Thursday, September 24, 2009

ദോഹാ ബ്ലോഗേഴ്സ് മീറ്റ്: ഒരു എപ്പിലോഗ് | An Epilogue from Doha Blogger's Meet

എല്ലാവരും ബ്ലോഗ് മീറ്റിനെപ്പറ്റിയും അവിടെ നടന്ന കലാപരിപാടികളെപ്പറ്റിയുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്നതു കേട്ടു നില്‍‍ക്കുകയായിരുന്നു ഇതു വരെ. എനിക്കുണ്ടായ (ദുര്‍)അനുഭവങ്ങള്‍ കൂടി കേട്ടോളൂ... എന്നാലേ സംഗതിയുടെ കോറം തികയൂ.


നൈറ്റ്ഡ്യൂട്ടിക്കിടയില്‍ സ്വന്തം ബ്ലോഗായ എഴുതാപ്പുറത്തില്‍ അനോണി ഐഡിയിലൂടെ കയറി ഹിറ്റ് കൂട്ടുന്ന നിര്‍ദ്ദോഷമായ വിനോദത്തിലേര്‍പ്പെട്ടിരിക്കെയാണ്‌ പുതിയോരു കമന്റ് കണ്ടത്‌. കമന്റന്‍ മുഹമ്മദ് സഗീറെന്ന സഹൃദയന്‍. ബ്ലോഗിനെപ്പറ്റി നല്ലതൊന്നുമെഴുതിയില്ലെങ്കിലും (അതല്ലേലും അങ്ങനെയല്ലേ.. ഒരു ഡോഗിന്‌ മറ്റൊന്നിനെ അക്സപ്റ്റ് ചെയ്യാന്‍ കഴിയില്ല.. ലീവിറ്റ്..)ഒരു ബ്ലോഗ് മീറ്റ് നടത്താനുദ്ദേശിക്കുന്നെന്നും താല്‍പര്യമുണ്ടെങ്കില്‍ പങ്കെടുക്കാമെന്നുമൊക്കെ ടെലഫോണ്‍ നംബര്‍ സഹിതമുള്ള അറിയിപ്പ്. പിറ്റേദിവസം അവധിയായിരുന്നതുകൊണ്ട് ഞാനും തല്‍പരകക്ഷിയായി. ഉടന്‍ തന്നെ ഫോണെടുത്തു ഞെക്കിപ്പറിച്ച് സഹൃദയനെ വിളിച്ചു. ദോഹയില്‍ നിന്നും പത്തറുപത് കിലോമീറ്റര്‍ മാറി അല്‍-ഖോറെന്ന ഒരറ്റത്തു കിടക്കുന്ന ഞാന്‍ ദൂരത്തെക്കുറിച്ച് വ്യാകുലനായപ്പോള്‍ വന്ന മറുപടി ഇങ്ങനെയായിരുന്നു

"സാരമില്ല, അല്‍-ഖോറില്‍ നിന്നും രണ്ടു പേര്‍ വേറെയുമുണ്ട്...."

ഈൗ‍ൗശ്വരാ... അല്‍-ഖോറില്‍ വേറെയും ബ്ലോഗേഴ്സോ..? അല്‍-ഖോറിലെ ഏക ബ്ലോഗന്‍ എന്ന ആ സ്വപ്നവും അവിടെ ഠമാര്‍..പഠാര്‍... എന്നു പൊട്ടി. നജീം, ശൈലേഷ് എന്നിങ്ങനെ രണ്ടു പേരാണ്‌ ആ മഹാന്മാര്‍ എന്നും സഗീര്‍ പറഞ്ഞ് നജീമിന്റെ നംബര്‍ കൂടി എനിക്കു തന്നു. അങ്ങനെ ഞാന്‍ നജീം എന്ന ഒന്നാം ബ്ലോഗറെ വിളിക്കുന്നു.. നാളെ നമുക്കൊന്നിച്ചു പോകാമെന്നു മറുപടി. എനിക്കാശ്വാസമായി... അങ്ങനെ ഞാന്‍ ബ്ലോഗ് മീറ്റ് സ്വപ്നം കണ്ട് നേരമൊന്നു വെളുത്തു കിട്ടാന്‍ ഓഫീസില്‍ കുത്തിപ്പിടിച്ചിരുന്നു.

രാവിലെ വില്ലയിലെത്തിയതും ആകെ ഒരുന്മേഷം... ഒന്നു മയങ്ങാമെന്നു ശരീരം പറയുന്നെങ്കിലും ബ്ലോഗ് മീറ്റ് എന്ന ബല്യ പെരുന്നാളിനു പോകാന്‍ എഴുന്നേല്‍ക്കാന്‍ പറ്റാതെ പോയാലോ എന്ന ഭയം കാരണം ഉറങ്ങാതെ കറങ്ങി നടന്നു. ഇടയ്ക്ക് ക്യാമറയും മറ്റുമെടുത്ത് തയാറാക്കി വെച്ചു... വെറുതേ ഓരോന്നാലോചിച്ചു കിടന്നു... ഈ ബ്ലോഗ് മീറ്റ് എന്നു പറഞ്ഞാല്‍ എങ്ങനെയായിരിക്കും... അലമ്പു കൂട്ടമായിരിക്കുമോ..? അതോ... ഇനി ഇഞ്ചിപ്പെണ്ണിനെപ്പോലെയുള്ള വല്ല കുരുമുളകു പെണ്ണുങ്ങളുമൊക്കെ വരുമോ ആവോ..? എന്തായാലും ഞാനായിട്ട് കുറയ്ക്കുന്നില്ല...

സമയം ഉച്ച പന്ത്രണ്ടര. ഞാന്‍ നജീമിനെ വിളിക്കുന്നു... ഇഷ്ടന്‍ ഫോണെടുക്കുന്നില്ല... ദൈവമേ.. എന്റെ കന്നി ബ്ലോഗ് മീറ്റ്... എല്ലാം ഇതോടെ തീരുമോ..? നടുക്കടലില്‍ ചവിട്ടിമുക്കാനാണോ ഈ വള്ളം ഞാന്‍ തുഴഞ്ഞത്..? ഏതായാലും ഇതിനെല്ലാമൊരു കൂട്ടുത്തരവാദി കൂടെയുണ്ടല്ലോ... സഗീറിനെ വിളിച്ചു... അപ്പോഴാണ്‌ മനസ്സിലായത് നജീമെന്ന ഒന്നാം ബ്ലോഗര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ രംഗത്തു നിന്നും സ്കൂട്ടായി എന്ന്‌. കൊള്ളാം... ഓന്‍ ആണ്‍കുട്ടിയാ.. ബ്ലോഗറാവാനുള്ള മിനിമം യോഗ്യതകളെങ്കിലുമുള്ള ആണ്‍കുട്ടി... (അല്ലാതെ ദോഹയില്‍ ഒത്തുകൂടിയ ചളുക്കപ്പിള്ളേരെപ്പോലെയല്ല..) മനസ്സില്‍ വന്ന സരസ്വതീസ്തുതി ലീക്കായി വെളിയില്‍ വരുന്നതിനു മുന്‍പു തന്നെ സഗീര്‍ അടുത്ത ബ്ലോഗന്റെ നംബര്‍ തന്നു. അങ്ങനെ ശൈലേഷ് എന്ന രണ്ടാമനെ ഞാന്‍ വിളിച്ചു... എവിടൊക്കെയോ വഴി തെറ്റി കറങ്ങിത്തിരിഞ്ഞ് മൂപ്പര്‍ വരികയും ചെയ്തു. കണ്ടപാടെ ചമ്മലോടെ മൂപ്പര്‍ ഒരു രഹസ്യം പറഞ്ഞു...

"ആദ്യമായിട്ടാ.. ഞാനൊരു ബ്ലോഗറെ ജീവനോടെ കാണുന്നത്..."

ഞാനാകെ രോമാഞ്ചകഞ്ചുകകുഞ്ചനായി... ഹോ എന്റെയൊരു കാര്യമേ..

അങ്ങനെ ഞങ്ങള്‍ ദോഹാ നഗരത്തിലേക്കു യാത്രയായി.

വഴിയിലുടനീളം ശൈലേഷ് ബ്ലോഗ് ചരിതങ്ങള്‍ പാടിക്കൊണ്ടേയിരുന്നു. പല കഥാപാത്രങ്ങളും എനിക്ക് തികച്ചും അജ്ഞാതര്‍... ഞാന്‍ കൊച്ചുകുട്ടിയല്ലേ... അതുകൊണ്ടാവും.

അങ്ങനെ ഞങ്ങള്‍ ദോഹയിലെത്തി. അല്‍-‍ബിദ്ദാ പാര്‍ക്കിലേയ്ക്ക് കയറുന്നതിനു മുന്‍പു ഞാനൊന്നറച്ചു... കേറണോ..? കാരണം ഫാമിലിയായി നടക്കുന്ന തോന്ന്യാസികള്‍ക്കുള്ള സ്ഥലമാണത്. ഒറ്റത്തടിയായെങ്ങാനും അങ്ങോട്ടു ചെന്നാല്‍ ക്ലിപ്പിട്ടുപിടിച്ചു വെളിയിലേക്കിടും... (നാട്ടിലെന്തു കൊണ്ട് ഇത്തരം പാര്‍ക്കുകളില്ല..??? ശ്ശെ... ലജ്ജാവഹം). അങ്ങനെ നില്‍ക്കുമ്പോള്‍ ശൈലേഷ് സഗീറിനെ വിളിക്കുന്നു.

"നിങ്ങളിങ്ങ് വാ.. ന്നേ.."

സഗീറിന്റെ ആഹ്വാനം.

"എങ്ങോട്ട് വരാന്‍..? "

ഞങ്ങളുടെ സ്വാഭാവിക സംശയം.

"ഞങ്ങളീ പാര്‍ക്കിന്റെ 'ഇങ്ങേയറ്റത്ത്' നില്‍ക്കുവാ.. എല്ലാരുമുണ്ട്"

മൂപ്പര്‍ക്കാകെ ഉത്സാഹം...

"അതേയ്... ഈ പാര്‍ക്കില്‍ ഫാമിലിയെ മാത്രമേ കയറ്റൂ എന്നാണല്ലോ..."

ഞാന്‍ വീണ്ടും സംശയാലു...

"ഹേയ്.. അതൊന്നും പ്രശ്നല്ലാന്നേയ്... പള്ളീല്‌ നിസ്കരിക്കാന്‍ വന്നതാണെന്ന്‌ പറഞ്ഞാല്‍ മതി.."

അങ്ങനെ ഫോണിലൂടെ വാഗ്വാദങ്ങളും പ്രശ്നപരിഹാരങ്ങളുമൊക്കെ നടത്തി ഞാനാകെ കുഴഞ്ഞു. സഗീറാണെങ്കില്‍ ഫോണിലൂടെ തേങ്ങയുടെ വലിപ്പമൊക്കെ കാണിക്കുന്ന ടൈപ്പാണെന്ന്‌ ഏകദേശ ധാരണ എനിക്കു കിട്ടിക്കഴിഞ്ഞിരുന്നു, അതാണല്ലോ 'ഇങ്ങേയറ്റം' 'അങ്ങേയറ്റം' എന്നൊക്കെപ്പറഞ്ഞ് ഞങ്ങളെ ഓലക്കാല്‍ ശീലക്കാല്‍ കളിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അല്‍-ബിദ്ദാ പാര്‍ക്കിനു ചുറ്റും ഞങ്ങള്‍ നടന്ന നടപ്പ് നേരെ അല്‍-ഖോറിലേക്കു നടന്നിരുന്നെങ്കില്‍ വീട്ടിലെത്താമായിരുന്നു എന്ന സ്ഥിതിയായി. എന്റെ പുറത്താണെങ്കില്‍ സ്ഥാവരജംഗമസ്വത്തുക്കളടങ്ങിയ ഒരു മുട്ടന്‍ ബാഗുമുണ്ട്. പണ്ടാരത്തിനു ഭാരം കൂടിക്കൂടി വരുന്നതു പോലെ... ഒടുവില്‍ മുജ്ജന്മസുകൃതം കൊണ്ടോ എന്തോ ഞങ്ങള്‍ ബ്ലോഗ് നഗറിലെത്തി. അതാ നില്‍ക്കുന്നു ദോഹയുടെ ബ്ലോഗപുത്രന്മാര്‍... സഗീറിനെ ദൂരെ നിന്നേ ശൈലേഷ് തിരിച്ചറിഞ്ഞു. പിന്നെയുള്ളത് ശാരദനിലാവെന്ന സുനില്‍, ബ്ലോത്രാധിപന്‍ രാമചന്ദ്രന്‍, മുരളി നായര്‍ കൂടെ ഗുല്‍സാര്‍ എന്നിവരും. അല്‍പസമയത്തിനുള്ളില്‍ ശ്രദ്ധേയന്‍ അഥവാ കരിനാക്കെന്നറിയപ്പെടുന്ന ഷെഫീഖ്, കിരണ്‍സ്, ഹാരിസ് എടവന എന്നീ പുപ്പുലികളും വന്ന്‌ അണിനിരന്നു... ആഹഹ... അങ്ങനെ ബ്ലോഗന്മാരെല്ലാം ചേര്‍ന്നു കലപിലകൂട്ടാന്‍ തുടങ്ങിയപ്പോഴുണ്ട്‌ ഒരു സെക്യൂരിറ്റിച്ചേട്ടന്‍ കയറി വരുന്നു...! മലയാളിയാണ്‌ സാധനം... കൂടെ ഒരു ഖത്തറി സെക്യൂരിറ്റിയുമുണ്ട്. ഞങ്ങള്‍ നില്‍ക്കുന്നതാണെങ്കില്‍ പക്കാ ഫാമിലി ഏരിയാ... എനിക്കാകെ അങ്കലാപ്പായി... വന്നപാടെ കൈചൂണ്ടി ഞങ്ങളോട് പുറത്തു പോകാനായിരുന്നു ആജ്ഞ. സഗീറും രാമചന്ദ്രനും തങ്ങളുടെ ഭാര്യമാരെ ചൂണ്ടിക്കാട്ടി

"ഫ്..ഫ്..ഫാമിലി.."

എന്നു പറയാന്‍ ശ്രമിച്ചപ്പോള്‍

"അതു രണ്ടു പേരുടെയല്ലേ... ബാക്കിയുള്ളവര്‍ പുറത്ത് പോകണം"

എന്നായി ആശാന്‍.

ക്രോണിക് ബാച്ചിലറായ ഞാന്‍ എന്റെ ഭാര്യ അവിടെയെവിടെയൊ ഉണ്ടെന്ന ഭാവത്തില്‍ ചുറ്റും നോക്കി. പിന്നെ സഗീറിന്റെ മുഖത്തേയ്ക്കൊന്നു നോക്കി. ബ്ലോഗര്‍പുലികള്‍ പരസ്പരം നോക്കി. പിന്നെ രണ്ടും കല്‍പ്പിച്ച് പുറത്തേയ്ക്കൊരൊറ്റയോട്ടമായിരുന്നു.

പാര്‍ക്കിനു പുറത്തെ പുല്‍ത്തകിടിയില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ച ചിലരെ ഞാന്‍ പിന്തിരിപ്പിക്കുന്നതിനിടയില്‍ ആര്‍ക്കോ വെളിപാടുണ്ടായി.

"നമുക്ക് റോഡു ക്രോസ് ചെയ്തു പോകാം..കോര്‍ണീഷില്‍ ചെന്നിരിക്കാം.."

ഇതെന്തുകൊണ്ട് നേരത്തേ തോന്നിയില്ല..എന്നാലോചിച്ച് തലചൊറിഞ്ഞുകൊണ്ട് സഗീറും ഞങ്ങള്‍ക്കൊപ്പം റോഡു മുറിച്ചുകടന്നു. അതിനിടയില്‍ അസ്‌ലം, സുഹൃത്തുക്കളായ ഇസ്മയില്‍, സലിം എന്നിവരുമെത്തി. ദോഹാനിവാസികളിലെ ഭൂരിഭാഗവും സായാഹ്നങ്ങള്‍ ചെലവഴിക്കാനിഷ്ടപ്പെടുന്ന കോര്‍ണിഷിലെ അരമതിലുകളിലൊന്നില്‍ ദോഹാബ്ലോഗേഴ്സ് നിരന്നിരുന്നു. ഈയുള്ളവന്റെ 'പോട്ടം പിടിക്കുന്ന യന്ത്രം' പലതവണ മിഴിചിമ്മി.

ബ്ലോഗന്മാര്‍ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ഞാന്‍ തെല്ലു പേടിയോടെ കേട്ടിരുന്നു. എല്ലാവരും ഒന്നിനൊന്നു മെച്ചം. സുനില്‍, കിരണ്‍സ്, ഹാരിസ് എടവന, മുരളി നായര്‍ തുടങ്ങിയ യുവപ്രതിഭകളും ഒപ്പം നില്‍ക്കാനുതകുന്ന മറ്റെഴുത്തുകാരും. ആരും മോശമില്ല.

ഭൂമിയിലെയും ഇന്റര്‍നെറ്റിലെയും സ്ഥലം വെയ്സ്റ്റാക്കാനായി അവതാരമെടുത്ത എന്നെപ്പോലെ ഒരുത്തനുമില്ലവിടെ. എഴുതാന്‍ കഴിവില്ലാത്തവരുടെ പട്ടികയില്‍ സ്വയമുള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഞാന്‍ ഇക്കൂട്ടരുടെ മുന്‍പില്‍ തീരെച്ചെറുതാണെന്നു നേരത്തേ തിരിച്ചറിഞ്ഞിരുന്നു. വിമര്‍ശനവുമായി വരുന്നവരെ അവഗണിക്കുന്ന പതിവുള്ളതിനാല്‍ കമന്റുകള്‍ക്കു വേണ്ടിയല്ല മറിച്ച് ആത്മസംതൃപ്തിക്കു വേണ്ടിയാണ്‌ ഞാന്‍ ബ്ലോഗെഴുതുന്നതെന്നൊക്കെ പറയണമെന്നുണ്ടായിരുന്നു... പക്ഷേ വേണ്ടെന്നു തോന്നി. ദാഹിച്ചു തൊണ്ടവരണ്ടു തുടങ്ങിയ എനിക്കു മടുത്തു തുടങ്ങിയിരുന്നു. പരദൂഷണചര്‍ച്ചകള്‍ സജീവമായി തുടരുന്നു... ബ്ലോഗ് ലോകത്തെ താപ്പാനകള്‍ മുതല്‍ വെറും പരട്ടകളെപ്പറ്റിപ്പോലും വായിട്ടലച്ച് ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത വിഴുപ്പലക്കലുകള്‍.

"ബ്ലോഗ് മീറ്റ്.. കോപ്പ്.." ഞാന്‍ മുറുമുറുത്തു... ക്യാമറ പായ്ക്കു ചെയ്ത് പതിയെ സ്ഥലം കാലിയാക്കാമെന്നു കരുതി. അപ്പോഴതാ ദോഹയിലെ പ്രഥമ ബ്ലോഗ് മീറ്റ് പിരിച്ചു വിട്ടതായി സംഘാടകന്റെ വഹ അറിയിപ്പ്. എന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ച സഗീറിനോട് നന്ദി പറയണമെന്നു തോന്നി. ഞാനും കിരണ്‍സും ശൈലേഷുമൊന്നിച്ച് ഒരു കുതിപ്പിന്‌ റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെത്തി. ഡീഹൈഡ്രേഷന്റെ വക്കിലെത്തിയിരുന്ന ഞാന്‍ അടുത്തു കണ്ട കടയില്‍ നിന്നും ഒരു ലിറ്റര്‍ വെള്ളം വാങ്ങി വായിലേക്കു കമിഴ്ത്തി. പരിപാടിയിലെ അടുത്ത അജണ്ടയെന്നത് എങ്ങനെയും വണ്ടികിടക്കുന്ന സ്ഥലം വരെ നടക്കുകയെന്നതാണ്‌. അങ്ങനെ ഞാനും ശൈലേഷും വണ്ടിയെടുത്ത്‌ ദോഹനഗരത്തിന്റെ തിരക്കുകള്‍ക്കിടയിലേക്കു മറഞ്ഞു. അനന്തരം ഞാന്‍ എന്റെ ചേറിയമ്മയുടെ വീട്ടിലേക്കു വിട്ടു. ഞാന്‍ അവിടെ ഡിന്നറിനെത്തുമെന്നറിയിച്ചിരുന്നു. അങ്ങനെ അതും കഴിഞ്ഞ് അല്‍-‍ഖോറിനു പോകാനായി സുഹൃത്തായ സിറാജിനെ വിളിച്ചു. അവന്‍ വണ്ടിയുമായെത്തി. വണ്ടിയില്‍ കയറിയതും ഞാന്‍ ഉറങ്ങാന്‍ തുടങ്ങി... തലേന്നു പകല്‍ ഉറങ്ങിയതാണ്‌... നല്ല ക്ഷീണമുണ്ട്. അല്‍-‍ഖോറിലേയ്ക്കുള്ള യാത്ര തുടങ്ങി അഞ്ചു മിനിറ്റായില്ല അതിനു മുമ്പായി സിറാജ് വിളിച്ചു. ഞാനുണര്‍ന്നു. വണ്ടി റോഡരികില്‍ നിറുത്തിയിരിക്കുകയാണ്.

"എന്താടാ...?"

ഉറക്കം പോയതിന്റെ ദേഷ്യം എന്റെ ശബ്ദത്തില്‍.

"അതേയ്... വണ്ടി പഞ്ചറായി... സ്റ്റെപ്പിനിയില്ല താനും.."

എന്റെ ഉറക്കം ഒരു നിമിഷം കൊണ്ട് ആവിയായിപ്പോയി.

അന്നു രാവിലെ കണികണ്ടവനാരായാലും "അവന്‍ ആചന്ദ്രതാരം നീണാള്‍ വാഴട്ടെ.." എന്നു ഞാന്‍ 'ആസംസിച്ചു'.

അല്‍പം കഴിഞ്ഞ് മുന്നില്‍ വന്നു നിന്ന ഇളംപച്ചനിറമുള്ള സ്കോഡ സുപ്പര്‍ബില്‍ക്കയറി വീട്ടിലെത്തിയപ്പോഴേക്കും എന്റെ കയ്യിലിരുന്ന നൂറുറിയാല്‍ നോട്ടൊരെണ്ണം ഖത്തറിലെ രാജ്ഞിയും മോവാസലാത്ത് ട്രാന്‍സ്പോര്‍ട്സിന്റെ ഉടമയുമായ ഷൈഖാ മൂസയുടെ പെട്ടിയില്‍ വീണിരുന്നു.

"അര്‍ത്ഥനാശം, മാനഹാനി, ദേഹാസ്വാസ്ഥ്യം എന്നിവയ്ക്കു സാധ്യത..."

തളര്‍ച്ചയോടെ കിടക്കയിലേക്കു വീണപ്പോള്‍ എന്റെ ചുണ്ടുകള്‍ രാവിലെ വായിച്ച വാരഫലത്തിലെ വരികള്‍ ഉരുവിട്ടുകൊണ്ടിരുന്നു. മാനഹാനി മാത്രമേ ഇനി ബാക്കിയുള്ളൂ... അതിപ്പോ ഈ പോസ്റ്റിലൂടെ വന്നോളും... ഞാനായിട്ട് തടയുന്നില്ല...

13 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ജുബിന്‍,കലക്കി ഈ (ദുര്‍)അനുഭവങ്ങള്‍

simy nazareth said...

ജുബിന്‍, സഗീറാണോ നിങ്ങളുടെ ദുരനുഭവങ്ങള്‍ കലക്കിയത് :-) ഒന്നും തിന്നാന്‍ പോലും തന്നില്ല അല്ലേ.

asrus irumbuzhi said...

പ്രിയ ജുബിന്‍,
താങ്കളുടെ ബ്ലോഗില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷം ..
വളരെ നന്നായിടുണ്ട് ,അല്പം ചുരുക്കി എഴുതണം ...സമയം കുറവാണേ..!
ഭാവുകങ്ങളോടെ .
അസ്രു ഇരുമ്പുഴി

Mohanam said...
This comment has been removed by the author.
Mohanam said...

രോമാഞ്ചകഞ്ചുകിതനായ ദുഷ്ടാ..... അങ്ങനെയേ വരൂ , വണ്ടി പഞ്ചറല്ല, ചിലപ്പോ ആക്സിലും ഒടിയും.
എന്നെ അറിയിക്കാതെ ഡിന്നറിനു പോയതല്ലേ.... ഹും.


എന്തായാലും പോസ്റ്റ്‌ നന്നായിട്ടുണ്ട്‌.

Typist | എഴുത്തുകാരി said...

അടുത്ത മീറ്റിനു പോകുന്നതിനു മുന്‍പേ ഈറ്റ് ഉണ്ടൊ എന്നുറപ്പാക്കുക.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഈറ്റ് മ്മ്ക്ക് അടുത്ത മീറ്റിലാക്കാം. ഇതിപ്പൊ അറിയില്ലല്ലോ എത്ര ബ്ലൊഗര്‍മാര്‍ കൂട്ടില്‍ വീഴും എന്ന്? എന്തായലും ദോഹേല് പതിലധികം മലയാളം ബ്ലോഗര്‍മ്മാര്‍ ഉണ്ടെന്ന് മനസ്സിലായി.

:)

Jubin Jacob Kochupurackan said...

അടുത്ത മീറ്റ് നമുക്ക് ഷെറാട്ടണിലാക്കിയാലോ ചേട്ടന്മാരേ..? (അതാവുമ്പോ സെക്യൂരിറ്റിപ്പയലുകളെ പെടിക്കേണ്ടല്ലോ...)

ശ്രദ്ധേയന്‍ | shradheyan said...

എനിക്ക് അറിയാം ഈ കലിപ്പ്‌ എന്തിനെന്ന്... മീറ്റിനു വന്നപ്പഴേ ഓരോത്തരുടെ കൈയ്യിലെയും ബോട്ടിലിലും ആകാംക്ഷയോടെ ജുബിന്‍ നോക്കുന്നത് ഞാന്‍ കണ്ടിരുന്നു. ആ കുടവയറിനു വേണ്ടത് അവിടെ കിട്ടിയില്ല അല്ലേ... സാരമില്ല, അടുത്ത മീറ്റിനു ഈറ്റും 'സാധനവും' ഏര്‍പ്പാടാക്കാം... പോരെ... :)

Jubin Jacob Kochupurackan said...

കാര്യങ്ങള്‍ 'അറിഞ്ഞ്' ചെയ്യുന്നതില്‍ ശ്രദ്ധേയനുള്ള സ്കില്‍ എനിക്കിപ്പോ മനസ്സിലായി.. താങ്ക്‌സ്.. :)
കരിനാക്കെടുത്തു വളച്ച് എന്റെ കുടവയറിനെപ്പറ്റി പറഞ്ഞതെനിക്ക് 'ക്ഷ' പിടിച്ചൂ ട്ടോ...
ഇനിയത് ചൊട്ടിത്തുടങ്ങുമെന്നുറപ്പായി... (അത് വല്ല മഹാവ്യാധികളുടെയും രൂപത്തിലാവരുതേ ദൈവമേ... എന്നൊരു പ്രാര്‍ത്ഥനയുണ്ട്...)

Mohanam said...

അല്ലാ എനിക്കറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ.... എല്ലാവര്‍ക്കും തീറ്റി തീറ്റി എന്ന ചിന്ത മാത്രേ ഉള്ളോ..?

ഹല്ല പിന്നെ.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

മീറ്റിനെക്കാളും എല്ലാവര്‍ക്കും ഈറ്റിനെക്കുറിച്ചറിയാനാണല്ലോ താത്പര്യം ഇഷ്ടാ ..
പിന്നെ തനിച്ചു പോയി ഡിന്നര്‍ അടിച്ചത് എനിക്കും അത്രയ്ക്ക് ബോധിച്ചില്ല ..
വണ്ടി പഞ്ചര്‍ ആയതു കഷ്ടം തന്നെ .. പക്ഷെ അന്ന് തന്നെ ബ്ലോഗ്‌ മീറ്റിനു വന്ന എന്നെ പുശ്ചിച്ചു കൊണ്ട് ബീച്ചില്‍ പോയ എന്റെ കൂട്ടുകാരുടെ വണ്ടിയും വഴിയില്‍ കുടുങ്ങിപ്പോയി .. അത് കേട്ടപ്പോള്‍ ഒരു ചെറിയ ആനന്ദം തോന്നി ..

Jubin Jacob Kochupurackan said...

ഡിന്നറെന്നൊക്കെ ഒരു ഗമയ്ക്കു പറഞ്ഞതല്ലേ.. നാട്ടില്‍ നിന്നും കൊണ്ടുവന്ന കുത്തരിയുടെ ചോറിന്റെ കൂടെ നല്ല മോരുകറിയും ഉണക്കമീന്‍ മുളകും ഉള്ളിയും ചേര്‍ത്തു ചതച്ചതും മാങ്ങാ അച്ചാറുമുണ്ടെന്ന്‌ കേട്ടപ്പോള്‍ കൊതിയടക്കാനായില്ല. അതാ ആരോടും മിണ്ടാതെ ഞാന്‍ പാഞ്ഞത്. സദയം ക്ഷമിക്കുക... മേല്‍പ്പറഞ്ഞ സാധനങ്ങളൊക്കെ എന്റെ ജീവനാണ്‌, അവിടെ എനിക്കു സുഹൃത്തുക്കളും ബന്ധങ്ങളുമില്ല... നിര്‍വ്യാജം.. നിര്‍ദാക്ഷിണ്യം... സോറിക്കുന്നു...