Sunday, February 25, 2018

തെങ്ങു ചതിച്ചാശാനേ


കുറെനാൾ മുമ്പ്‌ എന്റെ വീടിനടുത്ത്‌ ഒരു കൂട്ടർ വാടകയ്ക്ക്‌ താമസിക്കാൻ വന്നു. ആ കുടുംബത്തിലെ ചെക്കന്റെ കല്യാണവും ആ സമയത്തു തന്നെയായിരുന്നു ഒത്തുവന്നത്‌. കല്യാണമൊക്കെ കഴിഞ്ഞ്‌ വിരുന്നും കഴിഞ്ഞാണ്‌ അവിടം വരെ പോകാനായത്‌. ചെക്കനും പെണ്ണും ഫോട്ടോസെഷനിലാണ്‌. സെന്റ്‌ ജോർജ്ജ്‌ ഓർത്തഡോക്സ്‌ പള്ളിയുടെ പിന്നിലാണ്‌ സംഭവസ്ഥലം. അപ്പിഹിപ്പിക്ക്‌ പുറമ്പോക്കു ശാന്തയിലുണ്ടായതു പോലെ ഒരുത്തൻ നിന്ന് ഒരു നിക്കോൺ എഫ്‌.എം 10ൽ പടമെടുക്കുന്നു. ഇക്കാലത്തും ഫിലിമിൽ ഷൂട്ട്‌ ചെയ്യുന്ന അവന്റെ ധൈര്യം കണ്ട്‌ ഞാൻ അമ്പരന്നു. ഔട്ട്ഡോർ ഷൂട്ടിനു പറ്റിയ ഫ്രെയിമൊന്നും ഇല്ലാത്ത ആ സ്ഥലത്ത്‌ ഇവൻ എങ്ങനെ പടമെടുക്കുന്നോ എന്തോ. പിന്നിൽ ചെന്ന് ആ ഫ്രെയിം ഒന്നു മനസ്സിൽ കാണാൻ ശ്രമിച്ചു. സബാഷ്‌... അതാ വധൂവരന്മാർക്കിടയിൽ ഒരു മണ്ടപോയ തെങ്ങ്‌..!
മെല്ലെ ചെന്ന് അവനോടു ചോദിച്ചു
"അല്ല ഭായ്‌... ഈ പടത്തിന്റെ ബാക്ക്‌ഗ്രൗണ്ട്‌ പിന്നീട്‌ മാറ്റുമോ..?"
പുച്ഛത്തിന്റെ വലിയൊരു ഗോഡൗൺ തുറന്നതുപോലെ ആ മുഖം എന്റെ നേരേ തിരിഞ്ഞു.
"നിങ്ങൾ പുതിയ ആളുകളൊക്കെ അങ്ങനെ മാറ്റും... എനിക്കതിന്റെ ആവശ്യമില്ല... നാച്ചുറൽ ബൂട്ടിയാണ്‌ ഞാൻ നോക്കുന്നത്‌..!"
ഇതു കേട്ടതും ഞാൻ അടുത്തുനിന്ന ഒരു തൈവാഴയുടെ പിണ്ടി വരെ പിടിച്ചു ഞെരിച്ചുകളയുന്നതു കണ്ട്‌ കാര്യം പിടികിട്ടിയ സുഹൃത്തുക്കളിലാരോ എന്നെ വിളിച്ച്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. അപ്പോഴും എന്റെ മനസ്സിൽ അപശകുനമായി ആ ഫ്രെയിമുണ്ടായിരുന്നു. മണ്ടയടച്ച തെങ്ങ്‌ പുരയിടത്തിൽ നിന്നാൽ തന്നെ അവലക്ഷണമാണ്‌. അപ്പോൾ കല്യാണഫോട്ടോയുടെ കാര്യമോ... ആ എന്തു പുല്ലെങ്കിലുമാവട്ടെ. ഞാൻ ആ കാര്യം മനഃപൂർവ്വം മറന്നു.
ഈ സംഭവത്തിന്റെ പിറ്റേ ആഴ്ച നവദമ്പതികളുടെ വീടിന്റെ തിണ്ണയിൽ ആ ഫോട്ടോ തൂങ്ങിയതും ഞാൻ ഒരു നടുക്കത്തോടെ കണ്ടു. വാർക്കക്കമ്പിയുടെ പരസ്യത്തിൽ ഫയൽവാൻ കോൺക്രീറ്റ്‌ തൂണും പിടിച്ചു നിൽക്കുന്നതു പോലെ അവനും പെമ്പിളയും. നടുവിൽ അന്തസ്സായി ആ തെങ്ങുമുണ്ട്‌..!
പിന്നെയും ഒരാഴ്ച കഴിഞ്ഞ്‌ ഞാൻ എടത്വായിലൂടെ വരുമ്പോൾ നവവരന്റെ തന്തപ്പടി പോലീസ്‌ സ്റ്റേഷന്റെ മുന്നിൽ നിൽക്കുന്നു. ശവത്തിനെപ്പോലെ തലവഴി ഒരു കെട്ടുമുണ്ട്‌.
"അയ്യോടാ... ഇതെന്നാ പറ്റി..?"
എന്റെ ചോദ്യത്തിനു മറുപടി പറയാനാവാതെ ഒരു മൂളൽ മാത്രം പുറപ്പെടുവിച്ച അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന അയൽക്കാരനായ പൊതുപ്രവർത്തകൻ മറുപടി പറഞ്ഞു.
"ഓ.. എന്നാ പറയാനാ മോനേ... പുതുപ്പെണ്ണു പണികൊടുത്തതാ..."
"ങ്‌ഹേ... അതെന്തു പണി...?"
ഇനി ഇങ്ങേരെങ്ങാനും വയസ്സുകാലത്ത്‌... ഹേയ്‌ അതാവില്ല...
"കുളിക്കാൻ വെള്ളം കോരിവെക്കാൻ പറഞ്ഞു... അവൾക്കിഷ്ടപ്പെട്ടില്ല... അവളു തോട്ടീന്ന് വെള്ളം കോരിക്കോണ്ടു വന്ന് ഇങ്ങേരുടെ തലവഴി ഒഴിച്ചു... എന്നിട്ട്‌ അലുമിനിയം തൊട്ടി കൊണ്ട്‌ തലയ്ക്കിട്ടൊരു കീറും കൊടുത്തു... ആറു കുത്തിക്കെട്ടാ...!"
കൊള്ളാം ബെസ്റ്റ്‌ മരുമോൾ...
"അവക്കു വട്ടാ... മൂത്ത വട്ട്‌..."
താടി കൂട്ടിക്കെട്ടിയിട്ടും അതിനിടയിലൂടെ ആ പാവം മനുഷ്യന്റെ വാക്കുകൾ... കർത്താവേ... ആ മണ്ട പോയ തെങ്ങ്‌ സിംബോളിക്‌ ആയി കാണിച്ചതാണോ..? അവന്റെ അപ്പന്റെ മണ്ടയാണല്ലോ പോയത്‌... മനസ്സിൽ ഒരായിരം ചിന്തകളുമായി ഞാൻ അവരോടു യാത്രപറയുമ്പോഴും ആ ഫ്രെയിം മനസ്സിൽ നിറഞ്ഞു; ആ തെങ്ങും..