ബോംബ്സ്ഫോടനം എന്നൊക്കെ കേൾക്കുമ്പോൾ എനിക്കുണ്ടാകുന്നത്ര നടുക്കം വേറെയാർക്കുമുണ്ടാകാൻ വഴിയില്ല, അതിനു കാരണം പണ്ട് നടന്നൊരു സംഭവമാണ്.
ഏകദേശം പന്ത്രണ്ടു വർഷം മുൻപുള്ള പുഞ്ചക്കൃഷിക്കാലം. വിത കഴിഞ്ഞിട്ട് ഒരാഴ്ചയാവുന്നതേയുള്ളൂ. ഇളംപച്ച നിറത്തിൽ പാടത്താകെ നെൽച്ചെടിനാമ്പുകൾ തലനീട്ടിത്തുടങ്ങിയിരിക്കുന്നു. ഇനി കുറച്ചുദിവസം കൂടി കഴിഞ്ഞാൽ പാടമാകെ പച്ചവിരിച്ച് മനോഹരമാകും. ഇതിനിടയിലാണ് ഞങ്ങൾ കുട്ടനാട്ടുകാർക്ക് ചില ശത്രുക്കളുണ്ടാവുന്നത്. പ്രാവ്, മാടത്ത, കൊക്ക്, പകലുണ്ണാൻ, പൊട്ടൻമുണ്ടി എന്നു വേണ്ട അയൽവക്കത്തെ ചില സാമദ്രോഹികളുടെ കോഴികൾ വരെ പാടത്തേക്കിറങ്ങും; കാശുമുടക്കി വിതച്ചിരിക്കുന്ന നെല്ലു തിന്നാൻ...
“പിന്നേയ്.. നിന്റെ തന്ത കണ്ട വകയല്ലേ... പോാാ കോഴീ...”
എന്നു പറഞ്ഞ് ഞങ്ങൾ കോഴിയെ ഓടിച്ചാലും കയ്യെത്താദൂരത്തിരിക്കുന്ന മറ്റു സാധനങ്ങളുടെ (മുണ്ടി, പ്രാവ് മുതലായവ) കാര്യത്തിൽ മേൽപ്പറഞ്ഞ തന്തയ്ക്കുവിളി അപ്രായോഗികമായിരുന്നു. പ്രാവ് നെല്ലുതിന്നാനാണു വരുന്നതെങ്കിൽ കൊക്കും മറ്റും വരുന്നത് അതിനിടയിലെ ചെറുമീനുകളെ പിടിച്ചുതിന്നാനാണ്. എന്നാലും വളർന്നുവരുന്ന നെൽച്ചെടിയെ ചവിട്ടിയൊടിച്ചാണ് ഈ അഭ്യാസമെന്നത് ഞങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇവറ്റയെ എങ്ങനെയും ഓടിക്കാൻ പാട്ട കൊട്ടുക, പടക്കം പൊട്ടിക്കുക, അറ്റകൈക്ക് എയർഗൺ അല്ലെങ്കിൽ മസിൽലോഡ് റൈഫിൾ (നാടൻതോക്ക്) ഉപയോഗിച്ച് വെടിവെക്കുക (ചെവിയും പോളയുമൊന്നും കേൾക്കാത്ത പൊട്ടൻമുണ്ടിക്ക് എന്തോന്നു പാട്ടകൊട്ട്, എന്തോന്നു പടക്കം) തുടങ്ങിയ മാർഗ്ഗങ്ങളാണ് സ്വീകരിച്ചിരുന്നത്.
ഈ സംഭവം നടക്കുന്നതിനു ഒരു വർഷം മുമ്പേ പപ്പയുടെ ചേട്ടൻ വീട്ടിൽ വന്നു തന്റെ ലൈസൻസിനു കീഴിലുള്ള മസിൽലോഡും ഉപയോഗിക്കാതെ എണ്ണപുരട്ടി വെച്ചിരിക്കുകയായിരുന്ന ട്വൽവ്ബോറും എടുത്ത് എറണാകുളത്തെ വീട്ടിലേക്കു കൊണ്ടു പോയിരുന്നു. അതു കൊണ്ട് വീട്ടിലാകെയുള്ളത് മേൽപ്പറഞ്ഞ തോക്കുകളുടെ ‘ബിനാമി’യായ ബാരലു വളഞ്ഞ ഒരു മസിൽ-ലോഡും എന്റെ സ്വത്തായ സ്പ്രിങ്ങൊടിഞ്ഞ ഒരു എയർഗണ്ണുമാണ്. രണ്ടും വകയ്ക്കു കൊള്ളില്ല.
അപ്പോൾ ഇനി ആകെയുള്ള രക്ഷ പടക്കമാണ്. എടത്വാച്ചന്തയിൽ നല്ല ഓലപ്പടക്കം കിട്ടും. പോയി ഒരു പാക്കറ്റ് വാങ്ങി.
അന്നൊരു ശനിയാഴ്ചയായിരുന്നു. സ്കൂളില്ല. ഈയുള്ളവനും രണ്ടാം മുറിയും മൂന്നാം മുറിയുമായ അനിയന്മാരും ചേർന്ന് പടക്കം പൊട്ടിക്കൽ ചടങ്ങു നടത്താൻ തീരുമാനിച്ചു. എന്റെ അനിയന്മാരെന്നു പേരു മാത്രമേയുള്ളൂ... എന്തിലും എന്റെ ചേട്ടന്മാരാണവൻമാർ... സർവ്വലോക പോക്രികളാണു രണ്ടും. (പാവം ഞാൻ...) ഇതിനിടയിൽ ഞങ്ങളുടെ അയൽക്കാരനും എന്റെ ഏറ്റവുമിളയ അനിയൻ ജോസിന്റെ വാലുമായ ശ്രീമാൻ ടോണിയും സംഭവസ്ഥലത്തെത്തിച്ചേർന്നു. ആൾ ഒരു പ്രത്യേക കഥാപാത്രമാണ്. ജന്മനാ തലയുടെ ഷേപ്പ് അൽപം തിരിഞ്ഞാണിരിക്കുന്നത്.. വളർന്നു വന്നപ്പോ കയ്യിലിരുപ്പും അതുപോലെ തന്നെ തിരിഞ്ഞുപോയി. വായിൽ ഒറ്റ പല്ലില്ലാതെ എല്ലാം പുഴുവിനു തിന്നാൻ കൊടുത്ത മഹാനുഭാവൻ... എന്നാലും ആ വാതുറന്നാൽ നമ്മുടെ സംസ്ഥാനം ഭരിക്കുന്ന ബഹു. മന്ത്രിമാരൊക്കെ മാറിനിൽക്കും... അമ്മാതിരി വെടലത്തരം മാത്രമേ അവൻ പറയൂ..
വീടിനു തെക്കുവശത്തുള്ള കളത്തിൽ പടർന്നു പന്തലിച്ച കിളിച്ചുണ്ടൻ മാവിനു കീഴിൽ ഞങ്ങളിരുന്നു. നടുക്കൊരു വിളക്കും കത്തിച്ചുവെച്ചു.
പാടത്തേക്കു നോക്കിയപ്പോൾ ഒരൊറ്റ കിളിയില്ല... ശ്ശെടാ.. ഇതു പണ്ടാരാണ്ടു പറഞ്ഞപോലായല്ലോ...
ഇത്രേം പാടുപെട്ട് പടക്കവും വാങ്ങിവെച്ച് ഞങ്ങൾ നാലു വീരൻമാരിവിടെ കാത്തിരുന്നിട്ട് അതിന്റെ ശബ്ദം കേൾക്കാനെങ്കിലും ഒരു കാക്കപോലും വരുന്നില്ല...
അങ്ങനെ കിളിയെ നോക്കിയിരുന്നു കണ്ണുകഴച്ച ഞങ്ങൾ ഓരോരോ കഥകൾ പറയാൻ തുടങ്ങി. നല്ല കാറ്റുണ്ടെങ്കിലും ഞങ്ങൾ വട്ടം കൂടിയിരിക്കുന്നതു കാരണം വിളക്കു കെട്ടിരുന്നില്ല.
സമയം കടന്നുപോയി... തിരിനീളം കുറവായിരുന്ന ഏതാനും പടക്കങ്ങൾ വിളക്കിനു ചുറ്റും ചിതറിക്കിടന്നിരുന്നു. കത്തിക്കുമ്പോഴുണ്ടായേക്കാവുന്ന അപകടമൊഴിവാക്കാൻ ഞാനാണവ മാറ്റിയിട്ടത്; കാരണം നല്ല ‘തീരുവ’യുള്ള പടക്കങ്ങളാണ് ഇത്തവണ കിട്ടിയത്. പൊട്ടിയാൽ വിവരമറിയും...
ഇതിനിടയിൽ എന്റെ രണ്ടാമത്തെ അനിയൻ ജെസ്വിന്റെ കയിലൊരു ഓലക്കാൽ പ്രത്യക്ഷപ്പെട്ടു. കക്ഷി അതുമായി എന്തൊക്കെയോ ചെയ്യുകയാണ്. മൊത്തത്തിലൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തെങ്കിലും ഏതോ സ്വപ്നലോകത്താണു മൂപ്പരെന്നറിയാവുന്നതു കൊണ്ട് ഞാനൊന്നും പറഞ്ഞില്ല. എന്നാൽ എന്റെ ആ നിഷ്ക്രിയത്വം മുതലെടുത്തുകൊണ്ട് അവന്റെ കൈയിലെ ഓലക്കാൽ വിളക്കിനു നേരേ നീണ്ടു... ജോസിനും ടോണിയുമൊന്നും ഇതു ശ്രദ്ധിക്കുന്നതേയില്ല. അവന്മാർ എന്തോ കട്ടുതിന്നുന്ന കാര്യം പറയുകയാണ്. അപ്പോഴതാ ജെസ്വിന്റെ കയ്യിലെ ഓലക്കാലിനു തീ പിടിക്കുന്നു... അവനത് നേരേ താഴെക്കിടക്കുന്ന പടക്കങ്ങളിലൊന്നിന്റെ തിരിയിലേക്കു തൊടുവിക്കുന്നു....
“എടാ ദ്രോഹീ...!!!”
ഞാനലറി... കിംഫലം... അപ്പോഴേക്കും തീ പടക്കത്തിന്റെ തിരിയിലേക്കു പടർന്നുകയറിക്കഴിഞ്ഞിരുന്നു… പെട്ടെന്നു തന്നെ എല്ലാരും വർത്തമാനകാലത്തിലേക്ക് മടങ്ങി വന്നുവെങ്കിലും താമസിച്ചു പോയിരുന്നു.
“ഭ്ഠോം....ഠമാർ.. പഠാർ”
ദിഗന്തങ്ങളെന്നല്ല ഏഴുലോകവും കിടുങ്ങുമാറൊരു സ്ഫോടനപരമ്പരയാണു പിന്നെ നടന്നത്. ഞങ്ങൾ നാലും നാലു ദിക്കിലേക്കു മറിഞ്ഞു... എങ്കിലും പെട്ടെന്നു തന്നെ ഞങ്ങൾ ചാടിയെഴുന്നേറ്റു. ഒന്നും കാണാൻ വയ്യ... ആകെ പുകയും പൊടിപടലവും വെടിമരുന്നിന്റെ മണവും... കാലിലൊക്കെ എന്തോ കുത്തിക്കയറിയിരിക്കുന്നു... മുഖത്തുമുണ്ടൊരു നീറ്റൽ... എന്താണോ സംഭവിച്ചത്... ഒന്നും മനസ്സിലാകുന്നില്ല...
പിന്നൊരു കാറിച്ചയായിരുന്നു... കാറലിനു കോറസായി അവന്മാരുമുണ്ട്... ആകെയൊരു കോലാഹലം... പുകയടങ്ങി... താഴേക്കു നോക്കിയപ്പോൾ ഞങ്ങളിരുന്നിടത്ത് ഏതാണ്ട് ഒരു മീറ്റർ വ്യാസത്തിൽ പുല്ലു പോലുമില്ലാതെ ക്ളീനായിരിക്കുന്നു. കുറച്ചുമാറി വിളക്കും പടക്കത്തിന്റെ പായ്ക്കറ്റും കിടപ്പുണ്ട്... ജെസ്വിൻ കരച്ചിലിനിടയിൽ തന്റെ തലയിൽ നിന്നും പുല്ലും പടലുമൊക്കെ വലിച്ചുമാറ്റുന്നു... ജോസിന്റെയും എന്റെയുമൊക്കെ മുഖത്തും തലയിലുമൊക്കെ മണ്ണു വീണിട്ട് ആകെ തേച്ചുപിടിപ്പിച്ചിരിക്കുന്നതു പോലെ...
ടോണിയുടെ കാര്യമാണു രസം... കൂട്ടക്കരച്ചിലിനിടയിൽ ഞാൻ നോക്കുമ്പോഴുണ്ട് ടോണിയുടെ വായിൽ നിന്നും കുമുകുമാന്നു പുക ചാടുന്നു... കാറലിന്റെ ശക്തിയനുസരിച്ച് പുകയുടെ വരവിനും ഏറ്റക്കുറച്ചിലുണ്ട്...
“ഇവനെന്താ ഡീസൽ എൻജിനാണോ..?”
അതുകണ്ട് ഞാൻ മനസിൽ ചോദിച്ചു. ഇരുപത്തിനാലു മണിക്കൂറും ഉടച്ച തേങ്ങാമുറിപോലെ തുറന്നു പിടിച്ച ആ വായിലൂടെ ഒരു മെട്രിക് ടൺ പുകയെങ്കിലും അകത്തു കയറിയിട്ടുണ്ടാവും. അതാണു ഓട്ടുകമ്പനിയുടെ പുകക്കുഴലിലൂടെയെന്നോണം പുറത്തേക്കു തള്ളുന്നത്. സിനിമയിലും കാർട്ടൂണിലും മാത്രം കണ്ടിട്ടുള്ള ഇത്തരമൊരു രംഗം കണ്ടതും ഞാൻ വേദനയും പേടിയുമെല്ലാം മറന്നു പൊട്ടിച്ചിരിച്ചുപോയി.
എന്നാലും ഇങ്ങനെയൊരു ചതിചെയ്യാൻ ജെസ്വിനെ പ്രേരിപ്പിച്ച ചേതോവികാരമെന്താണെന്ന് ഞങ്ങൾക്ക് അന്നുമിന്നുമറിയില്ല.
റിവേഴ്സ് ഗിയർ:
ഈയിടെ ക്രിസ്മസിനു ഞാൻ പടക്കം പൊട്ടിക്കുന്നതു കണ്ടപ്പോൾ ടോണി വളരെ പാടുപെട്ട് ഇരുകൈകൊണ്ടും തന്റെ വായടച്ചുപിടിക്കുന്നതും കണ്ടു. പണ്ടത്തെപ്പോലെങ്ങാനും പൊട്ടിത്തെറിച്ചാൽ പുക തുപ്പി ‘താമരാക്ഷൻപിള്ള’യായി പേരുദോഷമുണ്ടാകരുതല്ലോ...ചൂടുവെള്ളത്തിൽ വീണ ടോണി......
5 comments:
"വായിൽ ഒറ്റ പല്ലില്ലാതെ എല്ലാം പുഴുവിനു തിന്നാൻ കൊടുത്ത മഹാനുഭാവൻ"
ഈ ഒരൊറ്റ വാചകം മാത്രം മതി ജൂബിനെ...ഓരോ പോസ്റ്റും കൂടുതല്‍ കൂടുതല്‍ നന്നാവുന്നുണ്ട്...എല്ലാ ആശംസകളും...
ഹഹഹ കൊള്ളാം ജൂബിന്‍
മേൽപ്പറഞ്ഞ സംഭവത്തിലെ പ്രധാനകഥാപാത്രമായ ടോണിക്ക് കഴിഞ്ഞ ദിവസങ്ങളിലെല്ലാം കണ്ടകശ്ശനിയായിരുന്നു തോന്നുന്നു. ഒളിച്ചിരുന്നു ബീഡിവലിച്ച കേസിൽ അവന്റെ അമ്മ ശാന്തമ്മാമ്മ അവനെ പിടികൂടി ചെകിട്ടത്തൊന്നു പൊട്ടിച്ചു, വായിലിരുന്ന കട്ടൻബീഡി തെറിച്ചു പോയെന്നു മാത്രമല്ല, പഴയ സംഭവത്തിലെപ്പോലെ കരച്ചിലിനിടയിൽ വായിൽക്കൂടി പുകയും ചാടി...
സംഭവം നേരിട്ടുകണ്ട ജോസിൻ ടോണിക്കൊരു പുതിയ പേരും ചാർത്തി..
‘ബീഡിത്തമ്പാൻ...“
nanayirikunnu... oru kuttanadan sheelukal kanunilla ennathil paribhavam undu...
:)
best wishes
Post a Comment