ആർക്കിയോളജിസ്റ്റായ കളത്തിപ്പറമ്പിൽ കാളിദാസ(ലാൽ)ന്റെയും ഡബ്ബിങ്ങ് ആർട്ടിസ്റ്റായ മായ(ശ്വേതാ മേനോൻ)യുടെയും ജീവിതങ്ങളുടെ ചുവരിൽ ഒരു ദോശ ചിത്രം വരയ്ക്കുകയാണ്. അവിവാഹിതനും ഭക്ഷണപ്രിയനായ കാളിദാസന്റെ വിശ്വസ്തനായ പാചകക്കാരൻ ബാബു എന്ന വേഷം ബാബുരാജ് ഇന്നുവരെ ചെയ്തിട്ടുള്ളതിലേറ്റവും വ്യതസ്തവും ചിരിയുണർത്തുന്നതുമാണ്. കാളിദാസനും ബാബുവും തമ്മിൽ കണ്ടുമുട്ടുന്ന രംഗം സമീപകാലസിനിമകളിലെ ഏറ്റവും നല്ല സീനുകളിലൊന്നാണെന്നതിനു തെളിവ് മിനിറ്റുകളോളം നീണ്ട കരഘോഷം. കാളിദാസന്റെ മരുമകനായ മനു രാഘവിനെ ആസിഫ് അലി അവതരിപ്പിക്കുമ്പോൾ മായയുടെ റൂംമേറ്റായ മീനാക്ഷിയെ മൈഥിലിയാണ് സ്ക്രീനിലെത്തിച്ചിരിക്കുന്നത്. ഇരുവരും തങ്ങളുടെ ഭാഗം നന്നായിത്തന്നെ ചെയ്തു. ആർക്കിയോളജി വകുപ്പിൽ കാളിദാസന്റെ മേലുദ്യോഗസ്ഥനായ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിജയരാഘവനാണ്. അദ്ദേഹം പുരാവസ്തുഗവേഷണത്തിനെന്ന പേരിൽ നിലം കുഴിക്കുന്നതെന്തിനാണെന്ന തിരിച്ചറിവ് ആരെയും ചിരിപ്പിക്കും.
ഗാനങ്ങൾക്കും പശ്ചാത്തലത്തിനും ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. പ്രത്യേകിച്ച് “പ്രേമിക്കുമ്പോൾ..” എന്ന ഗാനം കഥാസന്ദർഭത്തിൽ നിന്നും ഒട്ടും മുഴച്ചുനിൽക്കുന്നില്ല. ‘അവിയൽ ബാൻഡ്’ ചെയ്ത പ്രൊമോ സോങ്ങ് “ആനക്കള്ളൻ..” തീരുന്നതു വരെ ആരും തീയേറ്ററിൽ നിന്നും പുറത്തിറങ്ങില്ല.“ദോശകഴിക്കാൻ കയറി ബിരിയാണി കഴിച്ചിറങ്ങി” എന്ന പരസ്യവാചകം അതിശയോക്തിയല്ലെന്ന് ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും സമ്മതിക്കും.
സാങ്കേതികമായും നല്ല നിലവാരം പുലർത്തുന്നതാണ് ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളോരോന്നും.‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ‘റെഡ് വൺ’ ക്യാമറ ഇങ്ങനെയും ഉപയോഗിക്കാമെന്ന് തെളിയിച്ചതിന് ഷൈജുവിന് നന്ദി. ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്ത വിദ്വാൻ (നവാസ് ഇസ്മയിൽ) ഈ പടമൊന്നു കാണുന്നത് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയ ഗുണം ചെയ്യും. ലളിതമായൊരു കഥാതന്തുവിനെ വികസിപ്പിച്ചെടുക്കുന്ന ശ്രമകരമായൊരു ദൗത്യത്തിനൊടുവിൽപ്പോലും തിരക്കഥയിൽ ഒരിടത്തും ഇഴച്ചിലനുഭവപ്പെടാതെ ശ്രദ്ധിച്ചിട്ടുണ്ട്. ശ്യാം പുഷ്കരനും ദിലീഷ് നായർക്കും തങ്ങളുടെ പ്രയത്നം ഫലം കണ്ടതിൽ അഭിമാനിക്കാം. സംവിധായകനായ ആഷിഖ് അബുവും ടീമും ചേർന്ന് മലയാളസിനിമയ്ക്ക് നൽകിയിരിക്കുന്നത് ഒരു നല്ല സദ്യ തന്നെ.
No comments:
Post a Comment