Saturday, October 29, 2011

ഏഴാം അറിവ്- ലക്ഷ്യം തെറ്റിയ ദീപാവലി വാണം (7 aum arivu detailed review)


ആരാണ്‌ ബോധിധർമ്മൻ...? ഇതായിരുന്നു ഏഴാം അറിവ് എന്ന സിനിമയുടെ ട്രെയിലറിൽ മുഴങ്ങി നിന്ന ചോദ്യം. എന്നാൽ ആരാണ്‌ മുരുഗദോസ്സ് എന്നാണ്‌ പടം കണ്ടിറങ്ങുന്നവർ ചോദിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ക്രിസ്റ്റഫർ നോളൻ എന്നുപോലും ചിലർ ഇദ്ദേഹത്തെ വാഴ്ത്തുന്നതു കേട്ടിട്ടുണ്ട്. ഗജിനി പോലെയുള്ള സിനിമകൾ ഏറെക്കുറെ ആ അഭിപ്രായത്തെ ശരിവെക്കുന്നതുമായിരുന്നു. എന്നാൽ ഏഴാം അറിവ് അഥവാ സെവെൻത് സെൻസ് എന്നൊരു പേരിട്ട് അവതരിപ്പിച്ച ഈ സിനിമയ്ക്കു പ്രചോദകമായതും വിസ്മൃതിയിൽ മറഞ്ഞുകിടന്നതുമായ ബോധിധർമ്മൻ എന്ന ബുദ്ധസന്യാസിയുടെ കഥ വർത്തമാനകാലത്തോടു ചേർത്തുവെക്കാൻ മനസ്സുകാണിച്ച മുരുഗദോസ്സിന്‌ എന്റെ വക കയ്യടി. കാഞ്ചീപുരത്തെ പല്ലവരാജവംശത്തിൽ പിറന്ന ബോധിധർമ്മൻ സന്യാസം സ്വീകരിച്ചു നാടുവിടുന്നു, പിന്നീട് ചൈനയിലെത്തുന്നു. അവിടെ ഒരു ഗ്രാമത്തിന്റെ എല്ലാമെല്ലാമായി മാറുന്നു. ഇന്നും ബോധിധർമ്മനെ ചൈനീസ് ജനത ആരാധിക്കുന്നു എന്നും മുരുഗദോസ്സ് പറഞ്ഞുവെക്കുന്നു. 
               ഒരു മനുഷ്യന്റെ ഡി.എൻ.എ എന്നാൽ അവന്റെ സ്വത്വത്തിന്റെയും പാരമ്പര്യത്തിന്റെയും കണങ്ങൾ ഒളിഞ്ഞിരിക്കുന്ന മാന്ത്രികച്ചെപ്പാണെന്ന് ഇന്നത്തെ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുമ്പോളാണ്‌ ബോധിധർമ്മനെപ്പോലെയുള്ള ഒരാളുടെ പുനർജന്മത്തിന്റെ പ്രസക്തി. ഇതിനായി ബോധിധർമ്മന്റെ പിൻതലമുറയെ അന്വേഷിച്ച് ഇറങ്ങിത്തിരിക്കുന്ന ശുഭ (ശ്രുതിഹാസൻ) എന്ന വിദ്യാർത്ഥിനിയുടെ ഗവേഷണരേഖകൾ ചൈനീസ് ഗവണ്മെന്റിനു ലഭിക്കുന്നു. ആ ഉദ്യമത്തെ ഏതുവിധേനയും തടഞ്ഞാലേ രക്ഷയുള്ളൂ എന്നും മനസ്സിലാക്കി അവർ ഡോങ്ങ് ലീ (ജോണി ട്രൈ ന്യൂയെൻ) എന്ന കൊടും ഭീകരനെ സർക്കാർ ചെലവിൽ ഇന്ത്യയിലേക്കയക്കുന്നു. ഹിപ്‌നോട്ടിസത്തിലും കായികാഭ്യാസത്തിലും നിപുണനായ ഡോങ്ങ് ലീ ‘ഓപ്പറേഷൻ റെഡ്’ എന്ന ദൗത്യവുമായി തമിഴ്നാട്ടിലെത്തി ഒരു കറുത്ത ഹമ്മർ എച് 3യിൽ ശുഭയെ കൊല്ല്ലാൻ നടക്കുന്നു. തടയുന്നവരെയൊക്കെ അയാൾ കൊന്നൊടുക്കുന്നു. മറ്റുള്ളവരെ ഹിപ്‌നോട്ടൈസ് ചെയ്ത് അവരെക്കൊണ്ട് തന്റെ എതിരാളികളെ കൊല്ലിക്കുകയാണിയാൾ ചെയ്യുന്നത്. എന്നാൽ നിമിഷനേരം കൊണ്ട് ഹിപ്‌നോട്ടിസത്തിലൂടെ മാർഷ്യൽ ആർട്സും പഠിപ്പിക്കാമോ എന്നു ചോദിച്ചാൽ കഥയിലും ഹിപ്‌നോട്ടിസത്തിലും ചോദ്യമില്ല സർ... കാഞ്ചീപുരം സ്വദേശിയും ബോധിധർമ്മന്റെ പിൻതലമുറക്കാരനുമായ സർക്കസ് കലാകാരൻ അരവിന്ദിനെയും ശുഭയെയും പിന്തുടരുന്ന ഡോങ്ങ് ലീ തിരക്കേറിയ ഒരു തെരുവിൽ വാഹനങ്ങളുപയോഗിച്ച് ഇരുവരെയും കൊല്ലാക്കൊല ചെയ്യുന്ന രംഗം തലയിൽ കൈവെച്ചാണ്‌ കണ്ടത്. (ഇടയ്ക്ക് കണ്ണടഞ്ഞു പോവുകയും ചെയ്തു) ആകെ ഒരു സോംബി സിനിമയുടെ പ്രതീതി. എതിലേയോ പോയ ഒരു പെണ്ണ്‌ ഓടി വന്ന് സൂര്യയുടെ കരണം പുകയ്ക്കുന്ന സീൻ ടെർമിനേറ്റർ എന്ന സിനിമയിൽ നിന്നും ചൂണ്ടിയതല്ലേ എന്നു ചോദിച്ചാൽ, ഇനി ചൂണ്ടിക്കാണിക്കാനേ നേരമുണ്ടാവൂ. ഇത്രയും വൃത്തികെട്ട CGI വർക്കുകൾ സാക്ഷാൽ കെ.ടി.കുഞ്ഞുമോന്റെ പടങ്ങളിൽ പോലും വന്നിട്ടുണ്ടാകില്ല. പീറ്റർ ഹെയ്നിനും ഈ പാതകത്തിൽ പങ്കുണ്ടെന്നു കരുതുന്നു. പറന്നു പോകുന്ന ഓട്ടോറിക്ഷയും കുറെ കാറുകളും... എന്ന കൊടുമൈ സർ...! 85 കോടി.. ങ്‌ഹാ....!
                പുരാതനകാലത്തെ ദൃശ്യവൽക്കരിക്കുന്നതിൽ പരാജയപ്പെടാറുള്ള ഇന്ത്യൻ സിനിമയ്ക്കൊരു അപവാദമായാണ്‌ ഏഴാം അറിവിന്റെ തുടക്കത്തിലെ സീനുകൾ കാണുന്നത്. ചൈനീസ് പ്രകൃതിഭംഗി അനന്യസാധാരണമായ മിഴിവോടെ പകർത്തിയ ഛായാഗ്രാഹകൻ രവി.കെ.ചന്ദ്രന്‌ അടുത്ത കയ്യടി. 
ബോധിധർമ്മനായും വർത്തമാനകാലത്തെ അരവിന്ദ് എന്ന സർക്കസ് കലാകാരനായും പകർന്നാടിയ സൂര്യയ്ക്കാണ്‌ ഇനി കയ്യടി കൊടുക്കണോ വേണ്ടയോ എന്നാലോചിക്കുന്നത്. കാരണം സാധാരണയിൽ കവിഞ്ഞ് സൂര്യ എന്താണ്‌ ഇതിൽ ചെയ്തിരിക്കുന്നതെന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല. സ്റ്റണ്ടിന്റെ പേരിൽ കയ്യടിക്കണമെന്ന് നിങ്ങൾ വാശിപിടിച്ചാൽ ആ കയ്യടിയുടെ പകുതി സ്റ്റണ്ട് മാഷായ പീറ്റർ ഹെയ്നിനും കൊടുക്കേണ്ടേ എന്നു ഞാൻ ചോദിക്കും.
ആയോധനകലയിലും വൈദ്യശാസ്ത്രത്തിലും അതീന്ദ്രിയജ്ഞാനത്തിലുമൊക്കെ അഗ്രഗണ്യരായിരുന്ന നമ്മുടെ പൂർവ്വികരിലൊരാളായിരുന്നു ബോധിധർമ്മൻ. എങ്കിലും നാം അവരെപ്പോലുള്ളവരെ ഇന്നും വേണ്ടവണ്ണം ഓർക്കുന്നില്ല; അഥവാ ഓർത്താലും അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ല. എന്നാൽ വിദേശികളോടും അവരുടെ പാരമ്പര്യത്തോടും നമ്മൾ കാണിക്കുന്ന അനാവശ്യ ഭക്തി. ഇത്തരം ഇരട്ടത്താപ്പിനെതിരെയാണ്‌ മുരുഗദാസ് വാളോങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതി നല്ല ഒഴുക്കോടെയാണ്‌ പോകുന്നത്. എന്നാൽ നിലവാരമില്ലാത്ത പാട്ടുകൾ കൃത്യമായ ഇടവേളകളിൽ തിരുകിയിരിക്കുന്നതിനാൽ ആ സുഖവും ഇടയ്ക്ക് നഷ്ടപ്പെടുന്നു. (ഹാരിസ് ജയരാജിന്റെ സംഗീതത്തെപ്പറ്റി എഴുതാൻ നിർബ്ബന്ധിക്കരുത്..)
     രണ്ടാം പകുതി അനാവശ്യ ധൃതിയോടെയാണോ ചെയ്തിരിക്കുന്നതെന്ന് ഒരു സംശയമില്ലാതില്ല. കാരണം നല്ല രീതിയിൽ പോകേണ്ടിയിരുന്ന കഥ ദുർബലമാകുന്നത് ഇവിടെയാണ്‌. തിരക്കഥയുടെ ദൃഡത നഷ്ടപ്പെട്ട് ആകെ കുഴഞ്ഞു മറിഞ്ഞാണ്‌ സിനിമ തീരുന്നത്. അവസാനത്തെ സീനിൽ കാണുന്ന സൂര്യയുടെ പ്രസംഗം കൂടിയാവുമ്പോൾ ഒരുപാട് പ്രതീക്ഷകൾ നൽകി മോഹിപ്പിച്ച ഒരു സിനിമയുടെ ദാരുണാന്ത്യമാണ്‌ കാണേണ്ടി വന്നത്.
നന്നായി തുടങ്ങിവെച്ച ഒരു പ്രോജക്ട് എങ്ങനെയൊക്കെയോ തട്ടിക്കൂട്ടി തീർത്ത കഥയാണ്‌ ഏഴാം അറിവെന്ന ചിത്രത്തിനു പിന്നിൽ. അഭിനേതാക്കളിൽ സൂര്യയ്ക്കൊപ്പമെത്താൻ ശ്രുതി ഹാസനായില്ലെന്നു പറയാം. മറ്റ് അഭിനേതാക്കളെക്കാൾ അധികം കയ്യടി നേടുന്നത് ജോണി ട്രൈ ന്യൂയൻ തന്നെയാണ്‌. നമ്മുടെ സ്വന്തം ഉണ്ടപ്പക്രു അജയകുമാറും സൂര്യയോടൊപ്പം ഇടയ്ക്ക് മിന്നിമായുന്നുണ്ട്. പശ്ചാത്തലസംഗീതം പലപ്പോഴും അരോചകമാണ്‌. സയൻസ് ഫിക്ഷനായിട്ടും വസ്തുതാപരമായ ചില പിഴവുകളും ഇടയ്ക്കിടെ മുഴച്ചു നിൽക്കുന്നുണ്ടെന്നതും വേണ്ടത്ര തയ്യാറെടുപ്പുകളില്ലാത്തതുകൊണ്ടാവാം. ഹിപ്‌നോട്ടിസം പോലെയുള്ള കാര്യങ്ങളെ അജ്ഞതയോടെയാണ്‌ സമീപിച്ചിരിക്കുന്നതെന്നുറപ്പ്. തിരഞ്ഞെടുക്കുന്ന വിഷയത്തെക്കുറിച്ച് നന്നായി പഠിക്കാതെ സിനിമയെടുക്കരുതെന്ന് വരും കാലത്തെ ഓർമ്മിപ്പിക്കാനെങ്കിലും ഈ ചിത്രത്തിനാവും. 85കോടി രൂപ മുടക്കിയ ഈ സിനിമയുടെ ഗ്രാഫിക്സ് എങ്കിലും നന്നാക്കാമായിരുന്നു. (അതോ ഇനി വില്ലന്റെ ഹമ്മറിന്‌ പെട്രോളടിക്കാനാണോ ബജറ്റിലധികവും ചെലവായത്..?)

കേൾക്കാത്ത പാതി: സിനിമകണ്ട് ചൈനാവിരുദ്ധവികാരമുണർന്ന ചില തമിഴ് മക്കൾ ചൈനീസ് മുഖമുള്ള നേപ്പാളിച്ചെക്കന്മാരെപ്പോലും ആക്രമിക്കുന്നു എന്നാണ്‌ ഒടുവിൽ കേട്ടത്. ഏതായാലും ദീപാവലിക്കു കത്തിച്ചുവിട്ട എലിവാണം അയൽപക്കത്തെ വൈക്കോൽത്തുറുവിൽ വീഴാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

Thursday, July 14, 2011

സോൾട്ട് & പെപ്പർ (Salt N' Pepper- Review)

        ജീവിക്കാൻ വേണ്ടി കഴിക്കണോ.. അതോ കഴിക്കാനായി ജീവിക്കണോ.. ഭക്ഷണപ്രിയർ വിയർക്കുന്ന ചോദ്യം. എന്നാൽ വിശപ്പും ദാഹവും എല്ലാ ജീവികൾക്കുമുണ്ട്. നല്ല സിനിമയ്ക്കു വേണ്ടിയുള്ള മലയാളികളുടെ വിശപ്പിന്‌ ശമനമായെന്നു തോന്നുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ‘സോൾട്ട് & പെപ്പർ’ എന്ന ചിത്രം കാണാൻ ആൾത്തിരക്കൊഴിയാത്തത് തന്നെയാണ്‌ അതിന്റെ ലക്ഷണം. പൊട്ടിച്ചിരിപ്പിക്കും എന്നൊക്കെയുള്ള അവകാശവാദങ്ങളോടെ പുറത്തിറങ്ങിയ മൂന്നുകോമാളികളുടെ പടത്തിനു കയറി കാശുകളഞ്ഞതിന്റെ ഹാങ്ങോവറിൽ നിന്ന ഏതാനും സുഹൃത്തുക്കളെയും കൂട്ടിയാണ്‌ ഈ ചിത്രത്തിനു കയറിയത്. ടൈറ്റിലിൽ തന്നെ മുന്നിൽ നിരന്ന ഭക്ഷണസാധനങ്ങളുടെ നിറക്കാഴ്ച കണ്ട് വിശപ്പുണർന്നവർ ചെന്നെത്തിയത് കപടതകളേതുമില്ലാത്ത സ്വാഭാവികതയുടെ ദീപ്തമായൊരു ലോകത്തേക്കാണ്‌.
   ആർക്കിയോളജിസ്റ്റായ കളത്തിപ്പറമ്പിൽ കാളിദാസ(ലാൽ)ന്റെയും ഡബ്ബിങ്ങ് ആർട്ടിസ്റ്റായ മായ(ശ്വേതാ മേനോൻ)യുടെയും ജീവിതങ്ങളുടെ ചുവരിൽ ഒരു ദോശ ചിത്രം വരയ്ക്കുകയാണ്‌. അവിവാഹിതനും ഭക്ഷണപ്രിയനായ കാളിദാസന്റെ വിശ്വസ്തനായ പാചകക്കാരൻ ബാബു എന്ന വേഷം ബാബുരാജ് ഇന്നുവരെ ചെയ്തിട്ടുള്ളതിലേറ്റവും വ്യതസ്തവും ചിരിയുണർത്തുന്നതുമാണ്‌. കാളിദാസനും ബാബുവും തമ്മിൽ കണ്ടുമുട്ടുന്ന രംഗം സമീപകാലസിനിമകളിലെ ഏറ്റവും നല്ല സീനുകളിലൊന്നാണെന്നതിനു തെളിവ് മിനിറ്റുകളോളം നീണ്ട കരഘോഷം. കാളിദാസന്റെ മരുമകനായ മനു രാഘവിനെ ആസിഫ് അലി അവതരിപ്പിക്കുമ്പോൾ മായയുടെ റൂംമേറ്റായ മീനാക്ഷിയെ മൈഥിലിയാണ്‌ സ്ക്രീനിലെത്തിച്ചിരിക്കുന്നത്. ഇരുവരും തങ്ങളുടെ ഭാഗം നന്നായിത്തന്നെ ചെയ്തു. ആർക്കിയോളജി വകുപ്പിൽ കാളിദാസന്റെ മേലുദ്യോഗസ്ഥനായ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിജയരാഘവനാണ്‌. അദ്ദേഹം പുരാവസ്തുഗവേഷണത്തിനെന്ന പേരിൽ നിലം കുഴിക്കുന്നതെന്തിനാണെന്ന തിരിച്ചറിവ് ആരെയും ചിരിപ്പിക്കും.
  ഗാനങ്ങൾക്കും പശ്ചാത്തലത്തിനും ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. പ്രത്യേകിച്ച് “പ്രേമിക്കുമ്പോൾ..” എന്ന ഗാനം കഥാസന്ദർഭത്തിൽ നിന്നും ഒട്ടും മുഴച്ചുനിൽക്കുന്നില്ല. ‘അവിയൽ ബാൻഡ്’ ചെയ്ത പ്രൊമോ സോങ്ങ് “ആനക്കള്ളൻ..” തീരുന്നതു വരെ ആരും തീയേറ്ററിൽ നിന്നും പുറത്തിറങ്ങില്ല.“ദോശകഴിക്കാൻ കയറി ബിരിയാണി കഴിച്ചിറങ്ങി” എന്ന പരസ്യവാചകം അതിശയോക്തിയല്ലെന്ന് ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും സമ്മതിക്കും. 
  സാങ്കേതികമായും നല്ല നിലവാരം പുലർത്തുന്നതാണ്‌ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളോരോന്നും.‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ‘റെഡ് വൺ’ ക്യാമറ ഇങ്ങനെയും ഉപയോഗിക്കാമെന്ന് തെളിയിച്ചതിന്‌ ഷൈജുവിന്‌ നന്ദി. ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്ത വിദ്വാൻ (നവാസ് ഇസ്മയിൽ) ഈ പടമൊന്നു കാണുന്നത് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയ ഗുണം ചെയ്യും. ലളിതമായൊരു കഥാതന്തുവിനെ വികസിപ്പിച്ചെടുക്കുന്ന ശ്രമകരമായൊരു ദൗത്യത്തിനൊടുവിൽപ്പോലും തിരക്കഥയിൽ ഒരിടത്തും ഇഴച്ചിലനുഭവപ്പെടാതെ ശ്രദ്ധിച്ചിട്ടുണ്ട്. ശ്യാം പുഷ്കരനും ദിലീഷ് നായർക്കും തങ്ങളുടെ പ്രയത്നം ഫലം കണ്ടതിൽ അഭിമാനിക്കാം. സംവിധായകനായ ആഷിഖ് അബുവും ടീമും ചേർന്ന് മലയാളസിനിമയ്ക്ക് നൽകിയിരിക്കുന്നത് ഒരു നല്ല സദ്യ തന്നെ.

Thursday, February 24, 2011

പട്ടിപ്പല്ലൻ..!

കുട്ടപ്പൻചേട്ടന്‌ സിഗ്നേച്ചർ സ്റ്റൈലിൽ രണ്ടു പല്ലുണ്ടായിരുന്നു; തേറ്റാ പോലെ എറിച്ചു നിൽക്കുന്നത്. ഡ്രാക്കുളസിനിമ കാണാത്തതുകൊണ്ടോ രക്തദാഹികളായ മറ്റു പിശാചുക്കളെക്കുറിച്ച് കേട്ടു കേൾവ്വിയില്ലാത്തതുകൊണ്ടോ എന്തോ, നാട്ടുകാർക്ക് കുട്ടപ്പൻചേട്ടന്റെ പല്ലുകൾ കണ്ടിട്ട് ഏതോ ചാവാലിപ്പട്ടിയെയാണ്‌ ഓർമ്മവന്നത്. അങ്ങനെ ആ മലയോരഗ്രാമത്തിലുള്ളവർ ചേർന്ന് കുട്ടപ്പൻചേട്ടന്റെ പേരു മാറ്റി. അവർ ഒരേസ്വരത്തിൽ വിളിച്ചു
“പട്ടിപ്പല്ലൻ..!”
കാലം കടന്നുപോയി. കുട്ടപ്പൻചേട്ടൻ റബർ തടിയും പഞ്ഞിത്തടിയുമൊക്കെ വിറകാക്കി വിറ്റു കാശുണ്ടാക്കി. നാട്ടുകാർ വിളിച്ചു
“വിറകുകാരൻ പട്ടിപ്പല്ലൻ..”
അങ്ങനെ കുട്ടപ്പൻചേട്ടൻ അതുവിട്ട് തടിക്കച്ചവടം തുടങ്ങി. ഇത്തവണ ഉഗ്രൻ കോളായിരുന്നു. പണം കുമിഞ്ഞുകൂടി. നാട്ടുകാർ പേരൊന്നു പരിഷ്കരിച്ചു...
“പട്ടിപ്പല്ലൻ മുതലാളി...”
മക്കളെ പഠിപ്പിച്ച് ഇംഗ്ളണ്ടിലും അമേരിക്കയിലുമൊക്കെ അയച്ച് സ്വസ്ഥം ഗൃഹഭരണമെന്നുരുവിട്ട് വീടിന്റെ വരാന്തയിൽ ചാരുകസേരയിൽ കിടന്ന കുട്ടപ്പൻചേട്ടനെ നാട്ടുകാർ അപ്പോൾ വിളിച്ചത്
“പട്ടിപ്പല്ലനച്ചായൻ..”
അങ്ങനെയിരിക്കെ കുട്ടപ്പൻചേട്ടന്റെ മക്കൾ ചേർന്ന് ഒരുഗ്രൻ വീടുവെക്കാൻ പ്ളാനിട്ടു. അപ്പോഴാണ്‌ ടിയാന്റെ പ്രിയപത്നി മേരിക്കുട്ടി ഒരു അപകടം മണത്തറിഞ്ഞത്.
അവർ കെട്ടിയോനോട് ഇങ്ങനെ പറഞ്ഞു
“ദേ മനുഷ്യാ, നിങ്ങളു വെല്യ മൊതലാളിയൊക്കെയാണേലും നാട്ടുകാർ നിങ്ങളെ എന്നതാ വിളിക്കുന്നെ..? പട്ടിപ്പല്ലൻ എന്നല്യോ..? അതുള്ള നാട്ടിൽ എന്നാ വീടുവെച്ചിട്ടെന്താ..? നമുക്കെങ്ങോട്ടേലും മാറിത്താമസിക്കാം, നമ്മളെ ആരും അറിയാത്തിടത്ത്...“

അത് കുറിക്കുകൊണ്ടു. കുട്ടപ്പൻചേട്ടൻ പത്തറുപതുകിലോമീറ്റർ ദൂരെ മാറി ഒരിടത്തൊരു പ്ളോട്ടുവാങ്ങി. വീടു പണിതു... നാട്ടുകാരാരും അറിയാതെ.
അങ്ങനെ വീടുപണി തീർന്നു. പഴയ വീട്ടിൽ നിന്നും പുതിയസ്ഥലത്തേക്കു താമസം മാറിയപ്പോൾ നാട്ടുകാരായ ചില ശിങ്കിടികളെയും കുട്ടപ്പൻചേട്ടൻ ഒപ്പം കൂട്ടിയിരുന്നു. വീട്ടുസാമാനങ്ങളൊക്കെ അൺലോഡ് ചെയ്യാനായിരുന്നു അത്. പുതിയ സ്ഥലത്തെത്തി സാധനങ്ങളൊക്കെ ഇറക്കിക്കഴിഞ്ഞപ്പോൾ മേൽപ്പറഞ്ഞ കക്ഷികളെ കുട്ടപ്പൻചേട്ടൻ ചില്ലറയും കൊടുത്ത് പായ്ക്ക് ചെയ്തു.

അവർ ബസ്‌സ്റ്റോപ്പിലേക്കു നടന്നു. ബസ്സുകാത്ത് നിൽക്കുമ്പോൾ അടുത്തുള്ള ചായക്കടക്കാരനൊരു സംശയം
”അല്ലാ... നിങ്ങളെവിടുന്നാ...? ഇതിനു മുമ്പിവിടെ കണ്ടിട്ടില്ലല്ലോ...“
ഒന്നു മടിച്ചെങ്കിലും മറുപടി ഉടനായിരുന്നു
”ഞങ്ങള്‌... ദേ അവിടെ പട്ടിപ്പല്ലന്റെ സാധനങ്ങളും കൊണ്ടു വന്നതാ..“
കടക്കാരനു വീണ്ടും സംശയം
“പട്ടിപ്പല്ലനോ...? അതാരാ..?”
ആ സാമദ്രോഹികൾ സർവ്വചരിത്രവും അവിടെ വിളമ്പി, അടുത്ത ബസ്സിനു കയറിപ്പോവുകയും ചെയ്തു.
കുട്ടപ്പൻചേട്ടനെയും കുടുംബത്തെയും പരിചയപ്പെടാനെത്തിയവർ പരസ്പരം ആ പേര്‌ കൈമാറി..
പട്ടിപ്പല്ലൻ...!
അങ്ങനെ കുട്ടപ്പൻചേട്ടൻ ഒരു സത്യം മനസ്സിലാക്കി... സ്ഥലം മാറിയതുകൊണ്ട് പേരു മാറണമെന്നില്ല....

Friday, January 28, 2011

അർജ്ജുനൻ സാക്ഷി (Arjunan Sakshi Review)


എല്ലാം മുകളിലിരുന്ന് ഒരുവൻ കാണുന്നുണ്ട് എന്ന്‌ പറയാറുണ്ട്. ഏതൊരു കുറ്റകൃത്യത്തിനും ഒരു സാക്ഷിയുമുണ്ടാവും. അത് മനുഷ്യനാവാം, മൃഗമാവാം, മരങ്ങളോ മണ്ണോ മഞ്ഞുതുള്ളിയോ ആവാം. എറണാകുളം കളക്ടറായിരുന്ന ഫിറോസ് മൂപ്പൻ (മുകേഷ്) കൊല്ലപ്പെട്ടിട്ട് 10 മാസം കഴിഞ്ഞിട്ടും തെളിവുകളില്ലാതെ സി.ബി.ഐ പോലും ആ കേസ് ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ മാതൃഭൂമി റിപ്പോർട്ടറായ അഞ്ജലി മേനോന്‌ (ആൻ അഗസ്റ്റിൻ) അർജ്ജുനൻ  എന്ന പേരിൽ ലഭിക്കുന്ന ഒരു കത്തിൽ നിന്നാണ്‌ തുടക്കം. താൻ കളക്ടറുടെ കൊലപാതകം നേരിട്ടു കണ്ടതാണെന്നും, നിയമപാലകരിലോ, നീതിന്യായവ്യവസ്ഥയിലോ സർക്കാരിലോ വിശ്വാസമില്ലാത്തതിനാൽ മുന്നോട്ടു വരാനാവില്ലെന്നും ആ കത്തിൽ പറയുന്നു. പത്രത്തിൽ ഈ കത്ത് പ്രസിദ്ധീകരിക്കുന്നതോടെ കൊലയാളികൾക്ക് ഇരിക്കപ്പൊറുതിയില്ലാതെ വരുന്നു. ഭീഷണിയുമായി നിരവധി കോളുകളും വീടുകയറി അക്രമവുമൊക്കെ കണ്ടുമടുത്ത ചേരുവകൾ. യാദൃശ്ചികമായി ഈയവസരത്തിൽ കൊച്ചിയിലെത്തുന്ന യുവ ആർക്കിടെക്റ്റായ റോയ് മാത്യൂ (പൃഥ്വിരാജ്) സാഹചര്യങ്ങളുടെ മറിമായം കൊണ്ട് അർജ്ജുനനായി തെറ്റിദ്ധരിക്കപ്പെടുന്നതോടെ കൊലയാളികൾ അയാളുടെ നേർക്കും അക്രമം അഴിച്ചുവിടുന്നു. ഈ രംഗത്തിനുവേണ്ടി ചെയ്തിരിക്കുന്ന ഒരു കാർ ചേസും അതിനെത്തുടർന്നുള്ള അപകടങ്ങളും പ്രേക്ഷകരിൽ ഭയമുണർത്താൻ പോന്നവയാണ്‌. കൊച്ചിയെ കേന്ദ്രീകരിച്ചുള്ള ഏതൊരു സിനിമയിലും ക്വൊട്ടേഷൻ, ഗുണ്ടായിസം തുടങ്ങിയവ അവിഭാജ്യഘടകമാണെന്ന് ഈ സംവിധായകനും നിർഭാഗ്യവശാൽ ധരിച്ചുവശായിരിക്കുന്നു. അങ്ങനെ സത്യം കണ്ടെത്താനുള്ള യാത്രയിൽ മറ്റു പല സത്യങ്ങളും മനസ്സിലാക്കി പ്രബലരായ കൊലയാളികളെ വലയിലാക്കുന്നിടത്ത് സിനിമ തീരുന്നു. ക്ളൈമാക്സ് എന്നത് ഒരു ക്രാഷ്‌ലാൻഡിങ്ങ് ആയിരുന്നില്ലേ എന്ന് തോന്നിപ്പിക്കും വിധമാണ്‌ സംവിധാനം. നമ്മൾ എന്ന സിനിമയിലൂടെ നൂലുണ്ടയായി വന്ന് ക്ളാസ്‌മേറ്റ്സിൽ വാലുവാസുവായ വിജീഷ് തന്റെ ശരീരം നന്നായി ഒരുക്കിയെടുത്ത് മസിലും പെരുക്കി പൃഥ്വിക്കൊപ്പം മുഴുനീളകഥാപാത്രമായുണ്ട്. നെടുമുടി വേണു, ക്യാപ്റ്റൻ രാജു, തുടങ്ങിയവർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നായികയായ ആൻ അഗസ്റ്റിന്റെയും സ്ഥിതി വ്യതസ്തമല്ല. വില്ലന്മാരായ (ബിജു മേനോനും സുരേഷ്‌കൃഷ്ണയുമടക്കം) എല്ലാവരും തനി ക്ളീഷേ പ്രകടനമാണ്‌ കാഴ്ചവെച്ചത്. സലിം കുമാറും സുരാജ് വെഞ്ഞാറമൂടുമൊന്നും ഓവറാക്കിയില്ല എന്നൊരു സമാധാനവുമുണ്ട്. വിജയരാഘവന്റെ പൊലീസ് വേഷവും പതിവുശൈലി തന്നെ. ജഗതിയുടെ കഥാപാത്രം മനസ്സിൽ തട്ടുന്നതാണ്‌. അവസാനത്തെ വലയിലാക്കൽ ഇവിടം സ്വർഗ്ഗമാണ്‌ എന്ന സിനിമയുടെ ക്ളൈമാക്സിനെ ഓർമ്മിപ്പിച്ചു. ആദ്യപകുതി ചടുലമായിരുന്നെങ്കിലും ഇടവേളയ്ക്കു ശേഷം ആകെയൊരു അളിപുളിയായി. നല്ലൊരു ത്രില്ലറാക്കാമായിരുന്ന ഒരു സബ്ജെക്ട് രഞ്ജിത് ശങ്കറിന്റെ കയ്യിലൊതുങ്ങാതെ പോയ കാഴ്ചയ്‌ക്കാണ്‌ ഇവിടെ പ്രേക്ഷകൻ സാക്ഷിയായത്.

ലാസ്റ്റ് വേർഡ്: മൊത്തത്തിൽ തരക്കേടില്ല.
കഥ, തിരക്കഥ, സംവിധാനം: രഞ്ജിത് ശങ്കർ
അഭിനേതാക്കൾ: പൃഥ്വിരാജ്, ആൻ അഗസ്റ്റിൻ, ജഗതി ശ്രീകുമാർ, വിജയരാഘവൻ, ബിജു മേനോൻ, സുരേഷ് കൃഷ്ണ, ക്യാപ്റ്റൻ രാജു, ആനന്ദ്, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട്‌, വിജീഷ് തുടങ്ങിയവർ.
ബാനർ: എസ് ആർ ടി. റിലീസ്


ഒരു വാക്ക്: ആദ്യമായാണ്‌ ഞാനൊരു റിവ്യൂ എഴുതുന്നത്. വ്യക്തിപരമായ അഭിപ്രായമാണിത്. കുറവുകൾ സദയം സഹകരിക്കുക.

Saturday, January 1, 2011

സമയരഥം. (നീണ്ടകഥ)

സ്ഥലം ഇടപ്പള്ളി സിഗ്നൽ ജംൿഷൻ.
സമയം രാത്രി ഒൻപതര.
ചുമലിൽക്കിടക്കുന്ന ബാഗ് നേരെയാക്കിയിട്ട് വിനു ഹൈവേയുടെ വടക്കുഭാഗത്തേക്കു കണ്ണും നട്ടു നിന്നു. സാധാരണ പ്രവൃത്തിദിനങ്ങളിൽ ഇവിടെ ഈ സമയത്ത് ധാരാളമാളുകൾ കാണുംപക്ഷേ വാരാന്ത്യമായതു കൊണ്ട് എല്ലാരും നേരത്തെ കൂടണഞ്ഞിരിക്കുന്നു.
ശനിയാഴ്ചയായതു കൊണ്ട് അല്പം നേരത്തേയിറങ്ങാമെന്നു കരുതിയിരിക്കുമ്പോഴാണ്‌ നാശം പിടിക്കാൻ ജീയെമ്മിന്റെ വരവ്. നാലര മണിക്കൂർ അങ്ങേരു കാരണം തുലഞ്ഞു. ആലപ്പുഴ വഴി ഇനിയിപ്പോ ട്രെയിനൊന്നുമുണ്ടാവില്ല. വിനു അക്ഷമനായി വീണ്ടും വാച്ചിൽ നോക്കി. വല്ല ലോറിക്കാരും വന്നാൽ കൈകാണിച്ചു കയറാൻ നോക്കാം. ലോറിക്കു കയറാൻ വൈറ്റിലയാണു പറ്റിയ സ്ഥലം. ഏതെങ്കിലും ടൂവീലർകാരനെയെങ്കിലും കിട്ടിയാൽ അങ്ങോട്ടിറങ്ങാമായിരുന്നു. വിനു വീണ്ടും വടക്കോട്ടു നോക്കി. ഹൈവേയുടെ അങ്ങേയറ്റത്ത് രണ്ടു ഹെഡ്‌ലൈറ്റുകൾ തിളങ്ങി. ഇടയ്ക്കിടെ ഫോഗ്‌ലാമ്പുകളും മിന്നുന്നുണ്ട്. റാലികാറുകളുടേതു പോലുള്ള ശബ്ദം. ഏതെങ്കിലും ഫ്രീക്ക് പയ്യന്മാരാവും. കൊച്ചിയിൽ അത്തരക്കാർക്കു പഞ്ഞമില്ലല്ലോ. ആ കാറിങ്ങടുത്തെത്തിക്കഴിഞ്ഞു. വിനുവിനെ കണ്ടിട്ടെന്നോണം ഡ്രൈവർ ഓരം ചേർത്ത് വണ്ടി നിറുത്തി. മിത്‌സുബിഷി ലാൻസറാണ്‌വണ്ടി. കറുത്തനിറത്തിൽ കുളിച്ച ബോഡിയിലാകെ ഓട്ടോപാർട്സ് കമ്പനികളുടെയും മറ്റും പരസ്യ സ്റ്റിക്കറുകൾ. ഭംഗിയുള്ള അലോയ് റീമ്മുകളിൽ വീതിയേറിയ റാലി ടയറുകൾ. പിന്നിൽ ഉയർന്നു നില്ക്കുന്ന ഹൈഡ്രോളിക് ഓപ്പറേറ്റഡ് സ്പോയിലർ കാണുമ്പോൾ ആകെ ഒരു വിമാനച്ചന്തം.പ്രൊഫെഷണൽ റാലിക്കാരനാവും.
ചിന്തിച്ചു നിൽക്കവേ വിൻഡോഗ്ളാസ്സ് താണു.
എങ്ങോട്ടാ..?”
കനമുള്ള ശബ്ദം..
വിനു തെക്കോട്ട് കൈചൂണ്ടി. ഭാഗ്യമായി ലിഫ്റ്റ് കിട്ടിയാൽ വൈറ്റില വരെയെങ്കിലും ചെന്നു പറ്റാമല്ലോ.
കേറിക്കോ...ഞാനങ്ങോട്ടാ...
വിനു തെല്ലു മടിയോടെ ഡോർ തുറന്നു കയറി. റാലി മോഡൽ സീറ്റുകൾ. ഡോറടഞ്ഞതും ഒരു മുരൾച്ചയോടെ കാർ കുതിച്ചു. വിനു ഡ്രൈവറുടെ നേർക്കു നോക്കി. എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശത്തിൽ ആ മുഖം ഒരു നോക്കു കണ്ടു. തീരെ പയ്യനല്ല. മുപ്പത്തിയഞ്ചോളം വയസ്സുവരും. ചീകിയൊതുക്കിയ മുടി. വല്ലാത്തൊരു തിളക്കമുള്ള ചെറിയ കണ്ണുകൾ..നീണ്ട നാസികയ്ക്കു താഴെ കട്ടിമീശ. കവിളിൽ ഒന്നോരണ്ടോ ദിവസം പ്രായമുള്ള കുറ്റിരോമങ്ങൾ. ഇടത്തേ കാതിൽ ഒരു സ്റ്റഡ്. ടോമിഹിൽഫിഗറിന്റെ ടീഷർട്ട്. ഉറച്ച ശരീരം. ബലിഷ്ഠമായ കൈകളിൽ റിസ്റ്റ്ബാൻഡും ലെതർ റാലി ഗ്ളൗസും ധരിച്ചിരിക്കുന്നു.
ആളാകെ സ്റ്റൈലിഷാണല്ലോ... വിനു മനസ്സിലോർത്തു. അവൻ വണ്ടിക്കകമാകെ ഒന്നു നോക്കി. തലകീഴായി മറിഞ്ഞാലും ഒന്നും സംഭവിക്കാതിരിക്കാനുള്ള ആന്റിറോൾ കേജിംഗ്. ഡോർപാഡുകളും മറ്റും എടുത്തുമാറ്റിയിരിക്കുന്നു. ഡാഷ്ബോർഡിൽ റാലിവാഹനങ്ങളിലെപ്പോലെ കുറെ അഡീഷണൽ ഗേജുകളും മറ്റും. വണ്ടി പൈപ്‌ലൈൻ സിഗ്നലിലെത്തി. ഒരു ടാങ്കർ ലോറി കാക്കനാട് ഭാഗത്തേക്ക് കയറിപ്പോകുന്നു. വണ്ടി നിന്നു. ഡ്രൈവർ വിനുവിനു നേരെ തിരിഞ്ഞു.
എന്താ പേര്‌..?”
വിനു ഒരു നിമിഷം ശങ്കിച്ചു... ഇങ്ങനെയുള്ളവരോടൊക്കെ പേരു പറയണോആളു കുഴപ്പക്കാരനല്ലെന്നു തോന്നുന്നു... പറഞ്ഞേക്കാം.
വിനു... വിനു വിശ്വനാഥ്
മുൻപിലേക്കു നോക്കിയിരിക്കുകയായിരുന്ന അയാൾ ഗിയർ ലിവറിലേക്കു കൈ നീട്ടി. വണ്ടി കുതിച്ചു. അപ്പോളതാ അടുത്ത ചോദ്യം.
എവിടാ വീട്..?”
വിനു അയാളുടെ മുഖത്തേക്കു തന്നെ നോക്കിപ്പറഞ്ഞു
ആലപ്പുഴ...
ങാഹാ... അപ്പോ ആലപ്പുഴയ്ക്കാണോ... ഞാനും കുറച്ചു തെക്കോട്ടാആലപ്പുഴ കഴിഞ്ഞും പോണം
വിനുവിന്റെ മുഖം വിടർന്നു. ലോറിക്കാരെ കാത്തു നിൽക്കാതെ നേരെ പോകാമല്ലോ. വണ്ടി വൈറ്റില ഓവർബ്രിഡ്ജ് കയറി.
ഡ്രൈവർ തുടർന്നു.
എന്നെ പരിചയപ്പെടുത്തിയില്ലല്ലോ... ഞാൻ ജിജോ. ജിജോ കോശി. വീട് ആലപ്പുഴ ജില്ലയിൽ തന്നെയാഎ.സി.റോഡിൽരാമങ്കരി. കുട്ടനാടൻ ജന്മികുടുംബം എന്നൊക്കെ ചിലർ കളിയാക്കാറുണ്ട്. ഒരു കണക്കിനതു ശരിയാ. പണ്ടൊക്കെ ആ പ്രദേശം മുഴുവനും ഞങ്ങടെയായിരുന്നു... ഇപ്പോ അതൊക്കെ വിറ്റൊഴിവാക്കി. എനിക്കീ കൃഷിയൊന്നും നോക്കാൻ പറ്റില്ലെന്നേ. ഒരു പെങ്ങളുണ്ട് കെട്ടിച്ചയച്ചു അവളിപ്പോ സ്റ്റേറ്റ്സിലാ, ചേട്ടച്ചാരുണ്ട്പുള്ളിയുടെ വീതം മാത്രം കൃഷിയൊണ്ട്. ഞാനിങ്ങനെ റാലിയും റേസിങ്ങുമൊക്കെയായിട്ടു നടക്കുന്നുഇപ്പോത്തന്നെ ബാംഗ്ളൂരിൽ നിന്നു ഒരു റാലി കഴിഞ്ഞുവരുന്ന വഴിയാ...
അയാളുടെ സംസാരം വിനുവിനു രസിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ്‌അടുത്ത ചോദ്യം.
ആലപ്പുഴയിലെവിടാ വീട്...?“
കളർകോട്ടാ...
വിനു തെല്ലു മടിയോടെ പറഞ്ഞു.
അതുശരി... ഇവിടെ എവിടെയാ ജോലി..?”
കേരളാ ട്രേഡ്സ് ആൻഡ് എക്സ്പോർട്സിലാ... ഇടപ്പള്ളിയിലാ ഫിനാൻഷ്യൽ ഡിവിഷൻഞാൻ അക്കൗണ്ട്സിലാ...
ഓ... ദാറ്റ് സൗണ്ട്സ് ഗുഡ്...”
അയാൾ വിനുവിനെ നോക്കി ഒന്നു പുഞ്ചിരിച്ചു... അവനും ചിരിച്ചുഇനിയും സംശയം മാഞ്ഞിട്ടില്ലാത്ത മുഖത്തോടെ.
വിനുവിന്റെ മനസ്സിൽ നിന്നും ഭയം കുടിയിറങ്ങിത്തുടങ്ങി. അവനയാളോടു സംസാരിക്കാൻ പുതിയ വിഷയങ്ങൾ കണ്ടെത്താൻ ശ്രമിച്ചു.
ഈ വണ്ടി എവിടെയാ മോഡിഫൈ ചെയ്തത്..?”
പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു...
എന്താ ഇഷ്ടപ്പെട്ടോ...?
അയാൾ ചിരിയോടെ വിനുവിനെ നോക്കി.
പിന്നേ... അടിപൊളിയായിട്ടുണ്ട് മാഷേ... തകർപ്പൻ...
താങ്ക്സ്... ഇതു ഞാൻ കോയമ്പത്തൂരിലാ ചെയ്തത്കരി റേസിംഗിലെ കുറെ പയ്യന്മാരുണ്ട് എന്റെ ഫ്രണ്ട്സ്... അവന്മാരാ സ്ട്രക്ചറും മെക്കാനിക്കൽസും. പെയ്ന്റ് ആൻഡ് ഫിനിഷിംഗ് അങ്ങു ബാംഗ്ളൂരിലും ചെയ്തു... മൂന്നാലഞ്ചു ലക്ഷം രൂപാ നിന്ന നിൽപ്പിലങ്ങു പൊട്ടി... പകരം കിട്ടിയ സാധനം ദേയാ, പൊറകിലെ സീറ്റിൽ കെടപ്പൊണ്ട്...
അയാൾ പിൻസീറ്റിലേക്കു കൈചൂണ്ടി. അവൻ തിരിഞ്ഞു നോക്കി. പിന്നിലെ സീറ്റിൽ ഭംഗിയുള്ള ഒരു വലിയ ട്രോഫി.
രാംകുമാർ മെമ്മോറിയൽ റാലി... കേട്ടിട്ടുണ്ടോ..അതു കഴിഞ്ഞു വരുന്ന വഴിയാ. കഴിഞ്ഞ വർഷം റണ്ണറപ്പായിരുന്നുഫസ്റ്റ് കിട്ടേണ്ടതായിരുന്നു. കൂടെ നാവിഗേറ്ററായിട്ടു വന്ന തൃശൂർക്കാരനൊരു നായിന്റെ മോൻ എനിക്കിട്ടു പണി തന്നു. അങ്ങനെ ഒന്നാം സ്ഥാനം ആമ്പിള്ളേരു കൊണ്ടുപോയി... അന്നുമുതലൊരു വാശിയായിരുന്നു. സ്ഥിരം പ്രാക്ടീസ്ക്വാളിറ്റി സ്പെയേഴ്സ്അങ്ങനെ ഒരുകൂട്ടം തയ്യാറെടുപ്പുകൾ. ഇത്തവണ നാവിഗേറ്റർ ഒരു പാവം പാണ്ടിച്ചെക്കനായിരുന്നു. സേലത്തുകാരൻ ശിവ. എൻജിനീയറിംഗ് പഠിക്കുന്നവനാ. ഒരു ശല്യവുമില്ല നല്ല കൂറൊള്ള ചെറുക്കനാ... വരുന്ന വഴി അവനെ കോയമ്പത്തൂരിലെ അവന്റെ കോളെജിൽ വിട്ടു. അവിടുന്നു നേരെ കാലു കൊടുത്തിട്ട് പിന്നെ ഇടപ്പള്ളിയിൽ ഇയാളെ കേറ്റാനാ നിറുത്തിയത്...
അയാൾ പറഞ്ഞു നിറുത്തി.
വിനു അയാളുടെ സംസാരം താല്പര്യത്തോടെ കേട്ടിരിക്കുകയായിരുന്നു. വണ്ടി അപ്പോൾ മരടു കഴിഞ്ഞിരുന്നു. സംസാരിക്കുമ്പോഴും ഇയാൾ എത്ര ശ്രദ്ധയോടെയാണു സ്റ്റിയറിംഗ് കൈകാര്യം ചെയ്യുന്നത്. അവൻ മനസ്സിലോർത്തു.
കൊച്ചിക്ക് അതിരിടുന്ന വലിയ പാലത്തിലേക്ക് കാർ പാഞ്ഞുകയറുമ്പോൾ മഴതുടങ്ങി.
“നശിപ്പിച്ചല്ലോ... ഇവിടം വരെ മഴയില്ലാരുന്നു... ഇപ്പം ദേ പടിക്കൽകൊണ്ട് കലം തല്ലിപ്പൊട്ടിച്ചെന്നു പറഞ്ഞതുപോലെ...”
ജിജോ പിറുപിറുത്തു.
മുന്നിലൊരു ലോറി പോകുന്നുണ്ട്. അതിന്റെ പിൻചക്രങ്ങളിൽ നിന്ന് വെള്ളവും ചെളിയും കലർന്ന കണികകൾ പിന്നിലേക്കു പാറിപ്പോകുന്നു. പാലത്തിൽ വെച്ചുതന്നെ ആ ലോറിയെ ഓവർടേക്ക് ചെയ്ത് കാർ അരൂരിലേക്കിറങ്ങി. മഴ തെല്ലു ശമിച്ചു...
“കട്ടൻ കാപ്പിയടിക്കുന്നോ....?”
ഇടത്തു കണ്ട തട്ടുകടയിലേക്കു ചൂണ്ടി ജിജോ ചോദിച്ചു.
“ഹേയ് വേണമെന്നില്ല...”
വിനു മടിച്ചു
“എന്നാലേ, എനിക്കു വേണമെന്നുണ്ട്...”
വണ്ടി നിറുത്തി ജിജോ ചാടിയിറങ്ങി തട്ടുകടയിലേക്കു കയറി.
“രണ്ടു കാപ്പി..”
വിനു വേണ്ടെന്ന ഭാവത്തിൽ ആംഗ്യം കാട്ടിയെങ്കിലും ജിജോ വിട്ടില്ല. മനസ്സില്ലാമനസ്സോടെ അവനുമിറങ്ങി കടയിലേക്കു കയറി. ചൂടുകാപ്പി മൊത്തിക്കുടിക്കുന്നതിനിടയിൽ റോഡിന്റെ എതിർവശത്ത് ഒരു സീഫുഡ്സ് കൊണ്ടുപോകുന്ന തരത്തിലുള്ള മിനിലോറി വന്നു നിന്നു. അതിൽ നിന്നും ഡ്രൈവറും ക്ളീനറും ഇറങ്ങി റോഡ് മുറിച്ചുകടന്ന് ഇപ്പുറത്തെത്തി. കടയിലേക്ക് കയറുമ്പോഴാണ്‌വിനു അത് കണ്ടത്. ഡ്രൈവറുടെ നെറ്റിക്കൊരു മുറിവ്, ഷർട്ടിൽ ചോര.
“ദെന്തു പറ്റീടാ സാദീ...?”
കടക്കാരൻ തെല്ല് പരിഭ്രമത്തോടെ ചോദിച്ചു, അവർ പരിചയക്കാരാവണം.
“അവിടാകെ കച്ചറയാടാ... വണ്ടീന്റെ ഫ്രണ്ട് ഗ്ളാസ്സും എറിഞ്ഞ് പൊട്ടിച്ച്... കാറ്റഴിച്ച് വിടണേനും മുമ്പ് വിട്ടു വന്ന വഴിയാ...“
”എന്താടാ പ്രശ്നം..? അതു പറ...“
”ഒന്നും പറയെണ്ടാ... ആരാണ്ട് പന്നികള്‌അവന്റെയൊക്കെ നേതാവിനെ വേറേതോ പന്നീന്റെ മക്കള്‌വെട്ടി പണ്ടാരടക്കീന്നു പറഞ്ഞ് വാളും വടീം പന്തോം പണ്ടാരോക്കെയായി റോട്ടിലെറങ്ങി അറാമ്പെറപ്പ് കാണിക്ക്വാടാ...“
ഏതോ രാഷ്ട്രീയകക്ഷിയുടെ നേതാവിനെ എതിർകക്ഷികൾ വെട്ടിക്കൊലപ്പെടുത്തിയതിനെത്തുടർന്നുള്ള സംഘർഷമാണതെന്ന് അവർ തമ്മിൽ സംസാരിച്ചതിൽ നിന്നും വിനുവിന്‌മനസ്സിലായി. ദൈവമേ... ആ വഴിയാണ്‌അങ്ങോട്ടേക്കു പോകേണ്ടത്. അവൻ ജിജോയ്ക്ക് നേരെ നോക്കി... ജിജോയെ കാണാനില്ല...! അവൻ ചുറ്റുപാറ്റും നോക്കി. കാപ്പി അതുപോലെ തന്നെ ഇരിപ്പുണ്ട്. റോഡിൽ കാർ കിടപ്പുമുണ്ട്. അവൻ കാപ്പിയുടെ ബിൽ കൊടുത്ത് പുറത്തേക്കിറങ്ങി ചുറ്റും നോക്കി. ഇല്ല പരിസരത്തെങ്ങും അയാളെ കാണാനില്ല. ഏതായാലും കാറിൽ കയറിയിരിക്കാം എന്നോർത്ത് അവൻ ഡോർ തുറന്ന് അകത്തേയ്ക്ക് കയറി.
ഡോറടച്ചതും പെട്ടെന്ന് ഡ്രൈവർസൈഡിലെ ഡോർ തുറന്ന് ജിജോ അകത്തേക്ക് കയറി.
“പോയേക്കാം..?”
“എവ്ടാരുന്നു മാഷേ.... ആകെ പേടിച്ചു പോയല്ലോ...”
വിനു തന്റെ അങ്കലാപ്പ് മറച്ചുവെച്ചില്ല.
“ഓ അതോ, എനിക്ക് പെട്ടെന്നൊരു ഫോൺ വന്നു... വീട്ടീന്ന്, ചേടത്തിയാ... ചേട്ടന്റെ വൈഫ്... വരുന്ന വഴിക്ക് കപ്പ കിട്ടിയാൽ വാങ്ങണമെന്നും പറഞ്ഞ്. ഈ നട്ടപ്പാതിരയ്ക്കെവിടുന്നാ കപ്പേം കഞ്ഞീമൊക്കെ...”
“കാപ്പി കുടിച്ചില്ല..”
വിനു ഓർമ്മിപ്പിച്ചു...
“ഓ.. ഇനി കാപ്പീം ചായേമൊക്കെ വീട്ടിച്ചെന്നു മതി... ഇയാളു കുടിച്ചില്ലേ..? അതു മതി...”
കാർ മുന്നോട്ടു നീങ്ങി.
“അതേയ്, വഴിക്ക് എന്തൊക്കെയോ പ്രശ്നമുണ്ടെന്നു ഇങ്ങോട്ടു വരുന്നവർ പറഞ്ഞുകേട്ടു... സൂക്ഷിച്ചു പോണേ..”
വിനു ഓർമ്മിപ്പിച്ചു.
“എന്തോന്നു പ്രശ്നം... ”
ജിജോ അലസഭാവത്തിൽ ചോദിച്ചു.
“ആരൊക്കെയോ ചേർന്ന് വെട്ടും കുത്തുമൊക്കെയാണത്രേ..”
വിനുവിന്റെ സ്വരത്തിൽ ഭയം നിഴലിച്ചു.
“വെട്ടുന്നവരൊക്കെ വെട്ടട്ടെ, നമ്മളായിട്ടൊന്നിനും അങ്ങോട്ടു പോകാതിരുന്നാൽ പോരേ..?”
ജിജോ ടോപ്ഗിയറിലേക്ക് ലിവർ പിടിച്ചിട്ടു.
കറുത്തിരുണ്ട നെറ്റിയിൽ വെള്ള വരകളുമായി ദേശിയപാത നീണ്ടുനിവർന്ന് കിടക്കുന്നു. കാറിന്റെ വേഗതയ്ക്കൊപ്പം വിനുവിന്റെ മനസ്സിലെ ഭീതിക്കും കനമേറിത്തുടങ്ങി.
കുറെ ദൂരം ചെന്നപ്പോൾ വഴിയിൽ ഹൈവേ പൊലീസിന്റെ ടവേര കിടക്കുന്നു. ഹൈവേ വഴി വരുന്ന വാഹനങ്ങൾ കിഴക്കോട്ട് തിരിച്ചു വിടുകയാണവർ സമാന്തരമായി മറ്റൊരു വഴിയുണ്ടാവണം. മുന്നിലൊരു ടാറ്റാ സുമോ പോകുന്നുണ്ട്. അവർ ഇടത്തേക്കു തിരിഞ്ഞു.
“എന്തു വന്നാലും പോലീസുകാർക്കു കെടക്കണ്ടാ...”
പൊലീസുകാർ വാഹനങ്ങളെ കൈകാട്ടി വിടുന്നതു കണ്ട് ജിജോ പറഞ്ഞു.
വിനു മെല്ലെ ചിരിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും കാർ പോക്കറ്റ് റോഡിലൂടെ ഓടിത്തുടങ്ങിയിരുന്നു. വഴി രണ്ടായി തിരിയുന്നിടത്ത് ജിജോ നിറുത്തി. മുന്നിൽ പോയിരുന്ന സുമോ കാണാനില്ല. വലത്തേക്ക് തിരിഞ്ഞ് ഓടിത്തുടങ്ങി. ചെറിയ വീടുകളും ചതുപ്പുനിലങ്ങളുമൊക്കെയുള്ള ഒരു പ്രദേശമാണത്. ഒന്നു രണ്ടു കിലോമിറ്റർ കഴിഞ്ഞു. വീണ്ടും വലത്തേക്കൊരു വളവ്. പെട്ടെന്നാണവരത് കണ്ടത്. റോഡിൽ ഒരാൾ വീണുകിടക്കുന്നു... അടുത്തെങ്ങും കൊഴുത്ത ചോര.
“ഓ.. ഗോഡ്..”
ജിജോ അറിയാതെ വിളിച്ചു പോയി. വിനുവിന്‌ശ്വാസം നിലയ്ക്കാറായിരുന്നു.
ജിജോ പെട്ടെന്ന് എൻജിൻ ഓഫ് ചെയ്തു ഹെഡ്‌ലൈറ്റുകളുമണച്ചു. കുറ്റാക്കൂരിരുട്ട്. അടുത്തെവിടെയോ ബഹളങ്ങൾ കേൾക്കാം... ആരൊക്കെയോ ഓടിവരുന്നു. ആരവം അടുത്തുവരികയാണ്‌.
“ഈശ്വരാ...”
വിനു നെഞ്ചിൽ കൈവെച്ചു.
ജിജോ ഭാവഭേദമില്ലാതെ ഡാഷ്ബോർഡിലെ ഗ്ളൗബോക്സ് തുറന്നു. എന്തോ ഒന്നു പുറത്തെടുത്തു. മീറ്റർ ഡയലുകളുടെ അരണ്ട വെളിച്ചത്തിലും വിനു അത് വ്യക്തമായി കണ്ടു. നിക്കൽ ഫിനിഷുള്ള ഒരു പിസ്റ്റൾ. അതിന്റെ മാഗസിൻ ഊരി തിരകളുണ്ടെന്നുറപ്പുവരുത്തുകയാണ്‌ ജിജോ. അതും കൂടിയായപ്പോൾ വിനുവിന്റെ ശ്വാസം മുട്ടി.
“ഹേയ്.. പേടിക്കെണ്ടെടോ... സ്വയരക്ഷയ്ക്ക് എടുത്തുപെരുമാറാൻ സർക്കാർ ലൈസൻസുള്ള സാധനമാ... വെറുതേ ഒരു പ്രിക്കോഷൻ..”
ലോക്ക് വലിച്ച് ലോഡ് ചെയ്തുകൊണ്ട് ജിജോ പുറത്തേക്കിറങ്ങി.
പെട്ടെന്ന് ഇരുട്ടിൽ നിന്നൊരു രൂപം ജിജോയുടെ മുകളിലേക്ക് ചാടി വീഴുന്നതു കണ്ടു.
 നിമിഷാർദ്ധം കൊണ്ട് ഒരു വെടി മുഴങ്ങി.
ഒരു ഞരക്കവും കേട്ടു. ഒരു നിലവിളി വിനുവിന്റെ തൊണ്ടയിൽ തടഞ്ഞു നിന്നു.

(തുടരും)