Thursday, September 3, 2009

ഓണം ഗ്രഹപ്പിഴകള്‍.

പോസ്റ്റിന്റെ പേരു വായിച്ചിട്ടു വെറുതേ ബേജാറാവണ്ട. ഒരു ഹതഭാഗ്യന്റെ (ഞാന്‍ തന്നെ...) വിലാപമാണതെന്നു കരുതിയാല്‍ മാത്രം മതി. നൈറ്റ്ഡ്യൂട്ടിയും കഴിഞ്ഞ് നേരേ റൂമിലെത്തി കമ്പ്യൂട്ടറില്‍ കുത്തിക്കളിക്കുമ്പോളാണ് ഇന്നു തിരുവോണമാണല്ലോ ദൈവേ...മറന്നുപോയല്ലോ എന്നൊക്കെയുള്ള ആത്മഗതത്തോടു കൂടിയ ഞെട്ടല്‍ ഉണ്ടായത്. ഇന്നലെ വൈകിട്ടെപ്പോഴോ അല്‍പ്പം ചോറുണ്ടതാണ്. വിശന്നിട്ടാണേല്‍ കണ്ണും മൂക്കുമൊന്നും കാണുന്നില്ല. എന്തെങ്കിലും വാങ്ങാമെന്നു വെച്ചാലോ റമസാന്‍ കാരണം ഹോട്ടലെല്ലാം അടവ്. "ഈസരാ... പെട്ടല്ലോ.." വേറേ വഴിയില്ലാതെ വന്നപ്പോള്‍ അവിടെയിരുന്ന് എന്നെ നോക്കി പല്ലിളിച്ച 'ഏഴിന്റെ വെള്ളം'(7-അപ്പ് തന്നെ പുള്ളേ..)എടുത്ത് ജെയിംസ് ബോണ്ട് വോഡ്ക മാര്‍ട്ടിനി കുടിക്കുന്ന ഗമയില്‍ തൊള്ളയിലേക്കൊഴിച്ചു. വിശപ്പ് വര്‍ദ്ധിപ്പിക്കുന്ന ഓണാശംസകള്‍ കാണാനുള്ള മനക്കട്ടി തല്‍ക്കാലമില്ലാത്തതു കൊണ്ട് (ഓരോരോ സാമദ്രോഹികള്‍ നല്ല കിടിലന്‍ സദ്യയുടെ പടമുള്ള മെയിലൊക്കെ അയക്കുമെന്നേ...മനുഷ്യന്റെ മനസ്സമാധാനം കളയാന്‍..) ഏസിയുടെ തണുപ്പു കൂട്ടിയിട്ട് തലവഴി പുതച്ചു മൂടി ഒറ്റക്കിടപ്പങ്ങ് കിടന്നു... ഒരു പത്തു മണിയായപ്പോള്‍ മൊബൈലിന്റെ നിലവിളി. ഉറക്കം പോയ അരിശത്തില്‍ ശബ്ദതാരാവലിയില്‍പ്പോലുമില്ലാത്ത എന്തൊക്കെയോ പറഞ്ഞ് എഴുന്നേറ്റു നോക്കിയപ്പോള്‍ സഹപ്രവര്‍ത്തകനായ പാലാക്കാരന്‍ ജയേട്ടനാണ്. ഓഫീസിലെ എന്തേലും ഗുലുമാലു പണിയുടെ വിവരമറിയാനാവും. "എന്തിനാ വെറുതേ കണ്ട ബലായെല്ലാം വലിച്ചു വെക്കുന്നേ..?" എന്ന് എന്നോടു തന്നെ ചോദിച്ച ഞാന്‍ ഫോണ്‍ സൈലെന്റിലാക്കിയിട്ട് തിരിഞു കിടന്നു. എന്നോടാ കളി... (ഓണമുണ്ണാത്ത വയറേ...ചുരുണ്ടുകൂടിക്കിട... എന്നു പുതുമൊഴി..)
          ഉറക്കക്ഷീണവും വിശപ്പുമെല്ലാം കൂടി എനിക്കു സുഖനിദ്ര തന്നു. വൈകിട്ടെഴുന്നേറ്റ് കുളിയും കഴിഞ്ഞ് 'ഭക്ഷണമുസ്തഫ' (പഴയ ഭക്ഷ്യഅ മന്ത്രി ടി.എച്ച്. മുസ്തഫ അല്ല.. ഇതു ഞങ്ങളുടെ മെസ്സ് മുസ്തഫ)കൊണ്ടു വന്ന ചോറിന്‍പൊതിയഴിച്ച് കപ്പുകുപ്പെന്നു വെട്ടിവിഴുങ്ങിയിട്ട് പുറത്തേക്കിറങ്ങി "ഹ്രാം.." എന്നൊരു ഏമ്പക്കം വിട്ടതു കേട്ട് വഴിയേ പോയ പാക്കിസ്ഥാനികള്‍ പോലും പേടിച്ചു നോക്കുന്നതു ഞാന്‍ കണ്ടു. വൈകിട്ട് ആറുമണിക്കു കിട്ടിയ ഈ ചോറാണ് എന്റെ ഇക്കൊല്ലത്തെ ഓണസദ്യ. "ങ്ഹാ... ഗള്‍ഫില്‍ വന്നാല്‍ ഇതൊക്കെയാ അവസ്ഥ.." ഞാന്‍ മുറുമുറുത്തു. പെട്ടെന്നാണ് മറ്റൊരു കാര്യം ഞാന്‍ ഓര്‍ത്തത്. അല്ലാ ഇതിനു മുന്‍പെപ്പൊഴാണ് ഞാന്‍ തിരുവോണനാളില്‍ സമയത്തു ഭക്ഷണം കഴിച്ചിട്ടുള്ളത്..? ഒന്നു പിന്നിലേക്കു നോക്കട്ടെ. (പിന്നില്‍ ഭിത്തി... )
              അതേ... എല്ലാ ഓണത്തിനും ഞാന്‍ വീട്ടില്‍ നിന്നും അകലെയെവിടെയെങ്കിലുമായിരിക്കും. അതല്ലെങ്കില്‍ ഉച്ചയ്ക്കു തന്നെ എങ്ങോട്ടെങ്കിലും പോകേണ്ടിവരും ഏന്നുള്ളതു കോണ്ട് സമയത്തൊന്നും കഴിക്കാന്‍ കിട്ടില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ 1994ലാണ് എന്റെ ഓര്‍മ്മയിലാകെ ഞാന്‍ സ്വന്തം വീട്ടില്‍ നിന്നു കൃത്യസമയത്ത് തിരുവോണസദ്യ കഴിച്ചത് (അന്നു നല്ല വെള്ളപ്പൊക്കമായിരുന്നു.. പപ്പടവും ബീഫ്കറിയും മോരുമായിരുന്നു പ്രധാന വിഭവങ്ങള്‍. ഞാന്‍ നിറഞ്ഞ മനസ്സോടെ എന്നുമോര്‍ക്കുന്ന ഓണവും അതു തന്നെ). ബാക്കിയൊക്കെ സമയം തെറ്റിയും ചിലപ്പോള്‍ കഴിക്കാന്‍ തന്നെ സാധിക്കാതെയുമൊക്കെയായി കടന്നു പോയ ഓണങ്ങളായിരുന്നു. എറണാകുളത്തുള്ള ബന്ധുക്കളെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന 1995ലെ തിരുവോണദിനം വിശപ്പിന്റെ മണമുള്ള ഒരു യാത്രയുടെ ഓര്‍മ്മകള്‍ തരുന്നു. ഇങ്ങനെയൊക്കെയായാലും ഞാന്‍ വരുമ്പോള്‍ അത് എതു പാതിരാത്രിക്കായാലും ഞങ്ങളുടെ സ്നേഹധനയായ അമ്മ എനിക്കു പ്രത്യേകതാല്‍പര്യത്തോടെ ഊണുവിളമ്പിത്തരുമെന്നത് ഓണസദ്യ നഷ്ടപ്പെട്ടതിന്റെ കോമ്പന്‍സേഷനായി എനിക്കു തോന്നിയിരുന്നുതാനും. 1996 ലാകട്ടെ വീട്ടില്‍ വരുന്ന ഏതോ വിരുന്നുകാരെ വഴികാണിക്കാനായി ചാടിക്കയറിപ്പോയ എനിക്ക് സൈക്കിള്‍ പണിമുടക്കിയതു മൂലം വര്‍ക് ഷോപ്പില്‍ കുത്തിയിരിക്കാനായിരുന്നു നിയോഗം. അതിനിടയില്‍ വിരുന്നുകാര്‍ വഴിതെറ്റാതെ വീട്ടില്‍ വന്ന് ഓണമുണ്ടു മടങ്ങിപ്പോയെന്നതും അവശനായി സൈക്കിളിലേറിച്ചെന്ന എന്നെ പിതാശ്രീ ചീത്തപറഞ്ഞെന്നതും ചരിത്രം. പിന്നീട് 1999ല്‍ വീട്ടില്‍ക്കിടന്ന ഓട്ടോറിക്ഷയുമെടുത്ത് ഓണദിവസം രാവിലെ ഇറങ്ങിപ്പോയ പതിനാറുകാരനായ ഞാന്‍ അന്ന് ഓട്ടോ ഓടിച്ച് ആയിരം രൂപയ്ക്ക് മേല്‍ സമ്പാദിച്ചെങ്കിലും ഉച്ചയ്ക്കൊന്നും കഴിക്കാനും പറ്റിയില്ല, പോരാഞ്ഞ് വൈകിട്ട് തിരികെ വരുമ്പോള്‍ വണ്ടി പഞ്ചറായതു കൊണ്ട് നടന്നു കാലു കുഴയുകയും ചെയ്തു. 2000 ലെ തിരുവോണനാള്‍ ഇതേ വണ്ടി എന്റെ ഡ്രൈവറായിരുന്ന ഒരുത്തന്‍ എവിടെയോ കൊണ്ടുപോയി മറിച്ച് അപകടമുണ്ടാക്കിയെന്ന വാര്‍ത്ത കേട്ട് ജലപാനം പോലുമില്ലാതെ അതിന്റെ പിന്നാലെ അലയാന്‍ പോയ എനിക്ക് ആ ഓണവും കൈവിട്ടുപോയി.2001 മുതല്‍ 2004 വരെയുള്ള ഓണദിവസങ്ങളില്‍ ഏതെങ്കിലും വര്‍ക് ഷോപ്പിലോ കിടക്കുന്ന വണ്ടികളില്‍ പേരും നമ്പറുമൊക്കെ എഴുതുന്ന തിരക്കിലായിരുന്നു ഞാന്‍.(അക്കാലത്ത് എന്റെ പ്രധാന വരുമാനമാര്‍ഗ്ഗവും അതൊക്കെയായിരുന്നു) 2005 ലാകട്ടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നതു കാരണം ബാനര്‍, ചുവരെഴുത്ത്, കട്ടൗട്ട് ഇത്യാദികളുടെ ജോലിയുമായി ഞാന്‍ കൊണ്ടു പിടിച്ച പാച്ചിലായിരുന്നു. കൈനിറയെ കാശ് കിട്ടുന്ന സന്തോഷത്തില്‍ വീട്ടില്‍ നിന്നുള്ള ഒരുപിടിച്ചോറു നഷ്ടപ്പെടുത്തിയതില്‍ ഇപ്പോഴും കുറ്റബോധമുണ്ടെനിക്ക്. 2006 ല്‍ സുഹൃത്തിന്റെ സ്റ്റുഡിയോയില്‍ ചില അത്യാവശ്യജോലികള്‍ ചെയ്യേണ്ടി വന്നതിനാല്‍ തിരുവോണനാളില്‍ രാത്രി പത്തരയ്ക്കാണ് കമ്പ്യൂട്ടറിനു മുന്നില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞത്. അങ്ങനെ ആ ഓണവും സ്വാഹ!.
         2007ല്‍ ഗള്‍ഫിലെത്തിയപ്പോളാണ് ഞാന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ ഓണസദ്യകളെക്കുറിച്ചുള്ള നഷ്ടബോധം എന്നില്‍ തീവ്രമായത്. അങ്ങനെ മലയാളികളായ ചിലസുഹൃത്തുക്കളൊത്ത് ഞങ്ങള്‍ ജോലിസ്ഥലത്ത് സംഘടിപ്പിച്ച ഓണസദ്യ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വിജയമായി. തമിഴര്‍ മുതല്‍ ഉത്തരേന്ത്യക്കാര്‍ എന്നു മാത്രമല്ല അമേരിക്ക, ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ബ്രിട്ടന്‍ എന്നീ രാജ്യക്കാരായ ഏതാനും സഹപ്രവര്‍ത്തകരും ഞങ്ങള്‍ക്കു മുന്നില്‍ നിരന്നിരുന്നു. (ഞങ്ങളുടെ സൂപ്രണ്ടായ ബ്രാഡ്‌ലി സായിപ്പാകട്ടെ‍ അതിനിടയില്‍ സൂപ്പാണെന്നു കരുതി എരിവുള്ള രസം എടുത്തു മോന്തിയിട്ട് കണ്ണുകാണാന്‍ വയ്യാത്ത പരുവത്തില്‍ ഇരിക്കുന്നതു കണ്ട് ഞങ്ങളില്‍ ചിലരെങ്കിലും ഊറിച്ചിരിക്കുന്നതു കണ്ട് ആ ദൃശ്യം ഞാന്‍ ക്യാമറയില്‍ പകര്‍ത്തുകയുമുണ്ടായി. ആ ഫോട്ടോ ഇടയ്ക്കൊക്കെ ഒരു ചിരിക്കു വകനല്‍കാറുണ്ട്)എല്ലാവര്‍ക്കും വിളമ്പിക്കഴിഞ്ഞ് കഴിക്കാനിരുന്നപ്പോള്‍ എനിക്ക് വിശപ്പ് തീരെത്തോന്നിയില്ല. ഇടയ്ക്കെങ്കിലും വീടിനെയോര്‍ത്ത് കണ്ണുകള്‍ സജലമായി. 2008ലെ ഓണക്കാലത്ത് ഖത്തറില്‍ നിന്നും പറന്നെത്തുമ്പോള്‍ വീട്ടിലെല്ലാരും ചേര്‍ന്നുള്ള ഒരോണസദ്യയും എന്റെയൊരു ‍ആഗ്രഹമായിരുന്നു. എന്നാല്‍ തിരുവോണത്തിന്റെ രണ്ടു നാള്‍ മുന്‍പ് എന്റെ അളിയന്‍ ഏതാനും ദിവസം മുന്‍പു വാങ്ങിയ പുതുപുത്തന്‍ ടോയോട്ട ഇന്നോവയുമായെത്തി. എക്സ്ട്രാഫിറ്റിംഗ്സിനെപ്പറ്റി ചര്‍ച്ച അവസാനിച്ചത് "കോയമ്പത്തൂരിനു പോകാം.." എന്ന ഡയലോഗിലായിരുന്നു. അങ്ങനെ തിരുവോണത്തലേന്ന് പുലര്‍ച്ചെ ഒരു മണിയോടെ കോയമ്പത്തൂരിലേക്കു വിട്ട ഞങ്ങള്‍ അന്നു വൈകിട്ടു തന്നെ തിരികെയെത്താമെന്നാണ് കണക്കുകൂട്ടിയിരുന്നത് (മണ്ടന്മാര്‍... ഞാന്‍ പണ്ടേ കണക്കിനു പിന്നോട്ടാ.. അളിയനും അങ്ങനെയാണോ എന്നെനിക്കറിയില്ല.. ചോദിച്ചിട്ട് പറയാം ട്ടൊ..)ഏതായാലും ഞങ്ങള്‍ കോയമ്പത്തൂരില്‍ നിന്നും യാത്രതിരിക്കുമ്പോള്‍ തിരുവോണനാള്‍ രാത്രി പത്തുമണിയായിരുന്നു. അതോടെ വീട്ടില്‍ നിന്നുള്ള ഓണസദ്യ ഇനിയുള്ള ജീവിതത്തിലും എനിക്കു വിധിച്ചിട്ടില്ല എന്നൊരു തോന്നല്‍ എന്റെ മനസ്സില്‍ ബലപ്പെട്ടു തുടങ്ങിയിരുന്നു.
         ഇക്കൊല്ലം ഏതായാലും ഓണത്തിനു നാട്ടില്‍പ്പോകാന്‍ കഴിയില്ലെന്നറിഞ്ഞതു കൊണ്ട് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടിലെത്തിയിരുന്നു. ഒരാഴ്ച വീട്ടില്‍ താമസിച്ചിട്ട് ഉടന്‍ തന്നെ മടങ്ങേണ്ടി വന്നതിന്റെ ചെറിയൊരു നൊമ്പരം മനസ്സിലുണ്ടെങ്കിലും ഞാന്‍ തല്‍ക്കാലം അതു മറക്കുകയാണ്. അല്ലാ.. ഞാനീപ്പറഞ്ഞതൊക്കെ പഴയകാര്യങ്ങളല്ലേ... പുതിയതു കേള്‍ക്കൂ... ഓണപ്പിറ്റേന്ന് ജോലി കഴിഞ്ഞ് ഉറക്കച്ചടവോടെ വീട്ടിലേക്കു പോകാന്‍ നില്‍ക്കുമ്പോളാണ് ഓഫീസിലേക്കു വരികയായിരുന്ന ജയേട്ടനെക്കണ്ടത്. കണ്ടപാടെ മൂപ്പര്‍ തട്ടിക്കയറി... കാര്യമെന്താണെന്നല്ലേ... എന്റെ വില്ലയില്‍ നിന്നും ഒരു വിളിപ്പാടകലെത്താമസിക്കുന്ന ജയേട്ടനും കുടുംബവും ഓണസദ്യയുണ്ണാനായിരുന്നു എന്നെ വിളിച്ചത്. ഞാന്‍ ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ഉറക്കമായിരിക്കുമെന്നു കരുതി അദ്ദേഹം വീട്ടിലേക്കു വന്നുമില്ല. ഇത്രയും സംഗതികളറിഞ്ഞ് ഷോക്കായി നിന്ന ഞാന്‍ ഓരോന്നോര്‍ത്തോര്‍ത്ത് വീണ്ടും വീണ്ടും ഞെട്ടി. മുന്നിലെത്തുന്നതുപോലും തട്ടിത്തെറിപ്പിച്ചു കളയുന്ന വിധിയെ വീട്ടിലേക്കു പോകും വഴി ഞാന്‍ ശപിച്ചുകൊണ്ടേയിരുന്നു. ഞാന്‍ ഓണമുണ്ണാതിരിക്കാനായി കൂടോത്രം ചെയ്തിരിക്കാന്‍ സാധ്യതയുള്ള സകലശത്രുക്കളെയും അറഞ്ഞുകുത്തി പ്‌രാകുകയും കൂടി ചെയ്തപ്പോള്‍ അല്‍പം സമാധാനം തോന്നുന്നുണ്ടെന്ന വിവരവും സസന്തോഷം അറിയിക്കട്ടെ.



ദുരാഗ്രഹം: അടുത്ത ഓണമൊന്നായിക്കോട്ടെ... കാണിച്ചുതരാം..

No comments: