Thursday, February 24, 2011

പട്ടിപ്പല്ലൻ..!

കുട്ടപ്പൻചേട്ടന്‌ സിഗ്നേച്ചർ സ്റ്റൈലിൽ രണ്ടു പല്ലുണ്ടായിരുന്നു; തേറ്റാ പോലെ എറിച്ചു നിൽക്കുന്നത്. ഡ്രാക്കുളസിനിമ കാണാത്തതുകൊണ്ടോ രക്തദാഹികളായ മറ്റു പിശാചുക്കളെക്കുറിച്ച് കേട്ടു കേൾവ്വിയില്ലാത്തതുകൊണ്ടോ എന്തോ, നാട്ടുകാർക്ക് കുട്ടപ്പൻചേട്ടന്റെ പല്ലുകൾ കണ്ടിട്ട് ഏതോ ചാവാലിപ്പട്ടിയെയാണ്‌ ഓർമ്മവന്നത്. അങ്ങനെ ആ മലയോരഗ്രാമത്തിലുള്ളവർ ചേർന്ന് കുട്ടപ്പൻചേട്ടന്റെ പേരു മാറ്റി. അവർ ഒരേസ്വരത്തിൽ വിളിച്ചു
“പട്ടിപ്പല്ലൻ..!”
കാലം കടന്നുപോയി. കുട്ടപ്പൻചേട്ടൻ റബർ തടിയും പഞ്ഞിത്തടിയുമൊക്കെ വിറകാക്കി വിറ്റു കാശുണ്ടാക്കി. നാട്ടുകാർ വിളിച്ചു
“വിറകുകാരൻ പട്ടിപ്പല്ലൻ..”
അങ്ങനെ കുട്ടപ്പൻചേട്ടൻ അതുവിട്ട് തടിക്കച്ചവടം തുടങ്ങി. ഇത്തവണ ഉഗ്രൻ കോളായിരുന്നു. പണം കുമിഞ്ഞുകൂടി. നാട്ടുകാർ പേരൊന്നു പരിഷ്കരിച്ചു...
“പട്ടിപ്പല്ലൻ മുതലാളി...”
മക്കളെ പഠിപ്പിച്ച് ഇംഗ്ളണ്ടിലും അമേരിക്കയിലുമൊക്കെ അയച്ച് സ്വസ്ഥം ഗൃഹഭരണമെന്നുരുവിട്ട് വീടിന്റെ വരാന്തയിൽ ചാരുകസേരയിൽ കിടന്ന കുട്ടപ്പൻചേട്ടനെ നാട്ടുകാർ അപ്പോൾ വിളിച്ചത്
“പട്ടിപ്പല്ലനച്ചായൻ..”
അങ്ങനെയിരിക്കെ കുട്ടപ്പൻചേട്ടന്റെ മക്കൾ ചേർന്ന് ഒരുഗ്രൻ വീടുവെക്കാൻ പ്ളാനിട്ടു. അപ്പോഴാണ്‌ ടിയാന്റെ പ്രിയപത്നി മേരിക്കുട്ടി ഒരു അപകടം മണത്തറിഞ്ഞത്.
അവർ കെട്ടിയോനോട് ഇങ്ങനെ പറഞ്ഞു
“ദേ മനുഷ്യാ, നിങ്ങളു വെല്യ മൊതലാളിയൊക്കെയാണേലും നാട്ടുകാർ നിങ്ങളെ എന്നതാ വിളിക്കുന്നെ..? പട്ടിപ്പല്ലൻ എന്നല്യോ..? അതുള്ള നാട്ടിൽ എന്നാ വീടുവെച്ചിട്ടെന്താ..? നമുക്കെങ്ങോട്ടേലും മാറിത്താമസിക്കാം, നമ്മളെ ആരും അറിയാത്തിടത്ത്...“

അത് കുറിക്കുകൊണ്ടു. കുട്ടപ്പൻചേട്ടൻ പത്തറുപതുകിലോമീറ്റർ ദൂരെ മാറി ഒരിടത്തൊരു പ്ളോട്ടുവാങ്ങി. വീടു പണിതു... നാട്ടുകാരാരും അറിയാതെ.
അങ്ങനെ വീടുപണി തീർന്നു. പഴയ വീട്ടിൽ നിന്നും പുതിയസ്ഥലത്തേക്കു താമസം മാറിയപ്പോൾ നാട്ടുകാരായ ചില ശിങ്കിടികളെയും കുട്ടപ്പൻചേട്ടൻ ഒപ്പം കൂട്ടിയിരുന്നു. വീട്ടുസാമാനങ്ങളൊക്കെ അൺലോഡ് ചെയ്യാനായിരുന്നു അത്. പുതിയ സ്ഥലത്തെത്തി സാധനങ്ങളൊക്കെ ഇറക്കിക്കഴിഞ്ഞപ്പോൾ മേൽപ്പറഞ്ഞ കക്ഷികളെ കുട്ടപ്പൻചേട്ടൻ ചില്ലറയും കൊടുത്ത് പായ്ക്ക് ചെയ്തു.

അവർ ബസ്‌സ്റ്റോപ്പിലേക്കു നടന്നു. ബസ്സുകാത്ത് നിൽക്കുമ്പോൾ അടുത്തുള്ള ചായക്കടക്കാരനൊരു സംശയം
”അല്ലാ... നിങ്ങളെവിടുന്നാ...? ഇതിനു മുമ്പിവിടെ കണ്ടിട്ടില്ലല്ലോ...“
ഒന്നു മടിച്ചെങ്കിലും മറുപടി ഉടനായിരുന്നു
”ഞങ്ങള്‌... ദേ അവിടെ പട്ടിപ്പല്ലന്റെ സാധനങ്ങളും കൊണ്ടു വന്നതാ..“
കടക്കാരനു വീണ്ടും സംശയം
“പട്ടിപ്പല്ലനോ...? അതാരാ..?”
ആ സാമദ്രോഹികൾ സർവ്വചരിത്രവും അവിടെ വിളമ്പി, അടുത്ത ബസ്സിനു കയറിപ്പോവുകയും ചെയ്തു.
കുട്ടപ്പൻചേട്ടനെയും കുടുംബത്തെയും പരിചയപ്പെടാനെത്തിയവർ പരസ്പരം ആ പേര്‌ കൈമാറി..
പട്ടിപ്പല്ലൻ...!
അങ്ങനെ കുട്ടപ്പൻചേട്ടൻ ഒരു സത്യം മനസ്സിലാക്കി... സ്ഥലം മാറിയതുകൊണ്ട് പേരു മാറണമെന്നില്ല....

1 comment:

ചാണ്ടിച്ചൻ said...

"അങ്ങനെ കുട്ടപ്പൻചേട്ടൻ ഒരു സത്യം മനസ്സിലാക്കി... സ്ഥലം മാറിയതുകൊണ്ട് പേരു മാറണമെന്നില്ല...."
കിടിലന്‍...ഞങ്ങളും ആ സത്യം മനസ്സിലാക്കുന്നു....