെ പിതാശ്രീയും കക്ഷിയും അന്നത്തെ അജന്‍ഡ തയ്യാറാക്കല്‍, കട്ടന്‍കാപ്പി കുടിക്കല്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മുഖാമുഖം പരിപാടി. ഇടയ്ക്ക് നാട്ടിലെവിടെയെങ്കിലുമുള്ള ഏതെങ്കിലുമൊരു വീട്ടിലെ ആരെയെങ്കിലും പരാമര്‍ശിക്കുന്നതോടെ ചര്‍ച്ച ആവഴിക്കു നീങ്ങുകയായി. പിന്നെ അവരുടെ കുടുംബചരിത്രമെഴുതാന്‍ പാകത്തിലുള്ള വിശേഷങ്ങള്‍. ഏന്റെ അപ്പനും കൂടെ ചര്‍ച്ചിക്കുന്ന ഈ മൊതലിനും നാട്ടുകാരുടെ ഇത്രയധികം വിപുലമായ ഒരു ഡേറ്റാബേസ് ഉണ്ടെന്നുള്ളത് ഈ ചര്‍ച്ചകളിലൂടെയാണെനിക്കു മനസ്സിലായത്.
ഇങ്ങനെയൊക്കെ തുടങ്ങുന്ന മിക്ക ദിവസങ്ങളിലും ഉച്ചയോടുകൂടി മിസ്റ്റര്‍ കഠാരി അപ്രത്യക്ഷനാവും. പിന്നെ പൊങ്ങുന്നത് ശശിയുടെ ഷാപ്പിലായിരിക്കും. ഇറങ്ങുമ്പോള്‍ തന്റെ അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ നിന്നും വിസാ/മാസ്റ്റര്‍/അമെക്സ് കാര്‍ഡുകളിലേതെങ്കിലുമൊരെണ്ണമെടുത്ത് നീട്ടുന്ന സ്റ്റൈലില്‍ ഒരു കൊച്ചു ഡയറി ശശിയുടെ മേശയിലേക്കു നിരക്കി വെക്കും. തനിക്കു തോന്നിയ ഏതെങ്കിലുമൊരു ത്രീ ഡിജിറ്റ് എമൗണ്ട് എഴുതി കടമ നിര്‍വ്വഹിച്ച ചാരിതാര്‍ത്ഥ്യത്തില്‍ ശശി സാധനം തിരിച്ചു കൊടുക്കുകയും ചെയ്യും. ഇനിയാണ്‌ യഥാര്‍ത്ഥ കഠാരി ആരാണെന്നു നമ്മള്‍ അറിയാന്‍ പോകുന്നത്. ഷാപ്പില്‍ നിന്നും സുമാര്‍ ഇരുന്നൂറ്‌ വാര നീങ്ങുമ്പോഴേക്കും 'ഓഫ്‌റോഡര്‍' (റോഡില്‍ നിന്നും മാറി വേലിയിലാവുന്ന അവസ്ഥ) ആയി മാറുന്ന കഠാരി അല്‍പം കൂടി കഴിയുമ്പോള്‍ 'ഫോര്‍വീല്‍ഡ്രൈവിലേക്ക്'(നാലുകാലില്‍ എന്നൊക്കെ വിവരമില്ലാത്ത ഫൂള്‍സ് പറയും)മാറും. പിന്നെ ഒടുക്കത്തെ റോഡ്ഗ്രിപ്പാണ്‌. അദ്ദേഹം സ്വവസതിയെ ലക്‌ഷ്യമാക്കി ഹിമാലയന്‍ റാലി നടത്തും. ഈ റാലിയില്‍ 'പിറ്റ്‌സ്റ്റോപ്പു'കളുണ്ടാവും.. പക്ഷേ 'ചെക്കേര്‍ഡ് ഫ്ലാഗ്' കാണുമ്പോഴേക്കും അതു ഞങ്ങള്‍ക്കു പണിയായിട്ടുണ്ടാവും...
               ഓരോ ദിവസത്തെയും കഥകള്‍ ഞാന്‍ എഴുതി വെച്ചിരുന്നെങ്കില്‍ എനിക്ക് ആയുഷ്കാലം മുഴുവനും ഓടിക്കാന്‍ പറ്റിയ ഒരു ടോപ്പ് റാങ്ക്‌ഡ് മെഗാസീരിയല്‍ നിര്‍മ്മിക്കാമായിരുന്നു എന്നത് ഇപ്പോളൊരു നഷ്ടബോധത്തോടെ ഓര്‍ക്കുന്നു. ഓര്‍മ്മയില്‍ നിന്നൊരിക്കലും മായാത്ത ചില അനുഭവങ്ങളുണ്ട്, പിന്നാലെ പറയാം. കാത്തിരിക്കുക... ഞാനും കാത്തിരിക്കും.. നിങ്ങളുടെ വാക്കുകള്‍ക്കായി..

അടുത്ത പോസ്റ്റ്: കഠാരി ഗോവിന്ദനും ഗാന്ധിമാര്‍ഗ്ഗവും അല്‍പം അഹിംസയും