Monday, September 20, 2010

ഐസ് വേണോ ഐസ്....

 കുറച്ചുനാൾ മുമ്പ് ഞാനൊന്നു ചാകേണ്ടതായിരുന്നു; എന്റെ പഴയ ചേതക്കും കൊണ്ട്. അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. തിരക്കേറിയ റോഡിൽ ഒരു ഓട്ടോറിക്ഷയുടെ റിയർവ്യൂ മിറർ എന്റെ തോളിലാണു കൊണ്ടത്... അതിനു കാരണക്കാരനായ ഒരു ഓട്ടോക്കാരൻ എന്നെ തെറിയും വിളിച്ച് സംഭവസ്ഥലത്തു നിന്നും തലയൂരി. ഞാനാകട്ടെ പട്ടാപ്പകൽ നഗ്നനായവനെപ്പോലെ പകച്ചുനിന്നു. ശരിക്കും തെറ്റ് അവന്റെ ഭാഗത്താണ്‌.. പക്ഷേ എന്നിട്ടും... ഞാനാകെ വല്ലാതായിപ്പോയി. അന്ന് ഞങ്ങളുടെ പ്രദേശത്ത് കറന്റ് പോയതിനാൽ അല്പം ദൂരെയുള്ള ഒരു സുഹൃത്തായ ബിനുവിന്റെ വീട്ടിലെ കമ്പ്യൂട്ടറിൽ ചില അടിയന്തിര വർക്കുകൾ ചെയ്യാൻ പോകുന്ന വഴിയായിരുന്നു ഞാൻ. അവിടെച്ചെന്ന് പി.സിയുടെ മുന്നിലിരിക്കുമ്പോഴും ആ അഹങ്കാരിയായ ഓട്ടോക്കാരന്റെ മുഖമായിരുന്നു എന്റെ മനസ്സിൽ. തിരിച്ചൊന്നും പറയാൻ പോലും പറ്റാഞ്ഞതിന്റെ വിഷമം വേറെയും. ഏതായാലും പോട്ടെ... അവനു കിട്ടാനുള്ളത് കിട്ടിക്കോളും... ഞാൻ സമാധാനിക്കാൻ ശ്രമിച്ചു. ഞാൻ വർക്ക് തുടങ്ങി.
* * * *
സമയം രാത്രി രണ്ടര. ഇപ്പോഴാണ്‌ പണിയെല്ലാമൊന്നൊതുങ്ങിയത്. ബിനുവിന്‌ ചില നിർദ്ദേശങ്ങളും നൽകി ഞാൻ ഇറങ്ങാനൊരുങ്ങുമ്പോൾ വാതിലിൽ ഒരു മുട്ട്... ഇതാരപ്പാ ഈ നേരത്ത്..? ഞങ്ങൾ മുഖത്തോടു മുഖം നോക്കി... അവൻ പതിയെ പീപ്‌ഹോളിലൂടെ പുറത്തേക്കു നോക്കി... പെട്ടെന്ന് അത്ഭുതത്തോടെ വാതിൽ തുറന്നു...
“ആഹാ... ടീച്ചറമ്മയായിരുന്നോ... എന്നാ ഈ നേരത്ത്...?”
വാതിൽക്കൽ നിന്നിരുന്ന വൃദ്ധയോടവൻ ചോദിച്ചു.
“ശ്ശ്ശ്ശ്...”
അവർ ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്ത് മിണ്ടരുതെന്ന് ആംഗ്യം കാട്ടി... അവർ വീടിനുള്ളിലേക്കു കയറി. എന്നിട്ട് പറഞ്ഞു.
“മോനേ ഞാൻ ഇന്നാളു പറഞ്ഞില്ലായിരുന്നോ എന്റെ മരുമോളുടെ കാര്യം..? മറ്റവൻ വന്നിട്ടുണ്ട്...”
പാവം ടീച്ചറമ്മയുടെ ഏകമകൻ ഗൾഫിലാണ്‌. മകന്റെ ഭാര്യ നാട്ടിലുണ്ട്. നല്ല പെൺകുട്ടിയാണ്‌, പക്ഷേ ഈയിടെയായി എന്തൊക്കെയോ ചുറ്റിക്കളികളുണ്ടോ എന്നൊരു സംശയം ടീച്ചറമ്മ ബിനുവിനോടു പറഞ്ഞിരുന്നു. എങ്കിലും സംശയത്തിനിട നൽകുന്ന ഒന്നും തന്നെ അവളിൽ കാണാതിരുന്നതിനാൽ എല്ലാവരും ടീച്ചറമ്മയുടെ ആശങ്കയെ തള്ളിക്കളഞ്ഞു. അങ്ങനെയിരിക്കെയാണ്‌ ഇപ്പോൾ പ്രതി ഞങ്ങളുടെ മുന്നിലുണ്ടെന്ന് ടീച്ചറമ്മ പറയുന്നത്.
“അങ്ങനെയാണെങ്കിൽ ഇന്നവനെ പിടികൂടണം... നീ വാ...”
ബിനു ആവേശഭരിതനായി... പക്ഷേ എനിക്കെന്തോ ഒരു മടി... എങ്കിലും മനസ്സിലിരുന്ന് ആരോ പറയുന്നു അവന്റെ കൂടെച്ചെല്ലാൻ... ഞാൻ അവരുടെയൊപ്പം നടന്നു.. ബിനുവിന്റെ വീടിനെതിർവശത്തായി അൽപ്പം മാറിയാണ്‌ ടീച്ചറമ്മയുടെ വീട്. ഞാൻ പരിസരമാകെ ഒന്നു നിരീക്ഷിച്ചു. രണ്ടാം നിലയിൽ വെളിച്ചം കാണുന്നുണ്ട്. വീടിന്റെ മുന്നിൽ നിന്നും അൽപ്പം മാറി ഒരു ഓട്ടോറിക്ഷ കിടക്കുന്നു... ജനാലച്ചില്ലിൽ നിഴലുകളനങ്ങുന്നു. ബിനു ഫോണെടുത്ത് ആരെയൊക്കെയോ വിളിച്ച് പതിഞ്ഞസ്വരത്തിൽ സംസാരിക്കുന്നു. മിനിട്ടുകൾക്കുള്ളിൽ അവിടേക്ക് ഞങ്ങളുടെ കൂട്ടുകാർ ഓരോരുത്തരായെത്തിത്തുടങ്ങി. ബിനു എല്ലാവരെയും ടീച്ചറമ്മയുടെ വീടിനു ചൂറ്റും പലഭാഗങ്ങളിലായി വിന്യസിച്ചു. മിനിറ്റുകൾ ഇഴഞ്ഞു നീങ്ങി. പെട്ടെന്ന് കാർഷെഡ്ഡിലെ ലൈറ്റ് തെളിഞ്ഞു. വാതിൽക്കൽ ഒരാൾരൂപം പ്രത്യക്ഷപ്പെട്ടു. അയാൾ പുറത്തേക്കിറങ്ങിയതും ഒരു സ്ത്രീരൂപം കൂടി വാതിൽക്കലെത്തി. പുരുഷകേസരിയെ യാത്രയാക്കി അവൾ അകത്തേക്കു കയറി. നായകൻ നടന്നു റോഡിനടുത്തെത്തിയതും പിടലിക്കൊരു ക്ളിപ്പു വീണതും പെട്ടെന്നായിരുന്നു...
“യ്യോ... ന്റമ്മേ...”
അവന്റെ നിലവിളി... ബിനുവാണ്‌ ടിയാനെ പിടികൂടിയിരിക്കുന്നത്. നല്ല പരിചയമുള്ള ശബ്ദം... ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ... ഞാനൊന്നാലോചിച്ചു. പെട്ടെന്നെനിക്കോർമ്മ വന്നു... ഇതവനാണല്ലോ....രാവിലത്തെ തെറിക്കുട്ടൻ..! അപ്പോഴേക്കും നാട്ടുക്കൂട്ടത്തിന്റെ വിചാരണ തുടങ്ങിക്കഴിഞ്ഞിരുന്നു.
“ആരാ നീ..? എന്തിനിവിടെ വന്നു..? നീയും ഇവളുമായെന്താ ബന്ധം..?..?”
ഇങ്ങനെ ഫ്രെയിം ചെയ്ത എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി അവൻ പറഞ്ഞു.
“ഞാനേയ്... ഐസു വാങ്ങിക്കാൻ വന്നതാ...”
“ങേ..”
ജനക്കൂട്ടത്തിന്‌ കൂട്ട ഞെട്ടൽ...
“ഐസോ... എന്നാത്തിന്‌..? നിന്റെ ................???”
ബാക്കി ഡയലോഗ് അൺപാർലമെന്ററിയായിരുന്നു... അവന്റെ തന്തയും തള്ളയും കുഴിയിലുള്ളവരുമെല്ലാം ഉറക്കമുണർന്നു തുമ്മാൻ പാകത്തിനുള്ളത്. അവന്റെ മുഖത്തു ചോരമയമില്ല...
“അത്... ഒരു സ്മോൾ... അടിക്കാൻ...ഐസ്...“
അവൻ വിക്കി... ഞാൻ മുന്നോട്ടു ചെന്നു.. ഇനി എന്റെ വഹയാകട്ടെ വെടിവഴിപാട്..
”നീ ഈ വീട്ടിൽക്കേറി സ്മോളല്ല ഡബിൾ ലാർജാ അടിച്ചോണ്ടിരുന്നതെന്നു ഞങ്ങൾക്കറിയാം... നാണമില്ലേടാ തെണ്ടീ.... കണ്ടവന്റെ ഭാര്യേടെ കൂടെ... നിന്റെയൊക്കെ സ്മോളടിക്കുന്ന യന്ത്രം പ്രവർത്തിക്കാതാക്കുന്നതു കാണണോടാ..? നീയെന്തോന്നാ എന്നെ രാവിലെ വിളിച്ചത്..? എല്ലാത്തിനും കൂടി ഞാനങ്ങു തരാൻ പോവ്വാ....“
ഞാൻ ഫോമിലായി... ഇത്രയും നേരത്തിനകം അവനെ ആരും കൈവെച്ചിരുന്നില്ല.... അതിന്റെ ആവശ്യമില്ലായിരുന്നു... അവൻ പാതി ചത്തിരുന്നു. ഇതിനിടെ ടീച്ചറമ്മ മരുമോളെയും കൂട്ടി രംഗത്തെത്തി ഉറക്കെ പ്രഖ്യാപിച്ചു...
”കാര്യങ്ങളൊക്കെ ഇവിടം വരെയായ സ്ഥിതിക്ക് ഇനി ഇവൾ നിന്റെ കൂടെക്കഴിയട്ടെ... എന്റെ മോനെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം...“
അവർ അവളെ പിടിച്ചൊരു തള്ളും കൊടുത്തു. കുറേ നേരത്തെ വാഗ്വാദത്തിനു ശേഷം (കട്ടു തിന്നുന്നതു പതിവാക്കിയവരെ പിടികൂടിയാൽ വാഗ്വാദം ഉറപ്പാ...) അവൾ അവന്റെ കൂടെ ഓട്ടോയ്ക്കു നേരേ നടന്നു... ഏയ് ഓട്ടോ എന്ന സിനിമയിലെ ക്ളൈമാക്സ് പോലെ... വണ്ടിയിൽ കയറി സ്റ്റാർട് ചെയ്തപ്പോഴാണു മറ്റൊരു ചതി.... മൂന്നു വീലുകളും ആരോ അഴിച്ചു മാറ്റിയിരിക്കുന്നു... അതു ഞങ്ങളുടെ കൂട്ടത്തിലെ ഏതോ കുരുത്തംകെട്ടവന്മാരുടെ പണിയായിരുന്നു.

* * * *
പിറ്റേന്നു രാവിലെ വീണ്ടും ഞാൻ നമ്മുടെ ഓട്ടോക്കാരനെ കണ്ടു. ചുമ്മാ ചോദിച്ചു
”ഐസു വേണോടാ... ഒരു സ്മോളടിക്കാൻ...????“
അവൻ ഐസായി കൈ കൂപ്പി.

* * * *
പിറ്റേ ആഴ്ച ടീച്ചറമ്മയുടെ മകനെത്തി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു.
അധികം വൈകാതെ നിയമപരമായി ആ ബന്ധം പിരിഞ്ഞു.

* * * *
ഓട്ടോക്കാരൻ വല്യകാര്യത്തിൽ കൂട്ടിക്കൊണ്ടു പോയ പെൺകിളി ഒരു വർഷത്തിനകം മറ്റൊരുത്തനൊപ്പം മറ്റൊരുത്തനൊപ്പം ഒളിച്ചോടി.. അവിടെനിന്നും ഈയിടെ വീണ്ടും വേലിചാടിയ ലവളിപ്പോ ഒരു പൊലീസുകാരന്റെ കഴുത്തിൽ ചുറ്റിയിരിക്കുകയാണെന്നാ കുട്ടനാടന്റെ കിങ്കരന്മാരുടെ റിപ്പോർട്ട്.

2 comments:

Sulfikar Manalvayal said...

"ഠെ"
തേങ്ങ എന്റെ വക ആയ്കോട്ടെ.
മനസിലായി ആളെ പൊക്കിയതിലല്ല രാവിലത്തെ കലിപ്പ് തീര്‍ക്കാനായത്തിലാ സന്തോഷം അല്ലേ.
കൊള്ളാം നന്നായി പറഞ്ഞു കേട്ടോ. അല്ലെങ്കിലും ഇത്തരം കഥകള്‍ കേള്‍ക്കാന്‍ എന്താ രസം

ചാണ്ടിച്ചൻ said...

ജുബിനെ...ഈ കെണിയില്‍ താങ്കള്‍ പെടാതിരുന്നത് ഭാഗ്യം....