(ഇ. വി. കൃഷ്ണപിള്ള ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു 1993 ല്‍ നടത്തിയ മത്സരങ്ങളില്‍ ഒന്നാമതെത്തിയ കഥയുടെ പുനരാവിഷ്ക്കാരം)
പള്ളിപ്പെരുന്നാളിനു നാടകം കണ്ടപ്പോഴേ ഞാന്‍ തീരുമാനിച്ചതാണ് ഒരു നാടകം തട്ടിക്കൂട്ടണമെന്ന്. തീരുമാനം ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന കുട്ടിശെയ്ത്താന്‍മാരോട് അറിയിക്കുകയും ചെയ്തു. ഭൂരിപക്ഷത്തിന്റെ അംഗീകാരം കിട്ടിയതോടെ സംഗതി എങ്ങനെ നടപ്പിലാക്കാം എന്നായി ഞങ്ങളുടെ ചിന്ത. പറ്റിയ ഒരു കഥ വേണം. അതാണ് ആദ്യത്തെ കടമ്പ. അങ്ങനെ ഞാനൊരു കഥ ഒരിടത്തു നിന്നും പൊക്കി.സംഭവമിതാണ്. മാത്തു എന്ന പയ്യന്‍ രണ്ടാനമ്മയുടെ ശല്യം സഹിക്കവയ്യാതെ നാടുവിടുന്നു. അവന്റെ സ്നേഹധനനായ അച്ച്ഛന്‍ ആകെ തളരുന്നു... വര്‍ഷങ്ങള്‍ ടപ്പ് ടപ്പേന്നു നീങ്ങുന്നു... കുടുംബം കടക്കെണിയിലാവുന്നു. ബാങ്കുകാരും വില്ലേജ് ഓഫീസറും ഒക്കെ ചേര്‍ന്ന് ജപ്തി നടപടികള്‍ക്കായി വരുന്നു... ചട്ടി..കലം ഇത്യാദി സ്ഥാവര ജംഗമ സ്വത്തുക്കള്‍ പുറത്തേയ്ക്കെറിയുന്ന നിഷ്ക്കളങ്കമായ കായികവിനോദത്തിലേര്‍പ്പെട്ടിരിക്കെ, ആകാശത്തു നിന്നെന്നപോലെ രംഗത്ത് പൊട്ടിവീഴുന്ന മാത്തു എല്ലാ ബാധ്യതയും തീര്‍ത്തു കുടുംബത്തെ കരകയറ്റുന്നു.ശുഭം എന്ന് സ്ക്രീനില്‍ തെളിഞ്ഞു വരുന്നിടത്ത് കഥ തീരുന്നു. (നാടകത്തില്‍ ടൈറ്റില്‍ ഇല്ലാത്തതു കൊണ്ടു 'ശുഭം' എന്ന് പറഞ്ഞു തന്നെ നിര്‍ത്തണം..)'ത്രെഡ്' പറഞ്ഞു തീര്‍ത്തപ്പോള്‍ തന്നെ കൂട്ടത്തില്‍ എല്ലുമൂപ്പുള്ളവന്മാരെല്ലാം ചേര്‍ന്ന് കൊള്ളാവുന്ന വേഷങ്ങള്‍ വീതിച്ചെടുത്തു. ഞാന്‍ പെരുവഴിയിലായി... ശ്ശെടാ ഇതു നല്ല കച്ചോടം... എനിക്കാണേല്‍ സ്റ്റേജില്‍ കയറുക എന്നത് ഒരു ദീര്‍ഘകാലസ്വപ്നമാണ്. ഞാന്‍ ഇതിനൊരു പരിഹാരം കാണാന്‍ തന്നെ തീരുമാനിച്ചു. തലപുകഞ്ഞാലോചിച്ചു... (ആ പുക കണ്ട ചില സാമദ്രോഹികള്‍ എന്‍റെ പുക പൊങ്ങിയെന്നു വരെ പറഞ്ഞുണ്ടാക്കി..)അങ്ങനെ എനിക്കൊരു പിടിവള്ളി കിട്ടി. മാത്തു എന്ന കഥാപാത്രം നാടുവിട്ടു കഴിയുമ്പോള്‍ എന്തു ചെയ്തു, എങ്ങനെ ജീവിച്ചു എന്നൊന്നും യഥാര്‍ത്ഥ കഥയില്‍ പ്രതിപാദിക്കുന്നില്ല. അവിടെ എനിക്കൊരു നക്ഷത്രം മിന്നി. മാത്തുവിനു അകന്ന ബന്ധത്തില്‍ അഥവാ 'വഹയില്‍' ഒരു അമ്മാവനുണ്ടായിരുന്നു. മക്കളില്ലാതെ ദുഃഖത്തിലാണ്ടിരുന്ന അമ്മാവനെ മാത്തു ദൂരദേശത്തു വെച്ചു കണ്ടുമുട്ടുന്നു. അമ്മാവന്‍റെ പൊന്നുമോനായി അവന്‍ വളരുന്നു..വലിയ ആളാവുന്നു.സംഭവത്തിന്റെ ട്വിസ്റ്റ് എല്ലാര്‍ക്കും പെരുത്തു ബോധിച്ചു. പക്ഷെ അമ്മാവന്‍ വേഷം ചെയ്യാന്‍ ആര്‍ക്കും താല്പര്യമില്ല....( അതു തന്നെയാണല്ലോ എന്റെ ആവശ്യവും..) അങ്ങനെ 'അഭിനയപ്രാധാന്യമുള്ള' ഒരു വേഷം ഞാന്‍ ചുളുവില്‍ നേടിയെടുത്തു.അടുത്തമാസം നടക്കുന്ന അരങ്ങേറ്റത്തിനു വേണ്ടി ഞങ്ങള്‍ ഘോരഘോരം റിഹേഴ്സല്‍ നടത്തി….സ്ഥലത്തെ പ്രധാന തൊഴിലില്ലാക്കമ്പനിയായ 'ഈഗിള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്' ന്‍റെ വാര്‍ഷികാഘോഷമാണന്ന്. (പിരിവെന്ന പേരില്‍ നാട്ടുകാരുടെ കയ്യിലിരിക്കുന്ന പണം പരുന്തിനെപ്പോലെ വന്നു റാഞ്ചിക്കൊണ്ടു പോകുന്നത് കൊണ്ട് ആരോ അറിഞ്ഞിട്ട പേരാണ് ഈഗിള്‍ എന്നത്.)റിഹേഴ്സല്‍ തകര്‍ത്തു നടക്കുന്നു. സ്ഥലത്തെ പ്രധാന ബുദ്ധിജീവികളില്‍ ചിലര്‍ ബീഡിയും കട്ടന്‍ചായയും മാത്രം പ്രതിഫലമായി വാങ്ങിക്കൊണ്ട് ഞങ്ങള്‍ക്ക് സാങ്കേതികോപദേശങ്ങള്‍ നല്‍കിവരുന്നു.അങ്ങനെ ആ (സു/ദുര്‍) ദിനം വന്നു ചേര്‍ന്നു. രാത്രിയില്‍ പ്രൊഫഷണല്‍ നാടകസമിതിയുടെ നാടകമുള്ളതിനാല്‍ ഞങ്ങളുടെ പരിപാടി സമയത്തില്‍ മാറ്റം മാറ്റം വരുമെന്ന് ക്ലബ് ഭാരവാഹികളിലൊരാളായ 'വിസ്കി മോനിച്ചന്‍' അറിയിച്ചു. സന്ധ്യക്കാവാമെന്നു പറഞ്ഞപ്പോള്‍ ഗാനമേളക്കാര്‍ പിന്നെ എവിടെപ്പോകുമെന്നു മറുചോദ്യം എന്നെ നിശബ്ദനാക്കി."കര്‍ത്താവേ...കഷ്ട്ടപ്പെട്ടൊരു നാടകമുണ്ടാക്കിയപ്പോള്‍ അതു ദേ...പരുന്തുംകാലെ പോകുമെന്നായിരിക്കുന്നു..." അപ്പോഴാണ് ക്ലബ് കമ്മിറ്റിയുടെ അടുത്ത തീരുമാനം... ഞങ്ങളുടെ നാടകത്തിനു 'സ്ലോട്ട്' കിട്ടിയിരിക്കുന്നു... ഞായറാഴ്ച രാവിലെ 10 മണിക്ക്. അതായത് ഉദ്ഘാടനയോഗം കഴിയുമ്പോള്‍ തന്നെ ഞങ്ങള്‍ തുടങ്ങണം... ഗത്യന്തരമില്ലാതെ എല്ലാരും തലകുലുക്കി. സത്യക്രിസ്ത്യാനിയായ ഞാന്‍ അന്നേദിവസം പള്ളിയില്‍ പോകാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളാലോചിച്ചു. മൂക്കില്‍ പല്ലുവേദന,മുട്ടേല്‍ പനി എന്നൊക്കെപ്പറഞ്ഞു ഞാന്‍ പള്ളിയില്‍ പോകുന്നതില്‍ നിന്നും എങ്ങനെയോ ഒഴിവായി."എങ്ങും പോയേക്കരുത്...അടങ്ങിയൊതുങ്ങിക്കിടന്നോണം...." എന്ന ശാസനാരൂപത്തിലുള്ള നിര്‍ദ്ദേശം തലകുലുക്കി സമ്മതിച്ച ഞാന്‍, അപ്പനുമമ്മയും പോയ ഉടനെ പിന്നിലെ വാതിലിലൂടെ നാടകവേദി ഉന്നം പിടിച്ചു കാലുകൊടുത്തു. സ്ഥലത്തെത്തിയപ്പോള്‍ ബാക്കി എല്ലാവരും റെഡിയാണ്. ഞാന്‍ 'മേക്കപ്പ്' നടത്താനായി പാഞ്ഞു. യശശരീരനായ എന്‍റെ വല്യപ്പച്ചന്‍ ഉപയോഗിച്ചിരുന്ന വെള്ളെഴുത്ത് കണ്ണാടിയെടുത്തു മുഖത്ത് ഫിറ്റ് ചെയ്തിട്ട് തലയില്‍ കുറെ ടാല്‍ക്കം പൌഡറും കുടഞ്ഞിട്ടു കഴിഞ്ഞപ്പോള്‍ അത്രയും ഭാഗം ക്ലീന്‍ ക്ലീന്‍... പഴയ ഒരു ജുബ്ബ ആരോ കൊണ്ടുതന്നു. അതും പിന്നെയൊരു വെള്ളമുണ്ടും. അമ്മാവന്‍ റെഡി.അങ്ങനെ നാടകം തുടങ്ങി, രംഗങ്ങള്‍ ഓരോന്നോരോന്നായി മാറിമറഞ്ഞു. എല്ലാവരും തകര്‍ത്തഭിനയിക്കുകയാണ്. ഒടുവില്‍ എന്‍റെ രംഗം വന്നു. അമ്മാവന്‍ മാത്തുവിനെ ചേര്‍ത്തുപിടിച്ചു ഡയലോഗ് പറയുകയാണ്. അപ്പോഴതാ കാണികള്‍ക്കിടയില്‍ നിന്നും തീക്ഷ്ണമായ ചില നോട്ടങ്ങള്‍.... അന്ന് പള്ളിയില്‍ പോകാത്തവരായ ഞാനടക്കമുള്ള അവിശ്വാസികളുടെ മാതാപിതാക്കളാണതെന്നു മനസ്സിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. അമ്മാവന്‍ ഡയലോഗ് മറന്നു... ഗദ്ഗദകണ്ഠനായി നിലകൊള്ളുന്ന ഞാന്‍ മറ്റൊന്നുകൂടി കണ്ടു ശരിക്കും ഞെട്ടി. മാതാപിതാക്കള്‍ ഓരോരുത്തരായി വേദിയിലേക്ക് കുതിക്കുന്നു. കയ്യില്‍ കടലാവണക്കിന്‍റെയും മറ്റും എടുത്താല്‍ പൊങ്ങാത്ത വലിയ പത്തലാണുള്ളത്... എന്‍റെ കണ്ണില്‍ ഇരുട്ട് കയറി... മാത്തുവായി അഭിനയിക്കുന്ന ജിതിനെ ഞാന്‍ കുടഞ്ഞെറിഞ്ഞു... തിരിഞ്ഞോടാന്‍ തുടങ്ങുമ്പോഴേക്കും വൈകിപ്പോയിരുന്നു. അമ്മാവന്‍റെ ഒത്ത നടുവിന് തന്നെ ഒരു വീക്ക് കിട്ടി. പെരുത്തുകയറുന്ന ഒരുതരം അനുഭൂതി... ഞാനോടി... പിന്നിലുണ്ടായിരുന്ന കര്‍ട്ടന്‍ എനിക്കുമുന്‍പേ ഓടിയ ഏതോ ധൈര്യശാലി കീറിയിട്ടിട്ടുണ്ടായിരുന്നു. ആ കീറലിലൂടെ പറന്നിറങ്ങിയ ഞാനും കാറിക്കൊണ്ടോടി. പിന്നില്‍ ആക്രോശങ്ങളും ഗോഗ്വാ വിളികളും കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായിരുന്നു.ഞാനിപ്പോള്‍ ഓടുന്നത് പഞ്ചായത്ത് വക ഗ്രൌണ്ടിലൂടെയാണ്. അവിടമാകെ ഒരു യുദ്ധക്കളത്തിന്റെ പ്രതീതി... എവിടെയും അപ്പനമ്മമാരുടെ ക്രൂരമായ ശിക്ഷാനടപടികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമകാലികരായ കൂട്ടുകാര്‍.ക്രൂരയായ രണ്ടാനമ്മയെ അവതരിപ്പിച്ച എന്റെ അയല്‍ക്കാരി സുബി അവളുടെ അമ്മയുടെ കയ്യിലെ കവിളംമടല് കൊണ്ടുള്ള അടിയേറ്റ് എട്ടുനാടും പോട്ടെ കാറുന്ന ദയനീയ കാഴ്ചയും പാഞ്ഞു പോകുന്ന പോക്കില്‍ ഞാന്‍ കണ്ടു. ഒരെണ്ണം മുതുകത്തു കിട്ടിയതിന്‍റെ വേദന മെല്ലെ അരിച്ചുകയറുന്നുണ്ട്. ഇനി പിടികൊടുത്താല്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു പോയ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകന്റെ അവസ്ഥയായിരിക്കുമെനിക്ക്.- തല്ലിക്കൊന്നു ഉപ്പിലിടും... അപ്പോഴാണ് ആ ദുരന്തം സംഭവിച്ചത്... എന്‍റെ മുണ്ടഴിഞ്ഞു കാലില്‍ക്കുരുങ്ങി... പ്രായത്തില്‍ കവിഞ്ഞ ശാരീരിക വളര്‍ച്ചയും അസാമാന്യ ഭാരവുമുള്ള ഞാന്‍ സപ്ലൈകോയുടെ വണ്ടിയില്‍ നിന്നും അരിച്ചാക്കു വീഴുന്നത് പോലെ 'ഇട്ട പൊധിനോ' ന്ന് വീണു നിലംപരിശായി.വീണത് മാത്രമേ ഈയുള്ളവനോര്‍മ്മയുള്ളൂ... പിന്നെ കണ്ണുതുറക്കുമ്പോള്‍ മേലാകെ വേദന... "ഇനി ഞായറാഴ്ച പള്ളിയില്‍ പോകാതെങ്ങാനും തെണ്ടിത്തിരിയാന്‍ പോയാല്‍ അന്ന് നിന്നെ കൊന്നു കുഴിച്ചുമൂടും..." എന്ന് മുഴങ്ങിക്കേട്ട ഭീഷണിയുടെ അശരീരി പിതാശ്രീയുടെതാണ് എന്ന് ഞാന്‍ തെല്ലു ഭീതിയോടെ തിരിച്ചറിഞ്ഞു... (ഇനിയെന്നാ കുഴിച്ചുമൂടാനാ... എന്ന എന്‍റെ ആത്മഗതം കേട്ടു പിടിവിട്ടു ചിരിക്കുന്ന അനിയന്മാരെ നോക്കി പല്ലുകടിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. )എപിലോഗ്: മാത്തുവായി വേഷമിട്ട ജിതിന്‍ ഇന്ന് എഞ്ജിനീയറാണ്. അടുത്തിടെ കണ്ടപ്പോള്‍ കക്ഷി എന്നെ ഈ കഥ ഓര്‍മ്മിപ്പിച്ചു. അറിയാതെ ഞാന്‍ പുറം തടവിപ്പോയി
1 comment:
welldone jubin.... iniyum iniyum ezhuthanam.... all the best...
Post a Comment