Monday, September 14, 2009
ഡ്രൈവിംഗ് പഠിപ്പിക്കാനുണ്ടോ..ഡ്രൈവിംഗ്...
അടുത്തത്.....2002 ല്‍ ഒരു..............നെ (ഒരു സുഹൃത്തിന്‍റെ പേരാണ് അവിടെ എഴുതാന്‍ വിചാരിച്ചത്) ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍ ശ്രമിച്ചു സായൂജ്യമടയേണ്ടി വന്ന ഒരു ആശാന്‍റെ കഥയാണ്... ദുഖകരമായ മറ്റൊരു സത്യം കൂടി...- ആ ആശാന്‍ ഞാനായിരുന്നു. ഒരു ദിവസം കണ്ണാടിയില്‍ നോക്കി ഇളിച്ചുകാണിച്ചിട്ട് സ്വയം പേടിച്ചതിന്റെ പേരില്‍ ഡാര്‍വിന്‍ മുതലുള്ള സകല പരിണാമസിദ്ധാന്തവാദികളെയും തെറിപറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് രംഗപ്രവേശം നടത്തിയ ഒരു മച്ചാന്റെ എളിയ അപേക്ഷ... സംഗതി വളരെ നിസ്സാരം... എന്‍റെ അയല്‍വാസിയായ ടിയാന് ഡ്രൈവിങ്ങ് പഠിക്കണം. automobile engineering പഠിച്ചതിന്റെ അഹങ്കാരമാണോ എന്തോ... ആ ഉദ്യമം ഞാന്‍ തലയിലേറ്റി. അതെനിക്കു മറക്കാനാവാത്ത ശുഭമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയും ചെയ്തു... സംഭവം പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ ഒരു ബൈക്ക് വാടകയ്ക്കെടുക്കുന്നു...(എന്‍റെ ശകടം പണിയിലാണ് എന്നൊക്കെ പറഞ്ഞ് ഞാന്‍ വണ്ടിയെ രക്ഷപ്പെടുത്തിയിരുന്നു..) വാടക ബൈക്കുമായി ഞങ്ങള്‍ വിട്ടു..എവിടേലും ആളൊഴിഞ്ഞ കോണില്‍ കൊണ്ട് പോയിട്ട് വേണം ഇവനെ ഒന്നു ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍. ഞാനോര്‍ത്തു. അങ്ങനെ കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ ഒരിടത്ത് നിര്‍ത്തിയിട്ട് ഞാന്‍ എന്‍റെ പ്രിയ സുഹൃത്തിന് നല്ലൊരു ക്ലാസ് കൊടുത്തു.. എല്ലാം മൂളിക്കേട്ടു അവന്‍...(സാമദ്രോഹി..) പുത്തന്‍ ഹീറോ ഹോണ്ടാ പാഷന്‍ തന്‍റെ കാലുകള്‍ക്കിടയില്‍ വച്ചിട്ട് എന്നെ നോക്കി അവന്‍ ചിരിച്ച (കൊല)ച്ചിരി ഞാനൊരിക്കലും മറക്കില്ല. കിക്കെറില്‍ കാലമര്‍ന്നു...പാഷന്‍ ഉണര്‍ന്നു...(ആ ഭോഷന്‍റെ മനസ്സിലെ കുടിലചിന്തകളും..) ഞാനാകട്ടെ കളരിയാശാനെപ്പോലെ ക്ലച്ച്..ഗിയര്‍..ത്രോട്ടില്‍...എന്നിങ്ങനെ വായ്ത്താരി മുഴക്കിക്കൊണ്ടിരുന്നു... അവന്‍ ക്ലച്ച് പിടിച്ചു..ഗിയര്‍ ഇട്ടു... ആക്സിലറേറ്റര്‍ പിടിച്ചു പൂര്‍വ്വജന്മ ശത്രുവിന്‍റെ പിടലിയെന്നോണം പിടിച്ചു തിരിച്ചു...ഒരു നിമിഷത്തെ അശ്രദ്ധ..ഞാനറിയാതെ പറഞ്ഞു... " ഡാ... ക്ലച്ച് വിടെടാ..." ആക്സിലറേറ്റര്‍ കുറയ്ക്കുന്ന കാര്യം പറയാന്‍ ഞാന്‍ വിട്ടു പോയി...(എല്ലാം അവന്‍ അറിഞ്ഞു ചെയ്തോളും എന്ന് കരുതിപ്പോയി.) പിന്നെ സംഭവിച്ചത് പറയേണ്ടല്ലോ.. ഗീവര്‍ഗീസ് പുണ്യവാളന്‍റെ കുതിരയേപ്പോലെ മുന്‍കാല്(വീല്) ഉയര്‍ത്തി പാഷന്‍ കുതിച്ചു...എന്‍റെ കണ്ണില്‍ ഇരുട്ടു കയറി...സാരഥി കന്നിക്കാരനാണെന്ന് തെളിയിക്കുന്ന കാറിച്ചയും കൂവലും... വണ്ടിയുടെ ഇരമ്പവും എല്ലാം ചേര്‍ന്നു എന്‍റെ പ്രജ്ഞ നശിപ്പിച്ചു. വീഴാതിരിക്കാന്‍ ഞാന്‍ ആവുന്നത്ര അള്ളിപ്പിടിച്ചിരുന്നു... പക്ഷെ...എല്ലാം വളരെ പെട്ടെന്നായിരുന്നു. ആരുടെ കയ്യില്‍ ജീവന്‍ കൊടുക്കണം എന്ന ആശയക്കുഴപ്പത്തില്‍ നിന്നിരുന്ന ഒരു പഴയ വേലിയിലേക്ക് (പണ്ട് നമ്മുടെ നെടുമുടിവേണുവും മറ്റും പെമ്പിള്ളേരെയും കാത്ത് ചാരിനിന്നിരുന്ന ടൈപ്പ് സാധനം..) പാഷന്‍ ക്രാഷ് ലാന്‍ഡ് ചെയ്തു. അതോടെ എന്‍റെ കണ്ണില്‍ ഇരുട്ടു പൂര്‍ണമായി നിറഞ്ഞു. ആരൊക്കെയോ നല്ല ഉച്ചത്തില്‍ തെറിവിളിക്കുന്നത് കേട്ടാണ് കണ്ണിലെ ഇരുട്ടു പതിയെ നീങ്ങിയത്... "വെള്ളമാണന്നാ തോന്നുന്നത്.." എന്നൊക്കെയുള്ള അനുമാനങ്ങളും ബാക്കി ഡയലോഗ്സും കേട്ടപ്പോള്‍ എനിക്ക് നിഷേധിക്കെണമെന്നു തോന്നി. ഒച്ച പൊങ്ങുന്നില്ല...താഴെക്കിടന്നു കൊണ്ട് ആംഗ്യഭാഷയില്‍ കാര്യമവതരിപ്പിക്കാന്‍ ശ്രമിച്ച ഞാന്‍ മറ്റൊന്ന് കണ്ടു വളരെ ഘോരമായോന്നു ഞെട്ടി... എന്‍റെ ശിഷ്യന്‍..അഥവാ കന്നിസാരഥി...അവനെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്നു ശുശ്രൂഷിക്കുന്നു. സോഡാ, വിശറി, പ്രഥമ ശുശ്രൂഷ തുടങ്ങിയ സൌകര്യങ്ങളുടെ നടുവില്‍ രാജാവായിരുന്നു വിലസുകയാണ് മച്ചാന്‍. ഞാനാകട്ടെ വണ്ടിയില്‍ നിന്ന് വീണപ്പോള്‍ ആരോ എടുത്തു ഒരിടത്ത് ചാരിയിരുത്തിയ നിലയിലും. എന്തോ പറയാനായി വാ തുറന്നപ്പോള്‍ ഒരു തടിമാടന്‍ അടുത്തു വന്നു പറഞ്ഞു (ഇവനിതെവിടുന്നു വന്നു...? പന്നി..) "പോലീസ് ഇപ്പൊ വരും വിഷമിക്കേണ്ട..." ഞാന്‍ ആ കാലമാടനെ വളരെ ദയനീയമായോന്നു നോക്കി. അപ്പോള്‍ വരുന്നു എവിടെ നിന്നോ അടുത്ത അശരീരി.. "എന്നാലും വെള്ളമടിച്ചിട്ടു ബൈക്കില്‍ കയറി അഭ്യാസം കാണിക്കുന്ന ഇവനെയൊക്കെ സമ്മതിക്കണം.." ധൈര്യത്തിനു വേണ്ടി എന്‍റെ ശിഷ്യന്‍ രണ്ടു 'ചെറുത്' അടിച്ചിട്ടുണ്ടായിരുന്നു എന്ന കാര്യം ആശാനായ ഞാന്‍ പോലും അറിഞ്ഞിരുന്നില്ല... പക്ഷെ നാട്ടുകാര്‍ അതറിഞ്ഞു എന്ന് മാത്രമല്ല എന്നെക്കൂടി പ്രതിചേര്‍ക്കുകയും ചെയ്തു. സമയം പോയതെങ്ങനെയെന്നറിയില്ല. ആ കാത്തിരുപ്പിനൊടുവില്‍ (കുത്തിയിരുപ്പിന് എന്ന് വേണേലും പറയാം...) പോലീസ് എത്തി. ശേഷം ചിന്ത്യം.
Subscribe to:
Post Comments (Atom)
3 comments:
കൊള്ളാം ട്ടൊ... എന്നാലും ഇങ്ങനെ ദുരന്തപര്യവസായിയായിത്തീരുമെന്ന് തീരെ നിരീച്ച്‌ല്യാ...
ജിജിന്‍,ഞാന്‍ സഗീര്‍,ദോഹയിലാണ്.വരുന്ന തിങ്കളാഴ്ച്ച (21-09-2009)കോര്‍ണീഷിലുള്ള ‘അല്‍ ബിദാ‘ പര്‍ക്കില്‍ വെച്ച് ദോഹയിലെ ബ്ലോഗേഴ്സ് സംഗമിക്കുന്നു.താങ്കള്‍ തീര്‍ച്ചയായും പങ്കെടുക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 974-5198704
ഒരു പഴഞ്ചൊല്ല് ഓര്‍മ്മ വന്നു:- ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്; അല്ലെങ്കില്‍ കൈരളിക്ക് പുറത്ത്!!! [മുകേഷിന്റെ സ്റ്റയിലില്‍ ഒന്ന് പറഞ്ഞ് നോക്കുന്നത് നന്നായിരിക്കും]
പിന്നെ പള്‍സാറില്‍ പോയി പള്‍സ് പോകാതിരുന്നത് നന്നായി. ഇപ്പോള്‍ ഈ ശിഷ്യന്‍ എവിടെയുണ്ട്?
പിന്നെ കോര്‍ണിഷിലെ ബ്ലോഗേഷ്സ് മീറ്റ് എങ്ങനെയുണ്ടായിരുന്നു???
ഇനിയും ഇത്തരം അനുഭവങ്ങളുമായി വരിക.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
Post a Comment