Sunday, September 6, 2009

ഒരു ശ്വാനന്‍റെ ദുരന്തം

ഒരു കാര്യം നേരത്തെ പറഞ്ഞുകൊള്ളട്ടെ..
ഈ കഥയിലെ നായകന്‍ ഞാനല്ല..തല്‍ക്കാലം ഞാന്‍ ചാക്യാരോ...കഥാകാരനോ ആണ്..
ഇനി കഥയിലേക്ക്‌..
ഒരു ക്രിസ്മസ് ദിനം.. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുന്നു... അത്തരം ഒരു കടത്തിണ്ണ ബാര്‍ ആക്കി മാറ്റിയ ഒരു സംഘം സഹൃദയന്മാര്‍ ആള്‍ ഒന്നുക്ക് ആറ് എന്ന കണക്കില്‍ കു‌പ്പികളും ടചിങ്ങ്സും ഒക്കെയായി ക്രിസ്മസ് ആഘോഷിക്കുന്നു. സംഭവം പൊടിപൊടിക്കാന്‍ ചിക്കന്‍, ബീഫ് ഇത്യാദി ഫ്രയ്കളും കൊട്ടപ്പടി രംഗത്തുണ്ട്. അങ്ങനെ സംഭവം നല്ല ഫുള്‍സ്വിങ്ങില്‍ നടന്നു വരവെയാണ് യഥാര്‍ത്ഥ നായകന്‍റെ വരവ്... കക്ഷി മറ്റാരുമല്ലായിരുന്നു... ഒരു ചൊക്ലിപ്പട്ടി...!
തളര്‍ന്നു തൂങ്ങിയ വാല്‍ 250 ആര്‍ പി എമ്മില്‍ കറക്കിയുള്ള വരവും അനന്തരം അത്യന്തം ദയനീയമായ നോട്ടവും. പ്രസ്തുത പ്രകടനം പെരുത്തിഷ്ടപ്പെട്ട ഒരു മൃഗസ്നേഹി തന്‍റെ കയ്യിലുണ്ടായിരുന്ന ഏതാനും ഇറച്ചിക്കഷണങ്ങള്‍ നായയ്ക്ക് നേരെയിട്ടു. ക്ഷണനേരം കൊണ്ട് അവിടം വെളുപ്പിച്ച പട്ടി ഈ സീസണിലെ തന്‍റെ യജമാനനെ ഭക്ത്യാടരപൂര്‍വ്വം ഒന്നു നോക്കി. ശ്വാനനയനങ്ങളിലെ ദൈന്യത അദ്ദേഹത്തെ പിടിച്ചുലച്ചു. പെട്ടെന്നാണ്‌ യജമാനാണ് ഒരു ഐഡിയ...ഇവനു ഒരു സ്മാള്‍ കൊടുത്താലോ...?
അദ്ദേഹം ഉടന്‍ തന്നെ അലറുന്നു...
"ആരവിടെ..."
നിമിഷാര്‍ദ്ധം കൊണ്ട് ഒരു കിങ്കരന്‍ കുപ്പിയുമായി പ്രത്യക്ഷപ്പെടുന്നു...
അങ്ങനെ ആ പാവംപിടിച്ച പട്ടിയെ സംഘാംഗങ്ങള്‍ ചേര്‍ന്നു പിടിച്ചു നിര്‍ത്തി വായ ബലമായി തുറന്നു
ഒരു പൈന്റ്റ് അങ്ങട് ഒഴിച്ചു... തുള്ളി പോലും താഴെപ്പോയില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അനന്തരം എല്ലാവരും ചാരിതാര്‍ഥത്യത്തോടെ പരസ്പരം നോക്കുന്നു...
പതിയെ വേച്ചുവേച്ചു നടന്നതല്ലാതെ നായ ഉപദ്രവങ്ങളൊന്നും ഉണ്ടാക്കിയില്ല എന്നു തന്നെ പറയാം. (മുജ്ജന്മത്തില്‍ മര്യാദക്കാരനായ നല്ല ഒരു കുടിയനായിരുന്നു അവനെന്നു തോന്നിപ്പോകുന്നു..)
അപ്പോഴാണ് ടിയാന്‍റെ യജമാനന് വീണ്ടും ഒരു ചിന്ത.
"ഇവനു കൊടുത്തത് തികഞ്ഞില്ലാ..എന്നുണ്ടോ...ആവോ..?"
അദ്ദേഹം തന്‍റെ സംശയം കൂടെയുള്ള ദുരാത്മാക്കളായ കിങ്കരന്‍മാരോട് അറിയിച്ചു. അവരും അതിനെ പിന്താങ്ങി... കിങ്കരന്‍മാരിലോരാള്‍ കുപ്പിയുമായി പ്രത്യക്ഷപ്പെടുന്നു....
എല്ലാരും ചേര്‍ന്നു വീണ്ടും പട്ടിയെ പിടിക്കുന്നു... വായ തുറക്കാന്‍ ശ്രമിക്കുന്നു.
പെട്ടെന്നാണതു സംഭവിച്ചത്...ആ നായിന്റെ മോന്‍ വയലന്റായി...!
മുന്നില്‍ കുപ്പിയുമായി നില്‍ക്കുന്ന കിങ്കരനെ അവന്‍ കടന്നാക്രമിച്ചു...കൈത്തണ്ടയില്‍ കടിച്ചു തൂങ്ങി...
കടിവിടുവിക്കാന്‍ ശ്രമിച്ച എല്ലാര്‍ക്കും കിട്ടി നല്ല ഒന്നാന്തരം കടി. ആകെ ബഹളമയം...ഇതിനിടെ പട്ടിയുടെ യജമാനനായി സ്വയം അവരോധിച്ച മാന്യദേഹത്തിനും കിട്ടി അഞ്ചാറ് കടി...
പട്ടി തികച്ചും അക്രമാസക്തന്‍ ആന്നെന്നു അറിഞ്ഞപ്പോഴെയ്ക്കും എല്ലാവരും കടിക്കിരയായിരുന്നു...അതിനെ ശാന്തനാക്കാനോ വിരട്ടിയോടിക്കാനോ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു... അവസാനം ഒരു അറ്റകൈ പ്രയോഗിക്കാന്‍ ഒരു ധൈര്യശാലി മുതിര്‍ന്നു... അദ്ദേഹം പട്ടിയുടെ കാലില്‍ തൂക്കിയെടുത്ത് നിലത്തോട്ടൊരടി... "ഇഹലോകസുഖങ്ങളെല്ലാം ക്ഷണികം.." എന്ന പ്രപഞ്ചസത്യം ഉരുവിട്ട് കൊണ്ട് ആ ശ്വാനശ്രേഷ്ടന്‍ കണ്ണുകളടച്ചു...

പിറ്റേന്നു ദേഹമാസകലം മുറിവുകളുമായി പേവിഷ പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ ജാഥയായി പോകുന്നവരെ കണ്ടു ചിരിക്കുമ്പോഴും... ദുരന്തനായകനായ ആ നായുടെ കാര്യം ഓര്‍ത്തു നെടുവീര്‍പ്പിട്ടു. കഥാകൃത്ത്.. 

2 comments:

Senu Eapen Thomas, Poovathoor said...

ഏതായാലും ശ്വാനന്റെ ദുരന്ത കഥയില്‍ ജൂബിന്‍ ഒരു മുന്‍ക്കൂര്‍ ജാമ്യം എടുത്തത്‌ നന്നായി.. ഈ കഥയിലെ എന്റെ വേഷം ചാക്യാരോ, കഥാകാരനോ ആണു....
അല്ലായിരുന്നെങ്കില്‍ ഞാന്‍ ഇതിന്റെ ഒരു കോപ്പി നമ്മുടെ മേനകാ ഗാന്ധി മാഡത്തിനും, അവരുടെ പുത്രന്‍ വരുണ്‍ ഗാന്ധി അവര്‍ഗള്‍ക്കും അയയ്ച്ച്‌ കൊടുത്ത്‌ ജുബിനെ ഒറ്റ പോസ്റ്റ്‌ കൊണ്ട്‌ ഒന്ന് ഫേമസ്സ്‌ ആക്കാമായിരുന്നു.

എന്തൊക്കെ പറഞ്ഞാലും ജുബിനും ഈ രക്തത്തില്‍ പങ്കുണ്ട്‌ എന്നാണു എടത്വാക്കാര്‍ രഹസ്യമായി പറയുന്നത്‌...

എന്തരോ എന്തോ...

ഇനിയും ചാക്യാരെ വരിക വരിക.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ചേര്‍ത്തലക്കാരന്‍ said...

കയ്യിൽ ഇരിന്ന സ്മോളും പോയി, പട്ടിയിടെ കടിയും കൊണ്ടു......
കൊള്ളാം ഇഷ്ടപെട്ടൂ.....