ആരാണ് ബോധിധർമ്മൻ...? ഇതായിരുന്നു ഏഴാം അറിവ് എന്ന സിനിമയുടെ ട്രെയിലറിൽ മുഴങ്ങി നിന്ന ചോദ്യം. എന്നാൽ ആരാണ് മുരുഗദോസ്സ് എന്നാണ് പടം കണ്ടിറങ്ങുന്നവർ ചോദിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ക്രിസ്റ്റഫർ നോളൻ എന്നുപോലും ചിലർ ഇദ്ദേഹത്തെ വാഴ്ത്തുന്നതു കേട്ടിട്ടുണ്ട്. ഗജിനി പോലെയുള്ള സിനിമകൾ ഏറെക്കുറെ ആ അഭിപ്രായത്തെ ശരിവെക്കുന്നതുമായിരുന്നു. എന്നാൽ ഏഴാം അറിവ് അഥവാ സെവെൻത് സെൻസ് എന്നൊരു പേരിട്ട് അവതരിപ്പിച്ച ഈ സിനിമയ്ക്കു പ്രചോദകമായതും വിസ്മൃതിയിൽ മറഞ്ഞുകിടന്നതുമായ ബോധിധർമ്മൻ എന്ന ബുദ്ധസന്യാസിയുടെ കഥ വർത്തമാനകാലത്തോടു ചേർത്തുവെക്കാൻ മനസ്സുകാണിച്ച മുരുഗദോസ്സിന് എന്റെ വക കയ്യടി. കാഞ്ചീപുരത്തെ പല്ലവരാജവംശത്തിൽ പിറന്ന ബോധിധർമ്മൻ സന്യാസം സ്വീകരിച്ചു നാടുവിടുന്നു, പിന്നീട് ചൈനയിലെത്തുന്നു. അവിടെ ഒരു ഗ്രാമത്തിന്റെ എല്ലാമെല്ലാമായി മാറുന്നു. ഇന്നും ബോധിധർമ്മനെ ചൈനീസ് ജനത ആരാധിക്കുന്നു എന്നും മുരുഗദോസ്സ് പറഞ്ഞുവെക്കുന്നു.
ഒരു മനുഷ്യന്റെ ഡി.എൻ.എ എന്നാൽ അവന്റെ സ്വത്വത്തിന്റെയും പാരമ്പര്യത്തിന്റെയും കണങ്ങൾ ഒളിഞ്ഞിരിക്കുന്ന മാന്ത്രികച്ചെപ്പാണെന്ന് ഇന്നത്തെ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുമ്പോളാണ് ബോധിധർമ്മനെപ്പോലെയുള്ള ഒരാളുടെ പുനർജന്മത്തിന്റെ പ്രസക്തി. ഇതിനായി ബോധിധർമ്മന്റെ പിൻതലമുറയെ അന്വേഷിച്ച് ഇറങ്ങിത്തിരിക്കുന്ന ശുഭ (ശ്രുതിഹാസൻ) എന്ന വിദ്യാർത്ഥിനിയുടെ ഗവേഷണരേഖകൾ ചൈനീസ് ഗവണ്മെന്റിനു ലഭിക്കുന്നു. ആ ഉദ്യമത്തെ ഏതുവിധേനയും തടഞ്ഞാലേ രക്ഷയുള്ളൂ എന്നും മനസ്സിലാക്കി അവർ ഡോങ്ങ് ലീ (ജോണി ട്രൈ ന്യൂയെൻ) എന്ന കൊടും ഭീകരനെ സർക്കാർ ചെലവിൽ ഇന്ത്യയിലേക്കയക്കുന്നു. ഹിപ്‌നോട്ടിസത്തിലും കായികാഭ്യാസത്തിലും നിപുണനായ ഡോങ്ങ് ലീ ‘ഓപ്പറേഷൻ റെഡ്’ എന്ന ദൗത്യവുമായി തമിഴ്നാട്ടിലെത്തി ഒരു കറുത്ത ഹമ്മർ എച് 3യിൽ ശുഭയെ കൊല്ല്ലാൻ നടക്കുന്നു. തടയുന്നവരെയൊക്കെ അയാൾ കൊന്നൊടുക്കുന്നു. മറ്റുള്ളവരെ ഹിപ്‌നോട്ടൈസ് ചെയ്ത് അവരെക്കൊണ്ട് തന്റെ എതിരാളികളെ കൊല്ലിക്കുകയാണിയാൾ ചെയ്യുന്നത്. എന്നാൽ നിമിഷനേരം കൊണ്ട് ഹിപ്‌നോട്ടിസത്തിലൂടെ മാർഷ്യൽ ആർട്സും പഠിപ്പിക്കാമോ എന്നു ചോദിച്ചാൽ കഥയിലും ഹിപ്‌നോട്ടിസത്തിലും ചോദ്യമില്ല സർ... കാഞ്ചീപുരം സ്വദേശിയും ബോധിധർമ്മന്റെ പിൻതലമുറക്കാരനുമായ സർക്കസ് കലാകാരൻ അരവിന്ദിനെയും ശുഭയെയും പിന്തുടരുന്ന ഡോങ്ങ് ലീ തിരക്കേറിയ ഒരു തെരുവിൽ വാഹനങ്ങളുപയോഗിച്ച് ഇരുവരെയും കൊല്ലാക്കൊല ചെയ്യുന്ന രംഗം തലയിൽ കൈവെച്ചാണ് കണ്ടത്. (ഇടയ്ക്ക് കണ്ണടഞ്ഞു പോവുകയും ചെയ്തു) ആകെ ഒരു സോംബി സിനിമയുടെ പ്രതീതി. എതിലേയോ പോയ ഒരു പെണ്ണ് ഓടി വന്ന് സൂര്യയുടെ കരണം പുകയ്ക്കുന്ന സീൻ ടെർമിനേറ്റർ എന്ന സിനിമയിൽ നിന്നും ചൂണ്ടിയതല്ലേ എന്നു ചോദിച്ചാൽ, ഇനി ചൂണ്ടിക്കാണിക്കാനേ നേരമുണ്ടാവൂ. ഇത്രയും വൃത്തികെട്ട CGI വർക്കുകൾ സാക്ഷാൽ കെ.ടി.കുഞ്ഞുമോന്റെ പടങ്ങളിൽ പോലും വന്നിട്ടുണ്ടാകില്ല. പീറ്റർ ഹെയ്നിനും ഈ പാതകത്തിൽ പങ്കുണ്ടെന്നു കരുതുന്നു. പറന്നു പോകുന്ന ഓട്ടോറിക്ഷയും കുറെ കാറുകളും... എന്ന കൊടുമൈ സർ...! 85 കോടി.. ങ്‌ഹാ....!
പുരാതനകാലത്തെ ദൃശ്യവൽക്കരിക്കുന്നതിൽ പരാജയപ്പെടാറുള്ള ഇന്ത്യൻ സിനിമയ്ക്കൊരു അപവാദമായാണ് ഏഴാം അറിവിന്റെ തുടക്കത്തിലെ സീനുകൾ കാണുന്നത്. ചൈനീസ് പ്രകൃതിഭംഗി അനന്യസാധാരണമായ മിഴിവോടെ പകർത്തിയ ഛായാഗ്രാഹകൻ രവി.കെ.ചന്ദ്രന് അടുത്ത കയ്യടി.
ബോധിധർമ്മനായും വർത്തമാനകാലത്തെ അരവിന്ദ് എന്ന സർക്കസ് കലാകാരനായും പകർന്നാടിയ സൂര്യയ്ക്കാണ് ഇനി കയ്യടി കൊടുക്കണോ വേണ്ടയോ എന്നാലോചിക്കുന്നത്. കാരണം സാധാരണയിൽ കവിഞ്ഞ് സൂര്യ എന്താണ് ഇതിൽ ചെയ്തിരിക്കുന്നതെന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല. സ്റ്റണ്ടിന്റെ പേരിൽ കയ്യടിക്കണമെന്ന് നിങ്ങൾ വാശിപിടിച്ചാൽ ആ കയ്യടിയുടെ പകുതി സ്റ്റണ്ട് മാഷായ പീറ്റർ ഹെയ്നിനും കൊടുക്കേണ്ടേ എന്നു ഞാൻ ചോദിക്കും.
ആയോധനകലയിലും വൈദ്യശാസ്ത്രത്തിലും അതീന്ദ്രിയജ്ഞാനത്തിലുമൊക്കെ അഗ്രഗണ്യരായിരുന്ന നമ്മുടെ പൂർവ്വികരിലൊരാളായിരുന്നു ബോധിധർമ്മൻ. എങ്കിലും നാം അവരെപ്പോലുള്ളവരെ ഇന്നും വേണ്ടവണ്ണം ഓർക്കുന്നില്ല; അഥവാ ഓർത്താലും അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ല. എന്നാൽ വിദേശികളോടും അവരുടെ പാരമ്പര്യത്തോടും നമ്മൾ കാണിക്കുന്ന അനാവശ്യ ഭക്തി. ഇത്തരം ഇരട്ടത്താപ്പിനെതിരെയാണ് മുരുഗദാസ് വാളോങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതി നല്ല ഒഴുക്കോടെയാണ് പോകുന്നത്. എന്നാൽ നിലവാരമില്ലാത്ത പാട്ടുകൾ കൃത്യമായ ഇടവേളകളിൽ തിരുകിയിരിക്കുന്നതിനാൽ ആ സുഖവും ഇടയ്ക്ക് നഷ്ടപ്പെടുന്നു. (ഹാരിസ് ജയരാജിന്റെ സംഗീതത്തെപ്പറ്റി എഴുതാൻ നിർബ്ബന്ധിക്കരുത്..)
രണ്ടാം പകുതി അനാവശ്യ ധൃതിയോടെയാണോ ചെയ്തിരിക്കുന്നതെന്ന് ഒരു സംശയമില്ലാതില്ല. കാരണം നല്ല രീതിയിൽ പോകേണ്ടിയിരുന്ന കഥ ദുർബലമാകുന്നത് ഇവിടെയാണ്. തിരക്കഥയുടെ ദൃഡത നഷ്ടപ്പെട്ട് ആകെ കുഴഞ്ഞു മറിഞ്ഞാണ് സിനിമ തീരുന്നത്. അവസാനത്തെ സീനിൽ കാണുന്ന സൂര്യയുടെ പ്രസംഗം കൂടിയാവുമ്പോൾ ഒരുപാട് പ്രതീക്ഷകൾ നൽകി മോഹിപ്പിച്ച ഒരു സിനിമയുടെ ദാരുണാന്ത്യമാണ് കാണേണ്ടി വന്നത്.
നന്നായി തുടങ്ങിവെച്ച ഒരു പ്രോജക്ട് എങ്ങനെയൊക്കെയോ തട്ടിക്കൂട്ടി തീർത്ത കഥയാണ് ഏഴാം അറിവെന്ന ചിത്രത്തിനു പിന്നിൽ. അഭിനേതാക്കളിൽ സൂര്യയ്ക്കൊപ്പമെത്താൻ ശ്രുതി ഹാസനായില്ലെന്നു പറയാം. മറ്റ് അഭിനേതാക്കളെക്കാൾ അധികം കയ്യടി നേടുന്നത് ജോണി ട്രൈ ന്യൂയൻ തന്നെയാണ്. നമ്മുടെ സ്വന്തം ഉണ്ടപ്പക്രു അജയകുമാറും സൂര്യയോടൊപ്പം ഇടയ്ക്ക് മിന്നിമായുന്നുണ്ട്. പശ്ചാത്തലസംഗീതം പലപ്പോഴും അരോചകമാണ്. സയൻസ് ഫിക്ഷനായിട്ടും വസ്തുതാപരമായ ചില പിഴവുകളും ഇടയ്ക്കിടെ മുഴച്ചു നിൽക്കുന്നുണ്ടെന്നതും വേണ്ടത്ര തയ്യാറെടുപ്പുകളില്ലാത്തതുകൊണ്ടാവാം. ഹിപ്‌നോട്ടിസം പോലെയുള്ള കാര്യങ്ങളെ അജ്ഞതയോടെയാണ് സമീപിച്ചിരിക്കുന്നതെന്നുറപ്പ്. തിരഞ്ഞെടുക്കുന്ന വിഷയത്തെക്കുറിച്ച് നന്നായി പഠിക്കാതെ സിനിമയെടുക്കരുതെന്ന് വരും കാലത്തെ ഓർമ്മിപ്പിക്കാനെങ്കിലും ഈ ചിത്രത്തിനാവും. 85കോടി രൂപ മുടക്കിയ ഈ സിനിമയുടെ ഗ്രാഫിക്സ് എങ്കിലും നന്നാക്കാമായിരുന്നു. (അതോ ഇനി വില്ലന്റെ ഹമ്മറിന് പെട്രോളടിക്കാനാണോ ബജറ്റിലധികവും ചെലവായത്..?)
കേൾക്കാത്ത പാതി: സിനിമകണ്ട് ചൈനാവിരുദ്ധവികാരമുണർന്ന ചില തമിഴ് മക്കൾ ചൈനീസ് മുഖമുള്ള നേപ്പാളിച്ചെക്കന്മാരെപ്പോലും ആക്രമിക്കുന്നു എന്നാണ് ഒടുവിൽ കേട്ടത്. ഏതായാലും ദീപാവലിക്കു കത്തിച്ചുവിട്ട എലിവാണം അയൽപക്കത്തെ വൈക്കോൽത്തുറുവിൽ വീഴാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.
1 comment:
നല്ല അവലോകനം...ജുബിന്‍...
Post a Comment