Sunday, October 4, 2009

ബിനോയിയുടെ ചക്കക്കച്ചവടം...ഒരു വ്യാപാരി നേരിട്ട തിരിച്ചടി

"ബിസിനസ്സില്‍ ബിനോയിയെ വെല്ലാനിവിടെ ഒരുത്തനും ജനിച്ചിട്ടില്ലെടാ..." ഈ ഡയലോഗ് കേട്ടവരാരും ഒന്നും മിണ്ടിയില്ല, കാരണം അവര്‍ക്കറിയാം ബിനോയി എന്നാല്‍ ഉഡായിപ്പിനു മനുഷ്യാകാരം കൈവന്ന പ്രതിഭാസമാണെന്ന്‌. കേരളത്തിലെ മലയോരഗ്രാമങ്ങളിലൊന്നാണ്‌ ഇദ്ദേഹത്തിന്റെ വിളയാട്ടം. രാവിലെ ചന്തയില്‍ ബിനോയി പ്രത്യക്ഷപ്പെട്ടാല്‍ കൈനിറയെ പണവുമായേ തിരിച്ചു പോകാറുള്ളൂ എന്നത് എല്ലാവര്‍ക്കുമറിയാം. പ്രത്യേകിച്ച് ഒരു സാധനവും ബിനോയി സ്ഥിരമായി കച്ചവടം ചെയ്യാറില്ല, പക്ഷേ ബിനോയി എന്തു കച്ചവടം ചെയ്താലും ലാഭം ബിനോയിക്കു മാത്രമായിരിക്കും. അങ്ങനെ ലാഭങ്ങളുടെ കണക്കു മാത്രം അറിയാമായിരുന്ന ബിനോയിക്കും ഒരിക്കല്‍ ഒരു പണികിട്ടി... നല്ല അസ്സല്‌ പണി.. പണി കൊടുത്തതാകട്ടെ ചന്തപ്പിള്ളേരും... (ബിനോയിയുടെ ഭാഷയില്‍ 'മാര്‍ക്കെറ്റ് ബോയ്സ്')
             ബിനോയിയുടെ സകല അഹങ്കാരവും അസ്തമിച്ചു പോയ ആ സംഭവം നടന്നതിങ്ങനെ. ഒരു മെയ്മാസം ചന്തയിലെ തന്റെ സ്ഥിരം താവളങ്ങളിലൊന്നായ പഴയൊരു കടമുറിക്കുള്ളിലിരുന്നു കൂട്ടുകാരോടൊപ്പം അല്‍പ്പം 'മിനറല്‍ വാട്ടര്‍' കുടിച്ചു കൊണ്ടിരുന്ന ബിനോയിയോട് ഒരു കൂട്ടുകാരനാണ്‌ പറഞ്ഞത് വീട്ടില്‍ ചക്ക കാരണം ജീവിക്കാന്‍ വയ്യാത്ത അവസ്ഥയായെന്ന്‌.
" എടാ വ്വേ... എന്റെ വീട്ടില്‍ പത്തിരുപത്തഞ്ച് മുട്ടന്‍ പ്ലാവുണ്ട്. അതില്‍ നിന്നെല്ലാം കൂടി ഓരോ അരമണിക്കൂറിലും ഒരു ചക്കയെങ്കിലും വീഴുന്നുണ്ട്... പറമ്പെല്ലാം ആകെ വൃത്തികേടായിത്തുടങ്ങി... ഉടനെ എന്തേലും ചെയ്യണം... ഇല്ലേല്‍ ചക്ക കാരണം നാടു വിട്ടു പോകേണ്ടി വരുമെന്നാ തോന്നുന്നെ..."
കൂട്ടുകാരന്‍ തന്റെ പരാതി അവതരിപ്പിച്ചു. ഉടനെ തന്നെ കേട്ടിരുന്ന മറ്റൊരു കൂട്ടു പൂശകനും അതു ശരിവച്ചു.
അവന്റെ വീട്ടിലും ഇതേ പ്രശ്നം വളരെ മൈനര്‍ ആയി അനുഭവപ്പെടുന്നുണ്ടെന്നു കൂടി കേട്ടതോടെ ബിനോയിയുടെ കണ്ണില്‍ പൂത്തിരി കത്തി...
"അപ്പോ നാട്ടിലെങ്ങും ചക്കയ്ക്കൊരു വിലയുമില്ല അല്ലേ...?"
അതും പറഞ്ഞ് ലോകത്തു കാണാന്‍ കഴിയുന്നതിലേറ്റവും കള്ളത്തരം നിറഞ്ഞ ചിരിയോടെ ബിനോയി ഗ്ലാസ്സ് കാലിയാക്കി ചിറിതുടച്ചു. എന്നിട്ട് പതിയെ ആ മാളത്തില്‍ നിന്നുമിറങ്ങി ചന്തയിലേക്കു ചെന്ന്‌ അവിടവിടെയായി ഓരോരോ തെണ്ടിത്തരങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മാര്‍ക്കെറ്റ് ബോയ്സുമായി എന്തൊക്കെയോ സംസാരിച്ച ശേഷം ഇരുട്ടിലേക്കു മറഞ്ഞു.
                പിറ്റേന്ന്‌ അതിരാവിലെ ആ പ്രദേശത്തുള്ളവര്‍ കാണുന്നത് ഒരു ടാറ്റാ 1210SE  ലോറി നിറയെ ചക്കയുമായി ഓടിച്ചു വരുന്ന ബിനോയിയെയും വണ്ടിയുടെ പിന്നില്‍ ചക്കപ്പുറത്തിരുന്നു കാറ്റും കൊണ്ട് പോകുന്ന ചന്തപ്പിള്ളേരെയുമാണ്‌. ഉച്ചയോടടുത്ത സമയത്ത് കേരളാ-തമിഴ്നാട് അതിര്‍ത്തിയിലും നാട്ടുകാര്‍ ഈ സീന്‍ കണ്ടു. ഒരു ലോറി നിറയെ ചക്കയും ചക്കപ്പുറത്തിരുന്നു യാത്ര ചെയ്യുന്ന ആറേഴു പിള്ളേരും.
അങ്ങനെ തമിഴ്നാട്ടിലെത്തിയ ബിനോയി ആദ്യം ചെയ്തത് ഇരുപത്തഞ്ച് രൂപ ദിവസവാടകയുള്ള ഒരു ലോഡ്ജ് തരപ്പെടുത്തുകയായിരുന്നു. പിള്ളേരെയെല്ലാം വിളിച്ചു കൂട്ടിയ ബിനോയി എല്ലാവരുടെയും കയ്യിലുള്ള പഴ്സ്, വാച്ച്,മാല, മോതിരം തുടങ്ങിയ സ്ഥാവരവും ജംഗമവുമായ സകലമാന സാമാനവും ഊരി വാങ്ങി തന്റെ പെട്ടിക്കുള്ളില്‍ വച്ചു പൂട്ടി. ചെയ്യുന്ന ജോലിക്കുള്ള 'സെക്യൂരിറ്റി ഡിപ്പോസിറ്റെ'ന്നാണ്‌ ഇതിന്‌ ബിനോയി ഇതിനു നല്‍കിയ വിശദീകരണം. അനന്തരം ലോറി വീണ്ടും സ്റ്റാര്‍ട്ടായി... തമിഴ്നാട്ടിലെ റോഡുകളിലൂടെ സഞ്ചരിച്ച ലോറിയില്‍ നിന്നും എല്ലാ ജംക്‌ഷനിലും ഓരോ ചെക്കന്മാരും ഒരു കൂട്ടം ചക്കയും ഇറങ്ങി. പിള്ളേര്‍ക്കെല്ലാം ഓരോ കൊച്ചുപിച്ചാത്തിയും കൊടുത്തു. അങ്ങനെ ചക്കയെല്ലാം ഇറക്കിക്കഴിഞ്ഞപ്പോള്‍ ബിനോയി ഒരു ഓട്ടോറിക്ഷയില്‍ ഒരു പെട്ടി സോഡയും വാങ്ങി വന്നു. എല്ലാവര്‍ക്കും ഈരണ്ട് സോഡ വീതം നല്‍കി. പിള്ളേര്‍ കച്ചവടം തുടങ്ങി. ചുളയൊന്നിന്‌ ഒരു നിശ്ചിത വില വെച്ചാണ്‌ ചക്ക വില്‍ക്കുന്നത്. തമിഴ്നാട്ടില്‍ പവന്റെ വില കൊടുത്തും ചക്ക വാങ്ങാനാളുണ്ടെന്ന്‌ ബിനോയിക്കറിയാമായിരുന്ന സത്യം പിള്ളേരും മനസ്സിലാക്കിത്തുടങ്ങി. അല്‍പ്പം കഴിഞ്ഞ് ബിനോയി വീണ്ടും ഓട്ടോയില്‍ വന്നു എല്ലാവര്‍ക്കും ഓരോ പൊതി നല്‍കി. അതു തുറന്നു നോക്കിയ പിള്ളേര്‍ ബിനോയിയെയും അവന്റെ പൂര്‍വ്വികന്മാരെയും അറഞ്ഞുകുത്തി പ്‌രാകിക്കൊണ്ട് അതിനുള്ളിലെ തണുത്തു വിറങ്ങലിച്ച ദോശയും വളിച്ച സാമ്പാറും തിന്നു പശിയടക്കി. ആര്‍ത്തി മൂത്ത് പിള്ളേരുടെ ചക്ക വാങ്ങിയ തമിഴന്മാര്‍ അതും കടിച്ചുപറിച്ച് കടവായിലൂടെ ചാറുമൊലിപ്പിച്ചു നടന്നു... ഈ തമിഴന്മാരുടെയൊരു ചക്കക്കൊതിയേ...
              അങ്ങനെ വൈകുന്നേരം ഒരു ആറു മണിയായപ്പോഴേക്കും ചക്കയെല്ലാം ഫിനിഷായി. ബിനോയി ഓരോരുത്തരെയായി ലോഡ്ജിനുള്ളിലേക്കു വിളിപ്പിച്ചു. കളക്ഷന്‍ വാങ്ങിയ ശേഷം എല്ലാവരുടെയും ദേഹപരിശോധന നടത്തിയെങ്കിലും അങ്ങേയറ്റം സത്യസന്ധരായ അവരുടെ ശരീരത്തു നിന്നും ഒരു ചില്ലിപ്പൈസാ കൂടി കണ്ടെത്തുവാന്‍ ബിനോയിക്കു കഴിഞ്ഞില്ല. കിട്ടിയ കളക്ഷന്‍ പോരല്ലോ... എന്നൊരു ഭാവവും ബിനോയിയുടെ മുഖത്ത് തെളിഞ്ഞു നിന്നു. എങ്കിലും സ്വന്തം ബുദ്ധിസാമര്‍ത്ഥ്യത്തെയും കരുതല്‍ നടപടികളെയുമോര്‍ത്ത് അവന്‍ ക്രൂരമായി പുഞ്ചിരിച്ചു. പിള്ളേര്‍ ദുഃഖഭാവത്തില്‍ കയ്യും കെട്ടി നില്‍ക്കവേ റൂം വെക്കേറ്റ് ചെയ്തു വന്ന ബിനോയി എല്ലാര്‍ക്കും നൂറ്റമ്പതു രൂപ വീതം നല്‍കി. പിന്നെ ലോറിയിലേറാന്‍ കല്‍പന... ഒരക്ഷരം മിണ്ടാതെ എല്ലാരും ലോറിക്കു നേരെ നീങ്ങി... ചക്കയൊഴിഞ്ഞെങ്കിലും പശയൊഴിയാത്ത കാലി പ്ലാറ്റ്ഫോമിലേക്ക് ഓരോരുത്തരും അവരവരുടെ ചന്തിയുറപ്പിച്ചു ഫിക്സ് ചെയ്തു. ഇനി ഗട്ടറില്‍ ചാടിയാലെന്നല്ല ലോറി മറിഞ്ഞാലും അനങ്ങില്ല.
നേരം വെളുക്കാറായപ്പോള്‍ തിരികെ നാട്ടിലെത്തിയ ലോറിയില്‍ നിന്നും വളരെ കഷ്ടപ്പെട്ട് താഴെയിറങ്ങിയ മാര്‍ക്കെറ്റ് ബോയ്സ് ചക്കയരക്കുണങ്ങാത്ത ചന്തികളുമായി അവരവരുടെ മാളങ്ങളിലേക്കോടി മറഞ്ഞു.
അന്നേ ദിവസം പകല്‍ ബിനോയിയോ പിള്ളേരോ ചന്തയില്‍ പ്രത്യക്ഷപ്പെട്ടില്ല. കാരണം എല്ലാരും നന്നേ ക്ഷീണിച്ചിരുന്നു. എന്നാല്‍ അതിന്റെ പിറ്റേന്നു മുതല്‍ എല്ലാം സാധാരണനിലയിലേക്കു മടങ്ങിവന്നു. ബിനോയിയുടെ ക്രൂരതകളെപ്പറ്റി പിള്ളേര്‍ പറയുന്ന കരളലിയിക്കുന്ന കഥകള്‍ (പട്ടിണി കിടന്നതും വെയിലു കൊണ്ടതും ചന്തിക്കു ചക്കയരക്ക് പറ്റിയതുമൊക്കെ..) മാത്രം ചന്തയുടെ അന്തരീക്ഷത്തില്‍ ഒഴുകി നടന്നു.
          ഏകദേശം മൂന്നു ദിവസം കഴിഞ്ഞ് ഒരു പകല്‍... ബിനോയി പതിവു പോലെ ചന്തയില്‍ കടമുറിക്കുള്ളില്‍ കൂട്ടുകാരായ കുറെ കൂതറകളോട് തന്റെ വീരകൃത്യങ്ങള്‍ കൊട്ടിഘോഷിക്കുന്ന കര്‍ത്തവ്യത്തിലേര്‍പ്പെട്ടിരിക്കുന്നു. ഒരു പെഗ്ഗ് ഒഴിച്ചത് കുടിക്കാതെ ഗ്ലാസ്സ് കയ്യില്‍പ്പിടിച്ചാണ്‌ പ്രസംഗം. കുറെയകലെ മാര്‍ക്കെറ്റ് ബോയ്സ് ഏതെങ്കിലും അരിലോറിയോ ഏത്തക്കുല കയറ്റാനുള്ള വണ്ടിയോ വരുന്നതും കാത്തിരുന്നു ചീട്ടുകളിക്കുന്നു. അപ്പോളതാ പോസ്റ്റ്മാന്‍ വരുന്നു... ഓരോ പിള്ളേരെയും പേരെടുത്തു വിളിക്കുന്നു... 'അഡ്രസ്സില്ലാത്തവന്മാരായ' ഇവന്മാര്‍ക്കും കത്തയക്കുന്നതാരെടാ എന്ന സംശയത്തോടെ ബിനോയിയും കൂട്ടരും അങ്ങോട്ടേയ്ക്കു പാളി നോക്കി. അവന്മാര്‍ ഓരോരുത്തരും പോസ്റ്റ്മാന്റെ കയ്യിലിരിക്കുന്ന ഒരു പേപ്പറില്‍ ഒപ്പിടുന്നു, പണം വാങ്ങുന്നു...!!! കച്ചവടം കഴിഞ്ഞ മീന്‍കാരന്റെ കുട്ട പോലെ തുറന്നു പിടിച്ച വായില്‍ ഈച്ചകള്‍ കൂട്ടമായി കയറിത്തുടങ്ങിയപ്പോഴാണ്‌ ബിനോയിയുടെ കൂട്ടുകാര്‍ക്ക് സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയുമൊക്കെ പ്രസന്റ് ടെന്‍സിലേക്കു മടങ്ങിവന്നത്.
"പ്ധിം...ഛ്‌ലും."
ഒരു ശബ്ദം കേട്ടാണ് കൂട്ടുകാര്‍ തിരിഞ്ഞു നോക്കിയത്. നോക്കുമ്പോഴതാ വീരശൂരപരാക്രമിയായ ബിനോയി ബോധവും പോയി കാലും വാരി താഴെക്കിടക്കുന്നു. കയ്യിലിരുന്ന ഗ്ലാസ്സ് തറയില്‍ വീണു ബ്രാണ്ടി സഹിതം ചിതറിയിരിക്കുന്നു... ബിനോയിയെ ഉണര്‍ത്താന്‍ ആരോ മുഖത്തു സോഡയൊഴിച്ചു കൊടുക്കുമ്പോള്‍ ദൂരെയൊരിടത്ത് കൂട്ടം കൂടിയ മാര്‍ക്കെറ്റ് ബോയ്സാകട്ടെ കയ്യില്‍ കിട്ടിയ കാശിന്‌ എന്തു വാങ്ങണമെന്ന ചര്‍ച്ചയുടെ തിരക്കിലായിരുന്നു.
.
.
മാര്‍ക്കെറ്റ് സോങ്ങ്: പിള്ളേര്‍ എങ്ങനെ കാശടിച്ചു മാറ്റിയെന്നോ, എങ്ങനെ മണിയോര്‍ഡര്‍ അയച്ചുവെന്നോ ഒക്കെയുള്ള ചോദ്യങ്ങള്‍ക്ക് ബിനോയി ഇന്നും ഉത്തരം കണ്ടുപിടിച്ചിട്ടില്ല








3 comments:

Senu Eapen Thomas, Poovathoor said...

ഈ മാര്‍ക്കറ്റ്‌ ബോയിക്ക്‌ എന്നാ തുക ഷെയര്‍ കിട്ടിയെന്ന് പറയാഞ്ഞത്‌ വളരെ മോശമായി പോയി. മണിയോര്‍ഡറിനു ടാക്സ്‌ അടയ്ക്കേണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസ്സാക്കിയതറിഞ്ഞില്ലെ.

കൊള്ളാം. ഇതാണു നമ്മുടെ നാട്ടില്‍ ഒരു റ്റാറ്റയും ബിര്‍ളായും ഉണ്ടാകാത്തത്‌.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

VINOD said...

kollam ketto

കൊച്ചുമുതലാളി said...

നന്നായി :)