പതിവു പോലെ പഴങ്കഥയല്ല, പക്ഷേ ഒരു ഫ്ളാഷ്ബാക്ക് ഉണ്ട്.
എന്നാൽപ്പിന്നെ അതിനു ക്ളാപ്പടിച്ചേക്കാം അല്ലേ.
2006 ഡിസംബർ അവസാനവാരം... ആ ഇലപൊഴിയും ശിശിരത്തിൽ ആകെയുണ്ടായിരുന്ന ഒരു കിളി പിണങ്ങിപ്പറന്നു പോയതിന്റെ വേദനയിൽ കുട്ടനാടൻ താടിരോമങ്ങളെ ഫാക്ടംഫോസിട്ടു വളർത്തിക്കൊണ്ടിരിക്കുന്നു. (അക്കഥ പിന്നെപ്പറയാം.)
ലൊക്കേഷൻ കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്റർ. ഒരു പ്രമുഖ ക്രിസ്ത്യൻ സഭയുടെ യുവജനവിഭാഗത്തിന്റെ വാർഷികക്യാമ്പ് നടക്കുന്നു. കുട്ടനാടനും ഉറ്റസുഹൃത്ത് പള്ളിപ്പാടൻ സാമും ക്വയർ ആൻഡ് മ്യൂസിക് കോ ഓർഡിനേറ്റേഴ്സ്. രണ്ടുപേരും പ്രായത്തിൽക്കവിഞ്ഞ ശബ്ദവും ശരീരവും അതിലുപരി ജാഡയുമായി കിളികൾക്കിടയിലൂടെ നടക്കുന്നു. ആയിടെ പുറത്തിറങ്ങിയ ഒരു മ്യൂസിക് ആൽബത്തിന്റെ സംഗീതസംവിധായകനെന്ന ലേബൽ കുട്ടനാടന്‍ കിളിമനസ്സുകളിൽ ഫ്രീപാസ് നേടിക്കൊടുത്തപ്പോൾ പള്ളിപ്പാടൻ ഗാനരചയിതാവിന്റെ നേര്യതെടുത്ത് തലയിൽ കെട്ടി അതിൽ കഴുക്കോലും നാട്ടി അതേലൊരു കൊടിക്കൂറയും പാറിച്ചു നടക്കുന്നു.
പെട്ടെന്ന് കുട്ടനാടന്റെ ഫോണിലൊരു കോൾ. പരിചയമില്ലാത്ത നമ്പർ. എടുത്തു.
ഒരു കിളിശബ്ദം....!
കുട്ടനാടൻ: ഹലോ...
കിളി: ഹലോ ജുബിൻ ജേക്കബല്ലേ..?
കുട്ടനാടൻ: അതേ ആരാ...??
കിളി: ഞാൻ ഷൈനി. (തൽക്കാലം ആ പേരു മതി) ഒന്നു പരിചയപ്പെടാൻ വിളിച്ചതാ...
കുട്ടനാടൻ:...................
കിളി:............................
കുട്ടനാടൻ:................................
അങ്ങനെ ഫോണിലൂടെ പരിചയപ്പെടലും കുശലവുമെല്ലാം നടന്നു. കിളിയുടെ സ്വരത്തിലൊരു പ്രണയത്തിന്റെ മണം. പക്ഷേ ആയിടെ അനച്ചവെള്ളത്തിൽ നീരാട്ടുനടത്തിയ കുട്ടനാടന്‍ തൽക്കാലം അത്തരമൊരങ്കത്തിനു മനസ്സില്ലായിരുന്നു. തൽഫലമായി ഷൈനിക്കിളിയെ പള്ളിപ്പാടൻ ഏറ്റെടുത്തു, പക്ഷേ ആളെ നേരിട്ടുകാണാൻ രണ്ടുപേർക്കും കഴിഞ്ഞില്ല. ഒന്നുരണ്ടു മാസത്തേക്ക് ഷൈനിക്കിളിയുടെ കോളുകൾ ഇരുവരുടെയും ഫോണുകളിൽ പാറിനടന്നു. പക്ഷേ അവളുടെ വീട്ടിൽ അധികം താമസിയാതെ സംഗതി അറിഞ്ഞു. അതൊടെ ഫോൺവിളിയും നിന്നു. 2007 ഏപ്രിൽ മാസം കുട്ടനാടൻ ഖത്തറിലേക്കു പറന്നു. ഷൈനിക്കിളി ഓർമ്മയിൽ നിന്നും ടെമ്പററിലി ഡിലീറ്റഡ്.
ഫ്ളാഷ്ബ്ളാക്ക്... ച്ഛെ.. ഫ്ളാഷ്ബാക്ക് കട്ട്.
* * * *
കഴിഞ്ഞ ഏപ്രിലിൽ ഓർക്കുട്ടിന്റെ വരാന്തയിലൂടെ ഊണും കഴിഞ്ഞുലാത്തുമ്പോൾ കുട്ടനാടന്റെ മനസ്സിലേക്ക് മേൽപ്രസ്താവിച്ച ഫ്ളാഷ്ബാക്ക് സീൻ ബൈ സീനായി കടന്നു വന്നു. അറിയാവുന്ന വിവരങ്ങൾ വെച്ച് ഒരു സെർച്ച് കൊടുത്തു. കിട്ടിയ കിളികളുടെ പ്രൊഫൈലുകളിൽ നിന്നു ഷോർട്ലിസ്റ്റു ചെയ്യപ്പെട്ട മൂന്നെണ്ണത്തിലൊരെണ്ണം അവളായിരുന്നു.
“ഹൈ.. ഓർമ്മയുണ്ടോ..? എവിടെയാ ഇപ്പോൾ..? എന്തു ചെയ്യുന്നു.”
എന്നൊക്കെ മധുരതരമായി സ്ക്രാപ്പടിച്ചു വിട്ടു. രണ്ടുമൂന്നു ദിവസമായി... അനക്കമൊന്നും കാണുന്നില്ല. ഡെഡ് പ്രൊഫൈലായിരിക്കും. ഹരിശ്രീ സംഗമത്തിന്റെ പിറ്റേന്ന് അതിന്റെ ഹാങ്ങോവറിൽ എന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോൾ ദാ വരുന്നു ഒരു അൺനോൺ നമ്പർ കോൾ... എടുത്തു.
“ഹലോ...”
കുട്ടനാടൻ മൊത്തമായും ചില്ലറയായും തരിച്ചു പോയി... ഹെന്റമ്മച്യോ....ഷൈനിക്കിളി..!!!
പിന്നെ ഒരൊന്നൊന്നര മണിക്കൂർ പോയതു കുട്ടനാടറിഞ്ഞില്ല. പഴയതുപോലെ തന്നെ വാചാലയായ അവളുടെ കോൾ അവസാനിക്കുമ്പോൾ കുട്ടനാടന്റെ വലത്തേ ചെവിയുടെ മാംസം വെന്തു തുടങ്ങിയിരുന്നു. നോക്കിയ എൻ-85 ന്റെ നവദ്വാരങ്ങളിലൂടെയും പുകപറക്കുന്നു. ചെവിയിൽ വെള്ളം പുരട്ടി തണുപ്പിച്ചിട്ട് കുട്ടനാടൻ ഒരു ദീർഘശ്വാസം വിട്ടു... അങ്ങനെ അവൾ കറങ്ങിത്തിരിഞ്ഞെത്തിയിരിക്കുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് ബി ടെക് ചെയ്യുന്നു. പിന്നെ എസ്.എം.എസ്സിന്റെ അയ്യരുകളിയായിരുന്നു. നീയാണെന്റെ ബെസ്റ്റ് ഫ്രണ്ടെന്നും ബായ്ക്കെന്നുമൊക്കെ അരുളിച്ചെയ്യുന്ന കുറേ മേഘസന്ദേശങ്ങൾ. ഇങ്ങനെയുള്ള ഫ്രണ്ട്സാണല്ലോ കുറച്ചുകഴിയുമ്പോൾ തലയിലാകുന്നത്. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ ടിയാളെ കാണാനുള്ള ആഗ്രഹം കലശലായി കുട്ടനാടന്‍. ആഗ്രഹം അവതരിപ്പിച്ചപ്പോൾ ഇങ്ങനെയായിരുന്നു മറുപടി.
“അതിനെന്താ ഇങ്ങോട്ടു പോന്നോളൂ... പക്ഷേ ഞാൻ അടുത്ത ദിവസം വീട്ടിലേക്ക് പോവ്വാണ്...”
അവളുടെ വീട് നിലമ്പൂരാണ്. അമൃത എക്സ്പ്രസിന് കയറും ഷൊർണൂരിൽ നിന്ന് നിലമ്പൂർ പാസ്സെഞ്ചറിൽ പോകും. കുട്ടനാടൻ ഉടൻ തന്നെ തന്റെ ഒട്ടനവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരുന്ന തടിയൻ നിനോയെ വിളിച്ചു. അവനും വരട്ടെ. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഒരു സപ്പോർട്ടാവുമല്ലോ. പള്ളിപ്പാടനെ വിവരമറിയിച്ചു ഷൈനിക്കിളിയുടെ പുതിയ നമ്പർ വേണമെന്ന പള്ളിപ്പാടന്റെ ആവശ്യം കുട്ടനാടൻ നിഷ്കരുണം നിഷേധിച്ചു. അവനിപ്പം അങ്ങനെ സുഖിക്കേണ്ട. കഷ്ടപ്പെട്ട് തപ്പിയെടുത്തോണ്ട് വന്നപ്പോൾ വീതം ചോദിക്കുന്നോ.. അഹങ്കാരി.. അഭ്യുദയകാംക്ഷികളും ദോഷൈകദൃക്കുകളുമായ ഒരു കൂട്ടം കൂട്ടുകാരെയും സംഗമവാർത്ത അറിയിച്ചു.
ലൊക്കേഷൻ: തിരുവല്ല റെയിൽവേ സ്റ്റേഷൻ
സമയം രാത്രി ഒന്നര.
പ്ളാറ്റ്ഫോമിന്റെ തെക്കേയറ്റത്ത് കുട്ടനാടനും തടിയനും തങ്ങളുടെ ശരീരത്തിൽ നിന്ന് ഏ പോസിറ്റീവും ഏബീ നെഗറ്റീവും ഊറ്റുന്ന രക്തദാഹികളായ കൊതുകുകളെ തുരത്തുന്ന ജോലിയിൽ വ്യാപൃതരായിരിക്കുന്നു. കുട്ടനാടൻ മുടി ചീകിയൊതുക്കി മുഖത്തെ വിയർപ്പുമയം കർചീഫ് കൊണ്ട് ഒപ്പി.
ട്രെയിൻ വരാറായി. കുട്ടനാടന്റെ ചങ്കിന്റെ ആർപി എം ഉയർന്നു. ഷൈനിക്കിളിയെ കണ്ടാൽ എങ്ങനെയിരിക്കുമോ ആവോ... ശബ്ദം കേട്ടിട്ട് വെളുത്തുതുടുത്ത ഒരു സുന്ദരിക്കുട്ടിയാണെന്നു തോന്നുന്നു. ട്രെയിനിന്റെ വെളിച്ചം തെക്കേയറ്റത്തു കാണായി... കുട്ടനാടന്റെ ബി.പി ഉയർന്നു. നിനോ ബാഗെടുത്തു തയ്യാറായി. ട്രെയിൻ അടുത്തെത്തി. പിന്നിലെ ലേഡീസ് കമ്പാർട്മെന്റിന്റെ വാതിൽക്കലൊരു പെണ്ണുണ്ട്. കുട്ടനാടൻ ട്രെയിനൊപ്പം മെല്ലെ ഓടി. ട്രെയിൻ നിന്നു... വാതിൽക്കലെ പെൺകുട്ടി മെല്ലെ പുറത്തേക്കു വന്നു. ആ ഭാഗത്തെ ലൈറ്റ് പണിമുടക്കിയിരുന്നതിനാൽ ആളിനെ കാണാൻ വയ്യ.
“ജുബിൻചേട്ടൻ..??”
ഇരുട്ടിൽ നിന്ന് അവളുടെ ശബ്ദം..
കുട്ടനാടന്റെ തൊണ്ടയുണങ്ങി...നിനോ അവളുടെ പിന്നിലാണിപ്പോൾ..
പെട്ടെന്ന് അവിടുത്തെ ട്യൂബ്ലൈറ്റ് തെളിഞ്ഞു. അവളുടെ രൂപം മുന്നിൽ വിളങ്ങി നിന്നു..
“ന്റമ്മോ..”
കുട്ടനാടന്റെ കണ്ണിൽ ഇരുട്ടുകയറി. ഇതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. നിനോ കുട്ടനാടനെ വലിച്ച് അകത്തേക്കിട്ടു. അവളും ഒപ്പം കയറിയിരുന്നു. കുട്ടനാടൻ അവളുടെ യഥാർത്ഥ രൂപം മനസ്സിൽ റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു. കൃത്യം മുപ്പത്തിയൊൻപതു കിലോ ഭാരമുള്ള കിലുമ്പിയ ശരീരം... ഒട്ടിയ കവിളുകൾക്ക് മുകളിൽ എങ്ങനെയോ നിലകൊള്ളുന്ന എടുത്താൽ പൊങ്ങാത്ത ഒരു കണ്ണാടി. ഭീകരം എന്നൊന്നും പറഞ്ഞാൽ മതിയാവില്ല... വീട്ടിലെ ചിരട്ടത്തവിക്ക് ഇതിലും ഗ്ളാമറുണ്ട്. (താരതമ്യത്തിന് തവി ക്ഷമിക്കട്ടെ..)
അവൾ എന്തൊക്കെയോ ചോദിച്ചു.കുട്ടനാടൻ എന്തൊക്കെയോ പറഞ്ഞു. ട്രെയിൻ എങ്ങനെയോ ഓടി ഷൊർണ്ണൂരെത്തി. നിനോയാണ് കുട്ടനാടനെ തല്ലിയുണർത്തിയത്. അവൾ പോയിക്കഴിഞ്ഞിരുന്നു.
നിനോ കുട്ടനാടനെ തൃശൂർക്കുള്ള ഒരു പ്രൈവറ്റ് ബസ്സിൽ കയറ്റിവിട്ടിട്ട് ചെന്നൈക്ക് ട്രെയിൻ കയറി.
പാവം കുട്ടനാടൻ....
ഇടയ്ക്ക് വിവരമറിയാൻ വിളിച്ച കൂട്ടുകാർ ശരിക്കും വിവരമറിഞ്ഞു....
ഈ ദുരന്തമറിഞ്ഞ പള്ളിപ്പാടൻ ആർത്തു ചിരിച്ചു കൊണ്ട് മുംബൈയിലെ തെരുവുകളിലൂടെ ഓടിനടന്നു. എങ്ങനെയോ തത്തിപ്പൊത്തി വീട്ടിലെത്തിയ കുട്ടനാടനാവട്ടെ പനിയും കുളിരും കിടുകിടുപ്പും...
ശേഷം ചിന്ത്യം...
6 comments:
ഹ ഹ...നന്നായിരിക്കുന്നു ജുബിന്‍....ഇപ്പോ എവിടെയുണ്ട്???
Hey good to meet another guy from Aleppey.
Thanks Chandichaa..
Haddock, wer u r frm?
nice to meet ya too ...
സുഖമുള്ള ഒരു വായന തന്നു ജുബിന്‍.
Thanks Aniletta...
ജൂബിന്‍.. എന്നാല്‍ പിന്നെ ഓരോന്നായി വായിക്കാമെന്ന് കരുതി.
അല്ലെങ്കിലും അനുഭവങ്ങള്‍ അല്ലേ മനുഷ്യനെ യഥാര്‍ഥ ലോകത്തിലേക്ക് കൊണ്ട് വരുന്നത്.
"എനിക്കും അനുഭവം ഗുരു"
ഇനി മേലാല്‍ ഫോണ്‍ കോളോ മെയിലൊ കണ്ടിട്ടു ആളെ കാണാന്‍ പോവരുതെന്ന് മനസിലായല്ലോ.
Post a Comment