Thursday, September 3, 2009

ചെളി പുരണ്ട ജീവിതം... (ഒരു ദുരന്തത്തിന്റെ ബാക്കിപത്രം)

അന്നൊരു ശനിയാഴ്ചയായിരുന്നു. ( കണ്ടകശനി എന്നൊക്കെ പറയാം). കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റ പാടെ പിതാശ്രീയ്ക്ക് ഒരേ നിര്‍ബന്ധം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ജോയിച്ചായന്റെ വീട് വരെ ഒന്നു പോകണം. ഏത് യാത്രയ്ക്കും സാരഥിയാണല്ലോ ഞാന്‍. അതുകൊണ്ട് തന്നെ കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. CPI(M) ന്റെ ആജ്ഞ CPI അനുസരിക്കുന്നതു പോലെ ഞാന്‍ മിണ്ടാതെ ക്രിമ്മാതെ എഴുനേറ്റു ചെന്നു പല്ലും തേച്ചു മുഖവും കഴുകിയ ശേഷം കണ്ണാടിക്ക് മുന്നില്‍ നിന്നു Mr.Bean കാണിക്കുന്നത് പോലെ കുറെ ഗോഷ്ട്ടിയൊക്കെ കാണിച്ചു മുഖവും അവിടുത്തെ എല്ലാ ഭാവങ്ങളും വര്‍ക്കിംഗ് കണ്ടീഷന്‍ ആണെന്ന് ഉറപ്പു വരുത്തി. ഉടനെ തന്നെ പോയി കുളിച്ചു കുട്ടപ്പനായി ഒരുങ്ങി സിംപ്ലനായി ചെന്നു എന്റെ ചേതക്കിന്റെ കിക്കറിനിട്ടു ചവിട്ടി, അവനെയും ഉണര്‍ത്തി. ഉറക്കം പോയതോര്‍ത്ത് എന്നേക്കാള്‍ മൂന്നു വയസ്സിനു മൂത്ത ശകടം എന്നെ അറഞ്ഞുകുത്തി പ്രാകിക്കാണും ( അത് വഴിയേ മനസ്സിലായി..).
വീട്ടില്‍ നിന്നും മെയിന്‍ റോഡിലൂടെ പത്തു പതിനഞ്ച് കിലോമീറ്റര്‍ ഓടിക്കഴിഞ്ഞു ഞങ്ങള്‍ ജോയിച്ചായന്റെ സാമ്രാജ്യത്തിലേക്കുള്ള പഞ്ചായത്ത് വഴിയിലേക്കു തിരിഞ്ഞു. കുറെ നാളായി ആവഴിക്കെങ്ങും പോകാതിരുന്നത് കാരണം വഴിയുടെ ഭീകരാവസ്ഥ എനിക്കത്ര പിടിയില്ലായിരുന്നു. ഏകദേശം ഒരു മൂന്നു കിലോമീറ്റര്‍ മുന്നോട്ട് ചെന്നപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. ഏതാണ്ട് ഒന്നരയടി താഴ്ചയില്‍ ചെളി മാത്രം പായസം പോലെ കുഴഞ്ഞു കിടക്കുന്ന വഴി. പിതാശ്രീയെ ഞാന്‍ പ്രതിഷേധം അറിയിച്ചു. പക്ഷെ അദ്ദേഹം പോളിറ്റ് ബ്യൂറോയെപ്പോലെ കടുംപിടുത്തം പിടിച്ചു നിന്നു. അപ്പോഴാണ്‌ ഞാന്‍ മറ്റൊരു സുന്ദര ദൃശ്യം കണ്ടത്. ചെളിക്കുഴിയില്‍ ഇറങ്ങാതെ വഴിയുടെ ഇരുവശത്തുമായി തെളിഞ്ഞു നില്ല്ക്കുന്ന തുരുത്തുകളിലൂടെ സര്‍ക്കസ്സുകാരെപ്പോലെ ശ്രദ്ധാപൂര്‍വ്വം ചുവടു വെച്ചു നീങ്ങുന്ന സ്കൂള്‍/കോളേജ് 'കളേഴ്സ്'. ഇവരുടെ മുന്‍പില്‍ എന്റെ riding experience കാണിച്ചു കൊടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ പ്രതിഷേധം പ്രഹസനമായി. ഞങ്ങള്‍ രണ്ടു മനുഷ്യാത്മാക്കളെയും വഹിച്ചു കൊണ്ടു എന്റെ കിഴവന്‍ ചേതക് ചെളി കൊണ്ടുണ്ടാക്കിയ സ്വിമ്മിംഗ്പൂളിലേക്കിറങ്ങി. സൈലെന്സര്‍ പോലും ചെളിയില്‍ പൂണ്ടു പോകുന്ന രീതിയിലുള്ള ഒരു യാത്ര. എവിടെയെങ്കിലും കാലുകുത്തേണ്ടി വന്നാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അക്രമമായിപ്പോയില്ലേ... എന്നൊരു സംശയം എന്റെ തലച്ചോറിനെ മാന്തിപ്പറിച്ചു തിന്നാന്‍ ശ്രമിക്കുന്നു. അങ്ങനെ ഓട്ടോ പൈലെറ്റ് മോഡില്‍ നീങ്ങുമ്പോഴാണ് ടൈറ്റാനിക് മുങ്ങാനിടയാക്കിയ മഞ്ഞുമല പോലെ ഒരു വില്ലന്‍ എന്റെ ചേതക്കിനു മുന്നിലവതരിച്ചത്. ചെളിയില്‍ മുങ്ങിക്കിടന്നിരുന്ന ചെറിയൊരു പാറക്കഷണം... അത് ധാരാളം മതിയായിരുന്നു എന്റെ വിധി മറ്റൊന്നാക്കാന്‍... സംഭവിക്കുന്നതെന്താണെന്ന് മനസ്സിലാക്കുന്നതിനു മുന്‍പുതന്നെ എന്റെ ശകടം ഒരുവശം കുത്തി മറിഞ്ഞു... ഞാന്‍ ചെളിയില്‍ പൂണ്ടു. കണ്ണിനു മുന്‍പില്‍ ചെളിമറ, മൂക്കില്‍ ചെളിമണം, വായില്‍ ചെളിയുടെ സ്വാദ്... വണ്ടി എന്റെ കാലിനു മുകളില്‍ കിടക്കുന്നതിനാല്‍ എഴുന്നേല്‍ക്കാനും പറ്റുന്നില്ല. പിതാജി എവിടെപ്പോയോ ആവോ... ചെളിയില്‍ വീണിട്ടില്ല എന്നുറപ്പാണ്. ഒരുതരത്തില്‍ ഞാന്‍ കാല് വലിച്ചൂരി... (ആയിനത്തില്‍ കാലില്‍ കിടന്ന ഹാഫ് ഷൂ നഷ്ട്ടപെട്ടു.) ആകെ മുങ്ങി നിവര്‍ന്ന ഞാന്‍ ചുറ്റുപാടുമൊന്നു നോക്കി. എവിടെനിന്നൊക്കെയോ അടക്കിപ്പിടിച്ച ചിരികള്‍... എന്റെ അഭ്യാസം കണ്ടു ഫാന്സാകും എന്ന് ഞാന്‍ കരുതിയ പെണ്‍കിടാങ്ങള്‍... എന്‍ജോയ് ചെയ്തു ചിരിക്കുകയാണ്... ( പന്നിക്കുഞ്ഞുങ്ങള്‍... ഇവര്‍ക്കൊക്കെ ഇപ്പൊ എന്താ വേണ്ടേ..? എന്ന് ഇന്നച്ചന്‍ സ്റ്റൈല്‍ ചോദ്യം വായില്‍ വന്നതാണ്... ചെളികാരണം ഔട്പുട്ട് കിട്ടിയില്ലെന്ന് മാത്രം.)
അടുത്തെവിടെയോ വെള്ളം കോരിയൊഴിക്കുന്ന ശബ്ദം... (ഹൊ.. ഭാഗ്യം... ചെവിയില്‍ മാത്രം ചെളി കേറിയിട്ടില്ല.)
ശബ്ദം കേട്ടിടത്തോട്ടു നോക്കിയപ്പോള്‍ കണ്ടത്... എന്റെ പിതാശ്രീയെ കുറെയാളുകള്‍ ചേര്ന്നു വഴിയരികിലെ ഒരു വീടിന്റെ മുന്നിലുള്ള കിണറ്റിന്‍കരയിലിരുത്തി വെള്ളമൊഴിച്ചു കൊടുക്കുന്നു... പുള്ളിക്കാരന്‍ തന്റെ ഡബിള്‍ മുണ്ടിലെ ചെളി കഴുകിക്കളയാന്‍ ശ്രമിക്കുന്നു. എനിക്ക് കലിയടക്കാനായില്ല... ഞാന്‍ എങ്ങനെയോ ചെളിയിലൂടെ കാലും വലിച്ചു അങ്ങോട്ട് ചെന്നു. കളിമണ്‍പ്രതിമ പോലെയുള്ള എന്റെ വരവ് കണ്ടു ആരോ കൊച്ചുകുട്ടികള്‍ കാറിക്കോണ്ടോടുന്നത് കണ്ടു ഞാന്‍ അമ്പരന്നു... ദൈവമേ.. ഇത്രയ്ക്ക് ഭീകരമാണോ എന്റെ രൂപം... പെട്ടെന്ന് ആ വീടിന്റെ മുന്‍ഭാഗത്തുള്ള ജനാലയുടെ ഗ്ലാസ്സില്‍ ഒരു മിന്നായം പോലെ ഞാനെന്റെ വിശ്വരൂപം കണ്ടു... ഉള്ളത് പറഞ്ഞാല്‍ ഞാനും പേടിച്ചു പോയി... (പിള്ളേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...) ഉടനെ നാട്ടുകാരില്‍ ഒരാള്‍ ഒരു ബക്കറ്റ് വെള്ളവുമായി വന്നു. രാജീവ് ഗാന്ധിയുടെ പൂര്‍ണ്ണകായപ്രതിമ പോലെ നിന്നിരുന്ന എന്റെ തലവഴി വെള്ളം കമഴ്ത്തി. അങ്ങനെ പത്തു പതിനഞ്ച് ബക്കറ്റ് വെള്ളം വേണ്ടി വന്നു എന്റെ യഥാര്ത്ഥ രൂപം തെളിഞ്ഞു തുടങ്ങാന്‍. ഏതാണ്ട് ഒരുമണിക്കൂറോളം നീണ്ടു നിന്ന കഴുകല്‍ മഹാമഹത്തിനൊടുവില്‍ ഞാന്‍ ഏകദേശം സാധാരണ മനുഷ്യനായി രൂപാന്തരപ്പെട്ടു.
ഇതിനോടകം എന്റെ ഓഫ് വൈറ്റ് നിറമുള്ള പാന്റ്സ് കാവിമുണ്ട്‌ പോലെയായിക്കഴിഞ്ഞിരുന്നു. പോക്കറ്റിലുണ്ടായിരുന്ന നോക്കിയയ്ക്ക്‌ ഭാരം കൂടി. പഴ്സിലുണ്ടായിരുന്ന ഇന്ത്യന്‍ കറന്‍സി മറ്റേതോ രാജ്യത്തെ നോട്ടു പോലെയായി. (മഹാത്മാ ഗാന്ധിയുടെ ചിത്രത്തില്‍ മുടിവരച്ചു ചേര്‍ത്തതുപോലെ ചെളി ഒട്ടിപ്പിടിച്ചതാണ് അങ്ങനെ തോന്നാന്‍ കാരണം.)
ഒടുവില്‍ യാത്ര തുടരാന്‍ തീരുമാനിച്ച ഞങ്ങള്‍ ചേതക്കിനെ അന്വേഷിച്ചു ചെന്നപ്പോള്‍ റഷ്യയുടെ കുര്സ്ക് മുങ്ങിക്കപ്പല്‍ മുങ്ങിയത് പോലെ സംഗതി മുങ്ങിപ്പോയിരുന്നു. പിന്നെ അവനെയും പൊക്കിയെടുത്തു കുളിപ്പിച്ചു. കുറെനേരത്തെ അധ്വാനത്തിന് ശേഷം പുള്ളി സ്റ്റാര്‍ട്ട് ആയി. നല്ലവരായ നാട്ടുകാര്‍ക്ക് നന്ദി പറഞ്ഞു നീങ്ങുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു... "ഇനി അപ്പനല്ല അപ്പൂപ്പന്‍ പറഞ്ഞാലും ഈ വഴി ഞാന്‍ വരില്ല..."

3 comments:

a c h u s a said...

jubin,
kadhapathrangal ippozhum jeevichirikkunnu.kuttanaattil chennal kadara govindan kathiyedukkum sookshicho...
sasi yude shappil ippo nalla kallu kittoolla ennoru parathy undu

Jubin Jacob Kochupurackan said...

സുഹൃത്തേ.. കഠാരി ഗോവിന്ദന്‍ ദിവംഗതനായിട്ട് ഇപ്പോള്‍ നാല് വര്‍ഷം കഴിഞ്ഞു. പിന്നെ കള്ളിനെക്കുറിച്ചുള്ള പരാതി ഞാന്‍ ശശിയെ നേരിട്ടറിയിച്ചേക്കാം.. എന്താ..?

Sulfikar Manalvayal said...

പ്രിയ ജുബിന്‍.....
എഴുതാപുറം വായിക്കരുതെന്നാ..
പക്ഷെ എന്ത് ചെയ്യും. വായിച്ചു പോയില്ലേ.
ദോഹ മീറ്റ്‌ റിപ്പോര്‍ട്ട്‌ കണ്ടാ കയറിയത്. നന്നായി.
പിന്നെ തോന്നി തുടക്കം മുതല്‍ വായിച്ചു കളയാമെന്നു.
പ്രൊഫൈല്‍ നോക്കിയപ്പോള്‍ ഒന്നും കൂടെ മനസിലായി . ഇതേ എന്നെപോലെ വെറും "കടലാസ് പുലി" അല്ല എന്ന്.
ശരിക്കും പുലിയാ കേട്ടോ. പുപ്പുലി. അതിനാല്‍ തന്നെ പിന്തുടര്ചാവകാശം നേടിയിട്ടുണ്ട് ഞാന്‍.
ചെളി പുരണ്ട ജീവിതം. നന്നായി. കാണാം ഇനിയും.