Tuesday, April 13, 2010

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്..

വര്‍ഷം 1997, ഞാനന്ന്‌ ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്നു. പഠനത്തോട്‌ പറയത്തക്ക താല്‍പര്യമൊന്നുമില്ലെങ്കിലും എന്തിനെന്നില്ലാതെ ഞാനും സ്കൂളില്‍ പോയിരുന്നു. മിക്ക ദിവസങ്ങളിലും ക്ളാസ്സില്‍ കയറാറില്ല. ടാക്സി സ്റ്റാന്‍ഡിലോ ബസ്‌ സ്റ്റേഷനിലോ കറങ്ങി നടക്കും. അങ്ങനെ എട്ടാം ക്ളാസ്സെത്തും മുന്‍പു തന്നെ ഞാന്‍ കാറും ജീപ്പുമൊക്കെ നന്നായി ഓടിക്കുന്ന നല്ലൊരു ഡ്രൈവറായിക്കഴിഞ്ഞിരുന്നു. വാഹനങ്ങള്‍ അന്നും ഇന്നും എനിക്കു ജീവനാണ്‌. എനിക്കു പറ്റിയ ഒന്നു രണ്ടു കൂട്ടുകാര്‍ കൂടിയായപ്പോള്‍ എല്ലാം ഞാന്‍ ഉദ്ദേശിക്കുന്നതിലും ഉഷാറായിത്തന്നെ നടന്നു. അവരിലൊരാളെ ഇന്നലെ കണ്ടിരുന്നു. അതാണീ സംഭവം ഓര്‍ക്കാനിടയായത്‌. ഒരു ദിവസം രാവിലെ ക്ളാസ്സില്‍ കയറണോ വേണ്ടയോ എന്നങ്ങനെ ചിന്തിച്ചു നില്‍ക്കുമ്പോഴാണു മേല്‍പ്പറഞ്ഞ കൂട്ടുകാരിലൊരാളായ ഷിനോദ്‌* ഒരു കോളുമായി വന്നത്‌. (തിരുവല്ലയിലെ ഒരു ഹോട്ടലുടമയാണ്‌ അവന്റെ അപ്പന്‍)
(*പേരുകള്‍ സാങ്കല്‍പികമാണ്‌)
"ഡാ... വരുന്നോ... എര്‍ണാകുളം വരെ പോകാം... പേരപ്പന്റെ വണ്ടി സ്ഥലത്തുണ്ട്‌, ആരുമറിയാതെ അതുമെടുത്തു പോയിട്ടു വൈകുന്നതിനു മുന്നേ നമുക്കിങ്ങു വരാം"
ഞാനൊന്നു നിന്നു... സമയം എട്ടര. സംഗതി കൊള്ളാം. അവന്റെ പേരപ്പനും, കുടുംബവും കുവൈത്തിലാണ്‌. അവരുടെ മഹീന്ദ്ര എംഎം 540 ജീപ്പ്‌ ഇവനാണ്‌ ഇടയ്ക്കൊക്കെ സ്റ്റാര്‍ട്ടാക്കിയിടുന്നതും മറ്റും. (അതിലാണു ഞാന്‍ 'കൈ തെളിഞ്ഞതും')
"എന്തിനാടാ പോകുന്നത്‌..? എന്തെങ്കിലും പരിപാടിയുണ്ടോ.. ?"
"ഒരു കസിന്റെ വീട്ടില്‍ ഗള്‍ഫീന്നു വന്ന ഒരു പാഴ്സലുണ്ട്‌, അതും വാങ്ങി വരണം... അത്രേയുള്ളൂ... "
"കയ്യില്‍ കാശുണ്ടോടാ.. ?
"ആയിരം രൂപയുണ്ട്‌, ഹോട്ടലീന്നു പലപ്പോഴായി മുക്കിയതാ... അഞ്ഞൂറിനു ഡീസലടിക്കാം... ബാക്കി കയ്യിലിരിക്കട്ടെ.."
"നിനക്കു വീടറിയാമോ.. ?"
"അറിയാം വൈറ്റിലയ്ക്കിപ്പുറത്താണ്‌... "
"എന്നാപ്പിന്നെ പോയേക്കാം... "
സമയം കളയാതെ ഞങ്ങള്‍ വണ്ടി കിടക്കുന്നിടത്തെത്തി. സ്കൂള്‍ യൂണിഫോമിന്റെ വെള്ള ഷര്‍ട്ടഴിച്ച്‌ ബാഗില്‍ കരുതിയിരുന്ന ക്രോക്കോഡൈലിന്റെ ടി-ഷര്‍ട്ടിട്ട്‌ ഞാന്‍ മുന്‍ സീറ്റിലേറി. ഡ്രൈവിംഗ്‌ സീറ്റില്‍ അവനും. വലിയൊരു സാഹസമാണു ഞങ്ങള്‍ കാണിക്കാന്‍ പോകുന്നതെന്ന ചിന്തയൊന്നും മനസ്സിലുണ്ടായിരുന്നില്ല. ആലപ്പുഴയ്ക്കും കോട്ടയത്തിനുമൊക്കെ മിക്കവാറും പോയിരുന്ന ഞങ്ങള്‍ക്ക്‌ ഇതേ വണ്ടിയില്‍ എറണാകുളം വരെ പോകുക എന്നത്‌ ഒരു അപൂര്‍വ്വ സംഭവമെന്നതിലുപരി ഒരു അസുലഭസൌഭാഗ്യമായിരുന്നു. പ്രായത്തില്‍ കവിഞ്ഞ ആകാരവും ശബ്ദവും പോലീസുകാരുടെ നോട്ടത്തില്‍ നിന്നു പോലും ഞങ്ങളെ രക്ഷിച്ചു പോന്നിരുന്നു താനും.
ഞാനീ യാത്രയ്ക്കു സമ്മതം മൂളാന്‍ വേറെയും കാരണമുണ്ട്‌. എന്റെ ഇഷ്ടവാഹനങ്ങളിലൊന്നാണു മഹീന്ദ്ര. പ്രത്യേകിച്ചും എംഎം540. പ്യൂഷൊ എന്‍ജിന്‍ മറ്റു ഡീസല്‍ വാഹനങ്ങളില്‍ നിന്നും വ്യതസ്തമായി അല്‍പം സൌമ്യനായിരിക്കാന്‍ അവനെ സഹായിച്ചിരുന്നു. താളാത്മകമായാണ്‌ ഷിനോദ്‌ വണ്ടിയോടിക്കുക... ഇടയ്ക്കു പാടുന്ന മൂളിപ്പാട്ടില്‍ പോലും വാഹനത്തോടു സംവദിക്കുന്ന അപൂര്‍വ്വ നിമിഷങ്ങളാണവന്റെ ഡ്രൈവിംഗ്‌.
രണ്ടു മണിക്കൂറ്‍ കൊണ്ട്‌ ഞങ്ങള്‍ എറണാകുളത്തെത്തി. ബസ്സിലാണു വന്നതെന്ന ഭാവത്തില്‍ അവിടേക്ക് ചെല്ലാന്‍ ഷിനോദ്‌ കുറെ ദൂരെ മാറി വണ്ടി നിറുത്തി. ഞാന്‍ സ്റ്റീയറിംഗ്‌ വീല്‍ ഏറ്റെടുത്തു. ഞാന്‍ വഴിയോരത്ത്‌ വണ്ടിയൊതുക്കി അരമണിക്കൂറ്‍ കാത്തു കിടന്നു. അവന്‍ പാഴ്സലും വാങ്ങി തിരിച്ചെത്തിയതും ഞാന്‍ സ്വിച്ച്കീ തിരിച്ചു. ഡീസല്‍ എന്‍ജിന്‍ മുരള്‍ച്ചയോടെ ഉണര്‍ന്നു. പവര്‍ സ്റ്റീയറിംഗ്‌ അല്ലാതിരുന്നിട്ടും വളരെ ആസ്വദിച്ചാണെന്റെ ഡ്രൈവിംഗ്‌.
അരൂര്‍-ചേര്‍ത്തല നാലുവരിപ്പാതയുടെ പണികള്‍ പുരോഗമിക്കുന്നതേയുള്ളൂ. അന്താരാഷ്ട്ര നിലവാരമുള്ള ടാറിംഗിനെ ജീപ്പിന്റെ ചക്രങ്ങള്‍ പ്രണയിക്കുന്നുവെന്നു പോലും തോന്നിപ്പോയി.
"നാഥാ.. നീവരും കാലൊച്ച കേള്‍ക്കുവാന്‍.. "
പയനിയറിന്റെ സ്റ്റീരിയോയില്‍ ജാനകിയമ്മയുടെ മധുരസ്വരം. എന്റെയും അവന്റെയും ഇഷ്ടഗാനങ്ങളിലൊന്നാണത്‌. പെട്ടെന്ന്‌ റിയര്‍വ്യൂ മിററില്‍ ഒരു ചുവന്ന പൊട്ടു പ്രത്യക്ഷപ്പെട്ടു, ഒരു ചുവന്ന മാരുതി സെന്‍... പാഞ്ഞു വരികയാണ്‌. ഞാന്‍ 40-50 കിമീ. വേഗതയിലാണു വന്നിരുന്നത്‌. പ്രായത്തിന്റെ വിവരക്കേടോ എന്തോ; എന്റെ കാല്‍ ആക്സിലറേറ്ററില്‍ അമര്‍ന്നു. പക്ഷേ ജീപ്പ്‌ കുതിക്കാനൊരുങ്ങിയപ്പോഴേക്കും സെന്‍ ഞങ്ങളെ കടന്നു പാഞ്ഞുപോയി.
"പെട്രോളു വണ്ടിയാ അളിയാ.. പിടിക്കാന്‍ പോകണ്ടാ... "
ഷിനോദിന്റെ ഉപദേശം. പക്ഷേ ഞാന്‍ വിട്ടുകൊടുക്കാനൊരുക്കമായിരുന്നില്ല. പുറകെ വെച്ചു പിടിച്ചു. സെന്നിന്റെ തൊട്ടുപിന്നിലെത്തി. കൊല്ലം റെജിസ്ട്രേഷനാണ്‌, എറണാകുളത്തു വന്നിട്ടു മടങ്ങുകയാവും
"കൊള്ളാമളിയാ, സമ്മതിച്ചിരിക്കുന്നു..."
(ഇന്നലെ എന്റെ പള്‍സറും കൊണ്ട്‌ അവന്റെ യമഹ ഫെയ്സറിനെ പച്ച തൊടീക്കാതെ തോല്‍പ്പിച്ചപ്പോഴും ഇതേ ഡയലോഗ്‌ കേട്ടു... )അവനങ്ങനെയാണ്‌ ആപത്തിലും അഭിനന്ദിക്കും.... നല്ല കൂട്ടുകാരന്‍.. !
അപ്പോഴാണ്‌ ഞാന്‍ മറ്റൊരു കാര്യം കണ്ടത്‌... ആ പുത്തന്‍ സെന്നിന്റെ പിന്‍ഭാഗത്തെ സണ്‍ഫിലിമൊട്ടിക്കാത്ത സുതാര്യമായ ഗ്ളാസ്സിലൂടെ ഞങ്ങളുടെ നേരെ നോക്കി പുഞ്ചിരി പൊഴിക്കുന്ന രണ്ട്‌ ഓമനക്കുരുന്നുകള്‍. എന്റെ നേരേ ഇളയ അനിയന്റെ പ്രായം കാണും അതില്‍ മൂത്തവള്‍ക്ക്‌. രണ്ടാമത്തെ കുട്ടി ആണാണ്‌... മൂന്നോ നാലോ വയസ്സു വരും
"രണ്ടു പേരും ഒന്നിനൊന്നു സ്മാര്‍ട്ട്‌.. അല്ലേടാ... ?"
എന്റെ മനസ്സു വായിച്ചെന്നോണം ഷിനോദിന്റെ ചോദ്യം
"അതെയതേ.. "
ഞാനുമത്‌ സമ്മതിച്ചു. കുട്ടികള്‍ രണ്ടും പിന്‍സീറ്റില്‍ മുട്ടുകുത്തി നിന്നാണ്‌ ഞങ്ങളെ നോക്കി ചിരിക്കുകയും കൊഞ്ഞനംകാട്ടുകയുമൊക്കെ ചെയ്യുന്നത്‌. കുസൃതിക്കുടുക്കകളെ അച്‌'നമ്മമാര്‍ ശല്യം സഹിക്കവയ്യാതെ പിന്നിലിരുത്തിയതാവാം. ഞാനാകട്ടെ ഹെഡ്‌ലൈറ്റടിച്ചും മറ്റും അവരെ പ്രോത്സാഹിപ്പിച്ചും പോന്നു. മറ്റൊരു വാഹനവും ഞങ്ങള്‍ക്കിടയില്‍ വരാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയി. ആ കുഞ്ഞുങ്ങളെ ഞാന്‍ അത്രയ്ക്കിഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
ദാ വരുന്നു എനിക്കു നേരെ ഒരു ഫ്ളയിംഗ്‌ കിസ്സ്‌... അതു തിരിച്ചു കൊടുത്തതു ഷിനോദായിരുന്നു. അവള്‍ ഷിനോദിനെ നോക്കി പിന്നെയും എന്തൊക്കെയോ കോക്രി കാണിച്ചു. ഞാന്‍ ചിരിച്ചു വശംകെട്ടു. അങ്ങനെ ചേര്‍ത്തലയായി. സെന്‍ ഞങ്ങളുടെ തൊട്ടുമുന്നില്‍ തന്നെയുണ്ട്‌.
"അളിയാ, വിശക്കുന്നില്ലേടാ.... ?"
ഷിനോദിനു വിശപ്പിന്റെ വിളി...
നടി മോനിഷയുടെ ജീവന്‍ പൊലിഞ്ഞ എക്സ്‌റേ കവല കഴിഞ്ഞിരുന്നു അപ്പോള്‍.
"വേ സൈഡ്‌ ഇന്നില്‍ കയറാമെടാ... "
കുറെക്കൂടി ഓടിയാല്‍ അത്രയും നേരം കൂടി കുഞ്ഞുങ്ങളോട്‌ കൂട്ടുകൂടാമല്ലോ..
ഹോട്ടല്‍ വേ സൈഡ്‌ ഇന്‍- പണ്ടു മുതലേ എറണാകുളം യാത്രയ്ക്കിടയില്‍ പപ്പ ഞങ്ങളെയും കൊണ്ട്‌ കയറാറുള്ള ഹോട്ടല്‍. .. അത്‌ ഞങ്ങളുടെ നാട്ടുകാരാരോ ആണു നടത്തിയിരുന്നത്‌.
റെസ്റ്റോറന്റെത്തിയതും ഞാന്‍ വണ്ടി ഇടത്തേക്കു തിരിച്ചു, ആ ചുവന്ന സെന്‍ കണ്ണില്‍ നിന്നും മാഞ്ഞുപോയി... നേരിയ വേദന മനസ്സില്‍ അവശേഷിപ്പിച്ചു കൊണ്ട്‌.
ചൂടു പാലപ്പവും താറാവുകറിയും കഴിക്കുമ്പോഴും ആ കുഞ്ഞുങ്ങളായിരുന്നു മനസ്സു നിറയെ.
ഇനി അവരെ കാണുമോ എന്തോ...
കഴിച്ചു കഴിഞ്ഞ്‌ ഷിനോദ്‌ ബില്ലടയ്ക്കാനായി കൌണ്ടറിലേക്ക്‌ ചെന്നു. ഞാന്‍ ഒരു ടൂത്പിക്കുമെടുത്ത്‌ പുറത്തേക്കുമിറങ്ങി. അവന്‍ രണ്ട്‌ വില്‍സുമായി വന്നു. ഒരെണ്ണം എന്റെ നേരെ നീട്ടി. സിഗരറ്റ്‌ പുകയ്ക്കൊപ്പം ഞങ്ങളുടെ ഭ്രാന്തന്‍ സ്വപ്നങ്ങളും അന്തരീക്ഷത്തില്‍ ചിത്രങ്ങളെഴുതി.
"ഓരോന്നു കൂടി വലിക്കാം.. അല്ലേടാ... ?"
ഷിനോദ്‌ രണ്ടു വിത്സ്‌ കൂടി വാങ്ങി വന്നു. ഏഴാം ക്ളാസ്സില്‍ തുടങ്ങിയ വലിയാണ്‌, ഇപ്പോഴിതാ ചെയിന്‍സ്മോക്കറെന്ന പദവി കൂടി ലഭിക്കുന്നു. രണ്ടു സിഗരറ്റുകള്‍ കൂടി എരിഞ്ഞു തീര്‍ന്നു. കയ്യിലിരുന്ന ഒരു ച്യൂയിംഗ്ഗം വായിലേക്കിട്ട്‌ ഞാന്‍ ജീപ്പിന്റെ താക്കോല്‍ തിരിച്ചു. തെല്ല് നേരത്തെ മയക്കത്തില്‍ നിന്നും അവനുണര്‍ന്നു. വണ്ടി നീങ്ങിത്തുടങ്ങി. ഞാന്‍ വളരെ സാവധാനമാണ്‌ പിന്നീട്‌ വണ്ടിയോടിച്ചത്‌... എന്തോ മനസ്സിലൊരു അസ്വസ്ഥത.
"ഡാ.. ദാ ആ പമ്പിലോട്ട്‌ കേറ്റ്‌ ഡീസലടിക്കാം.. "
ഫ്യുവല്‍ ഗേജില്‍ നോക്കിയപ്പോള്‍ ഡീസല്‍ കുറവാണ്‌, ഞാന്‍ അനുസരിച്ചു, വണ്ടി നേരെ പമ്പിലേക്ക്‌. ഡീസലടിക്കാന്‍ തുടങ്ങിയതും കറണ്ട് പോയി... ആകെ അപശകുനമാണല്ലോ. കുറെ പണിപ്പെട്ടിട്ടാണ്‌ ജനറേറ്റര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ കഴിഞ്ഞതും. ഇരുപതു മിനിറ്റോളം ആ പമ്പില്‍ തന്നെ നഷ്ടപ്പെട്ടു. ഇന്ധനം നിറച്ച്‌ വീണ്ടും യാത്ര തുടര്‍ന്നു. തന്റെ വായില്‍ക്കിടക്കുന്ന ബബിള്‍ഗം വീര്‍പ്പിച്ച്‌ ബലൂണുണ്ടാക്കിക്കളിക്കുകയാണ്‌ ഷിനോദ്‌. എനിക്കു കലി വന്നു.
"ഹ.. നാണമില്ലേടാ.. കൊച്ചുപിള്ളേരെപ്പോലെ.. "
ഞാന്‍ പെട്ടെന്നു മുതിര്‍ന്നവനായി..
"പിന്നേയ്‌.. നീയങ്ങ്‌ പെണ്ണും കെട്ടി മൂന്നാലു പിള്ളേരുമായ അച്ചായനല്ലേ.... ഒന്നു പോടാ... "
അവന്റെ മറുപടി എന്നെ നിശ്ശബ്ദനാക്കി. ഞാന്‍ ഡ്രൈവിംഗ്‌ തുടര്‍ന്നു, അവന്‍ ബബിള്‍ഗം കൊണ്ട്‌ കുമിളയുണ്ടാക്കുന്നതും... ആലപ്പുഴയടുക്കാറായിക്കാണും, വഴിയാകെ ബ്ലോക്ക്‌... എന്തോ അപകടം സംഭവിച്ചിട്ടുണ്ട്‌. എന്‍എച്ചില്‍ അതൊന്നും പുതുമയല്ലല്ലോ. പൊലീസുകാര്‍ വാഹനങ്ങളെ നിയന്ത്രിച്ചു കടത്തിവിടുന്നു.
"ആരാണ്ടടെ വിളക്കൂതിയെന്നാ തോന്നുന്നത്‌... "
ഷിനോദിന്റെ ആത്മഗതം.
"വഴിമുടക്കി ഒരു നാഷണല്‍ പെര്‍മിറ്റ്‌ ലോറി കിടപ്പുണ്ട്‌. അവനായിരിക്കും പണിയൊപ്പിച്ചത്‌.. "
ഞാന്‍ പറഞ്ഞു. ലോറിക്കരികിലൂടെ ഒരു വാഹനത്തിനു മാത്രം കഷ്ടിച്ചു പോകാവുന്ന സ്ഥലമുണ്ട്‌. ഞാന്‍ പതിയെ ജീപ്പ്‌ അങ്ങോട്ടു നീക്കി. ആംബുലന്‍സ്‌ സംഭവസ്ഥലത്തു നിന്നും സൈറണ്‍ മുഴക്കി പായുന്നു. ലോറിയെ മറികടന്നതും സംഭവമെന്താണെന്നറിയാന്‍ ഞാനൊന്നു പാളി നോക്കി. ലോറിക്കു മുന്‍പില്‍ ചുരുണ്ടുകൂടിയ ഒരു ചുവപ്പു നിറം... കാല്‍ ബ്രേക്കിലമര്‍ന്നു. പാണ്ടിലോറി കയറി നില്‍ക്കുന്നത്‌ ഒരു ചുവന്ന സെന്നിന്റെ മുകളില്‍..! മുന്‍ഭാഗത്തിനു കാര്യമായ കേടു പാടില്ല, നമ്പര്‍പ്ളേറ്റ്‌ നോക്കി... ദൈവമേ...! അതേ കാര്‍ തന്നെ... സിരകളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു. പിന്നിലാരോ അക്ഷമരുടെ ഹോണടി...പൊലീസുകാരന്റെ ചീത്തവിളി.
"കാഴ്ച കാണാണ്ട്‌ എടുത്തോണ്ടു പോടാ..... "
അല്‍പം മുന്നോട്ടു മാറ്റി ഞാന്‍ വണ്ടിയൊതുക്കി.
"ആര്‍ക്കെങ്കിലും എന്തേലും പറ്റിയോ ചേട്ടാ.. ???"
അവിടെ കൂടിനില്‍ക്കുന്ന നാട്ടുകാരിലൊരാളോട്‌ ഞാന്‍ ചോദിച്ചു. എന്റെ ശബ്ദം വല്ലാതെ വിറയാര്‍ന്നിരുന്നു.
"പൊറകില്‍ രണ്ട്‌ കൊച്ചുങ്ങളായിരുന്നു... അതുങ്ങളു രണ്ടും അപ്പൊഴേ തീര്‍ന്നു... തന്തയ്ക്കും തള്ളയ്ക്കും നല്ല പരുക്കുണ്ട്‌.... സീരിയസ്സാ... വെട്ടിപ്പൊളിച്ചെടുത്ത്‌ ഇപ്പൊ അങ്ങോട്ട്‌ കൊണ്ടുപോയതേയുള്ളൂ... "
"വാ, നമുക്കു പോകാം... "
അസ്വസ്ഥനായ ഷിനോദിന്റെ ശബ്ദം. എന്റെ കൈ യാന്ത്രികമായി ഗിയര്‍ലിവറിലേക്കു നീണ്ടു. വന്യമായ മുരള്‍ച്ചയോടെ ജീപ്പ്‌ മുന്നോട്ടുരുണ്ടു. എന്തിനായിരുന്നു ഞാനിന്നാ കുട്ടികളെ കണ്ടത്‌..? മരണത്തിലേക്കു യാത്രയയ്ക്കാനോ..? മറുപടിയില്ലാതെ മനസ്സു തേങ്ങി. കണ്ണുനീരില്‍ മുങ്ങി എന്റെ കാഴ്ച മങ്ങി. അടുത്തു കണ്ട ഒരു കടയില്‍ നിന്നും ഒരു സോഡ വാങ്ങി മുഖം കഴുകിയിട്ടു യാത്ര തുടരവേ ഞങ്ങളിരുവരും മൂകരായിരുന്നു.
"കാറ്റടിച്ചു.. കൊടും കാറ്റടിച്ചു... "
സ്റ്റീരിയോയില്‍ ദാസേട്ടന്‍ പാടിക്കൊണ്ടിരുന്നു. ഒന്നൊന്നര മണിക്കൂറ്‍ കഴിഞ്ഞ്‌ ആ യാത്രയവസാനിച്ചെങ്കിലും പിന്നീടൊരു യാത്രയിലും ഞാനാ കുട്ടികളെ കണ്ടിട്ടില്ല,
അവരിപ്പോള്‍ വളര്‍ന്നു വലുതായിട്ടുണ്ടാവും... എന്നെങ്കിലും എന്റെ മുന്നിലൂടെ പോകുന്ന ഒരു കാറില്‍ അവരുണ്ടാവും... എപ്പോഴെങ്കിലും ഞാനോടിക്കുന്ന വണ്ടിയെ ഓവര്‍ടേക്ക്‌ ചെയ്തു മുന്നില്‍ കയറുന്ന കാറില്‍ അവരുണ്ടാവും, ആ കാറിനെ മാത്രം ഞാന്‍ എന്റെ മുന്നില്‍ പോകാനനുവദിക്കും. ഇന്നും ആ പ്രതീക്ഷയിലാണെന്റെ യാത്ര.








5 comments:

ചാണ്ടിച്ചൻ said...

ജുബിന്‍...വായിച്ചു കഴിഞ്ഞപ്പോഴേക്കു കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു...ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു...ആ രംഗം മനസ്സിലൂടെ കടന്നു പോയി...കൂടുതലൊന്നും പറയാനുള്ള മൂടിലല്ല, ഇപ്പൊ..

Jubin Jacob Kochupurackan said...

ചേട്ടാ,
വായനയ്ക്ക് നന്ദി...
ചിലതൊക്കെ അങ്ങനെയാണ്...
കണ്മുന്നില്‍ കാണിക്കും...
മോഹിപ്പിക്കും...
അകന്നു പോകും...
അതാണ്‌ ജീവിതം...

NPT said...

jubs ...
Really touching..yaar........

കുര്യച്ചന്‍ said...

ചില അനുഭവങ്ങള്‍ നമ്മുടെത് അല്ലെങ്കില്‍ പോലും നമ്മളെ വേദനിപ്പിക്കും.നല്ല അവതരണം. ഒരു കാര്യം കൂടി പോസ്റ്റിന്റെ ഒരു ഭാഗത്ത് "പൊറകില്‍ രണ്ട്‌ കൊച്ചുങ്ങളായിരുന്നു... അതുങ്ങളു രണ്ടും അപ്പൊഴേ തീര്‍ന്നു... തന്തയ്ക്കും തള്ളയ്ക്കും നല്ല പരുക്കുണ്ട്‌." ഇങ്ങനെ പറയുന്നു അതിനു ശേഷം ഇങ്ങനെയും "അവരിപ്പോള്‍ വളര്‍ന്നു വലുതായിട്ടുണ്ടാവും..." ഇത് ആരെ കുറിച്ചാണ് എന്ന് മനസിലായില്ല.

Jubin Jacob Kochupurackan said...

വായിച്ചവർക്കെല്ലാം കുട്ടനാടന്റെ നന്ദി...
കുര്യച്ചാ, അവർ മരിച്ചിട്ടില്ലെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം... അതുകൊണ്ടാണ്‌ ഞാൻ അങ്ങനെയെഴുതിയത്.